ജി.എൽ.പി.എസ്. ചാലിങ്കാൽ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

വർഷങ്ങൾക്കു മുമ്പ് ചാലിങ്കാൽ,കേളോത്ത്,കാരിക്കൊച്ചി,ചെക്യാർപ്പ് തുടങ്ങിയ പ്രദേശങ്ങളിലെ നിരക്ഷരരും ദരിദ്രരുമായ രക്ഷിതാക്കൾക്ക് തങ്ങളുടെ കുട്ടികളെ നാലക്ഷരം പഠിപ്പിക്കണമെന്ന ആഗ്രഹം സഫലീകരിക്കാൻ അകലെകിടക്കുന്ന പുല്ലൂർ ബോർഡ് സ്കുളിനെയോ പെരിയ ബോർഡ് സ്കൂളിനെയോ അഭയം പ്രാപിക്കണമായിരുന്നു. പക്ഷെ ഇന്നത്തെപ്പോലെ റോഡോ,യാത്രാസൗകര്യങ്ങളോ അന്നില്ലായിരുന്നു.പുല്ലും കാടും നിറഞ്ഞ പ്രദേശം.അത്തരം ഒരു സാഹചര്യത്തിൽ മക്കളുടെ പഠനം ഒരു സ്വപ്നമായി അവശേഷിച്ചു.ഇവിടെ ഒരു വിദ്യാലയംസ്ഥാപിച്ചു കിട്ടാൻ നാട്ടുകാർ ആഗ്രഹിച്ചിരിക്കുന്ന സമയത്താണ് ഡിസ്ട്രിക്ട് ബോർഡുകൾ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിൽ ഏകാധ്യാപക വിദ്യാലയം അനുവദിക്കുവാൻ തീരുമാനിച്ചത്.അങ്ങിനെയാണ് 1954 ഡിസംബർ 27 ന് സൗത്ത് കാനറ ഡിസ്ട്രിക്ട് ബോർഡിനു കീഴിൽ ചാലിങ്കാലിൽ ഒരു ഏകാധ്യാപക വിദ്യാലയം പ്രവർത്തനമാരംഭിച്ചത്. സ്കൂളും ഒരധ്യപകനുംഅനുവദിക്കപ്പെട്ടെങ്കിലും സ്ഥലമോ,കെട്ടിടമോ മററു സൗകര്യങ്ങള ോ ഒന്നും അനുവദിച്ചിരുന്നില്ല. അതിനാൽ പൊതുകാര്യങ്ങളിൽ തല്പരനായ ശ്രീ.വി.അമ്പുക്കൻ അവർകൾ അനുവദിച്ച പീടിക മുറിയിലായിരുന്നു വിദ്യാലയത്തിന്റെ പ്രാരംഭം കുറിച്ചത്.കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ ബാരിസ്ററർ കൃഷ്ണൻ നമ്പ്യാരുടെ ബംഗ്ലാവ് ഏതാനും മാസം പ്രവർത്തിക്കാൻ അനുവദിച്ചു കിട്ടി.തുടർന്ന് നാട്ടു‍കാരുടെ ശ്രമഫലമായി കാഞ്ഞിരപ്പളളി ശ്രീധരൻ നമ്പൂതിരിയുടെ വക സ്ഥലത്ത്ഒരു ഓല ഷെ‌ഡ് ഉയരുകയും സ്കൂൾ അവിടെക്ക് മാറ്റുകയും ചെയ്തു.പിന്നീട് സർക്കാർ വക ഒരു സെമിപെർമനെ‍ൻറ് ഷെഡ് നിർമ്മിച്ച് കിട്ടി.തുടർന്ന് ഗ്രാമപഞ്ചായത്തിന്റെയും ബ്ളോക്ക് പഞ്ചായത്തിന്റെയും കെട്ടിടങ്ങൾ ലഭിച്ചു. ഇപ്പോൾ ഈ വിദ്യാലയത്തിൽ ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലായി 51 കുട്ടികളും പ്രീ പ്രൈമറിയിൽ 48 കുട്ടികളും പഠിക്കുന്നു.