ജി.എൽ.പി.എസ് പെരുമ്പത്തൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചാലിയാർ ഗ്രാമ പഞ്ചായത്തിൽ കാനക്കുത്ത് മുതൽ ചെട്ടിയംപാറ വരെയുള്ള കുട്ടികൾ പ്രാഥമിക വിദ്യാഭ്യാസത്തിന് ദൂര സ്ഥലങ്ങളിലുള്ള വിദ്യാലയങ്ങളെയാണ് ആശ്രയിച്ചിരുന്നത്. തോടും പുഴയും കടന്ന് കിലോമീറ്ററുകൾ അകലെയുള്ള സ്കൂളുകളിൽ എത്തിച്ചേരുക എന്നത് കുട്ടികളെ പോലെ തന്നെ രക്ഷിതാക്കൾക്കും വലിയ പ്രയാസമാണ് ഉണ്ടാക്കിയിരുന്നത്. ഇതിനൊരു പരിഹാരം വേണമെന്ന നാട്ടുക്കാരുടെ ആഗ്രഹത്തിൻറെ അടിസ്ഥാനത്തിൽ സർക്കാരിനു ഒരു നിവേദനം നൽകുകയുണ്ടായി. അതിൻറെ ഫലമായി ഡി.പി.ഇ.പി. പദ്ധതി പ്രകാരം 1998 ൽ ഗവ. എൽ.പി.സ്കൂൾ പെരുമ്പത്തൂരിൽ സ്ഥാപിച്ചു.

സ്കൂൾ അനുവദിച്ചു എങ്കിലും തുടങ്ങാൻ സ്ഥലമില്ലാതെ പ്രയാസപ്പെട്ട ഘട്ടത്തിൽ പെരുമ്പത്തൂർ നൂരുൽ ഹുദാ പള്ളിക്കമ്മിറ്റി അനുഭാവപൂർവ്വം ഈ വിഷയം പരിഗണിക്കുകയും പള്ളിയുടെ കീഴിലുള്ള മദ്രസാ കെട്ടിടം സ്കൂൾ തുടങ്ങാൻ വിട്ടുനൽകുകയും ചെയ്തു. തുടക്കത്തിൽ ഏകാധ്യാപികയായി രുഗ്മിണി ടീച്ചറുടെ കീഴിൽ 55 കുട്ടികളുമായാണ് സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചത്. ഏകാധ്യാപക വിദ്യാലമായി ആരംഭിച്ച സ്കൂളിന് നാട്ടുകാരുടേയും സുമനസുകളുടേയും പരിശ്രമ ഫലമായി 50 സെൻറ് സ്ഥലം വിലക്ക് വാങ്ങാൻ സാദിച്ചു. ആസ്ഥലത്ത് സർക്കാർ നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ 2000മുതൽ സ്കൂൾ പ്രവർത്തിച്ച് വരുന്നു.

ഈ സ്കൂൾ ഈ നാട്ടിലേക്ക് കൊണ്ടുവരുന്നതിലും, സ്ഥലം വാങ്ങി കെട്ടിടം പണിയുന്നതിലും, തുടക്കത്തിൽ മദ്റസാ കെട്ടിടം അനുവദിക്കുന്നതിലും നിരവധി സുമനസുകളുടെ പ്രയത്നമുണ്ട്. അവരിൽ പലരും ഇന്ന് നമ്മോടൊപ്പമില്ലായെങ്കലും മാങ്കുന്നൻ നാരായണൻ, നാലകത്ത് ഹൈദരാലി, മുല്ലേരി സുഭ്രമണ്യൻ, നൂറ്റക്കൽ അലവി, അന്നത്തെ വാർഡ് മെമ്പറായ ടി.വി. രാമകൃഷ്ണൻ, കാഞ്ഞിരംപാറ മുഹമ്മദ്, പാലോളി അവറാൻകുട്ടി, തോണിക്കടവൻ അബൂബക്കർ, ആലങ്ങത്തിൽ മുഹമ്മദാലി, ഈ സ്ഥലത്തിൻറെ ഉടമയായ പൊന്നാംക്കടവൽ അബ്ദുൽ അസീസ്, ആദ്യ അധ്യാപികയായ ശ്രീമതി രുഗ്മിണി ടീച്ചർ, ആദ്യ പി.ടി.എ പ്രസിഡൻറായ മാട്ടയിൽ ഇബ്റാഹിം എന്നിവരെ പ്രത്യേകം അനുസ്മരിക്കുന്നു.

നിരന്തര പരിശീലനങ്ങളിലൂടേയും കാര്യനിർവഹണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച പി.ടി.എ, എം.ടി.എ, എസ്.എം.സി അംഗങ്ങളുടേയും കൂട്ടായ പരിശ്രമത്തിൻറെ ഫലമായി ഇന്ന് ഈ സ്ഥാപനം മികച്ച ഒരു വിദ്യാലയമായി മാറിയിരിക്കുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെയായി 129 കുട്ടികൾ ഈസ്താപനത്തിൽ പഠിച്ച് കൊണ്ടിരിക്കുന്നു.(17:37, 14 ഏപ്രിൽ 2023 (IST))