ജി.എം.യു.പി.സ്കൂൾ വളപുരം / ക്ലബ്ബുകൾ / ശുചിത്വ ആരോഗ്യ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ശുചിത്വ ആരോഗ്യ ക്ലബ്ബ്

കോവിഡ് മഹാമാരിയുടെ വ്യാപന കാലഘട്ടത്തിൽ നീണ്ട ഇടവേളക്കു ശേഷം നമ്മുടെ സ്കൂളുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ ഏറ്റവും ജാഗ്രതയോടെ പ്രവർത്തിക്കുന്ന വളപുരം ജി. എം. യു. പി. സ്കൂളിലെ ക്ലബ്ബാണ് ശുചിത്വ ആരോഗ്യ ക്ലബ്ബ്. അതുകൊണ്ടുതന്നെ സ്കൂളിലെ മുഴുവൻ കുട്ടികളും ക്ലബ്ബിലെ അംഗങ്ങളാണ്.

സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി തന്നെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂളും പരിസരവും ക്ലാസ് റൂമുകളുമെല്ലാം തൂത്തു വൃത്തിയാക്കി ഫോഗിങ്ങിന് വിധേയമാക്കി. സ്കൂൾ കിണറുകൾ പരിശോധിച്ച് ക്ലോറിനേറ്റ് ചെയ്തു. 'കോവിഡ് ഹെൽപ്പ് ഡെസ്കു'മായി ചേർന്ന് പ്രവേശനോത്സവ ദിവസം തന്നെ തെർമൽ സ്കാനറും മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിച്ചു.

സ്കൂൾ തുറക്കുന്നതിന് മുൻപുള്ള എസ് .ആർ. ജിയിൽ ശുചിത്വ ക്ലബ്ബ് രൂപീകരിക്കുകയും ചെയ്യേണ്ട പ്രധാന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. സ്കൂൾ ടോയ്‌ലെറ്റുകൾ ക്ലോറിനേറ്റ് ചെയ്യുക എന്നത് ഒരു പ്രധാന പ്രവർത്തനമായിരുന്നു. ഓരോ ദിവസവും ക്ലോറിനേഷനായി അധ്യാപകർക്ക് ഡ്യൂട്ടികൾ വിഭജിച്ചു നൽകി. രക്ഷിതാക്കൾക്ക് ശുചിത്വ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ചെമ്മലശ്ശേരി ഡിസ്പെൻസറി യിലെ ഹെൽത്ത് ഇൻസ്പെക്ടർ അൻവർ സാർ അധ്യാപകർക്കും പി.ടി. എ എക്സിക്യൂട്ടീവ് മെമ്പർമാർക്കും ക്ലാസ്സ് നൽകുകയും ബാത്ത്റൂം അടക്കം സ്കൂളിലെ സാഹചര്യങ്ങൾ പരിശോധിക്കുകയും സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്തു.

കുട്ടികൾ കൂട്ടം കൂടാതിരിക്കാനായി ഓരോ ക്ലാസ്സുകൾക്കും ഇൻറർവെൽ ടൈംടേബിൾ രൂപീകരിച്ചു നടപ്പാക്കി. ഓരോ ക്ലാസിലേയ്ക്കും ആവശ്യമായ സാനിറ്റൈസറുകൾ ലഭ്യമാക്കുകയും ഓരോ ദിവസവും സ്കൂൾ വിട്ടശേഷം ക്ലാസ് റൂമുകൾ സാനിറ്റൈസ് ചെയ്യാനുള്ള സജ്ജീകരണം ഉണ്ടാക്കുകയും ചെയ്തു.

ഓരോ ബാത്ത്റൂമിലും ക്ലോറിനേഷൻ സൗകര്യവും കൈ കഴുകാനുള്ള സോപ്പും വെള്ളവും ക്ലീനിംഗിനായുള്ള സാമഗ്രികളും ഉറപ്പുവരുത്തി. വാഷ്ബേസിനുകളിൽ സോപ്പും ഹാന്റ് വാഷും ലഭ്യമാക്കി.

പ്രവേശനോത്സവ ദിവസം തൊട്ടു തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചും സാനിറ്റൈസർ നൽകിയും കുട്ടികളെ സ്കൂളിലേക്ക് സ്വാഗതം ചെയ്തു. ക്ലാസ്സിൽ വന്നശേഷം പ്രയാസങ്ങൾ കണ്ട കുട്ടികളെ റെസ്റ്റ് റൂമിൽ മാറ്റി ഇരുത്തി വീട്ടിലേക്ക് തിരിച്ചയച്ചു. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്കായി മികച്ച ഫസ്റ്റ് എയ്ഡ് സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ക്ലാസും പരിസരവും വൃത്തിയാക്കാനും ജാഗ്രത പാലിക്കാനും വേണ്ട നിർദ്ദേശങ്ങൾ തയ്യാറാക്കി സ്കൂളിന്റെ നാനാഭാഗത്തും ചുമരുകളിൽ ഒട്ടിച്ചു. കുട്ടികളെ ക്ലാസ് ക്ലീനിങ്ങിനായി ഗ്രൂപ്പുകളായി തിരിച്ച് വേണ്ട സാമഗ്രികൾ വാങ്ങി നൽകി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ആവശ്യമായ സന്ദർഭങ്ങളിലെല്ലാം മാസ്കും സാനിറ്ററി പാഡുകളും സൗജന്യമായി വിതരണം ചെയ്തു.

സ്കൂളിലെ പ്രവർത്തനങ്ങളിൽ എന്നും പൂർണ്ണ പിന്തുണ നൽകുന്ന പുലാമന്തോൾ പഞ്ചായത്ത് ഫോഗിങ്ങിനും ക്ലോറിനേഷനും വേണ്ട എല്ലാ സൗകര്യങ്ങളും ലഭ്യമാക്കി. അഞ്ചു ലിറ്റർ സാനിറ്റൈസർ സ്കൂളിലേക്ക് സംഭാവന ചെയ്യുകയും "കളക്ടേഴ്സ് അറ്റ് സ്കൂൾ" എന്ന പദ്ധതി സ്കൂളിൽ നടപ്പാക്കുകയും ചെയ്തു. ഇത്തരത്തിൽ സർവ്വ മേഖലകളിൽ നിന്നുമുള്ള പിന്തുണയോടെ ക്രിയാത്മകമായി പ്രവർത്തിക്കുന്ന ശുചിത്വ ആരോഗ്യ ക്ലബ്ബ് സ്കൂളിന്റെ മുതൽക്കൂട്ടാണ്.