ജി.എച്ച്.എസ്. കൂടല്ലൂർ‍‍/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്


വർഷങ്ങൾക്ക് മുമ്പ് ഞാൻ വസിച്ച മനോഹരമായ ഒരു പൂങ്കാവനമുണ്ട് കൂടല്ലൂരിൽ.

ഇന്നും അതിന്റെ ഓർമ്മകളുടെ വേരിൽ ഞാൻ പിണഞ്ഞു കിടക്കുന്നു.

വർഷങ്ങളിത്രയും കടന്നു പോയിട്ടും പലതവണ ഞാൻ അന്നത്തെ ആറാം ക്ലാസുകാരി ആയിട്ടുണ്ട്.

   എനിക്ക് പറക്കാൻ ചിറകും, വരയ്ക്കാൻ ചിത്രങ്ങളും, നിവർന്നു നിൽക്കാൻ ഊർജ്ജവും നൽകിയ എന്റെ പവർ ഹൗസുകളായിരുന്നു അഭിവന്ദ്യ ഗുരുക്കന്മാർ.

ഇന്നെനിക്ക് ഇങ്ങനെ എഴുതാൻ പൂക്കുന്ന ഒരു ഹൃദയം ഉണ്ടായതും എന്റെ കൂടല്ലൂർ നനച്ചു വളർത്തിയത് കൊണ്ടാണെന്ന് ഞാൻ പറയും.

വളരാൻ പിന്തുണയും പടരാൻ ഭൂമിയും നൽകിയ എന്റെ അധ്യാപകർ എന്നെ തിരിച്ചറിഞ്ഞിരുന്നു.

ഒരു ജൂൺ 19 ന് കൂടല്ലൂർ ഗവണ്മെന്റ് സ്കൂളിൽ ആറാം ക്ലാസുകാരിയായിരിക്കെയാണ് ഞാൻ ആദ്യമായി പ്രസംഗിക്കാൻ വേദിയിൽ കയറുന്നത്. അസംബ്ലിയിൽ നിരന്നു നിൽക്കുന്ന തലകളും ഒരൊറ്റ മുഖത്തേക്ക് മാത്രം ലക്ഷ്യം വെച്ച അനേകം കണ്ണുകളും എന്നെ വിറപ്പിച്ചു. പഠിച്ചു വന്നതെല്ലാം മറന്ന്, കിട്ടിയത് തല തിരിച്ചു പറഞ്ഞ് ഞാൻ ഇറങ്ങി നടന്നു..

അപ്പോൾ എന്റെ ഹൃദയത്തിന്  പരാജിതയുടെ ഛായയായിരുന്നു.

ആദ്യപരാജയമായിരുന്നു പിന്നീടുള്ള വിജയങ്ങളിലേക്ക് എനിക്ക് കരുത്തു നൽകിയത്.

എങ്ങനെ?

രജിസ്റ്ററുമായി വരുന്ന എന്റെ സാറിനെ കണ്ടോ!

ഞങ്ങളുടെ ക്ലാസ്സ്‌ടീച്ചർ ഹാഷിം സർ.

"ബുശ്റയുടെ പ്രസംഗം എല്ലാവരും കേട്ടില്ലേ?

നല്ല ഉഷാറായിരുന്നു.

ഇങ്ങനെയാണ് പറയേണ്ടത്. എല്ലാവരും ഇത് പോലെ പ്രസംഗിക്കണം"

ഹേ, ഞാൻ ഞെട്ടിപ്പോയി.ഇത്ര ബോറാക്കിയിട്ടും ഉഷാറായി എന്നാണ് സർ പറയുന്നത്. ശരിക്കും ഉഷാറായിരുന്നോ?

സത്യത്തിൽ അന്ന് തളർന്നിരുന്ന എന്നെ, പ്രസംഗിക്കേണ്ടായിരുന്നു എന്ന് തോന്നിയ എന്റെ മനസ്സിനെ ഇത് വരേയ്ക്കും വളർത്തിയത് സാറിന്റെ ആ വാക്കുകളാണ്.

