ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.പി.സി. സ്കൂൾതല ഉത്ഘാടനം.

ആമുഖം

പൗരബോധവും ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും സേവന സന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യവുമായി 2010 ൽ ആരംഭിച്ച പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. എൻ. സി. സി.യുടെ അച്ചടക്കവും എൻ. എസ്. എസിന്റെ സേവന മനോഭാവവും സമന്വയിപ്പിച്ച് രൂപം കൊടുത്ത പ്രസ്ഥാനമാണ് കുട്ടിപ്പോലീസ് എന്നപരനാമത്തിൽ അറിയപ്പെടുന്ന എസ്. പി. സി.

എസ്.പി.സി. ഉത്ഘാടന പോസ്റ്റർ

ജി.എച്ച്‌.എസ്. എസ് പുല്ലങ്കോടിൽ 2021 സെപ്റ്റംബർ 17 ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് ഈ പദ്ധതിക്ക് സമാരംഭം കുറിച്ചു. പ്രസ്തുത ചടങ്ങിൽ സ്ഥലം എം.എൽ.എ. ശ്രീ. എ. പി. അനിൽ കുമാർ മുഖ്യാതിഥിയായിരുന്നു.

ഘടന

അധ്യാപകരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഒരു വ്യക്തി കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും മറ്റൊരു വ്യക്തി അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസറായും സേവനം ചെയ്യുന്നു. ഇതിൽ ഒരാൾ അധ്യാപികയായിരിക്കും. സ്ഥലം സർക്കിൾ ഇൻസ്‌പെക്ടർ ലയിസൺ ഓഫീസറായും പ്രവർത്തിക്കുന്നു. സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ ഉപദേശക സമിതികളുണ്ട്.

പരിശീലനം

ആഴ്ചയിൽ ഒരു ദിവസം 45 മിനിറ്റ് പരേഡും 45 മിനിറ്റ് കായിക പരിശീലനവും മാസത്തിൽ ഒരു തവണ റൂട്ട് മാർച്ച് / ക്രോസ് കൺട്രിയും ഉദ്ദേശിക്കുന്നു. കൂടാതെ പ്രായോഗിക പരിശീലനം സമയ ലഭ്യതക്കനുസരിച്ച് നൽകുന്നു. ഓണം / ക്രിസ്മസ് അവധിക്കാലങ്ങളിൽ ത്രിദിന ക്യാമ്പുകൾ അതത് സ്കൂളുകളിലും അധ്യയനവർഷാവസാനം റസിഡൻഷ്യൽ ക്യാമ്പും സംഘടിപ്പിക്കുന്നു. ഒരു വിദ്യാർഥിക്ക് ശരാശരി 130 മണിക്കൂർ സേവനം ഒരു വർഷം വിഭാവനം ചെയ്യുന്നു.പരിശീലനം നൽകുന്നതിനായി പോലീസ് സ്റ്റേഷനിൽ നിന്നും ഡ്രിൽ ഇൻസ്ട്രക്ടറായി രണ്ടു പേരെ നിയോഗിക്കുന്നു. അതിൽ ഒരാൾ വനിത ആയിരിക്കും.ആഭ്യന്തര, വിദ്യാഭ്യാസ, തദ്ദേശസ്വയംഭരണ, മോട്ടോർ വാഹന, വനം, എക്‌സൈസ് എന്നീ വകുപ്പുകളുടെ സഹായ സഹകരണത്തോടെയാണ്‌ ഈ പദ്ധതി നടപ്പാക്കുന്നത്.എട്ടാം ക്ലാസിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 22 പെൺകുട്ടികൾക്കും 22 ആൺകുട്ടികൾക്കും ആണ് ഇതിൽ പ്രവർത്തിക്കാൻ സാധിക്കുക. ആകെ 44 കേഡറ്റുകൾ. അടുത്ത വർഷം ഇവർ സീനിയർ കേഡറ്റുകൾ ആകും. അപ്പോൾ കേഡറ്റുകളുടെ എണ്ണം 88 ആകും.

ഉപസംഹാരം

കായിക പരിശീലനം, പഠനക്ലാസുകൾ, പ്രായോഗിക പരിശീലനം, ക്യാമ്പുകൾ എന്നിവയിലൂടെ ഒരു യുവതലമുറയെ വാർത്തെടുക്കുവാൻ പര്യാപ്തമാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി.