ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്

കൗൺസിലർ : അനുരഞ്ജിത്ത് എ.ജെ , അഫീഫ കെ

ആമുഖം

പുല്ലങ്കോട് ഹയർ സെക്കണ്ടറി സ്കൂളിൽ 2012 - 2013 അധ്യയനവർഷത്തിലാണ് ജൂനിയർ റെഡ് ക്രോസ് യൂനിറ്റിന്റെ ഉദയം. തുടക്കത്തിൽ എട്ടാം ക്ലാസ്സിൽ നിന്നും 20 കുട്ടികളുമായി വണ്ടൂർ സബ് ജില്ലക്കു കീഴിയിൽ കൗൺസിലർമാരായ ഫിറോസ് ഖാൻ . പി പി , രുഗ്മിണി ഭായി എന്നിവരുടെ നേതൃത്വത്തിൽ വളരെ സജീവമായി പുല്ലങ്കോട് ജി.എച്ച്.എസ്സ് കാമ്പസിൽ പ്രവർത്തിച്ചു വരുന്നു. നാളിതു വരെ " ആരോഗ്യം, സേവനം, സൗഹൃദം " എന്നീ മഹത്തായ ആദർശ മുദ്രാവാക്യങ്ങൾക്കു കീഴിൽ വ്യത്യസ്തവും വൈവിധ്യവും അതിലുപരി ജനസേവന മേഖലകളിലും ശ്രദ്ധേയമായ നിരവധി പ്രവർത്തനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ജെ.ആർ.സി യൂണിറ്റിനു സാധിച്ചു.

നിലവിൽ എ, ബി, സി എന്നീ  മൂന്ന് ലെവൽ വിദ്യാർഥികളാണ്  ജെ.ആർ.സിക്കുള്ളത് , ഈ മൂന്ന് ഘട്ടങ്ങളിലും അവർക്ക് പ്രത്യേകമായി സിലബസും പഠനവും മൂല്യനിർണ്ണയവുമെല്ലാം നടക്കും. സി ലെവൽ പരീക്ഷ വിജയിക്കുന്നവർക്ക് പൊതു പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹത കിട്ടും.സ്കൂളിലെ പൊതുപരിപാടികൾ, കലാ കായിക മൽസരങ്ങൾ , പാർലമെന്റ് തെരഞ്ഞെടുപ്പ്, കാമ്പസ് ക്ലീനിങ്ങ്, സ്കൂൾ അച്ചടക്കം തുടങ്ങി ഒട്ടനവധി മേഖലകളിലും ജെ.ആർ.സി യുടെ കൈ ഒപ്പ് നമുക്ക് കാണാൻ കഴിയും.

യൂനിഫോം

വെളുത്ത പാന്റും ഷർട്ടും / ചുരിദാറും , വൂഗിൾ , സ്കാർഫ് , ജെ.ആർ.സി ബാഡ്ജ്, വെളുത്ത ഷൂ എന്നിവ ധരിച്ചാണ് കേഡറ്റുകൾ സ്കൂളിലെത്തുക. ഈ വെളുത്ത മാലാഖമാർ കലാലയത്തിന്റെ ആശ്വാസവും ആനന്ദവുമാണ്.

പ്രവർത്തനങ്ങൾ

ലഹരി വിരുദ്ധ റാലികൾ തൊട്ടടുത്ത ടൗണുകളിലൂടെ ലഹരിയുടെ ആപൽക്കരമായ വസ്തുതകൾ ജനമനസ്സുകളിലെത്തിക്കാൻ കഴിഞ്ഞു. യുദ്ധവിരുദ്ധ റാലിയും കലാപരിപാടികളും ജി.എം.എൽ.പി.എസ് സ്രാമ്പിക്കല്ലിലെ വിദ്യാർഥികൾക്ക്  പുത്തനറിവുകളും യുദ്ധാനന്തര വിപത്തുകളും വരച്ചു കാണിക്കാൻ നമ്മുടെ   ജെ.ആർ.സി കേഡറ്റുകൾക്ക് കഴിഞ്ഞു. പ്ലക്കാർഡുകളും ബാനറുകളും ജെ. ആർ സി പതാകയുമേന്തി കേഡറ്റുകളും അധ്യാപക സമൂഹവും ഒരു മനസ്സോടെ തെരുവിലേക്കിറങ്ങി ബോധവൽക്കരണം നടത്തിയത്  ജെ.ആർ.സിക്ക് എന്നും അഭിമാനിക്കാനാവുന്ന നേട്ടങ്ങളിൽ പെട്ടതാണ്. എലിപ്പനി, ഡങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെയും എയ്ഡ്സ് പോലുള്ള മാരക രോഗങ്ങൾക്കെതിരെയും നമുടെ കേഡറ്റുകൾ പുല്ലങ്കോട് സ്കൂളിലെ ഓരോ വിദ്യാർഥിയെയും ക്വിസ് പ്രോഗ്രാമിലൂടെ, ഹൃസ്വ ചിത്ര പ്രദർശനത്തിലൂടെ, പോസ്റ്റർ രചനാ മൽസരത്തിലൂടെയെല്ലാം ബോധവൽക്കരിച്ചു.