ജി.എൽ.പി.എസ്. മാവിലാ കടപ്പ‌ുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മാവിലാടം സ്കൂളിന്റെ ഇന്നലെകളിലൂടെ.....

മാവിലാക്കടപ്പുറം ജി.എൽ.പി.സ്കൂൾ ആരംഭിച്ച പഴയ തറവാട് വീട്


മാവിലാ കടപ്പുറം ജി എൽ പി സ്കൂളിന്റെ സ്ഥാപകനെന്ന് പറയാവുന്നത് വലിയ പറമ്പ പഞ്ചായത്തിന്റെ സ്ഥാപക പ്രസിഡണ്ട് കെ. മമ്മു ഹാജിയുടെ പിതാവ് കുഞ്ഞി ഫരീദ് ഹാജി എന്നവരുടെ ജ്യേഷ്ഠൻ മുഹമ്മദ്‌ കുഞ്ഞി ഹാജി എന്നവരാണ്. 1928 ലാണ് ജി എൽ പി സ്കൂൾ ആരംഭിക്കുന്നത്. തുടക്കത്തിൽ ഈ വിദ്യാലയം പ്രവർത്തിച്ചത് അദ്ദേഹം പണി കഴിപ്പിച്ച  ഇന്ന് ചകിരി മില്ലിന് സമീപമുള്ള അകമൊക്കെ മോടി പിടിപ്പിച്ചു എങ്കിലും ഇന്നും അതെ കെട്ടുറപ്പോടെ നില കൊള്ളുന്ന ടി പി ഹമീദ് മാസ്റ്റർ താമസിക്കുന്ന പഴയ തറവാട് വീട്ടിലായിരുന്നു എന്ന് പറയപ്പെടുന്നു. പിന്നീട് 1942  കാല ഘട്ടത്തിൽ ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന  സ്ഥലത്ത് ഒരു കെട്ടിടം പണിത് ഇവിടേക്ക് മാറ്റി. അദ്ദേഹത്തിന്റെ കാല ശേഷം അനുജൻ കുഞ്ഞി ഫരീദ് ഹാജിയുടെ ഉടമസ്ഥതയിലേക്ക് വരികയും കെട്ടിടത്തിന് ഗവണ്മെന്റിൽ നിന്നും ഒരു തുക വാടക കിട്ടുന്ന രീതിയിൽ തുടർന്നു പോരുകയുമായിരുന്നു. കുഞ്ഞി ഫരീദ് ഹാജിയിൽ നിന്നും അദ്ദേഹത്തിന്റെ മകനായ കെ മമ്മു ഹാജിക്കാണ് സ്കൂൾ നിൽക്കുന്ന സ്ഥലം അനന്തരവകാശമായി കിട്ടിയത്. എന്നാൽ സ്കൂളിന് ചുറ്റുമുള്ള സ്ഥലം അനുജൻ ഇന്ന് ജീവിച്ചിരിപ്പുള്ള ഇ. കെ മുസ്തഫ ഹാജി യുടെ ഉടമസ്ഥതതയിലായിരുന്നു. സ്കൂളിന് സ്ഥല സൗകര്യം ആവശ്യമായി വന്നപ്പോൾ മുസ്തഫ ഹാജിയുടെ മരുമകനും മമ്മുഹാജിയുടെ മകളുടെ ഭർത്താവ് കൂടിയായ ഇ. കെ. അഹമ്മദ്‌ കുഞ്ഞി പല തവണ സ്കൂൾ ഉൾകൊള്ളുന്ന വാർഡിന്റെ മെമ്പറായിരുന്ന ഘട്ടത്തിൽ അമ്മാവനായ മുസ്തഫ ഹാജിയിൽ സ്വാധീനം ചെലുത്തി പി ടി എ യുടെയും വികസന സമിതയുടെയും നേതൃത്വത്തിൽ തുച്ഛമായ വിലയ്ക്ക് സ്കൂളിന് മുന്നിലുള്ള സ്ഥലങ്ങൾ വാങ്ങി നൽകുകയായിരുന്നു.അവസാനമായി പഴയ സ്കൂൾ കെട്ടിടത്തിന്റെ അവകാശി മമ്മു ഹാജിയുടെ പുത്രി എം. ടി റഹിയാനത്തായിരുന്നു. പഴയ കെട്ടിടം പൊളിച്ചു മാറ്റേണ്ട സാഹചര്യം വന്നപ്പോൾ തുച്ഛമായ വിലയ്ക്ക് അത് ഗവണ്മെന്റിലേക്ക് വിട്ടു നൽകുകയായിരുന്നു.പഴയ കെട്ടിടത്തോടൊപ്പം ഒരു ഓല മേഞ്ഞ ഷെഡിൽ കൂടി കുറെ കാലം ക്ലാസ്സ്‌ നടത്തി വന്നിരുന്നു. പി ടി എ കമ്മിറ്റി വർഷാ വർഷം ഷെഡ് പുതുക്കി പണിയുന്നതിന് ഫണ്ട് കണ്ടെത്തിയിരുന്നത്. ടെന്റ് കെട്ടി ടിക്കറ്റ് വെച്ച് സിനിമയും, മാജിക് ഷോ, ഗാന മേള പോലുള്ള പരിപാടികൾ വെച്ചായിരുന്നു. സ്കൂൾ കെട്ടിടങ്ങൾക്ക് ഗവൺമെന്റിൽ നിന്നുള്ള ഫണ്ടുകൾ സുലഭമായി കിട്ടാൻ തുടങ്ങിയതോടെയാണ് ഇന്നു കാണുന്ന കെട്ടിട സൗകര്യങ്ങൾ സ്കൂളിനുണ്ടായത്.