ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ആ ഇരമ്പലിൽ….

Schoolwiki സംരംഭത്തിൽ നിന്ന്
ആ ഇരമ്പലിൽ….

തലയ്ക്കുള്ളിൽ ഒരു ഇരമ്പൽ. അയാൾ രണ്ടു കൈകൾ കൊണ്ടുംചെവികൾപൊത്തിപ്പിടിച്ചു.പുറത്തെ ആംബുലൻസിന്റെ ശബ്ദം ചെവിയിൽ അലർച്ചകളായി വന്നടിച്ചു കൊണ്ടിരുന്നു. ആ അലർച്ചകൾ അയാളുടെ ഉറക്കം കെടുത്താൻതുടങ്ങിയിട്ട് ഇന്നേക്ക് ഒരാഴ്ചയോളമാകുന്നു. അയാളുടെ മാത്രമല്ല, ഒരു നാടിന്റെയും നാട്ടുകാരുടെയും. ഡ്യൂട്ടി കഴിഞ്ഞ് വളരെ വൈകിയാണ് ഇന്നലെ എത്തിയത്. അയാളുടെ മനസ്സിനെ സംതൃപ്തിപ്പെടുത്താൻ പോലും ഉറക്കം കിട്ടിയില്ല. പിന്നെയും ആ നിലവിളി തന്റെ തലച്ചോറിനെ പിച്ചിചീന്തിയപ്പോൾ എല്ലാ അമർഷവും ഒരു ദീർഘനിശ്വാസത്തിൽ ഒതുക്കി അയാൾ കിടക്കയിൽ എഴുന്നേറ്റിരുന്നു.കട്ടിലിന്റെ കാലിൽ താങ്ങി പിടിച്ച് എഴുന്നേറ്റ് നിവർന്നു നിന്നു തുടരെയുള്ള ആംബുലൻസിന്റെ കരച്ചിലിനിടയിലും നിശബ്ദമായ ഒരു കാറ്റ് അയാളുടെ മുറിയിലെ ജനാല കർട്ടനിൽ അലകൾ തീർത്തുകൊണ്ടിരുന്നു. അതിന്റെ പരിഭവം കേൾക്കാനെന്നോണം അയാൾ നടന്നു. ഫ്ലാറ്റിലെ നാലാം നിലയിലെ ജനൽ നഗര വീഥിയിലെ കാഴ്ചകൾഅയാൾക്ക് ഒരുക്കി കൊടുത്തു….അടഞ്ഞുകിടക്കുന്ന കടകൾ, ഒഴിഞ്ഞ് കിടക്കുന്ന ഫുട്പാത്ത്. നഗരത്തിന്റെ ഏതോ മൂലയിൽ നിന്നും ആംബുലൻസിന്റെ ശബ്ദം. അതാവാം അയാളുടെ ഉറക്കം കെടുത്തിയത്. പിന്നെയും ആ ശബ്ദം അടുത്തടുത്ത് വന്നു പോലീസ്, ആർമി വാഹനങ്ങളോടൊപ്പം ഒരു ആംബുലൻസ് അയാളുടെ കണ്ണിൽ പെട്ടു അതിൽ ഏറ്റവും പിന്നിൽ വരുന്ന മുകൾവശം തുറന്ന ആർമി വാഹനത്തിൽ മാസ്ക് മൂടിയ പട്ടാളക്കാർക്കൊപ്പം കയ്യിൽ പ്രാർത്ഥന പുസ്തകവുമായി ഒരമ്മ.ഒരു പക്ഷേ അവരുടെ ഭർത്താവാകാം, മകളോ മകനോ ആവാം ആംബുലൻസിൽ.ജനലരികിലെ ടേബിളിൽ അയാൾ കൈവച്ചു, അടുത്ത നിമിഷം തന്നെ കൈ എടുത്തു ടേബിളിൽ ആകെ വെള്ളത്തുള്ളികൾ. മേശമേൽ ഇരുന്ന പൂച്ചെടിയിൽ അമ്മു വെള്ളം തളിച്ചു അങ്ങനെ വീണതാവാം.വാച്ച് അയാൾ കൈയ്യിലെടുത്തു. സമയം നോക്കാനാകാതെ അതിലും വെള്ളത്തുള്ളികൾ വീണിരുന്നു. തന്റെ വലതുകൈയിലെ തളളവിരൽ കൊണ്ട് അയാളതു തുടച്ചു. സമയം 8 മണി 5 മിനുട്ട് .അയാൾ TV ഓൺ ചെയ്‌തു. എല്ലാം മരണത്തെയും രോഗത്തെയും കുറിച്ചുള്ള വാർത്തകൾ. അയാളുടെ മനസിനെ അത് വളരെയധികം അസ്വസ്ഥനാക്കി. അയാൾ ചാരുകസേരയിലേക്ക് ഇരുന്നു.. എന്തോ ചിന്തയിൽ ആണ്ടു. തന്റെ മകനേയും തന്നിൽ നിന്ന് വേർപിരിഞ്ഞു പോയ ഭാര്യയെ കുറിച്ചുമായിരുന്നു ചിന്ത. തന്റെ രണ്ടു മക്കളിൽ മകൾ തന്നോടൊപ്പവും മകൻ ഭാര്യയോടൊപ്പവുമാണ്.പെട്ടെന്ന് അയാളുടെ മനസിലേക്ക് തന്റെ മകന്റെ ചിന്തകൾക്കതീതമായി ആ ആംബുലൻസിൽ നിന്നും ഇറങ്ങി വന്ന ആ സ്ത്രീയെ ഓർമ്മ വന്നു .അവരുടെ മുഖം അയാൾക്ക് കാണാൻ സാധിച്ചിരുന്നില്ല. അപൂർവ്വമായ എന്തോ ഒരു ഭീതി അനുഭവപ്പെട്ടു. ആളിപ്പടരാൻ പോകുന്ന തീയുടെ ചൂട് അയാളുടെ ഹൃദയത്തെ പൊള്ളിച്ചു. ഫോണിന്റെ വൈബ്രേഷൻ അയാളെ ചിന്തയിൽ നിന്നുണർത്തി,.ഭാര്യയുടെ വിളിയായിരുന്നു അത്. അളവറ്റ് സ്നേഹിച്ച തന്റെ മകൻ മരണപ്പെട്ടിരിക്കുന്നു .. ആംബുലൻസിൽ താൻ കണ്ടത് മറ്റാരേയും അല്ല .. തന്റെ മകനേയും ഭാര്യയെയും ആയിരുന്നു എന്ന് ഒരു തേങ്ങലോടെ അയാൾ തിരിച്ചറിഞ്ഞു. അവസാനമായി ഒന്നു കാണുവാൻ പോലും കഴിയാതെ... ആളിപ്പടർന്ന തീയും മനസിലിട്ടു കൊണ്ടു തന്നെ അയാൾ തന്റെ ജോലിയിൽ മുഴുകി .. രോഗബാധിതരെ അയാൾ പരിചരിച്ചു.. ഓരോ രോഗിയിലും അയാൾ തൻ്റെ മകന്റെ മുഖം കണ്ടു. രോഗം ഭേദമായി യാത്ര പറഞ്ഞു പോകാനിറങ്ങുന്ന ഓരോരുത്തരിലും തന്റെ മകന്റെ പുഞ്ചിരി തൂകുന്ന മുഖവും., അച്ഛന്റെ ഓരോ വിജയത്തിലും അഭിമാനിക്കുന്നു എന്ന കണ്ണുകളിലെ തിളക്കവും കാണാൻ കഴിഞ്ഞു......

അമൃത എസ്
7 B ഗവ യു പി എസ്സ് വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