ജി.എച്ച്.എസ്.എസ്. ഇരിക്കൂർ/അക്ഷരവൃക്ഷം/രാക്ഷസനിഴൽ

Schoolwiki സംരംഭത്തിൽ നിന്ന്
രാക്ഷസ നിഴൽ

ചെറിയ ഒരു ഇടി പൊട്ടിയെങ്കിലും അത്‌ ആരും കാര്യമാക്കിയില്ല..കാരണം അവർ തീറ്റ തേടിപ്പോയ അമ്മക്കിളിയെ കാത്തിരിക്കുകയാണ്. നേരം ഇരുട്ടി . അമ്മയെ കാണാത്തതിലുള്ള പരിഭ്രാന്തി ആ മുന്ന് മക്കളിലും പ്രതിധ്വനിച്ചു. കടൽ.... തിര..... ആർക്കെന്നില്ലാതെ കരയിലടിച്ചു ...പതഞ്ഞു. പ്രണയ സല്ലാപങ്ങളും പരിഭവങ്ങളും കൊണ്ട് തുരുമ്പിച്ച .... ആ... ഇരുമ്പിൻ ഊഞ്ഞാലിന്റെ മുകളിൽ സ്വന്തമായി ഒരു കൂട്ടിൽ കഴിയുകയാണവർ. പെട്ടന്ന് കണ്ണു തെളിഞ്ഞു. അവർ ഇത്രയും നേരം കാത്തിരുന്ന അമ്മക്കിളി പറന്ന് അരികിൽ അണഞ്ഞു : അവർ ചലപില കൂട്ടി കൊക്കുരുമ്മി. കൊക്കിലൊതുക്കിയ പഴങ്ങൾ സ്വാദോടെ നുകർന്നു . ആ മൂന്ന് മക്കളും അമ്മയുടെ ചിറകിനടിയിൽ സുഖനിദ്ര പ്രാപിച്ചു. കടൽ ശാന്തമായി. തിരകൾ കരയെ വലിയ വായിൽ വിഴുങ്ങി . അങ്ങനെ എല്ലാം മറന്ന് കണ്ണടച്ചു.

പെട്ടെന്ന് ശക്തിയോടു കൂടിയ ഒരു ഇടി നെഞ്ചകം പിളർക്കുന്ന ശബ്ദത്തിൽ . പെട്ടെന്ന് എല്ലാം ഉണർന്നു. അമ്മക്കിളി ഞെട്ടിയുണർന്നു. പെട്ടെന്നാണ് അവളുടെ കണ്ണ് കടലിലേക്ക് പതിഞ്ഞത്. ഏതോ ഒരു നിഴൽ കടലിലോട്ട് വിളറി പിടിച്ച് ഓടുന്നു. പെട്ടെന്ന് തിരിച്ചു നടന്നു. വീണ്ടും പൂർവ്വാധികം ശക്തിയോടെ കടലിലോട്ട് എന്തോ വലിച്ചെറിഞ്ഞു. ചുറ്റും നോക്കി തിരിഞ്ഞോടി. അമ്മക്കിളിക്ക് പെട്ടെന്നൊന്നും മനസിലായില്ല. എന്നാൽ പെട്ടെന്ന് കടൽ ഭിത്തിയിൽ എന്തോ ആഞ്ഞടിച്ചു. കൂടെ ഒരു ചെറിയ നിലവിളി. പാതി ഉറക്കത്തിൽ അമ്മേ ... എന്ന സ്വരം . മുലകുടി മാറാത്ത ഏതോ കുഞ്ഞിന്റെയാണത്. താരാട്ടുപാട്ടിനു വേണ്ടി ആ കുഞ്ഞ് എത്ര കൊതിച്ചിട്ടുണ്ടാകും എന്ന് ആ കിളി ഓർത്തു. മുലപാലിന്റെ മണം മാറാത്ത ആ കുഞ്ഞിനെ കടലിലുപേഷിച്ചത് ആര്? അവൾ ചിന്തിച്ചു." മുലയൂട്ടാനും താരാട്ടു പാടാനും മടിയുള്ള ഏതെങ്കിലും സ്ത്രീ ജന്മം" അവൾ സ്വയം കണ്ടെത്തി.

അപ്പോൾ ആ കുഞ്ഞു നിലവിളി അവിടാകെ പടർന്നിരുന്നു. ഏതോ വെളിച്ചം മായയായ് ആ കാശത്തോട്ട് ഉയർന്നു. അവിടെ അമ്പിളി മാമനും നക്ഷത്ര കൂട്ടവും സ്വർഗ്ഗവാതിൽ തുറന്ന് താരാട്ട് പാടി കാത്തിരുന്നു. ആ വാതിലിനകത്ത് ഒരുപാട് കളിപ്പാട്ടങ്ങൾ നിറഞ്ഞിരുന്നു. ഇനിയും ആർക്കൊക്കെയോ കാത്ത് വെച്ചത് പോലെ !. ഇനിയും ഒരു പാട് പേരെ വരവേൽക്കാനെന്ന പോലെ തോരണങ്ങളും മിഠായികളും ... അപ്പോഴും ആ അമ്മക്കിളി തന്റെ മുന്ന് പൊന്നോമനകളെ മുറുകെ പിടിച്ചു.

ഗായത്രി എസ് രാജീവ്
10 ഇരിക്കൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്ക്കൂൾ
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