ഗേൾസ്.എച്ച്.എസ് പൊന്നാനി/അക്ഷരവൃക്ഷം/ഒരു ലോക്ക് ‍‍‍ഡൗൺ കാലത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക് ‍‍‍ഡൗൺ കാലത്ത്      

Lock down കാലത്ത് എന്തെങ്കിലും കാര്യക്ഷമമായി ചെയ്യാൻ പറഞ്ഞപ്പോൾ എൻ്റെ മകളുടെ ഒരു വായനാനുഭവക്കുറിപ്പ് :-,

. ഞാൻ ഒരു പാട് ചെറുകഥകൾ വായിച്ചിട്ടുണ്ടെങ്കിലും എൻ്റെ ജീവിതത്തിൽ ഞാനാദ്യമായി വായിക്കുന്ന നോവൽ ഓജോ ബോർഡ് ആണ് :എഴുതിയത് Akhil P Dharmajan ഇതൊരു ഹൊറർ ആൻഡ് ഡിറ്റക്ടീവ് നോവലാണ്. എന്നെപ്പോലുള്ള കൊച്ചു വായനക്കാർക്ക് മുന്നിൽ വായനയുടെയും മാസ്മരികതയുടെയും ഒരു മായാലോകം തന്നെയാണ് കാട്ടിത്തന്നത്. വായനയുടെ ഈ അൽഭുതലോകം എനിക്ക് മുന്നിൽ തുറന്ന് തന്നത് എൻ്റെ ഉമ്മയും അമ്മാവൻ Shihabudheen RV - യുമാണ്. നാല് ദിവസം കൊണ്ടാണ് ഞാനീ നോവൽ വായിച്ചു തീർത്തത്.ഈ നാല് ദിവസവും ഊണിലും ഉറക്കത്തിലും ഈ പുസ്തകം എൻ്റെ കയ്യിൽ തന്നെയായിരുന്നു. അത്രക്ക് ആവേശവും ആകാംക്ഷയും സമ്മാനിച്ച നോവലാണ് ഇത്. ഒരു പ്രേത ഭവനവും അതിൽ താമസിക്കാനെത്തിയ കുറച്ച് ചെറുപ്പക്കാരും അവർക്കുണ്ടാകുന്ന പ്രേതാനുഭവങ്ങളും അതിൽ നിന്ന് മുക്തി നേടാൻ അവർ ഓജോ ബോർഡ് ഉപയോഗിക്കുന്നതും അത് മൂലം വർഷങ്ങൾക്കു മുമ്പ് ആ വീട്ടിൽ വച്ച് നടന്ന ക്രൂരവും പൈശാചികവുമായ 9 കൊലപാതകങ്ങളുടെ ചുരുളഴിക്കുന്നതുമാണ് ഈ നോവലിൻ്റെ ഇതിവൃത്തം. ഇപ്പോഴും ഉമ്മാടെ ബുക് ഷെൽഫിൽ ഈ പുസ്തകം ഇരിക്കുന്നത് കാണുമ്പോൾ വീണ്ടും ഞാനതെടുത്ത് വായിക്കാറുണ്ട്.... ഇനി എഴുത്തുകാരനോട് ഒരു ചോദ്യം കൂടി ... "എലിസബത്തിൻ്റെ മരണം എന്ന പുതിയ നോവൽ എന്നാണ് ഞങ്ങളുടെ കയ്യിലെത്തുക?

ഓജോ ബോർഡ് വായിച്ചതിനു ശേഷം ഇതേ എഴുത്തുകാരൻ്റെ മറ്റൊരു നോവലിനെക്കുറിച്ചും ഉമ്മ പറയുന്നത് കേൾക്കുകയുണ്ടായി... "മെർക്കുറി ഐലൻ്റ് ലോകാവസാനം" ഇതാണാ നോവലിൻ്റെ പേര്.ഓജോ ബോർഡ് കൊണ്ടുവന്നു തന്ന ഹബീബ് ക്ക Habeeb Sml ഈ പുസ്തകവും കൊണ്ടു തന്നത്. അത്യുൽസാഹത്തോടെ ഉമ്മ ഈ പുസ്തകം വായിച്ചു തീർക്കുന്നത് കണ്ടു... ശേഷം ഞാൻ വായന തുടങ്ങി: ഓരോ അദ്ധ്യായവും ഓരോ പേജും അൽഭുതങ്ങളായിരുന്നു സമ്മാനിച്ചത്. ശാസ്ത്രലോകത്തിനു ഇന്നും ഉത്തരം കിട്ടാത്ത ബർമുഡ ട്രയാങ്കിളും ആ ചുഴിയിലകപ്പെടുന്ന കഥാപാത്രങ്ങളും ആ ചുഴിമറികടക്കാൻ അവർ കണ്ടെത്തിയ മാർഗ്ഗങ്ങളും ഒക്കെ വായിച്ചപ്പോൾ ഇദ്ദേഹം ശരിക്കും അവിടം സന്ദർശിച്ചിട്ടുണ്ടോ എന്ന് പോലും തോന്നിപ്പോയി... അപ്രതീക്ഷിതമായ ആപത്തുകളും അതിനേക്കാൾ അപ്രതീക്ഷിത രക്ഷപ്പെടലുകളും ഒക്കെയായി സംഭവബഹുലമായ നോവൽ.... വായനയുടെ അവസാനം മായൻമാർ ഭൂമിയുടെ ആയുസ്സ് കണക്കാക്കിയ കലണ്ടറും അവരുണ്ടാക്കിയ സാങ്കൽപിക ഭൂമിയും അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതായിരുന്നു. മായൻമാർ പണ്ടേ പ്രവചിച്ചിരുന്ന പോലെ ഫ്ലോറിഡയിൽ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ വല്ലാത്തൊരു ഭയം മനസ്സിലുദിച്ചു.... ( നമ്മുടെ നാടിനെ നടുക്കിയ വെള്ളപ്പൊക്കക്കാലത്താണ് എൻ്റെയീ നോവൽ വയന എന്നോർക്കണം ) ഞാൻ ഓടിച്ചെന്ന് ഉമ്മാട് ചോദിച്ചു " ഉമ്മാ ഈ മെർക്കുറി എന്ന ഐലൻറ് ശരിക്കും ഉള്ളതാണോ? ഇതിലെഴുതിയത് മുഴുവൻ സത്യങ്ങളാണോ? എന്ന് ... ഉമ്മ പറഞ്ഞു.: ഏയ് അതൊരു കഥയല്ലേ: അത് മുഴുവൻ അഖിൽ പി ധർമ്മജനെന്ന എഴുത്തുകാരൻ്റെ ഭാവനയാണ് .... പക്ഷേ ഒരു കാര്യം.... നിന്നിൽ ഈ പരിഭ്രാന്തി പരത്തിയതും നിന്നെക്കൊണ്ട് ഈ ചോദ്യം ചോദിപ്പിച്ചതും അവൻ്റെ തൂലികയുടെ ശക്തിയാണ് .... നീ കേട്ടിട്ടില്ലേ.... വാളിനേക്കാൾ മൂർച്ച ഒരുവൻ്റെ തൂലികക്കുണ്ടെന്ന് " ... ഇത് കേട്ടപ്പോൾ ഞാൻ തരിച്ചിരുന്നു പോയി --- ഇങ്ങള് ഒരു സംഭവാട്ടോ എഴുത്തുകാരാ.... ഇനിയുമിനിയും ആ തൂലികത്തുമ്പിൽ ഇതിലും ശക്തമായ രചനകൾ പിറവിയെടുക്കട്ടെ എന്നാശംസിച്ചു കൊണ്ട് ...

ഷൈമ ഉമ്മർ
10 D പൊന്നാനി ഗേൾസ് ഹയർ സെക്കന്ററി സ്‍ക്കൂൾ, മലപ്പ‍ുറം, പൊന്നാനി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം