ജി.എം.യു.പി.എസ്.വളപുരം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

ഒരു നൂറ്റാണ്ടു മുൻപ് വളപുരം ഗ്രാമത്തിൽ ജീവിച്ചിരുന്ന ക്രാന്തദർശികളായ ഏതാനും മഹാത്മാക്കളുടെ  നിസ്വാർത്ഥ പരിശ്രമത്തിന്റെ കഥയാണ് വളപുരം ജി എം യു പി സ്കൂളിന്റെ ചരിത്രം. ഈ കൊച്ചു ഗ്രാമത്തിന്റെ സാംസ്കാരിക ചരിത്രത്തിലെ സുപ്രധാന അധ്യായവും.   കേരളപ്പിറവിക്കു മുൻപ് മദിരാശി സംസ്ഥാനത്ത് മലബാർ ജില്ലയിലെ വള്ളുവനാട് താലൂക്കിൽപ്പെട്ട കുരുവമ്പലം അംശത്തിന്റെ ഭാഗമാണ് വളപുരം. 1950 കളുടെ ആദ്യം കുരുവമ്പലവും വളപുരവും പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു. 1957-ൽ പുലാമന്തോൾ പഞ്ചായത്ത് രൂപീകൃതമായപ്പോ ഴും കുരുവമ്പലവും  വളപുരവും അവയുടെ ഭാഗമായിത്തീർന്നു. പക്ഷേ, പെരിന്തൽമണ്ണ താലൂക്കും പുലാമന്തോൾ പഞ്ചായത്തും പഴയ പാലക്കാട് ജില്ലയുടെ ഭാഗമായി തുടർന്നു. 1969-ൽ പുതുതായി മലപ്പുറം ജില്ല രൂപീകൃതമായപ്പോൾ പുലാമന്തോൾ പഞ്ചായത്ത് ജില്ലയുടെ തെക്കേ അറ്റത്തുള്ള പഞ്ചായത്തുകളിൽ ഒന്നായി. അങ്ങനെ വളപുരം മലപ്പുറം ജില്ലയുടെ തെക്കേ അതിരുകളിൽ ഒന്നായി. വളപുരത്തിന്റെ തെക്ക് തൂതപ്പുഴ യും വടക്ക് കുരു വമ്പലവും പടിഞ്ഞാറ് മൂർക്കനാട് പഞ്ചായത്തും കിഴക്ക് ചെമ്മലശ്ശേരി ഗ്രാമവുമാണ്.  വളപുരം എന്ന പ്രദേശം കുരുവമ്പലം എന്ന പേരിലാണ് മുമ്പ് അറിയപ്പെട്ടിരുന്നത്.  സ്കൂളിന്റെ പേര് വളപുരം എൽ പി സ്കൂൾ എന്നാ യിരുന്നില്ല. മറിച്ച് കുരുവമ്പലം എൽ പി സ്കൂൾ എന്നായിരുന്നു. ലഭ്യമായ വിവരമ നുസരിച്ച് 1911-ൽ കാവുവട്ടത്ത് മുള്ളത്തുതൊടിക്കാരുടെ കൈവശമിരുന്ന പറമ്പിൽ ഹിന്ദു എലമെന്ററി സ്കൂൾ ആയി പ്രവർത്തനം തുടങ്ങി. മലബാർ ഡിസ്ട്രിക്ട് ബോർഡിനു കീഴിലായിരുന്നു വിദ്യാലയം പ്രവർത്തിച്ചിരുന്നത്. ആദ്യകാലത്ത് ഈ വിദ്യാലയം അന്നത്തെ നമ്പൂതിരി ജന്മി കുടുംബമായിരുന്ന അവുഞ്ഞിക്കാട്ടുമനയുടെ ഉടമസ്ഥതയിലായിരുന്നു. അന്നത്തെ കാരണവർ ബ്രഹ്മശ്രീ നീലകണ്ഠൻ ഭട്ടതിരിപ്പാടിന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന ആ സ്ഥാപനത്തിൽ രാവുണ്ണി നായർ, കുഞ്ഞുണ്ണി നായർ എന്നിവരായിരുന്നു അധ്യാപകർ.കുരുവമ്പലം വില്ലേജിലെ ഏക വിദ്യാലയമായിരുന്നതിനാൽ കുരുവമ്പലം, ചെമ്മലശ്ശേരി പ്രദേശത്തുള്ള കുട്ടികളും ഇവിടെ പഠിച്ചിരുന്നു. പിന്നീട് 1940 കളിൽ ചെമ്മലശ്ശേരി, കുരുവമ്പലം,പാലൂർ എന്നിവിടങ്ങളിൽ സ്കൂളുകൾ സ്ഥാപിതമായപ്പോൾ ഈ വിദ്യാലയത്തിൽ കുട്ടികൾ കുറഞ്ഞു. തന്മൂലം വിദ്യാലയ നടത്തിപ്പിലും താൽപര്യമില്ലാതായി. സ്കൂൾ നിർത്തലാക്കാൻ തീരുമാനമുണ്ടായി. എന്നാൽ നാട്ടുകാർക്ക് ഒരു വിദ്യാലയം വേണ്ട തിന്റെ ആവശ്യകത മനസ്സിലാക്കിയ അന്നത്തെ പട്ടാമ്പി വിദ്യാഭ്യാസ ഉപജില്ലാ ഓഫീസറുടെ താൽപര്യപ്രകാരം, നാട്ടുകാരുടെ സഹകരണത്തോടെ ഏർക്കര മന വക സ്ഥലത്ത് ( ഇപ്പോൾ മുണ്ടനാട്ടുതൊടി) ഒരു താത്ക്കാലിക വാടക ക്കെട്ടിടത്തിൽ കുരുവമ്പലം ഗവൺമെൻറ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു.സ്കൂളിന്റെ ഉടമസ്ഥാവകാശം അവുഞ്ഞിക്കാടു മനക്കാർ ഫർണീച്ചർ അടക്കം, സൗജന്യമായി സർക്കാരിലേക്ക് കൈമാറുകയും ചെയ്തു. മൂത്തകൊരമ്പ് നാരായണൻ നമ്പൂതിരി, എം. വി. ഉണ്ണികൃഷ്ണ വാര്യർ എന്നിവരായിരുന്നു അധ്യാപകർ.

1950 കളുടെ അവസാനത്തിൽ സ്കൂളുകൾക്ക് ഓലപ്പുര പോര, കൂടുതൽ സുരക്ഷിതമായ ഓടു മേഞ്ഞ കെട്ടിടം വേണമെന്ന സർക്കാർ നിർദ്ദേശം വന്നു.ആയതിന് നാട്ടുകാരുടെ നേതൃത്വത്തിൽ  കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ഈ കമ്മിറ്റി വളപുരം  മദ്രസ്സയുടെ ഓടിട്ട കെട്ടിടം വാടകക്കെടുത്ത് താൽക്കാലികമായിസ്കൂൾ അതിലേക്ക് മാറ്റി. എന്നാൽ വിദ്യാലയത്തിനായിസ്വന്തം സ്ഥലം കണ്ടെത്തുവാനും കെട്ടിടം നിർമ്മിക്കാനുമുള്ള ശ്രമങ്ങൾ തുടർന്നു. പൊൽപ്പായ മനയ്ക്കൽ നാരായണൻ ഭട്ടതിരിപ്പാട് (പി.എം. ബി) ആയിരുന്നു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. 1962-ൽ അവുഞ്ഞിക്കാട്ടുമന ഇട്ടിണിക്കാളി അന്തർ ജനവും കല്ലേത്തൊടി പുറയം പള്ളിയാലിൽ കമ്മാലി ഹാജിയും കൂടി ഒരേക്കർ സ്ഥലം വിദ്യാലയത്തിന് സൗജന്യമായി വിട്ടുകൊടുത്തു. ഈ സ്ഥലത്ത് ബ്ലോക്കിന്റെ സഹായത്തോടെ കെട്ടിടം പണിയുകയും, മദ്രസ്സയിൽ നിന്നും സർക്കാർ കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം തുടരുകയും ചെയ്തു.

1981- ൽ വിദ്യാലയം യുപി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആദ്യവർഷം അഞ്ചാം ക്ലാസ്സും തുടർന്നുള്ള വർഷങ്ങളിൽ ആറ്, ഏഴ് ക്ലാസ്സുകളും ആരംഭിച്ചു. യു.പി സ്കൂളിന് ആവശ്യമായ ഒന്നര ഏക്കർ സ്ഥലത്തി ലേക്ക് അര ഏക്കർ സ്ഥലവും മൂന്ന് ക്ലാസ്സുമുറികളും ഫർണീച്ചറും  നാട്ടുകാർ പിരിവെടുത്ത് ഉണ്ടാക്കി. ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തതും പി.എം.ഭട്ടതിരിപ്പാടും, ഹെഡ്മാസ്റ്ററായിരുന്ന എം. വി. കുട്ടി കൃഷ്ണവാര്യരു മായിരുന്നു. തുടർന്ന്  15.10.1993 -ൽ വന്ന സർക്കാർ ഉത്തരവുപ്രകാരം ജി എം യു പി എസ് കുരുവമ്പലം എന്നത്  ജി എം യു പി എസ് വളപുരം എന്നായി. മുസ്ലിം കലണ്ടറിൽ നിന്നും 2006 മുതൽ  ജനറൽ കലണ്ടറിലാണ് സ്കൂൾ പ്രവർത്തിച്ചുവരുന്നത്.