ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്/അക്ഷരവൃക്ഷം/ മനുഷ്യനും പരിസ്ഥിതിയും- കൊറോണക്കാല ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യനും പരിസ്ഥിതിയും- കൊറോണക്കാല ചിന്തകൾ

ലോകത്ത് ഏറ്റവും അധികം വംശനാശഭീഷണി നേരിടുന്ന ജീവിവർഗം ഏത് എന്ന ചോദ്യത്തിന് ഇന്ന് പറയാൻ കഴിയുന്ന ഏറ്റവും യുക്തിസഹമായ ഉത്തരം അത് മനുഷ്യനാണ് എന്നതാണ്. ജീവനുണ്ടെന്നോ ഇല്ലെന്നോ ഖണ്ഡിതമായി പറയാനാകാത്ത ഒരു സൂക്ഷ്മാണു വിനുമുന്നിൽ മനുഷ്യരാശിയാകെ വിറങ്ങലിച്ചുനിൽക്കുമ്പോൾ ഈ ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്.ലോകം ഒരു ആഗോളഗ്രാമമായി മാറിക്കഴിഞ്ഞ ഇക്കാലത്ത് അതിർത്തികൾ ഇല്ലാതാവുന്നത് രോഗാണുക്കൾക്കും രോഗവ്യാപനത്തിനും കൂടിയാണ് എന്ന് നാമിന്ന് തിരിച്ചറിയുന്നുണ്ട്. പ്രകൃതിക്കുമേൽ നടത്തുന്ന നാം നടത്തുന്ന ഏത് കയ്യേറ്റവും പ്രളയമായും വരൾച്ചയായും ഭൂമിയെ വറചട്ടിയാക്കുന്ന ഉഷ്ണമായും മാത്രമല്ല ഭീകരമായ സാംക്രമികരോഗ ത്തിന്റെ രൂപത്തിലും തിരിച്ചടിക്കാം എന്നും നമുക്കിപ്പോൾ മനസ്സിലാവുന്നുണ്ട്. ഭൂമിയിലെ വിവിധ ആവാസമണ്ഡലങ്ങളിൽ മനുഷ്യൻ നടത്തുന്ന ഇടപെടലുകളുടെ രീതികൾ പുനർ നിർണയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് വൈറസ് എന്ന ജീവന്റെ വിചിത്രമായ സൂക്ഷ്മകണം നമ്മെ ഓർമ്മിപ്പിക്കുന്നണ്ട് ; ഒറ്റയ്ക്കൊരു നടത്തം അസാധ്യമാണ് എന്ന മുന്നറിയിപ്പ് മനുഷ്യരാശിക്കാകെ നൽകുന്നുമുണ്ട്.

അപകടത്തിന്റെ സൈറൺ

മനുഷ്യരിൽ വലിയ രൂപത്തിൽ രോഗാതുരത സൃഷ്ടിക്കാൻ കെൽപ്പുള്ള രോഗാണുക്കളുടെ സ്വാഭാവിക ഉറവിടമായ വന്യജീവികളെ വിവേചനരഹിതമായി വേട്ടയാടുകയും വൻതോതിൽ വനനശികരണം നടത്തുകയും ചെയ്തതിന്റെ പരിണതഫലമാണ് ഇത്തരം സാംക്രമികരോഗ ങ്ങൾ എന്നു കാണാൻ വിഷമമില്ല. ഭൂമി നമ്മുടേതല്ല നാം ഭൂമിയുടേതാണ് എന്ന് പത്തൊൻപതാം നൂറ്റാണ്ടിൽ ഒരു ഗോത്രത്തലവൻ നടത്തിയ പ്രവചനസ്വഭാവമുള്ള പ്രസ്താവനയുടെ വ്യാപ്തി നാമിനിയും തിരിച്ചറിഞ്ഞിട്ടില്ല. നമുക്കിപ്പോഴും പുഴയെന്നാൽ അതിലൂടെയൊഴുകുന്ന വെറും വെള്ളമാണ്, അതിനുമപ്പുറം വെറും മണലാണ്. എല്ലാവരുടേയും ആവശ്യത്തിനുള്ളത് ഭൂമിയിലുണ്ട് പക്ഷേ അത്യാഗ്രഹങ്ങൾക്കുള്ളത് ഈ ഭൂമിയിലില്ല എന്ന് ഗാന്ധിവാക്യത്തിന് മുക്കാൽ നൂറ്റാണ്ടിലധികം പഴക്കമുണ്ട്. ആവശ്യത്തിനല്ല, അത്യാവശ്യത്തിന് പോലും വേണ്ട വിഭവങ്ങൾ ഇനി ഭൂമിയിൽ അവശേഷിച്ചിട്ടില്ല എന്ന അവസ്ഥയിലെത്തി നിൽക്കുമ്പോഴും ഈ വാക്യത്തിന്റെ അർത്ഥം മനസ്സിലാക്കാൻ നാം ഏറെയൊന്നും മെനക്കെട്ടിട്ടില്ല. പക്ഷേ തനിക്ക് മാത്രം അവകാശപ്പെട്ടതാണീ ഭൂമി എന്ന അഹന്തയുടെ മേൽ കൊടികുത്തിവാഴാൻ മനുഷ്യവംശത്തിന് ഏറെക്കാലം കഴിഞ്ഞെന്നുവരില്ല. പല രൂപത്തിൽ, ഭാവത്തിൽ അപകടത്തിന്റെ സൈറൺ മുഴങ്ങിത്തുടങ്ങിയിട്ടുണ്ട്.

ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഒരു വർഷം ലോകത്ത് മരണമടയുന്ന കോടിക്കണക്കിന് മനുഷ്യരിൽ എഴുപത്തിഅഞ്ച് ശതമാനത്തിനും അകാലമരണങ്ങളാണ് സംഭവിക്കുന്നത്. മോശമായ പരിസ്ഥിതി, ശുചിത്വമില്ലായ്മ, ശുദ്ധജലത്തിന്റെ അഭാവം, വായു മലിനീകരണം, പകർച്ചവ്യാധികൾ, ദാരിദ്ര്യം എന്നിങ്ങനെ ജീവിക്കാനുള്ള പ്രാഥമികമായ അവകാശത്തിന് ഭീഷണിയാവുന്ന കാരണങ്ങൾ പലതുണ്ട്.

പരിസ്ഥിതിനശീകരണവും പകർച്ചവ്യാധികളും

മനുഷ്യർ മുതൽ സൂക്ഷ്മാണുക്കൾ വരെയുള്ള ജീവിവർഗങ്ങളുടെ നിരന്തരമായ പരസ്പരപ്രവർത്തനങ്ങളാണ് ആവാസവ്യവസ്ഥയെ നിലനിർത്തുന്നത്. അതു കൊണ്ടു തന്നെ ഒരു ജീവിവ‍ഗത്തിന്റെ നിലനിൽപ് മറ്റെല്ലാ ജീവിവർഗങ്ങളേയും പ്രത്യക്ഷമായോ പരോക്ഷമായോ ആശ്രയിക്കുന്നുണ്ട്. പരസ്പരബഹുമാനത്തോടെയുള്ള ഒരു തരം കൊടുക്കൽവാങ്ങലിലാണ് ജീവലോകത്തിന്റെ സ്പന്ദനങ്ങൾ നിലനിൽക്കുന്നത് എന്ന‍ത്ഥം. മറ്റൊരു ജീവിയുടെ നിലനിൽക്കാനുള്ള അവകാശത്തിനുമേൽ, സ്വാതന്ത്ര്യത്തിനുമേൽ നടത്തുന്ന കടന്നുകയറ്റം ആത്യന്തികമായി എല്ലാ ജീവിവർഗങ്ങളേയും ഇല്ലാതാക്കുക തന്നെ ചെയ്യും. ജനിതകവസ്തുവിലുണ്ടാകുന്ന മ്യൂട്ടേഷൻ, ജനിതകകൈമാറ്റം എന്നിവപോലെ, ഒരു പക്ഷേ അതിനാക്കാളേറെ, ആവാസവ്യവസ്ഥയിലേക്കുള്ള മനുഷ്യന്റെ കടന്നുകയറ്റവും ജീവികളുടെ വ്യവഹാരമാറ്റത്തിന് കാരണമാകുന്നുണ്ട്. പുതിയ രോഗങ്ങൾക്ക് ഹേതുവാകുന്ന സൂക്ഷ്മാണുക്കൾ രൂപമെടുക്കുന്നതിൽ മുഖ്യപങ്ക് മനുഷ്യന് തന്നെയെന്ന് ചുരുക്കം. പതിനഞ്ചാം നൂറ്റാണ്ടുമുതലിങ്ങോട്ട് മനുഷ്യൻ നടത്തിയ ഭൂഖണ്ഡാന്തര സഞ്ചാരങ്ങളും വന-വന്യ ജീവികളുടെ മേലുള്ള കടന്നുകയറ്റവും രോഗങ്ങളുടെ ആവിർഭാവത്തിനും വ്യാപനത്തിനും വലിയ തോതിൽ കാരണമായിട്ടുണ്ട്. വസൂരി, എയിഡ്‍സ്, സ്പാനിഷ് ഫ്ലൂ, സാ‍ർസ് , നിപ എന്നിവ തുടങ്ങി ഇങ്ങേയറ്റത്ത് കോവിഡ് 19 വരെ മനുഷ്യരിൽ ഭീതി വിതച്ച മഹാരോഗങ്ങൾ പരിസ്ഥിതി നശീകരണത്തിന്റെ ഫലമാണെന്ന് കാണാൻ കഴിയും. മാംസവിപണനത്തിനു വേണ്ടിയുള്ള വ്യാപകമായ വന്യജീവിവേട്ടയാണ് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് ആരംഭിച്ച് ഇപ്പോൾ ലോകമാകെ ഭീതിവിതച്ചുകൊണ്ടിരിക്കുന്ന നോവൽ കൊറോണ വൈറസിന്റെ വ്യാപനത്തിന് കാരണമായത് എന്ന് ശാസ്ത്രജ്ഞർ നിരീക്ഷിക്കുന്നുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം, അത്യന്തം മലിനീകരിക്കപ്പെട്ട ചുറ്റുപാടിൽ ജീവിക്കുന്നത് കൊണ്ട് പ്രതിരോധശേഷിയിൽ സ്വാഭാവികമായുണ്ടാകുന്ന കുറവ് എന്നിവയും രോഗവ്യാപനത്തിന്റെ തീവ്രത വർധിപ്പിക്കുന്നുണ്ട്.

