ജി.യു.പി.എസ്. കരിച്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പനയാൽ ഗ്രാമ പട്ടേലറായിരുന്ന ശ്രീ .കൂക്കൾ കുമാരൻ നായരായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. കരിച്ചേരി പുഴയുടെ അനുഗ്രഹത്താൽ ഹരിതാഭമായി തീർന്ന ഈ പ്രദേശത്തേക്ക് അക്ഷരവെളിച്ചം കൊണ്ടുവരാൻ കഴിഞ്ഞത് ഒരു കൂട്ടം ജനങ്ങളുടെ അക്ഷീണപ്രവർത്തനഫലമായാണ്. 'കരിച്ചേരി വിദ്യാലയം' എന്ന സ്വപ്നസാക്ഷാത്ക്കരണത്തിനായി ശ്രീ അവ്വാടുക്കം കുഞ്ഞമ്പു നായർ ഭൂമി നൽകുകയും അതോടൊപ്പം നാട്ടുകാരുടെ നിരന്തര ശ്രമഫലം കൊണ്ട് താൽക്കാലിക കെട്ടിടം നിർമ്മിക്കുകയും ചെയ്തു.ആദ്യവർഷം സ്കൂളിൽ ചേർന്ന 30 കുട്ടികൾക്ക് അക്ഷരത്തിന്റെ തിരുമധുരം പകർന്ന് നൽകിയത് ശ്രീ.കരിപ്പോടി കുഞ്ഞമ്പു നായരായിരുന്നു.അദ്ദേഹമായിരുന്നു കരിച്ചേരി എന്ന ഏകാധ്യാപക വിദ്യാലയത്തിലെ ആദ്യാധ്യാപകൻ. 1962 ൽ നാട്ടുകാരുടെ ആവേശപൂർവ്വമായ ശ്രമഫലമായി അല്പം വലിയൊരുകെട്ടിടം സർക്കാർ അനുവദിച്ചു നൽകി.പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് സാമൂഹ്യ പ്രവർത്തകനും ,അഭിഭാഷകനുമായിരുന്ന ശ്രീ. പി.കൃഷ്ണൻ നായർ, പുല്ലൂർ അവർകളായിരുന്നു.പുതിയ കെട്ടിടം വന്നതോടെ നാലാം ക്ലാസ് വരെയുള്ള പഠനം നടത്താനുള്ള സൗകര്യം ലഭിച്ചു. 1980 ൽ അന്നത്തെ ഉദുമ എം എൽ എ ശ്രീ.കെ.പുരുഷോത്തമന്റെ ആത്മാർത്ഥ ശ്രമഫലമായി കരിച്ചേരി ഗവ.എൽ പി സ്കൂൾ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.ഭൗതികമായ സൗകര്യം മെച്ചപ്പെടുത്തേണ്ടത് അനിവാര്യമായി വന്നപ്പോൾ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ച്ചെലവ് നാട്ടുകാർ തന്നെ സ്വരൂപിച്ചു. 2002-2003 വർഷത്തിൽ കുറച്ചുകൂടി മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഏർപ്പെടുത്താൻ സാധിച്ചത് ശ്രീ.ടി.ഗോവിന്ദൻ എം.പി.യുടെ അനുഭാവംകൊണ്ടാണ്. മൂന്ന് മുറികളുള്ള കോൺക്രീറ്റ് കെട്ടിടം അദ്ദേഹം അനുവദിക്കുകയുണ്ടായി. ഉദുമ എം.എൽ.എ ആയിരുന്ന ശ്രീ.കെ.കുഞ്ഞിരാമൻ അവർകൾ അനുവദിച്ച 2 കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് 2005-ൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു.ബഹു:കാസർഗോഡ് നിയോജകമണ്ഡലം എം.പി ശ്രീ.പി.കരുണാകരൻ അവർകൾ അനുവദിച്ച 4കമ്പ്യൂട്ടറുകളും എസ്.എസ്.എ യിൽനിന്നും അനുവദിച്ച കമ്പ്യൂട്ടറുകളും അടക്കം 10 കമ്പ്യൂട്ടറുകൾ ഇന്ന് ഐ.ടി.ലാബിലുണ്ട്. ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അനുവദിച്ച അടുക്കള,പള്ളിക്കര ഗ്രാമ പഞ്ചായത്തിൽ നിന്നും അനുവദിച്ച ഭക്ഷണശാല എന്നിവ വിദ്യാലയത്തിന്റെ ഭൗതികപരിമിതികളെ മറികടക്കാൻ ഒരളവോളം സഹായകമായിട്ടുണ്ട്. 2011-12 അധ്യയനവർഷം മുതൽ പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ പ്രീപ്രൈമറി വിഭാഗംഅടക്കം ആകെ 244 വിദ്യാർത്ഥികൾ ഇവിടെ അധ്യയനം നടത്തുന്നു. ഭൗതികവും, അക്കാദമികവുമായ സൗകര്യം മെച്ചപ്പെടുത്താൻ പിറ്റിഎയുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹായസഹകരണങ്ങളാണ് എപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.പൂർവ്വ വിദ്യാർത്ഥികളുടെ മുൻകൈയിൽ ഉരു മൾട്ടിപർപ്പസ് ഹാൾ നിർമ്മാണം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. യൂണിയൻബാങ്ക് മുൻചെയർമാൻ ശ്രീ.എം.വി.നായർ അനുവദിച്ചുതന്ന ലൈബ്രറി കെട്ടിടം പൂർത്തിയായിക്കഴിഞ്ഞു.അറുപത് വർഷക്കാലത്തെ പ്രവർത്തന കാലയളവിൽ അക്കാദമിക-അക്കാദമികേതര രംഗങ്ങളിൽ അസൂയാവഹമായ പല നേട്ടങ്ങളും കൈവരിക്കാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. മികവിൽ നിന്ന് നിറവിലേക്കുള്ള പ്രയാണത്തിൽ ഒരു നാടു മുഴുവൻ വിദ്യാലയത്തിനു താങ്ങായി നിൽക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം