ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ഹരിതം

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ, വീട് പരിസരം എന്നിവ ഹരിതാഭമാക്കുക, ഹരിത വൽക്കരണത്തിന് കുട്ടികളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഓരോ വർഷവും ഹരിതക്ലബ് രൂപീകരിക്കുന്നു. മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ഔഷധ സസ്യങ്ങളുടെ ശേഖരമായ വൃന്ദാവനം ജൈവ വൈവിധ്യ ഉദ്യാനം, മാവ്, സപ്പോട്ട പേര, ബദാം തുടങ്ങിയ സസ്യങ്ങൾ ഉൾകൊള്ളുന്ന മധുരവനം പദ്ധതിയുടെ തുടക്കം, സ്കൂളിന് മുന്നിൽ ഭംഗിയിൽ തറകെട്ടി ആൽ, പേരാൽ, ഉങ്ങ് തുടങ്ങിയ സസ്യങ്ങൾ നട്ട് തുടങ്ങിയ വനമഹോത്സവ വാരാചരണം എന്നിവയെല്ലാം ഹരിത ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ വളരെ പ്രധാനപ്പെട്ടവയാണ്.

സ്കൂളിൽ നിന്ന് വിദ്യാർത്ഥികൾ നേടുന്ന അറിവുകൾ ഭാവിയിൽ പ്രയോജനപ്പെടും വിധം അനുയോജ്യമായ രീതിയിൽ, പ്രവർത്തനങ്ങളിൽ കൊണ്ടുവരിക എന്ന ലക്ഷ്യമാണ് നിമിഷ ടീച്ചറുടെയും റശാമെഹറിന്റെയും നേതൃത്വത്തിലുള്ള ഹരിത ക്ലബ്ബിനുള്ളത്..ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.

2022-23

ആയുർജാക്ക് പ്ലാവ് സ്കൂൾ മധുരവനത്തിൽ

തൃശൂർ വേലൂരിലെ കുറുമാൽ കുന്നിലെ 5 ഏക്കറോളം വിശാലമായ ആയുർജാക്ക് തോട്ട ഉടമസ്ഥൻ വർഗീസ് തരകൻ സുഷ്ടിച്ചെടുത്ത ആയുർ ജാക്ക് പ്ലാവുകൾ സ്കൂൾ വളപ്പിൽ വച്ച് പിടിപ്പിക്കുകയാണ്  കുട്ടികൾ. സ്കൂളിൽ ആരംഭിച്ച മധുരവനത്തിലാണ് വിദ്യാർത്ഥികൾ നാലുമാസം കൊണ്ട് വളർച്ചയെത്തുന്ന, വർഷം മുഴുവൻ ചക്കകൾ നൽകുന്ന ആയുർ ജാക്ക് പ്ലാവുകൾ സ്കൂളിൽ പരിപാലിച്ചു തുടങ്ങുന്നത്. നല്ല മധുരമുള്ള ആയുർജാക്ക്  ചക്കകൾക്ക് വൻ ഡിമാന്റാണ്.

മധുരഫലങ്ങൾ നൽകുന്ന മരങ്ങൾ വിദ്യാലയ വളപ്പിൽ നട്ടു പിടിപ്പിച്ച് വിദ്യാർത്ഥികൾ പരിപാലിച്ചു സംരക്ഷിക്കുകയും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്ന  പദ്ധതിയാണ് മധുരവനം. തോട്ടയുടമ വർഗീസ് തരകനിൽ പി.ടി.എ പ്രസിഡന്റ് പി.പി അബ്ദുസമദ് തൈകൾ ഏറ്റുവാങ്ങി. തൈ നടൽ ഉദ്ഘാടനം ഹെഡ് മാസ്റ്റർ കെ ശശികുമാർ വഹിച്ചു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ, സീഡ് കോഡിനേറ്റർ വി.ജംശീദ് എന്നിവർ പങ്കെടുത്തു.

വീടുകളിൽ മധുര വനം

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും വീടുകളിലേക്കും ഇനി മധുര വനം പദ്ധതിയും നടപ്പിലാക്കാനൊരുങ്ങി ഒളകര ജി.എൽ.പി.സ്കൂൾ. പി.ടി.എ നേതൃത്വത്തിൽ സ്കൂളിൽ മുളപ്പിച്ച് പരിപാലിച്ച 600 ഓളം  തൈകളാണ് വിദ്യാർത്ഥികൾക്ക് കൈമാറിയത്. രണ്ട് വർഷം മുമ്പ് സ്കൂളിൽ ആരംഭിച്ച മധുരവനം പദ്ധതിയാണ് ഇപ്പോൾ ഒളകരയിലെ വീടുകളിലേക്കും വ്യാപിക്കുന്നത്.

പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.കലാം മാസ്റ്റർ മധുര വനത്തിലേക്കുള്ള സപ്പോട്ട, പേര, ഈനാമ്പഴം, മാവ്, പ്ലാവ് തുടങ്ങിയ വിവിധ തൈകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ഏറ്റവും മികച്ച മധുരം വനം നടപ്പിലാക്കുന്ന വീട്ടുകാർക്ക് പി.ടി.എ ഉപഹാരവും ഏർപ്പെടുത്തിയിട്ടുണ്ട്. മധുര വനത്തിലേക്കുള്ള നെയിം ബോർഡ് ഉൾപ്പടെയുള്ള വിവിധ സഹായങ്ങൾ പി.ടി.എ വിവിധ ഘട്ടങ്ങളിലായി നൽകും.

സ്കൂളിൽ നിലവിൽ പരിപാലിച്ചു വരുന്ന മധുര വനം പദ്ധതിയുടെ ഭാഗമായി ആയുർജാക് പ്ലാവ്, വിവിധ ഇനം മാവുകൾ, സപ്പോട്ട, പേര ഉൾപ്പെടെ വിവിധ ഫല വൃക്ഷ തൈകൾ സ്കൂളിലുണ്ട്. വാർഡ് മെമ്പർ തസ്ലീന സലാം പുതിയ പദ്ധതി വിശദീകരിച്ചു. പി.ടി.എ പ്രസിഡന്റ് പി.പി. അബ്ദുസമദ്, ഹെഡ് മാസ്റ്റർ കെ.ശശികുമാർ, സോമരാജ് പാലക്കൽ എന്നിവർ സംസാരിച്ചു.

2019-20

ഹരിതാഭമാക്കിയ മധുര വനം

ഹരിത ക്ലബ്ബിന് കീഴിൽ ഒളകര ഗവ എൽപി സ്കൂളിൽ മധുരവനം പദ്ധതിക്ക് തുടക്കമായി. വിദ്യാലയാങ്കണത്തിൽ വൃക്ഷത്തൈ നട്ട് പെരുവള്ളൂർ കൃഷി ഓഫീസർ പി ഷാജി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്കായി വ്യത്യസ്ത കൃഷിരീതികളെ പരിചയപ്പെടുത്തി ക്ലാസെടുത്തു. മാവ്, സപ്പോട്ട പേര, ബദാം തുടങ്ങിയ വിവിധ ഫലവൃക്ഷ തൈകൾ വിദ്യാർത്ഥികളും അധ്യാപകരും കൊണ്ടുവന്ന് പിടിപ്പിച്ചായിരുന്നു മധുരവനം പദ്ധതിയുടെ തുടക്കം കുറിക്കുന്നത്. പിടിഎ പ്രസിഡന്റ് പി .പി.സൈദ് മുഹമ്മദ്, പ്രധാനാദ്ധ്യാപകൻ എൻ.വേലായുധൻ, സോമരാജ് പാലക്കൽ നേതൃത്വം നൽകി.

വൃന്ദാവനം ജൈവ ഉദ്യാനം

മലപ്പുറം ജില്ലാ ശാസ്ത്രോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ ഔഷധ സസ്യങ്ങൾ ഉൾകൊള്ളിച്ച് വൃന്ദാവനം ജൈവ ഉദ്യാനം സ്കൂളിൽ സംരക്ഷിച്ചു വരുന്നു. ഹരിത ക്ലബ്ബിന് കീഴിൽ എ.ആർ നഗർ വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്നും ശേഖരിച്ച ഫണ്ട് ഉപയോഗിച്ചാണ് ഉദ്യാനം നവീകരിച്ചത്.

സ്കൂളിന് മുന്നിലെ തണൽ മരങ്ങൾ

പി.ടി.എ ഫണ്ട് ഉപയോഗിച്ച് സ്കൂളിന് മുന്നിൽ വെച്ചുപിടിപ്പിച്ച തണൽ മരങ്ങൾക്ക് തറകെട്ടി പെയിന്റ് ചെയ്തു മോഡി പിടിപ്പിച്ചിരിക്കുകയാണ് ഹരിത ക്ലബ്ബ്. ഇന്നിപ്പോൾ ആ തറകെട്ടിയ തണൽ മരങ്ങൾ വിദ്യാലയത്തിന്റെ ഭംഗി വർധിപ്പിക്കുമാറ് വളർന്നു പന്തലിച്ചു നിൽക്കുന്നത് ഹരിത ക്ലബ്ബിന് അഭിമാനിക്കാൻ വകനൽകുന്നു.

2018-19

ഹരിത സംരക്ഷണം ഓരോ ക്ലാസിന്

സ്കൂളിന് മുന്നിൽ തണൽ മരങ്ങൾ  വെച്ചു പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത ക്ലബ്ബ് തുടങ്ങി വെച്ച പദ്ധതിയാണ് ഓരോ ക്ലാസിന് ഓരോ തൈകളുടെ സംരക്ഷണം എന്നത്. ക്ലബ്ബിന് കീഴിൽ പറമ്പിൽ പീടിക കോപ്പറേറ്റീവ് ബാങ്ക് മുഖേന തൈകൾക്ക് ഇരുമ്പ് നെറ്റും ലഭ്യമാക്കിയിരുന്നു. ഇന്നിപ്പോൾ ആ സംരക്ഷണത്തിൽ തണൽ മരങ്ങൾ വളർന്നു വരികയാണ്. തൈകൾക്കു വേണ്ട വെളളം, വളങ്ങൾ എന്നിവയെല്ലാം നൽകി നല്ല പോലെ ഓരോ ക്ലാസും സംരക്ഷിച്ചു വരുന്നു.

വനമഹോത്സവ വാരാചരണം

വന മഹോത്സവ വാരാചരണങ്ങളുടെ ഭാഗമായി ഒളകര ഗവ:എൽ.പി ഹരിത ക്ലബ്ബിന് കീഴിൽ സ്കൂൾ വളപ്പ് ഔഷധ സസ്യങ്ങളുടെയും പൂന്തോട്ടങ്ങളുടെയും വളപ്പാക്കി മാറ്റാനൊരുങ്ങിയിരിക്കുകയാണ് അധ്യാപകരും വിദ്യാർത്ഥികളും. സ്കൂളിന് ജില്ലാ ശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം ലഭിച്ചതിന്റെ വിപുലീകരണാർത്ഥം കൂടിയാണ് ഇത്തവണ സ്കൂളിലെ ഔഷധ ഉദ്യാനമായ വൃന്ദാവനം പൂന്തോട്ടം ഗംഭീരമാക്കാൻ തയാറായിരിക്കുന്നത്. തൈ നടീൽ കർമ്മം പി.ടി.എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എച്ച്.എം എൻ വേലായുധൻ, ഇബ്രാഹിം മുഴിക്കൽ, പി സോമരാജ്, സിറാജ്, പി.കെ ഷാജി, കെ.കെ റഷീദ്, വി.ജംഷീദ്, കരീം കാടപ്പടി നേതൃത്വം നൽകി.

കുട്ടികൾക്ക് കൂട്ട് തൈകൾ

ലോക സൗഹൃദ ദിനത്തിൽ തൈകളെ പ്രണയിച്ച് ഒകര ജി.എൽ.പി സ്കൂളിലെ കുട്ടികളുടെ സൗഹൃദ ദാനാഘോഷം വേറിട്ട കാഴ്ചയായി. സൗഹൃദ ദിനത്തോടനുബന്ധിച്ച് വ്യക്ഷത്തൈകളുമായി ചങ്ങാത്തം കൂടുന്നതിനായി തൈകളെ തലോടിയും വെള്ളം നൽകിയും കളപറിച്ചും വ്യക്ഷത്തൈകൾക്ക് സംരക്ഷണം നൽകിയായിരുന്നു ഈ വിദ്യാർഥികളുടെ ലോക സൗഹൃദ ദിനാഘോഷം. കഴിഞ്ഞ മലപ്പുറം ജില്ലാ ശാസ്ത്രമേളയിൽ സയൻസ് കളക്ഷനിൽ സ്കൂളിന് ഒന്നാം സ്ഥാനം നേടാൻ സഹായകമായ ഔഷധ തൈകളും ബി.ആർ.സി വേങ്ങര സംഘടിപ്പിച്ച കൊള്ളാമീ മഴ മഴക്കാല ക്യാംപിനോടനുബന്ധിച്ച് കോട്ടക്കൽ ആര്യ വൈദ്യശാല സ്കൂളിന് നൽകിയ ഔഷധതൈകളുമായി സ്കൂളിൽ തയാറാക്കിയ ഔഷധ ഉദ്യാനത്തിലെ തൈകൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത് അവരുടെ പൂർണ സംരക്ഷകരാവാൻ തീരുമാനിച്ചിരിക്കുകയാണ് വിദ്യാർഥികൾ. മരം എന്റെ മരം, കൂട്ടു കൂടാം കളങ്കരഹിത ചങ്ങാതിക്കൊപ്പം എന്ന സന്ദേശം ഉയർത്തിക്കൊണ്ടായിരുന്നു കുട്ടികളുടെ സൗഹൃദ ദിനത്തിലെ വൈവിധ്യ സമീപനം. പ്രധാനാധ്യാപകൻ എൻ വേലായുധൻ സൗഹൃദ ദിന സന്ദേശം നൽകി. പി.പി സെയ്ദു മുഹമ്മദ് സോമരാജ്.പി എന്നിവർ ആശംസകൾ നൽകി .