ഏത് പാരിസ്ഥിതികാഘാതത്തിന്റേയും ആദ്യ ഇരകൾ തീർത്തും ദരിദ്രരായ മനുഷ്യരാണെന്ന് കാണാൻ കഴിയും. കൂടുതൽ വിഭവങ്ങൾ കൈവശം വെച്ചിരിക്കുന്ന സമ്പന്നർക്ക് ഒരു പക്ഷേ കുറേക്കാലത്തേക്കെങ്കിലും പരിമിതമായി മാത്രമുള്ള വിഭവങ്ങൾ പ്രാപ്യമായേക്കും. വൻവിലകൊടുത്ത് ആരോഗ്യസംവിധാനങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയും. അതു കൊണ്ടുതന്നെ ജീവിക്കാനുള്ള എല്ലാ മനുഷ്യരുടേയും അവകാശത്തെ നിഷേധിച്ചുകൊണ്ട് കൂടുതൽ പണമുള്ളവന് പരിസ്ഥിതിയെ കൂടുതൽ മലിനപ്പെടുത്താൻ അവകാശമുണ്ടോ എന്ന ചോദ്യം ഉയർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു കാര്യം ഉറപ്പാണ്. ആധുനികകാലത്തെ മനുഷ്യജീവിതത്തെ കൊറോണക്ക് മുമ്പുള്ള കാലമെന്നും ശേഷമുള്ള കാലമെന്നും വിഭജിച്ചുകൊണ്ടായിരിക്കും ഭാവിചരിത്രം അടയാളപ്പെടുത്തുക. ഇതേ വരെ ശീലിച്ചുവന്ന രീതികൾ ഇനി സാധ്യമല്ല തന്നെ. കുറേക്കൂടി വിനയത്തോടെ, ഈ വിശാലമായ ഭൂമിയിലെ കുഞ്ഞുറുമ്പു മുതൽ വൻ വൃക്ഷം വരെയുള്ള നാനാജാതി ജീവികളെ പരിഗണിച്ചുകൊണ്ടേ നമുക്കിനി മുന്നോട്ടു പോകാനാവൂ. പരിസ്ഥിതിബോധത്തിലും വികസന സങ്കൽപ്പങ്ങളിലും വലിയൊരു പൊളിച്ചെഴുത്ത് കാലം ആവശ്യപ്പെടുന്നുണ്ട്.ഞങ്ങൾക്കു മുഴുവൻ അവകാശപ്പെട്ട തെളിനീരുറവകളെ, സ്വച്ഛമായ ആകാശത്തെ, സസ്യലതാദികളെ, പക്ഷിമൃഗാദികളെ മുഴുവൻ നശിപ്പിച്ചുകൊണ്ട് ഞങ്ങളുടെ ലോകത്തെ ഇത്രമേൽ നിർജീവമാക്കിയതെന്തിന് എന്ന് ഭാവിതലമുറ നമ്മോട് ചോദിക്കാതിരിക്കട്ടെ.

ഭാവിയുടെ താക്കോൽ

സ്വർഗവും നരകവും മറ്റെവിടെയുമല്ല, ഇവിടെത്തന്നെയാണ്. അവ തീർക്കുന്നത് സാങ്കൽപികശക്തികളല്ല, മനുഷ്യർതന്നെയാണ്. സ്വയമേവ നിലനിൽക്കാനുള്ള കഴിവ് ഏറ്റവും കുറഞ്ഞ തീർത്തും പരാശ്രയിയായ ജീവിയാണ് മനുഷ്യൻ. കാണാവുന്നതും അതിലേറെ കാണാത്തതുമായ എണ്ണമറ്റ ജീവജാലങ്ങളെയും വസ്തുക്കളേയും ആശ്രയിച്ചാണ് മനുഷ്യൻ ഭൂമിയിൽ നിലനിൽക്കുന്നത്. അവയ്ക്ക് സംഭവിക്കുന്ന വിനാശങ്ങൾ തീർച്ചയായും മനുഷ്യരാശിയേയും ബാധിക്കും. ശ്വസിക്കാനുള്ള ശുദ്ധവായുവായി, തെളിനീരായി, വിഷരഹിതമായ ഭക്ഷണമായി, ആർഭാടരഹിതമായ ആധുനികസൗകര്യങ്ങളായി, ഹരിതാഭമായ പ്രകൃതിയായി ശാസ്ത്രത്തിന്റെ നേട്ടങ്ങൾ അനുഭവപ്പെടണം. സുസ്ഥിരഭാവി ഹരിതസാമ്പത്തിക വ്യവസ്ഥയിലൂടെ മാത്രമേ സാധ്യമാകൂ. ഭൂമി-ജലം-വായു എന്നിവ പൊതു സ്വത്തായി അംഗീകരിച്ചു കൊണ്ടും പ്രകൃതിയോടിണങ്ങുന്നതും സുസ്ഥിരവുമായ വികസനരീതി ആവിഷ്കരിച്ചുകൊണ്ടും മാത്രമേ വരും ഭാവിയുടെ വെല്ലുവിളികളെ നേരിടാൻ നമുക്കാവൂ. സമസ്തലോകത്തിന്റേയും സുഖത്തിലാണ് സുസ്ഥിരഭാവിയുടെ താക്കോൽ.

നന്ദന. എം
പ്ലസ് വൺ സയൻസ് ജി.എച്ച്. എസ്.എസ്.ബെല്ല ഈസ്ററ്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 08/ 06/ 2023 >> രചനാവിഭാഗം - ലേഖനം