അന്നെന്നെ ഗൗനിച്ചിരുന്നില്ലെങ്കിൽ എനിക്ക് വീണ്ടും പ്രസംഗിക്കാൻ ധൈര്യവും പ്രചോദനവും ലഭിക്കുമായിരുന്നോ!

ഞാൻ ചിന്തിക്കാറുണ്ട്...

  ഇന്ന് പതറാതെ ക്ലാസ്സ്‌ എടുക്കാനും, ഒരു അധ്യാപികയാവാനുമെല്ലാം സാധിച്ചത് അന്നത്തെ എന്റെ ഹൃദയത്തിന്റെ ഛായ സർ മാറ്റിയെടുത്തത് കൊണ്ടാണ്.

നന്ദിയുണ്ട്,എന്റെ തളർച്ചയിൽ താങ്ങായതിന്, പതർച്ചയിൽ ശക്തിയായതിന്..

   ഒരു സ്കൂൾ മനോഹരമായി ഓർമ്മിക്കപ്പെടുന്നത് അതിന്റെ കെട്ടിടത്തിന്റെ ഭംഗി കൊണ്ടല്ലല്ലോ,അതിലെ ഗുരുശ്രേഷ്ഠരുടെ സമീപനം കൊണ്ടായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം അത് പൂർണ്ണർത്ഥത്തിൽ ശരിയാണ്.

എന്റെ കഴിവുകൾക്ക് കൂട്ടിരുന്നതും എന്നെ കേട്ടിരുന്നതും ഒരു സുഹൃത്തിനോടെന്ന പോലെയോ, മകളോടെന്ന പോലെയോ, സഹോദരിയോടെന്ന പോലെയോ ഇടപഴകിയതുമെല്ലാം ഇന്നും മറവി മൂടിയിട്ടില്ല.

    വായനയേറെ ഉണ്ടായിരുന്നെങ്കിലും എഴുത്തിലേക്ക് പിച്ചവെക്കുന്ന സമയത്താണ് കൂടല്ലൂർ എന്നെ സ്വാഗതം ചെയ്തത്.എന്റെ കവിതകൾക്ക് വിപിൻസർ നൽകിയ സ്നേഹമാകണം എനിക്കിനിയും എഴുതാൻ സാധിക്കുമെന്ന് എന്നെ തോന്നിപ്പിച്ചത്.ഞാനെഴുതിയ കവിതകൾ പുസ്തകമായി വരണമെന്ന് സർ പറയുമായിരുന്നു.

മറ്റു അധ്യാപകരും എനിക്ക് സ്നേഹം തന്നെയായിരുന്നു.എന്റെ സർഗാത്മക വളർച്ചയുടെ തുടക്കം അവിടെ മുതൽ ആയത് കൊണ്ടാണോ,

എന്നെ മനസ്സിലാക്കുകയും പിന്തുണക്കുകയും സ്നേഹിക്കുകയും ചെയ്തത് കൊണ്ടാണോ എനിക്കറിയില്ല, എന്റെ വിദ്യാർത്ഥിജീവിതത്തിൽ എനിക്ക് ലഭിച്ച അമൂല്യമായ കാലമാണ് ഇപ്പോഴും കൂടല്ലൂരിലെ പഠനകാലം.

-ബുശ്റ ശെറിൻ


ജീവിതം മുന്നോട്ട് ഏന്തി വലിഞ്ഞു നടക്കുമ്പോഴാണ് പഴയ ഒരു സഹപാഠിയുടെ(Saleem Kudallur)പിൻവിളി 23 വർഷം പുറകിലോട്ട് വലിച്ചിട്ടത് ചെന്നു നിന്നത് ഗവ: യു പി കൂടല്ലൂർ സ്കൂൾ ൽ

ടൗസറിട്ടു നടന്ന അഞ്ചാം ക്ലാസ് ബാല്യത്തിൽ നിന്ന് പാന്റ്സ് ഇട്ടു തുടങ്ങുന്ന വളർച്ച ... കൊണ്ടൽ വർണ്ണൻ എന്ന കാർക്കശ്യക്കാരനായ ഹെഡ്മാസ്റ്ററുടെ കാലടിയുടെ ശബ്ദം പോലും നിശബ്ദമാക്കിയിരുന്ന ക്ലാസ് റൂമുകൾ, 9.30 ന്റ TMT ക്ക് പോയാലും സമയത്തിന് എത്താമായിരുന്നിട്ടും 8.30 ന്റ മയിൽ വാഹനത്തിനു പോയി കുട്ടിയും കോലും,ചട്ടിപ്പന്തും കളിച്ചിരുന്ന രാവിലെകൾ. 2 രൂപയുടെ റബ്ബർ പന്തു കൊണ്ട് ക്ലാസുകൾ തമ്മിൽ മത്സരിച്ചിരുന്ന ഫുട്ബോൾ കളികൾ , ജ്യോമട്രിബോക്സിൽ സ്വകാര്യമായി കൊണ്ടു പോയിരുന്ന ഗോട്ടി കൾ കൊണ്ട് കളിച്ചു നേടുന്നവ തോറ്റു പോയവന് തന്നെ വിറ്റ് (10പൈസക്ക് 10 ഗോട്ടി ) പമ്പര മുട്ടായിയും, പുളി അച്ചാറും, നെല്ലിക്ക അച്ചാറും വാങ്ങിയിരുന്ന കാലം. വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ 4.15 ബസ്സ് കിട്ടാത്തതു കൊണ്ട് ജീപ്പിനു പോകാൻ തരുന്ന പൈസ കൊണ്ട് കുക്കു ബ്രഡിന്റെ കമ്പനിയിൽ നിന്ന് ചേറ്റുപാത്രം നിറയെ റസ്ക് വാങ്ങി കഴിച്ചു കൊണ്ട് വീട്ടിലേക്ക് നടന്നിരുന്ന കാലം. കുട്ടി മാഷ്, മുതലാളി, നീർക്കോലി, മത്തി, മുയൽ, കുറുക്കൻ, നമ്പോലൻ, പക്രു എന്നിങ്ങനെ ഇരട്ട പേരുകൾ കൊണ്ട് സമ്പന്നമായ സഹപാഠികൾ. സ്കൂളിൽ നടക്കുന്ന കലാപരിപാടികൾക്ക് ഒരുമിച്ച് ഇടുന്ന ബഞ്ചും ഡെസ്കും മാറിപ്പോകാതിരിക്കാൻ കോമ്പസ് കൊണ്ട് കോറിയിടുന്ന പേരുകൾ. മോട്ടോറില്ലാത്ത കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ സ്വയം ഉണ്ടാക്കിയിരുന്ന പ്ലാസ്റ്റിക്ക് ബക്കറ്റുകൾ. ഗംഗാധരൻ മാസ്റ്റർ, സുഭദ്ര ടീച്ചർ, ഗംഗ ടീച്ചർ, വേലായുധൻ മാസ്റ്റർ, ഹിന്ദി പണ്ഡിറ്റ് പിള്ള സാർ ഗ്രേസി കുട്ടി ടീച്ചർ, പിന്നീട് ഹെഡ്മാസ്റ്റർ ആയി വന്ന മുഹമ്മദ് മാസ്റ്റർ, അങ്ങനെ പ്രിയപ്പെട്ട അധ്യാപകർ . ഓർമ്മകളിങ്ങനെ കുത്തിയൊലിച്ചു വരികയാണ്

-വിനു കുമ്പിടി ( Vijaya Vision Cable TV) പൂർവ്വ വിദ്യാർഥി