ജി.എൽ.പി.എസ് കരുവാരകുണ്ട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ പുന്നക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് എൽ .പി. സ്കൂൾ കരുവാരക്കുണ്ട്. 1928 ൽ ആരംഭിച്ച ഈ വിദ്യാലയത്തിന് സുദീർഘമായ ഒരു ചരിത്രം പറയാനുണ്ട്.

വിദ്യാലയത്തിന്റെ ആരംഭം

നൂറ്റാണ്ടുകൾക്കുമുമ്പ് ശുദ്ധമായ ഇരുമ്പയിര് (കരു) യഥേഷ്ടം ലഭിച്ചിരുന്ന സ്ഥലമായതിനാലാണ് ഈ പ്രദേശത്തിന് കരുവാരകുണ്ട് എന്ന പേര് സിദ്ധിച്ചത് എന്ന് ചരിത്രം പറയുന്നു. കൃഷിയായിരുന്നു ഇവിടുത്തെ പ്രധാന തൊഴിൽ. കർഷകരുടെ വിയർപ്പു വീണ വയലുകളിൽ നെല്ലും കപ്പയും വാഴയും എള്ളും പൂത്തുലഞ്ഞു. പറമ്പുകളിൽ തെങ്ങും കവുങ്ങും സുലഭമായി കായ്ച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങൾ പോലും അന്യമായിരുന്ന കാലത്ത് ഉൽപതിഷ്ണുക്കളായ ചില  സുമനസ്സുകളാണ് തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെപ്പറ്റി  ചിന്തിക്കാൻ തുടങ്ങിയത്. ദീർഘവീക്ഷണമുള്ള സൈതാലി ഹാജി, കുഞ്ഞു മുഹമ്മദ് മാസ്റ്റർ, പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ തുടങ്ങിയ ആളുകളാണ് ഇത്തരം ഒരുചിന്തയ്ക്ക് തിരികൊളുത്തിയത്. മതപഠനത്തിനായി കേമ്പിൻ കുന്നിൽ സ്ഥാപിച്ചിരുന്ന ഓത്തു പള്ളിക്കൂടത്തിൽ 1928-ലാണ് ഈ ചിന്തയുടെ ഫലമായി ഒരു പ്രൈമറി വിദ്യാലയം പ്രവർത്തനം ആരംഭിക്കുന്നത്.

വാടകക്കെട്ടിടത്തിലേക്ക്

കരുവാരകുണ്ട് എൽ .പി സ്കൂൾ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന കാലത്തെ ചിത്രം

പുന്നക്കാട് മില്ലുംപടിയിലെ പുക്കുന്നൻ സൈതാലിഹാജിയുടെ വാടക കെട്ടിടത്തിൽ 1935ലാണ് കരുവാരകുണ്ട് ഗവ:എൽ പി സ്‍ക്കൂളിന്റെ പ്രവർത്തനമാരംഭിച്ചത്. മലബാർ ഡിസ്‍ട്രിക്ക് ബോർഡിന് കീഴിൽ കരുവാരകുണ്ട് അങ്ങാടി എലിമെന്ററി സ്‍ക്കൂൾ എന്നപേരിലുള്ള വിദ്യാലയത്തിൽ 1 മുതൽ 8 വരെ ക്ലാസുകളുണ്ടായിരുന്നു. ഐക്യകേരളം നിലവിൽ വന്നതിന് ശേഷം 1961 ൽ കരുവാരകുണ്ട് ഹൈസ്‍ക്കൂൾ വന്നതോടു കൂടി യ‍ൂ.പി വിഭാഗം അങ്ങോട്ട് മാറിയതോടെ സ്‍ക്കൂളിന്റെ പേര് ഗവ:എൽ പി സ്‍ക്കൂൾ കരുവാരകുണ്ട് എന്നായി. കേശവൻനായർ നാണിപ്പ ഹാജി, മാനു കുരിക്കൾ തുടങ്ങിയവർ ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. പൊന്നാനി സ്വദേശിയായ മൊയ്തീൻ കുട്ടി മാസ്റ്റർ ആണ് ആദ്യ അധ്യാപകൻ.സ്കൂളിന്റെ അയൽവാസിയായ കുഞ്ഞിമുഹമ്മദ് മാസ്റ്റർ, പൊന്നാനിക്കാരൻ കുഞ്ഞാവ മാസ്റ്റർ, ബീരാൻ കുട്ടി മാസ്റ്റർ, മൊയ്തീൻകുട്ടി മാസ്റ്റർ, പൂമഠത്തിൽ മുഹമ്മദ് മാസ്റ്റർ, കെ പി കുഞ്ഞുമുഹമ്മദ് മാസ്റ്റർ എന്നിവർ ആദ്യകാല അധ്യാപകരിൽ ചിലരാണ്. കാലാന്തരേണ ഒന്നു മുതൽ എട്ടു വരെയുള്ള എലിമെന്ററി സ്കൂളായി ഈ വിദ്യാലയം വളർച്ച നേടിയെങ്കിലും സ്ഥലസൗകര്യത്തിന്റെ അപര്യാപ്തത കാരണം അഞ്ചു മുതലുള്ള ക്ലാസ്സുകൾ  കേമ്പിൻകുന്നിലേക്ക് മാറ്റുകയാണുണ്ടായത് .നിലത്ത് അക്ഷരം എഴുതി  പഠിക്കുന്ന രീതിയായിരുന്നു അന്നുകാലത്ത് ഉണ്ടായിരുന്നത്. പതിയെ എഴുത്ത് സ്ലേറ്റിലേക്കുമാറി.കൂർപ്പിച്ച കല്ലുപെൻസിൽ കൊണ്ട് ഒരുപുറത്തു നോക്കി എഴുത്തും മറുപുറത്ത് കോപ്പിയെഴുത്തും നടത്തിയിരുന്നു. അക്കാലത്ത് വിദ്യാലയത്തിൽ നിന്നും ലഭിച്ചിരുന്ന പാലിന്റേയും ചോളപ്പൊടി കൊണ്ടുണ്ടാക്കിയ ഉപ്പുമാവിന്റെയും രുചി പലരുടേയും നാവിൻതുമ്പിൽ ഇന്നുമുണ്ട്. ദശാബ്ദങ്ങളോളം മില്ലും പടിയിലെ വാടക കെട്ടിടത്തിലായിരുന്നു വിദ്യാലയം.രണ്ട് ദശകങ്ങൾക്ക് മുമ്പാണ് സ്വന്തം സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ച് വിദ്യാലയം ഇന്ന് കാണുന്ന സ്ഥലത്തേക്ക് മാറിയത്.

സാഭിമാനം സ്വന്തം മണ്ണിലേക്ക്

സ്കൂൾ മുറ്റം കട്ട പതിപ്പിച്ച് മനോഹരമാക്കിയപ്പോൾ

തിറ്റാണ്ടുകളോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം 2003ൽ കരുവാരകുണ്ട്  പുന്നക്കാടുള്ള പുഴയോരത്തെ പുറമ്പോക്കു ഭൂമിയിൽ സ്വന്തമായി കെട്ടിടം നിർമ്മിച്ച് മാറ്റി സ്ഥാപിക്കുമ്പോൾ ആകെ അഞ്ച് ക്ലാസ്സ് മുറികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  നൂറു വാര അകലെയുള്ള പഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ പവലിയനിലെ ഹാൾ രണ്ട് ക്ലാസ് മുറികൾ ആയി ഉപയോഗിക്കുക കൂടി ചെയ്യേണ്ടിവന്നു അക്കാലത്ത്. മഴപെയ്താൽ ചെളിക്കുളമാകുന്ന മുറ്റവും മുന്നിലെ ചെമ്മൺപാതയും കുഞ്ഞുങ്ങളെ ഏറെ വിഷമിപ്പിച്ചിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ വളർച്ചയോടെ പ്രൈമറി വിദ്യാലയങ്ങൾ ഗ്രാമപഞ്ചായത്തിന് കീഴിൽ വന്ന ആ നാളുകളിൽ ഭരണസമിതി മുന്തിയ പരിഗണനയാണ് വിദ്യാലയങ്ങൾക്ക് നൽകിയത്. 

തുടർന്ന് നിലവിലുള്ള പ്രധാന കെട്ടിടത്തിന് മുകളിൽ 4 ക്ലാസ് മുറികൾ കൂടി നിർമിച്ചു.  ചുറ്റുമതിലും  പ്രവേശനകവാടവും നിർമ്മിച്ച് സുരക്ഷിതമാക്കിയതിനൊപ്പം മുറ്റംകട്ടപതിപ്പിച്ച് ചേതോഹരവുമാക്കി. സർക്കാർ വിദ്യാലയത്തിന്റെ മുറ്റം ഈ കാണുന്നതരത്തിൽ മനോഹരമാക്കി നവീകരിക്കുന്നത് അന്ന് പക്ഷേ മറ്റുള്ളവരിൽ അത്ഭുതമാണ് സൃഷ്ടിച്ചത്. എസ്.എസ്.എ. അനുവദിച്ച രണ്ട് ക്ലാസ് മുറികൾ നിർമ്മിക്കാൻ സ്ഥലപരിമിതി തടസ്സമായപ്പോൾ മുന്നിലുള്ള റോഡിലേക്ക് നീക്കി നിർമ്മിക്കാനും ഗ്രാമപഞ്ചായത്ത് അനുമതി.  കൂടാതെ പുതിയ റോഡും നിർമ്മിച്ചു.  ഈ കെട്ടിടത്തിന് മുകളിലാണ് ബഹു.എം.എൽ.എ. ശ്രീ എ പി അനിൽകുമാർ അനുവദിച്ച 3 ക്ലാസ് മുറികൾ കൂടി നിർമ്മിച്ചത്. പഴയ ഒറ്റ മുറി അടുക്കള മാറ്റി ആധുനിക സൗകര്യങ്ങളോടുകൂടി പുതിയ പാചകപ്പുരയ്ക്ക് വിദ്യാഭ്യാസ വകുപ്പ്  പണം നൽകിയപ്പോൾ അതിന്റെ പൂർത്തീകരണത്തിന് ഗ്രാമപഞ്ചായത്തും കൂടെ നിന്നു. ഓരോ പുതിയ അധ്യയന വർഷവും കുട്ടികളുടെ പ്രവേശനത്തിലുണ്ടായ  അഭൂതപൂർവ്വമായ വർദ്ധനവ് പിന്നീടും പരിമിതികളുടെ പ്രയാസം വർദ്ധിപ്പിച്ചു.  ഈ സാഹചര്യത്തിലാണ് സ്കൂളിന് സമീപത്തുള്ള വൃദ്ധ-വികലാംഗ കേന്ദ്രത്തിന്റേയും ഗവൺമെൻറ് ആയുർവേദ ആശുപത്രിയുടെയും അംഗനവാടിയുടെയും മുകൾ വശങ്ങൾ ക്ലാസ് മുറികൾ ആയി ഉപയോഗിക്കാൻ ഗ്രാമപഞ്ചായത്ത് അനുമതി നൽകുന്നത്. ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ നടത്തി ഉപയോഗയോഗ്യമാക്കിയതും ഗ്രാമപഞ്ചായത്തിന്റെ സഹായത്തോടെയാണ്.

പുതിയ മുഖം

കരുവാരകുണ്ട് ഗവ:മോഡൽ എൽ .പി .സ്കൂൾ ഇനിയും മുന്നോട്ടു കുതിക്കട്ടെ

2007 ൽ പ്രധാനധ്യാപകനായി ചുമതലയേറ്റ ശ്രീ കെ കെ ജയിംസ് മാസ്റ്റർ ആ നിലയിലും പഞ്ചായത്തിലെ വിദ്യാഭ്യാസ നിർവഹണ ഉദ്യോഗസ്ഥൻ എന്ന നിലയിലും അസൂയാവഹമായ പുരോഗതിയും വികസനവുമാണ് വിദ്യാലയത്തിന് സമ്മാനിച്ചത്. ഇന്ന് കാണുന്ന ഭൗതിക സൗകര്യങ്ങളിൽ ഭൂരിപക്ഷവും അദ്ദേഹത്തിന്റെ സേവന കാലത്തെ സംഭാവനകൾ തന്നെയാണ്. തുടർന്ന് ചുമതലയേറ്റ ശ്രീമതി മാലിനി ടീച്ചറുടെ നേതൃത്വത്തിലും സഹായത്തിലുമാണ് കളിമുറ്റം പാർക്ക് സ്ഥാപിച്ചത്. ശ്രീ ഉമർ വലിയ തൊടി പ്രധാനാധ്യാപകനായി വന്ന കാലത്താണ് കമ്പ്യൂട്ടർ ലാബ് സജ്ജീകരിക്കുക എന്ന ചിന്തയ്ക്ക് തുടക്കമാവുന്നത്. തുടർന്നുവന്ന കെപി ഹരിദാസൻ മാഷിന്റെ ഉത്സാഹത്തിലാണ് പി.ടി.എ.യുടെ സഹകരണത്തോടെ രക്ഷിതാക്കളെയും ചേർത്തുപിടിച്ച് ഉപജില്ലയിലെ തന്നെ ആദ്യത്തെ പ്രൈമറിതല  കമ്പ്യൂട്ടർ ലാബ് ആകർഷകമായി തന്നെ സജ്ജമാക്കാൻ കഴിഞ്ഞത് .ലാബിൽ ACയും സ്ഥാപിച്ചു.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ഇനിയും ക്ലാസ് മുറികൾ നിർമ്മിക്കേണ്ടതുണ്ട്.  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ കെട്ടിടം നിർമ്മിക്കുന്നതോടെ സ്കൂളിലെ പരിമിതികളെല്ലാം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.2012-13 വർഷത്തെ സംസ്ഥാന സർക്കാരിന്റെ ബെസ്റ്റ് പി.ടി. എ അവാർഡ്(പ്രൈമറി വിഭാഗം രണ്ടാം സ്ഥാനം) സ്‍ക്കൂളിന് ലഭിച്ചു.2019 ൽ പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞം വഴി കെട്ടിടനിർമ്മാണത്തിന് ഒരു കോടി രൂപ അനുവദിക്കുകയുണ്ടായി. 2012-ൽ പ്രി പ്രൈമറി വിഭാഗം വിദ്യാലയത്തിൽ ആരംഭിച്ചു. ഇതേ വർഷം തന്നെ സ്‍ക്കൂളിനെ ഗ്രാമപഞ്ചായത്ത് മോഡൽ സ്‍ക്കൂളായി പ്രഖ്യപിക്കുകയുംചെയ്തു. പ്രിപ്രൈമറിയിൽ അടക്കം 29 അധ്യാപകർ ഇപ്പോൾ ഇവിടെ സേവനം ചെയ്യുന്നു. സ്‍ക്കൂൾ ബസ്സ്, സ്മാർട്ട് ക്ലാസ്സ് മുറികൾ,ഐ.ടി ലാബ്,ഓഡിറ്റോറിയം, കുട്ടികളുടെ പാർക്ക് തുടങ്ങിയ സംവിധാനങ്ങൾ ഇന്ന് വിദ്യാലയത്തിലുണ്ട് .ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ട് തവണ മികച്ച പ്രകടനം കാഴ്ച്ച വെച്ചു. ജില്ലയിൽ ആദ്യമായി ജെ.ആർ.സി യൂണിറ്റ് ആരംഭിച്ചു, എൽ എസ് എസ് പരീക്ഷയിൽ തുടർച്ചയായി മികച്ച വിജയങ്ങൾ നേടുന്നു.."കൂട്ടിനൊരോമന കുുഞ്ഞാട്"പദ്ധതി പ്രകാരം 106 കുഞ്ഞാടുകളെ വിതരണം ചെയ്തു. ജൈവ പച്ചക്കറി, കരനെൽകൃഷി തുടങ്ങിയവ സ്‍ക്കൂൾ ന‍‍‍‍ടപ്പാക്കുന്ന മാതൃക പദ്ധതികളാണ്. പ്രധാനാധ്യാപകൻ കെ.പി ഹരിദാസൻ,പി.ടി.എ പ്രസിഡന്റ് പി അബ്ദുസലാം, എസ് ,എം,സി ചെയർമാൻ പി എം സബാദ് എന്നിവരാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേത‍ൃത്വം നൽകുന്നത്.

ഒരു പ്രളയകാലം

സ്കൂൾ ചരിത്രത്തിന്റെ ഭാഗം തന്നെയാണ് കേരളത്തിലെ മഹാപ്രളയകാലവും .കേരളത്തെയാകെ ദുരിതക്കയത്തിലാഴ്ത്തിയ 2018-ലെ മഹാപ്രളയം ഒലിപ്പുഴയുടെ കരയിലുള്ള ഈ വിദ്യാലയത്തിനും വലിയ ആഘാതമാണ് ഏൽപ്പിച്ചത്. ഓഗസ്റ്റ് 8നും 15നും നടന്ന മലവെള്ളപാച്ചിലിൽ കനത്ത നഷ്ടമാണുണ്ടായത്. ആദ്യതവണ കരകവിഞ്ഞെത്തിയ പുഴവെള്ളം നക്കിതുടച്ചുപോയപ്പോൾ തകർന്ന മുറ്റവും മുട്ടറ്റം ചെളിനിറഞ്ഞ ക്ലാസ്സ്മുറികളുംപാചകപുരയുംസമൂഹത്തിന്റെയാകെ പിന്തുണയോടെ രണ്ടുദിവസമെടുത്താണ് ശുചീകരിച്ചത്. അതിന്റെ നടുക്കം വിട്ടൊഴിയും മുമ്പേ പതിനഞ്ചാം തീയതി വീണ്ടും ആർത്തലച്ചെത്തിയ വെള്ളം എല്ലാ പ്രവൃത്തികളേയും വൃഥാവിലാക്കി. എല്ലാം പഴയപോലെ ചെളിക്കൂമ്പാരമായി മാറിയ കാഴ്ചയായിരുന്നു.മലപ്പുറത്ത് നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സും നാട്ടുകാരും ക്ലബ് പ്രവർത്തകരും രാവും പകലും പണിപ്പെട്ടു വിദ്യാലയത്തെപൂർവ്വസ്ഥിതിയിലാക്കാൻ പണിപ്പെട്ടു.

ഓഫീസിലെ വിലപ്പെട്ട ഒട്ടേറെ രേഖകൾ നാമാവശേഷമായി. സ്കൂൾസൊസൈറ്റി വഴി ലഭിച്ച പാഠപുസ്തകങ്ങൾ, അടുക്കളയിലെ പാത്രങ്ങൾ തുടങ്ങി ബഞ്ചുകളും ഡെസ്കുകളും വരെ ചെളിവെള്ളത്തിലൊഴുകി നടക്കുകയായിരുന്നു.പ്രളയാനന്തരം ഒട്ടേറെ ജനപ്രതിനിധികൾ,എം.പിമാരും,എം.എൽ.എമാരും മന്ത്രിമാരും ഉൾപ്പെടെ വിദ്യാലയം സന്ദർശിച്ചു.കൂടാതെ വിദ്യാഭ്യാസ വകുപ്പിലെ ഉന്നതോദ്ദ്യോഗസ്ഥരും ദുരിതം നേരിട്ടറിഞ്ഞ വ്യക്തികളും സംഘടനകളും നിറഞ്ഞ പിന്തുണ നൽകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത് നഷ്ടപ്പെട്ടവയ്ക്കെല്ലാം പകരമായി പുതിയവ തന്നെ ഓരോരുത്തരും മത്സരബുദ്ധിയോടെ വിദ്യാലയത്തിന് സമ്മാനിച്ചു.പത്രങ്ങളും വൈദ്യുതോപകരണങ്ങളും വെള്ളടാങ്കും എന്നു വേണ്ട പഠനോപകരണങ്ങളും,ഓഫീസ് ആവശ്യത്തിനുള്ള വസ്തുക്കൾ വരെ അഹമഹമിഹയാ എന്ന മട്ടിൽ ഓരോരുത്തരും എത്തിച്ചുതന്നു.ഒരു പ്രളയത്തിനും നമ്മെ തോൽപ്പിക്കാൻ കഴിയില്ല എന്ന ഉറച്ച പ്രഖ്യാപനമായിരുന്നു ആ ദുരന്തനാളുകളിൽ കാണപ്പെട്ടത്.

