ജി.എസ്.എം.എൽ.പി.എസ്. തത്തമംഗലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട് , തത്തമംഗലം 

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് തത്തമംഗലം. ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെട്ട രണ്ട് സ്ഥലങ്ങളിൽ ഒന്ന്. കേരള സംസ്ഥാന രൂപീകരണത്തിന് മുമ്പ് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. ജില്ലാ ആസ്ഥാനമായ പാലക്കാടിൽ നിന്ന് പാലക്കാട് പൊള്ളാച്ചി സംസ്ഥാനപാത യിലൂടെ 15 കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെ എത്താം. അടുത്തുള്ള മറ്റു ഗ്രാമങ്ങളെ പോലെ തന്നെ ധാരാളം കുളങ്ങളും കാവുകളും വിദ്യാലയങ്ങളും ഇവിടെയുണ്ട്. മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകൾ സംസാരിക്കുന്ന ജനങ്ങൾ ഇവിടെ ഉണ്ട് . കേരളത്തിലെ പാലക്കാട് ജില്ലയിലെ തത്തമംഗലം ഗ്രാമത്തിൽ നടക്കുന്ന ഒരു ഉത്സവമാണ് തത്തമംഗലം കുതിര വേല അല്ലെങ്കിൽ അങ്ങാടി വേല. അങ്ങാടി വേലയുടെ ഭാഗമായി കുതിരയോട്ടവും നടക്കുന്നു. കേരളത്തിലെ നാടോടിനൃത്തങ്ങളിൽ പാലക്കാടിന്റെ കണ്യാർകളിക്ക് ഒരു പ്രധാന സ്ഥാനമുണ്ട്. ദേവിക്ക് സമർപ്പിക്കുന്ന ഒരു വഴിപാടാണ് കണ്യാർകളി. പാലക്കാടിനെ കിഴക്കൻ പ്രദേശങ്ങളായ തത്തമംഗലം,കൊടുവായൂർ, പല്ലശന, നെന്മാറ,തുടങ്ങിയ സ്ഥലങ്ങളിൽ ഇത് അരങ്ങേറുന്നു. ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിൽ ആണ് തത്തമംഗലം ദേശ കണ്യാർകളി മഹോത്സവം നടത്തിവരുന്നത്. കാർഷിക വർഷത്തിന്റെ തുടക്കമായ കർഷകരുടെ പുണ്യമാസമായ മേടം (ഏപ്രിൽ മെയ്) മാസത്തിലാണ് ഈ പരമ്പരാഗത കലാരൂപം അവതരിപ്പിക്കുന്നത്.

തത്തമംഗലത്ത് ഓരോ ദേശത്തിനും ഓരോ മാരിയമ്മൻ അമ്പലങ്ങൾ ഉണ്ട്. ഹിന്ദു വിശ്വാസപ്രകാരം ദക്ഷിണേന്ത്യയിൽ പ്രധാനമായും തമിഴ്നാട്ടിലും ആരാധിച്ചുവരുന്ന ഒരുമാതൃ ഭഗവതിയാണ് മാരിയമ്മൻ. മഴയുടെ ഭഗവതി എന്നാണ് മാരിയമ്മൻ എന്ന വാക്കിനർത്ഥം. സമൃദ്ധമായി മഴ ലഭിക്കാനും കോളറ, ചിക്കൻബോക്സ് തുടങ്ങിയ വ്യാധികളിൽ നിന്നും മുക്തി നേടുവാനും  മാരിയമ്മനെ ആരാധിക്കാറുണ്ട്. ഏപ്രിൽ-മെയ് മാസങ്ങളിലായി തത്തമംഗലത്തെ ഓരോ ദേശത്തിന്റെ മാരിയമ്മൻ ക്ഷേത്രങ്ങളിലും മാരിയമ്മൻ പൊങ്കാല നടത്തുന്നു. ആന എഴുന്നള്ളിപ്പോടു കൂടിയുള്ള മാരിയമ്മൻ പൊങ്കൽ ആണ് തത്തമംഗലം അയ്യംപ്പതി മാരിയമ്മൻ ക്ഷേത്രത്തിൽ ആചരിക്കുന്നത്. തമിഴ്നാടിനോട് അടുത്ത് കിടക്കുന്നതിനാൽ പൊങ്കൽ വളരെ ശ്രദ്ധേയമായ ഒന്നാണ്.
അതുപോലെതന്നെ വളരെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് തത്തമംഗലം രഥോത്സവം. തത്തമംഗലം ഗ്രാമത്തിലെ അഗ്രഹാരങ്ങളിൽ ശ്രീകൃഷ്ണക്ഷേത്രം അയ്യപ്പക്ഷേത്രം ഇനി ക്ഷേത്രങ്ങളിലാണ് രഥോത്സവം ആഘോഷിക്കുന്നത്. ഗ്രാമ വീഥിയിലൂടെ ഉള്ള രഥപ്രയാണവും പുലർച്ചെ കുളത്തേരും   ഉണ്ടാവാറുണ്ട്. പല്ലക്കിൽ ഭഗവാനെ എഴുന്നള്ളിക്കൽ എന്നിവയും ഇതോടൊപ്പം നടക്കാറുണ്ട്. കൊടുമ്പ്,കൊടുവായൂർ, കൽപ്പാത്തി എന്നിവിടങ്ങളിലും രഥോത്സവം ഉണ്ടാകാറുണ്ടെങ്കിലും തത്തമംഗലം രഥോത്സവത്തിന്  ഒരു പ്രത്യേകതയുണ്ട്. ഇവിടെയാണ് കുളത്തേര് കാണാറുള്ളത്. ചങ്ങാടത്തിൽ ഭഗവാനെ ഇരുത്തി കൊട്ടും മേളത്തോടും കൂടി കുളത്തിൽ മൂന്നു വലംവയ്ക്കുന്നു.
തത്തമംഗലത്തെ ഒരു ഉൾ പ്രദേശമാണ് തച്ചൻ കുളം.  തച്ചന്മാർ കൂടുതലായി കാണപ്പെടുന്ന പ്രദേശം ആയതുകൊണ്ടാണ് ഇവിടെ തച്ചൻ കുളം എന്ന പേരുവന്നത്.  നിയതമായ ശരീരമില്ലാത്ത വസ്തുക്കളെ ചെത്തിമിനുക്കി രൂപപ്പെടുത്തി ഗൃഹശരീരം ആക്കി മാറ്റി എടുക്കലാണ് ഈ തച്ചുപണി. ഈ പ്രദേശത്ത് ധാരാളം  കൊത്തുപണി ചെയ്യുന്ന ശില്പികളും, കൊത്തുപണികളിൽ പ്രാവീണ്യം നേടിയ ഒരുപാടുപേരും ഉള്ളതിനാലാണ് ഈ സ്ഥലത്തിന് തച്ചൻകുളം എന്ന പേര് വന്നത്.