ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നിലമ്പൂർ-പെരിമ്പിലാവ് സ്‌റ്റേറ്റ് ഹൈവേയുടെ ബഹളങ്ങളിൽ നിന്ന് വിട്ടൊഴിഞ്ഞ്   വിശാലമായ ഒരു കാംപസ് സ്കൂളിനുണ്ട്. പശ്ചാത്തല ഭംഗി ഒരുക്കികൊണ്ട് അനേകം തണൽ മരങ്ങൾ ഈ കാംപസിന് തണലേകുന്നു. ഭൗതിക അടിസ്ഥാന മേഖലയിലെ വിദ്യാലയ മികവുകൾ ഏറെ മികവുറ്റതാണ്.എസ്.എസ്.എ യുടെയും, എം.എൽ.എ, എം.പി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായവും സഹകരണവും നേടിയെടുത്തു കൊണ്ടാണ് വിദ്യാലയ വികസന പദ്ധതികൾ നടപ്പാക്കുന്നത്. വിദ്യാലയ പി.ടി.എ യുടെ നേതൃത്വത്തിൽ ഭൗതിക സൗകര്യവികസനത്തിനായുള്ള ശ്രമങ്ങൾ തുടർന്നു വരുന്നു.

ഭൗതിക സൗകര്യങ്ങൾ

കെട്ടിടങ്ങൾ

പതിറ്റാണ്ടുകളുടെ പഴക്കമുള്ള കലാക്ഷേത്രമാണ് പുല്ലങ്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. ഉന്നത നിലവാരത്തിൽ കെട്ടുറപ്പുള്ള നിരവധി ബിൽഡിംഗുകളും , യു.പി. ഹൈസ്കൂൾ ഐടി ലാബുകളും , വിപുലമായ സയൻസ്‌ലാബും, ഹൈസ്കൂൾ ഓഫീസ്, വിശാലമായതും സൗകര്യത്തോടെയുമുള്ള സ്റ്റാഫ് റൂം,  ആയിരക്കണക്കിന് അമൂല്യമായ ഗ്രന്ഥശേഖരങ്ങളങ്ങിയ ബൃഹത്തായ ലൈബ്രറി തുടങ്ങിയവ ഉൾപെടുന്നതാണ് നിലവിലുള്ള ഓരോ കെട്ടിടങ്ങളും

ക്ലാസ്സ് മുറികൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ ഭാഗമായി നിലവിലുള്ള മുഴുവൻ ക്ലാസ്സ് മുറികളും അത്യാധുനിക സാങ്കേതികവിദ്യയുടെ മുഴുവൻ സൗകര്യങ്ങളുമടങ്ങിയ ഹൈടെക് സംവിധാനത്തോടെ സജ്ജീകരിച്ചിരിക്കുന്നു. ക്ലാസ് മുറികളെല്ലാം ടൈൽ വിരിച്ച്, വൈദ്യുതീകരിച്ച്, ഫാനും ലൈറ്റു മടങ്ങിയ ന്യൂതന സംവിധാനങ്ങളോടെയാണ് പ്രവർത്തിക്കുന്നത്. ജില്ലാ പഞ്ചായത്ത് വകയിരുത്തിയ പുതിയ ബിൽഡിങ്ങിന്റെ നിർമ്മാണ പ്രവൃത്തി പുരോഗമിക്കുന്നു. കിഫ് ബിയുടെ ഒന്നര കോടി ചെലവിൽ പടുകൂറ്റൻ ബിൽഡിംഗ് കൂടി യാദാർഥ്യമാകുന്നതോടെ മലയോര മേഖലയിലെ ഈ മഹത്തായ വിദ്യാലയ ഗോപുരത്തിന്റെ മുഖഛായ തന്നെ മാറുമെന്നതിൽ തർക്കമില്ല.

ലൈബ്രറി

ഏകദേശം പന്ത്രണ്ടായിരം പുസ്തകങ്ങളുള്ള ഒരു ലൈബ്രറി സ്കൂളിനുണ്ട്. കഥ, കവിത, ലേഖനം തുടങ്ങി സാഹിത്യത്തിന്റെ വിവിധ മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന ഈ പുസ്തകശേഖരം കുട്ടികൾക്ക് മുമ്പിൽ വായനയുടെ വാതായനങ്ങൾ തുറന്നിടുന്നു. ഈ ലൈബ്രറിയുടെ മികച്ച പ്രവർത്തനത്തിനായി പി.ടി.എ.യുടെ നേതൃത്വത്തിൽ സ്ഥിരം ലൈബ്രേറിയന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

ഹൈസ്കൂൾ ഓഡിറ്റോറിയം

ജില്ലാ പപഞ്ചായത്തനുവദിച്ച് നൽകിയ ഫണ്ടുപയോഗിച്ച് ഇരുനൂറിലധികഠ പേരെ ഉൾകൊള്ളാവുന്ന വിശാലമായ ഓഡിറ്റോറിയം അധ്യാപക-വിദ്യാർഥികൾക്കും പൂർവ്വ വിദ്യാർഥികൾക്കും ഒരുപോലെ ഒത്തുചേരാനും , കലാ വിരുന്നുകൾ സംഘടിപ്പിക്കുവാനും ഉപകരിക്കുന്നു.

ഐ.ടി. ലാബ്

വണ്ടൂർ സബ്ബ് ജില്ലയിൽ തന്നെ ഏറ്റവും മികച്ച നിലവാരവും സൗകര്യവുമുള്ള, ഒരേ സമയം അൻപതിലധികം വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പഠിക്കുവാൻ ,ഒരു കുട്ടിക്ക് ഒരു ലാപ് ടോപ്പ് എന്ന രീതിയിൽ ഉന്നത നിലവാരമുള്ള ഹൈ ടെക് - ഐ ടി ലാബ് ഈ കലാലയത്തിന്റെ അഭിമാനം തന്നെയാണ്. ഐ ടി വിങ്ങ് നടത്താറുള്ള അധ്യാപകർക്കുള്ള ഐ ടി. ട്രെയിനിങ്ങ് സെന്ററു കൂടിയാണ് മേൽ പറഞ്ഞ ഐ ടി ലാബ് എന്നത് സ്തുത്യർഹമായ കാര്യമാണ്

കളിമുറ്റം

ആയിര കണക്കിന് വിദ്യാർഥികൾക്ക് യഥേഷ്ടം കായികാഭ്യാസ പ്രകടനത്തിനും മറ്റും അതിവിശാലമായ മൈതാനം വിദ്യാർഥികൾക്കും നാട്ടുകാർക്കും വളരെ വലിയ അനുഗ്രഹമാണ്.

വിദ്യാവനം

വിദ്യാവനം ഡിജിറ്റൽ പ്ലാന്റ് ലൈബ്രറി

വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന വിദ്യാവനം സ്കൂളിന്റെ അഭിമാനമായ പദ്ധതിയാണ്. സ്കൂളിൽ 10 സെന്റോളം സ്ഥലത്താണ് വിദ്യാവനം സ്ഥിതി ചെയ്യുന്നത്. വിദ്യാവനത്തിലെ ഓരോ മരത്തെയും സസ്യജാലങ്ങളെയും കുറിച്ചറിയാൻ ഡിജിറ്റൽ ലൈബ്രറി സംവിധാനവും നിലവിലുണ്ട്.വിദ്യാലയങ്ങളിൽ വളരെചുരുങ്ങിയ സ്ഥലത്ത് സ്വാഭാവിക വനങ്ങളുടെ സാദൃശ്യമുള്ള അതിസാന്ദ്രതയിലും അതീവ ജൈവവൈവിധ്യത്തോടും നട്ടു വളർത്തിയെടുക്കുന്ന ചെറുവനങ്ങളാണ് വിദ്യാവനങ്ങൾ. വിദ്യാർഥികളിൽ ജൈവവൈവിധ്യ സംരക്ഷണ അവബോധം ഉണർത്തുന്നതിനും വനവത്ക്കരണ, വനസംരക്ഷണ പ്രവർത്തനങ്ങളിൽ പ്രായോഗിക പരിശീലനം ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചാണ് വിദ്യാലയങ്ങളിലെ ഫോറസ്ട്രി ക്ലബുകളിലൂടെ വിദ്യാവനം പദ്ധതി നടപ്പാക്കുന്നത്.

ഐ.ഇ.ഡി പാർക്ക്

ഏകദേശം ഒരു വർഷമായി പുല്ലങ്കോട് ഹയർ സെക്കണ്ടറി സ്കൂളിൽ പഠിക്കുന്ന അംഗ പരിമിതരും, മാനസിക വെല്ലുവിളി നേരിടുന്നവരുമായ വിദ്യാർഥികളുടെ മാനസിക ഉല്ലാസത്തിനും , ശാക്തീകരണത്തിനും വേണ്ടി നിർമ്മിച്ച ഐ.ഇ.ഡി പാർക്ക് കലാലയത്തിനൊരു മുതൽ കൂട്ടാണ്. ഇത്തരം കുട്ടികൾക്ക് കളിക്കുവാനും , വിശ്രമിക്കുവാനുമുള്ള ഇന്റർലോക്ക് ചെയ്ത നിലവും, ടൈൽ വിരിച്ച ഇരിപ്പിടങ്ങളും ഈ പാർക്കിന്റെ  പ്രത്യേകതകളാണ്.

സി.സി.ടി.വി.സംവിധാനം

മലയോര മേഖലയിലെ ഈ സ്ഥാപനത്തിന്റെ സുരക്ഷക്കും, പുറത്തു നിന്നുള്ളവരുടെ അനാവശ്യ പ്രവേശനങ്ങൾക്കും തടയിടാനും അധ്യാപക-വിദ്യാർഥികളുടെ സുരക്ഷിതത്തിനും വേണ്ടി കാമ്പസിനുള്ളിൽ ഹൈ ക്വാളിറ്റി നിലവാരത്തിൽ മുഴുവൻസമയവും പ്രവർത്തിക്കുന്ന സി.സി.ടി.വി സംവിധാനം എടുത്ത് പറയേണ്ട കാര്യം തന്നെയാണ്. മുൻ കാലങ്ങളിൽ ഇവിടെ സാമൂഹിക വിരുദ്ധരുടെ ശല്യം അസഹനീയമായിരുന്നു എന്ന് ഒരു സത്യമാണങ്കിൽ ഇന്ന് സി.സി.ടി.വി സ്ഥാപിച്ചതോടെ അത്തരം ശല്യങ്ങൾ ഗണ്യമായി കുറഞ്ഞിരിക്കുന്നു.

ചുറ്റുമതിൽ

ഭൂമിശാസ്ത്രപരമായി വിശാലമായി കിടക്കുന്ന കാമ്പസിനകത്തേക്ക് ഊടുവഴികളിലൂടെയും,ചവിട്ടു വഴികളുകളിലൂടെയും പൊതുജനത്തിന് പ്രവേശിക്കാൻ സൗകര്യമുള്ള പല വഴികളാണ് നിലവിലുള്ളത്. എന്നാൽ നാളിതുവരെയുള്ള സ്ഥാപനത്തിന്റെ ചിരകാലസ്വപനമാണ് മേൽ സൂചിപ്പിച്ച പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി " ഒരു ചുറ്റുമതിൽ " എന്നത് . സങ്കടകരമെന്ന് പറയട്ടെ ഇത്ര നാളും ആസ്വപ്നം യാദാർഥ്യമായിട്ടില്ല.

കൗൺസിലിംഗ് സെന്റർ

പാവപ്പെട്ട തോട്ടം തൊഴിലാളികളും കൂലിപ്പണിക്കാരുടെയും മിടുക്കരായ മക്കൾ പഠിക്കുന്ന ഈ കലാലയത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ഒരു കൗൺസിലിംഗ് കേന്ദ്രം തന്നെ സജീവമായി പ്രവർത്തിക്കുന്നുണ്ട്. പലതരത്തിലുള്ള മാനസിക വെല്ലുവിളികൾ നേരിടുന്ന വിദ്യാർഥികൾക്ക് ആശ്വാസകരമായ രീതിയിൽ അവർക്ക് സാന്ത്വനമേകാൻ ഒരു കൗൺസിലറും സദാസമയവും സേവനപാതയിലുണ്ടന്നത് ഈ കലാലയത്തിലെ പാവപ്പെട്ട വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വളരെ ആശ്വാസമേകുന്ന ഒന്നു തന്നെയാണ്.

ഫിസിയോതെറാപ്പി

മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് മാത്രമല്ല ശാരീരിക അവശതയാൽ ദുരിതമനുഭവിക്കുന്നവർക്കും ഏറെ ഉപകാരപ്രദമാണ് ഈ കലാലയത്തിലെ ഫിസിയോ തെറാപ്പി സെന്റർ. പ്രത്യേകം സജ്ജമാക്കിയ , തെറാപ്പി ഉപകരങ്ങളുടെ സഹായത്തോടെ, ഒരു വിദഗ്ദ തെറാപിസ്റ്റിന്റെ കൂടി സേവനം ഇവിടെ ലഭിക്കുന്നു എന്നത് ഏറ്റവും സന്തോഷകരമാണ്.

ഊട്ടുപുര

നൂറുകണക്കിന്‌ വിദ്യാർഥികൾക്ക് ഉച്ചയൂണും മറ്റും ലഭിക്കുന്നതിനായി ടൈൽ വിരിച്ച, പാചക വാതക സൗകര്യങ്ങളോടു കൂടിയ ഒരു നല്ല ഊട്ടുപുരയും , അതോടൊപ്പം കുട്ടികൾക്ക് മഴയും വെയിലും കൊള്ളാതെ ഭക്ഷണം വാങ്ങുവാനുമുള്ള പ്രവിശാലമായ ഈ കഞ്ഞിപ്പുര നമുക്ക് വലിയ ആശ്വാസമാണ്.