പഠനം ഓൺലൈനിൽ

കൊവിഡ് കാലം കഴിഞ്ഞ് സ്കൂൾ വീണ്ടും തുറന്നപ്പോൾ ഉത്സവപ്രതീതിയോടെയാണ് കൊവിഡ് മാനദണ്ഡം പാലിച്ച് കുരുന്നുകളെ സ്വീകരിച്ചത്. സ്കൂളും പരിസരവും വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു. കുരുന്നുകളെ മധുരം നൽകി സ്വീകരിച്ചു. കരനെൽ കൃഷിയിലൂടെ സ്കൂളിൽ തന്നെ തയ്യാറാക്കിയ അരികൊണ്ട് പായസവും വിളമ്പി. കുരുന്നു മക്കളെ വരവേൽക്കാൻ കഥ പറയും ചുമരുകളും ഒരുങ്ങി. ആദ്യം ബാച്ച് തിരിച്ചും പിന്നീട് ഒന്നിച്ചൊന്നായും എത്തിയ കുരുന്നു മക്കൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ ഞങ്ങൾ ജാഗ്രത പുലർത്തുന്നു. പഠന വിടവ് നികത്താൻ ശരവേഗം പരിപാടിയും അക്ഷര കളരിയും ഉല്ലാസഗണിതവുമൊക്കെയായി ഓരോ ദിനവും കടന്നുപോകുന്നു. ഇക്കുറിയും എൽഎസ്എസ് വിജയങ്ങൾ ആവർത്തിക്കും . സർഗ്ഗവേള, ബാലസഭ, ഫുട്ബോൾ പരിശീലനം ഇവ തുടങ്ങിക്കഴിഞ്ഞു. സ്കൂൾ വാർഷികത്തിന് ആയി തീയതിയും കുറിച്ച് വേദി കാത്തിരിക്കുകയാണ് പിഞ്ചോമനകളുടെ താളക്ക‍ുതിപ്പിനായി ................. മഹാമാരി കാലത്ത് കേരളത്തിലെ എല്ലാ സ്കൂളുകളും അടച്ചു പൂട്ടിയപ്പോൾ നമ്മുടെ സ്കൂളിലും പഠനം ഓൺലൈനിലായി. ക്ലാസ് കാണുന്നതിന് സൗകര്യമൊരുക്കി. ഫസ്റ്റ് ബെൽ ക്ലാസുകൾക്ക് പുറമേ ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, ഓൺലൈൻ ഫെസ്റ്റുകൾ എന്തിന് അസംബ്ലി പോലും ഓൺലൈനായി നടത്തി കുട്ടികളെ പഠനത്തിൽ ലൈവായി നിർത്തി. എല്ലാ ക്ലാസ്സുകളിലേക്കും അത് ഫസ്റ്റ് ബെൽ ക്ലാസിലെ വർക്ക് ഷീറ്റ് ക്ലാസ് അധ്യാപകർ തയ്യാറാക്കിയതും സബ്‍ജില്ലാ ഗ്രൂപ്പുകളിൽ വരുന്നതും കുട്ടികൾക്ക് അയച്ചുകൊടുത്തു ചെയ്യിക്കുകയും കൃത്യമായി നോട്ട്ബുക്ക് പരിശോധന സംഘടിപ്പിച്ച് പഠനപ്രവർത്തനങ്ങൾ ചെയ്യാൻ മക്കളെ പ്രേരിപ്പിക്കുകയും ചെയ്തു . വീട് ഒരു വിദ്യാലയം ആയപ്പോൾ അമ്മമാർ അധ്യാപികമാരും ആയപ്പോൾ വിദ്യാലയം അമ്മമാരെ അമ്മയ്ക്കൊരുമ്മ( അമ്മമാർക്ക് കുട്ടികളുടെ വക സ്നേഹസമ്മാനം)പരിപാടിയിലൂടെ ആദരിച്ചു.

തിരികെ വിദ്യാലയത്തിലേക്ക്

കഥ പറയും ചുമരുകൾ

കൊവിഡ് കാലം കഴിഞ്ഞ് സ്കൂൾ വീണ്ടും തുറന്നപ്പോൾ ഉത്സവപ്രതീതിയോടെയാണ് കൊവിഡ് മാനദണ്ഡം പാലിച്ച് കുരുന്നുകളെ സ്വീകരിച്ചത്. സ്കൂളും പരിസരവും വൃത്തിയാക്കുകയും അലങ്കരിക്കുകയും ചെയ്തു. കുരുന്നുകളെ മധുരം നൽകി സ്വീകരിച്ചു. കരനെൽ കൃഷിയിലൂടെ സ്കൂളിൽ തന്നെ തയ്യാറാക്കിയ അരികൊണ്ട് പായസവും വിളമ്പി. കുരുന്നു മക്കളെ വരവേൽക്കാൻ കഥ പറയും ചുമരുകളും ഒരുങ്ങി. ആദ്യം ബാച്ച് തിരിച്ചും പിന്നീട് ഒന്നിച്ചൊന്നായും എത്തിയ കുരുന്നു മക്കൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാൻ ഞങ്ങൾ ജാഗ്രത പുലർത്തുന്നു. പഠന വിടവ് നികത്താൻ ശരവേഗം പരിപാടിയും അക്ഷര കളരിയും ഉല്ലാസഗണിതവുമൊക്കെയായി ഓരോ ദിനവും കടന്നുപോകുന്നു. ഇക്കുറിയും എൽഎസ്എസ് വിജയങ്ങൾ ആവർത്തിക്കും . സർഗ്ഗവേള, ബാലസഭ, ഫുട്ബോൾ പരിശീലനം ഇവ തുടങ്ങിക്കഴിഞ്ഞു. സ്കൂൾ വാർഷികത്തിന് തീയതിയും കുറിച്ച് 'വേദി 'കാത്തിരിക്കുകയാണ് പിഞ്ചോമനകളുടെ താളക്ക‍ുതിപ്പിനായി .................