ജി.എച്ച്എസ് പന്നിപ്പാറ/

Schoolwiki സംരംഭത്തിൽ നിന്ന്

1. ഐ.ടി.@ ഹോം പദ്ധതി

സ്കൂളിലെ മുഴുവൻ അമ്മമാരേയും ഐ ടി സാക്ഷരരാക്കുന്ന പദ്ധതിയാണിത്. ഒക്ടോബർ 11 ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖയാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.ഐ.ടി.@ ഹോം എന്ന് പേരിട്ട പദ്ധതിയിൽ അമ്മമാർക്ക് ഡിജിറ്റൽ ലോകവുമായി അടുത്ത പരിചയമുണ്ടാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം.കുട്ടികളുടെ പഠനനിലവാരം വർദ്ധിപ്പിക്കാൻ അമ്മമാർ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കുട്ടികളെ സഹായിക്കുക, ഐടി അധിഷ്ഠിത തൊഴിൽ സാധ്യതകൾ അമ്മമാരെ പരിചയപ്പെടുത്തുക, സൈബർ ചതിക്കുഴികളെ കുറിച്ച് ബോധവൽക്കരണം നടത്തുക തുടങ്ങിയവ പദ്ധതിയുടെ ഭാഗമാണ്. സ്കൂളിലെ അധ്യാപകർ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥിൾ, പിടിഎ, എസ്എംസി, തുടങ്ങിയവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.ഒന്നു മുതൽ 10 വരെയുള്ള മുഴുവൻ കുട്ടികളുടെയും രക്ഷിതാക്കളായ ആയിരത്തോളം അമ്മമാരിൽ 800ലധികം അമ്മമാർ നവംബർ 29 വരെയുള്ള ക്ലാസിൽ പങ്കെടുത്തു. പദ്ധതിക്കായി തയ്യാറാക്കിയ പ്രത്യേക മോഡ്യൂൾ അനുസരിച്ചാണ് ക്ലാസ് നൽകുന്നത്. ഡിസംബർ രണ്ടിന് കമ്പ്യൂട്ടർ സാക്ഷരതാ ദിനത്തിൽ പ്രഖ്യാപനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത് എന്നാൽ പ്രതീക്ഷിക്കുന്ന അതിഥിയുടെ സൗകര്യം പരിഗണിച്ച് പ്രഖ്യാപനം ഡിസംബർ അവസാന വാരത്തേക്ക് മാറ്റിയിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായി, അമ്മമാർക്ക് ഡിജിറ്റൽ സാക്ഷരത, അടിസ്ഥാന ഐടി പരിജ്ഞാനം, സുരക്ഷിതമായ ഇൻറർനെറ്റ് ഉപയോഗം, സൈബർ സുരക്ഷ, ഐടി അധിഷ്ഠിത തൊഴിൽ സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുന്നു. പരിശീലനം പൂർത്തിയാക്കുന്ന അമ്മമാർക്ക് സ്കൂളിന്റെയും ലിറ്റിൽ കൈറ്റിന്റെയും മുദ്ര പതിപ്പിച്ച സർട്ടിഫിക്കറ്റ് നൽകും.

പദ്ധതിക്കായി സ്കൂളിലുള്ള 2 ഐടി ലാബുകളാണ് ഉപയോഗപ്പെടുത്തുന്നത്. ഇതിനോടകം 80 ശതമാനത്തിലധികം അമ്മമാർ പരിശീലനത്തിൽ പങ്കെടുത്തു.

2. ഐടി@ഹോമും ലിറ്റിൽ കൈറ്റ്സും

ഐടി@ ഹോം പദ്ധതി പൂർണ്ണമായും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിലാണ് നടക്കുന്നത്. നാല് അമ്മമാരെ സഹായിക്കാൻ ഒരു വിദ്യാർത്ഥി എന്ന നിലക്കാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാദിവസവും 4 മണി മുതൽ 5.30 വരെ ചുരുങ്ങിയത് എട്ടു കുട്ടികൾ സേവനം ചെയ്തു വരുന്നു. ഓരോ ദിവസവും കുട്ടികളെ നിശ്ചയിക്കാൻ പ്രത്യേകം ലീഡേഴ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തലേദിവസം തന്നെ അടുത്ത ദിവസം ക്ലാസ്സിൽ സേവനം ചെയ്യുന്ന വിദ്യാർത്ഥികളുടെ ലിസ്റ്റ് കൈറ്റ് മിസ്ട്രസിനെ ഏൽപ്പിക്കും. നേരത്തെ കമ്പ്യൂട്ടർ ഉപയോഗിച്ച് പരിചയമില്ലാത്ത പ്രായം കൂടിയ അമ്മമാർക്കും ജീവിതത്തിൽ ഒരിക്കൽ പോലും മൗസ് പിടിക്കാൻ അവസരം ലഭിച്ചിട്ടില്ലാത്ത അമ്മമാർക്കും വിദ്യാർഥികളുടെ സേവനം കൂടുതൽ പ്രയോജനകരമായിട്ടുണ്ട്.

"https://schoolwiki.in/index.php?title=ജി.എച്ച്എസ്_പന്നിപ്പാറ/&oldid=2010948" എന്ന താളിൽനിന്ന് ശേഖരിച്ചത്