ജി.വി.എച്ച്.എസ്.എസ് കൊപ്പം/പൂർവ വിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്

1.അഭയം കൃഷ്ണേട്ടൻ‍

2.പ്രൊഫസർ അബ്ദുൽ കരിം


== അഭയം കൃഷ്ണേട്ടൻ‍ ==


തിരുത്തുക





കഷ്ടിച്ച് മുട്ടുവരെയെത്തുന്ന തോർത്ത് , നിറംമങ്ങിയ അരക്കൈയൻ ഷർട്ട് , കാലിൽ ചെരിപ്പില്ല. അലങ്കാരങ്ങളൊന്നുമില്ലാത്ത ഒരു മനുഷ്യൻ. ‘ആർഭാടം’ തോന്നിക്കുന്ന വല്ലതും ഈ ശരീരത്തിലുണ്ടെങ്കിൽ അതൊരു വെള്ളത്താടി മാത്രമാണ്.ഇദ്ദേഹത്തിന്റെ പേര് കൃഷ്ണൻ. ഒരുകാലത്ത് വലിയ ഭൂസ്വത്തുണ്ടായിരുന്ന ജന്മികുടുംബത്തിലെ അംഗം. സ്വത്തും പ്രതാപങ്ങളും മോശമല്ലാത്ത ശമ്പളം കിട്ടുന്ന ബാങ്കുദ്യോഗത്തിന്റെ ഗമയുമെല്ലാം ഉപേക്ഷിച്ച് ഇങ്ങനെയൊരു ജീവിതം സ്വയം തിരഞ്ഞെടുത്തതാണ് ഇപ്പോൾ ഒരുതുണ്ട്‌ ഭൂമിപോലും സ്വന്തം ആവശ്യത്തിനായി കൈവശംവെക്കുന്നില്ല, അവനവന്റെ മേൽവിലാസമുള്ള ഒരു വീടോ സ്വാർഥസമ്പാദ്യങ്ങൾക്കുള്ള ബാങ്ക് അക്കൗണ്ടോ ഇല്ല...

ഇന്നലെ, നാലുകെട്ടിന്റെ സമ്പന്നതയിലും സൗകര്യങ്ങളിലും കഴിഞ്ഞിരുന്നയാൾ ഇന്ന് പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ഒരു കൊച്ചുവീട്ടിൽ താമസിക്കുന്നു.എന്തിനുവേണ്ടിയായിരുന്നു ഈ ത്യാഗം? അതറിയണമെങ്കിൽ ഒരിക്കലെങ്കിലും ‘അഭയ’ത്തിൽ വരണം. കൃഷ്ണേട്ടന്റെ ജീവിതം നേരിൽക്കാണണം. കണ്ണീരിന് നിറമില്ല കരുണയുടെ പച്ചപ്പ് ഇനിയും വറ്റിയിട്ടില്ലാത്ത ഗ്രാമമാണ് പാലക്കാട് ജില്ലയിലെ കൊപ്പം. അതുകൊണ്ടായിരിക്കണം ജാതിനോക്കാതെ, മതം നോക്കാതെ,പാർട്ടിനോക്കാതെ അശരണർക്ക് അഭയമരുളാൻ ‘അഭയ’ത്തിന് കഴിയുന്നത്. പട്ടാമ്പിറോഡിൽ 500 മീറ്റർ അകലെയായി പുലാശ്ശേരി ഗ്രാമത്തിലാണ് അഭയം. .30 ഏക്കർ സ്ഥലത്ത് പലസമയത്തായി പണിത കുറേ കെട്ടിടങ്ങൾ. അല്ല, കരുണയുടെ ശ്രീകോവിലുകൾ. അവിടെ ഏതൊക്കെയോ നാട്ടിൽനിന്ന് എപ്പോഴൊക്കെയോ, എങ്ങനെയൊക്കെയോ നൂറിലേറെ മനുഷ്യർ. ചിലർ മനോനിലതെറ്റിയവർ, മറ്റുചിലർ മക്കളാൽ ഉപേക്ഷിക്കപ്പെട്ടവർ, വേറെ ചിലർ ആരോരുമില്ലാത്ത അനാഥജന്മങ്ങൾ, ഇനിയും.ചിലർ ശാരീരികവൈകല്യമുള്ളവർ, രോഗികൾ... ഇവർക്കൊപ്പമാണ് കൃഷ്ണേട്ടന്റെ രാപകലുകൾ. അഭയത്തിന്റെ ഡയറക്ടർ കൃഷ്ണേട്ടനാണെന്നുപറഞ്ഞാൽ ആരും വിശ്വസിക്കില്ല.മുഷിഞ്ഞ വേഷംതന്നെയാണ് ഒന്നാമത്തെ പ്രശ്നം. പിന്നെ ആ ‘സ്ഥാനത്തിന് നിരക്കാത്ത’ ജോലികളാണ് ചെയ്യുന്നതുമുഴുവൻ. ചിലപ്പോൾ ചൂലെടുത്ത് മുറ്റമടിക്കുന്നതുകാണാം.മറ്റുചിലപ്പോൾ തൊഴുത്തിൽ ചാണകംവാരുകയോ പശുവിനെ കുളിപ്പിക്കുകയോ ആവും. വേറെ ചിലപ്പോൾ പാടത്ത് ചേറിൽ കിളയ്ക്കുന്ന തിരക്കിലായിരിക്കും. അല്ലെങ്കിൽ രോഗികളായ അന്തേവാസികൾക്ക് മരുന്നുകൊടുക്കുകയോ അവരെ ശുശ്രൂഷിക്കുകയോ... ഈ മനുഷ്യനെ ഒറ്റവാചകത്തിൽ ഇങ്ങനെ പരിചയപ്പെടുത്താം: ‘കരുണാമയനായ ഒരു ഒരു കമ്യൂണിസ്റ്റ് കൃഷ്ണൻ.’...... ഒറ്റരാത്രിയിൽ ഉണ്ടായതല്ല, അഭയം കൃഷ്ണേട്ടനും അഭയം എന്ന പ്രസ്ഥാനവും. വർഷങ്ങളുടെ അധ്വാനവും ഒരു നാടിന്റെ മുഴുവൻ സന്മനസ്സാർന്ന പൈതൃകവുമുണ്ട് അതിനുപിന്നിൽ.....പുലാശ്ശേരിയുടെ, വിശേഷിച്ച് പള്ളത്ത് മനയുടെ ആ മഹാപൈതൃകത്തിന്റെ, ഒട്ടും ശോഷിച്ചിട്ടില്ലാത്ത പ്രതിനിധിയാണ് കൃഷ്ണേട്ടൻ. നമ്പൂതിരിസമുദായത്തിനകത്തും പുറത്തും പരിഷ്കരണങ്ങളുടെ കൊടുങ്കാറ്റുസൃഷ്ടിക്കാൻ മുന്നിട്ടിറങ്ങിയ സഖാവ് പള്ളത്തിന്റെയും ആര്യാപള്ളത്തിന്റെയും പേരമകൻ. ...... സമൂഹനന്മയ്ക്ക് ഉതകുന്നതരത്തിൽ ചിലരുടെ ജീവിതങ്ങൾ തനിയേ രൂപപ്പെട്ടുവരുമല്ലോ. അതുപോലെ രൂപപ്പെട്ട ഒന്നാണ് എന്റെ ജീവിതവും’’, തന്റെ ‘ജന്മകഥ’ കൃഷ്ണേട്ടൻതന്നെ..പറയാൻതുടങ്ങി: ‘‘കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ പള്ളത്ത് മനയ്ക്കുള്ള സ്ഥാനം അറിയാമല്ലോ. എന്റെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെ ഉയർത്തിപ്പിടിച്ച ജാത്യതീതമായ പുരോഗമനചിന്തയും മനുഷ്യസ്നേഹവുമൊക്കെ പ്രസിദ്ധമാണ്. ജന്മിത്വത്തിനെതിരെയും ബ്രിട്ടീഷ് കോയ്മയ്‌ക്കെതിരെയും ധീരമായ നിലപാടെടുത്ത് പ്രവർത്തിച്ചു അവർ. മാറുമറയ്ക്കൽ സമരം, വിധവാവിവാഹം പോലുള്ള വിഷയങ്ങളിലും ഇടപെട്ടു. മുത്തച്ഛൻ(സഖാവ് പള്ളം) വസൂരിരോഗത്തിനെതിരെ നടത്തിയ പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു.അവരുടെ വിപ്ലവചിന്തകളും മനുഷ്യസ്നേഹവുമൊക്കെ ഞങ്ങൾക്കും കിട്ടിയിട്ടുണ്ടാകാം.’’......

ഇരുനൂറിലേറെ വർഷം പഴക്കമുള്ള പള്ളത്ത് മനയുടെ കെട്ടിടം ആ ഓർമകളുമായി ഇപ്പോഴുമിവിടെയുണ്ട്. പാർട്ടിയെ നിയമവിരുദ്ധമായിക്കണ്ടിരുന്ന കാലത്ത് കമ്യൂണിസ്റ്റ് ഇ.എം.എസ്സും എ.കെ.ജി.യും പി. കൃഷ്ണപ്പിള്ളയുമൊക്കെ ഇവിടെ ഒളിവിൽ താമസിച്ചിട്ടുണ്ട്. സഖാവ് ഇ.കെ. നായനാരും പള്ളത്തെ സന്ദർശകനായിരുന്നു. ‘.‘‘നായനാരാണ് എനിക്ക് മുത്തച്ഛന്റെ പേരിട്ടത്. നായനാരുടെ പേരും കൃഷ്ണൻ എന്നായിരുന്നല്ലോ! മറ്റൊരു കമ്യൂണിസ്റ്റ് കൃഷ്ണൻ!’’...... മന്ത്രങ്ങളിലോ ആരാധനകളിലോ ഒന്നും ആരും ഈ കുടുംബത്തെ തളച്ചിട്ടിട്ടില്ല. ഇടതുപാരമ്പര്യത്തിൽ വളർന്നതുകൊണ്ട് കുട്ടിക്കാലം മുതലേ ജാതി, മത വിഭാഗീയതകൾക്കതീതമായിചിന്തിക്കാൻ കഴിഞ്ഞു.......

‘അക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പ് മുടങ്ങാതെ വായിക്കുമായിരുന്നു. മാതൃഭൂമിയിലൂടെയാണ് ഗാന്ധിജിയെ ആഴത്തിൽ അറിഞ്ഞത്. വായനയിലൂടെ കിട്ടിയ സ്വതന്ത്രചിന്ത,......ഒന്നിനെയും അന്ധമായി ഫോളോ ചെയ്യരുതെന്ന് എന്നെ പഠിപ്പിച്ചു. കോളേജിൽ സുവോളജിയായിരുന്നു എന്റെ വിഷയം. കാവിമുണ്ടുടുത്താണ് ഞാൻ കോളേജിൽ പോയിരുന്നത്. ......പാന്റുടുത്തിട്ടേയില്ല, ഇതുവരെ. കാവിമുണ്ട് ഇപ്പോഴും ഉടുക്കാറുണ്ട്, ചെളിയറിയില്ല എന്നതുകൊണ്ടുമാത്രം’’, കൃഷ്‌ണേട്ടൻ പറയുന്നു....... അഭയത്തിന്റെ പിറവി തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ എം.എസ്‌സി.ക്ക് പഠിക്കുമ്പോഴാണ് ഇദ്ദേഹത്തിന്റെ ജീവിതത്തിൽ വഴിത്തിരിവുണ്ടാകുന്നത്. കനറാബാങ്ക്, .ക്ഷേമപ്രവർത്തനങ്ങൾ നടത്താനായി ഗ്രാമങ്ങൾ ദത്തെടുക്കുന്ന ഒരു പദ്ധതി ആരംഭിച്ചിരുന്നു. പുലാശ്ശേരിയുടെ സമീപപ്രദേശമായ തിരുവേഗപ്പുറയിൽ പ്രോജക്ട്‌ തുടങ്ങി.ആമപ്പറ്റ ഗ്രാമത്തിൽ സേവനപ്രവർത്തനങ്ങൾ നടത്താൻ കൃഷ്ണൻ നിയോഗിക്കപ്പെട്ടു. പള്ളത്തെ കുട്ടിയായതുകൊണ്ട് അവിടെ നല്ല സ്വീകാര്യതയും ...... അന്ന് തിരുവേഗപ്പുറ കനറാബാങ്കിന്റെ മാനേജരായിരുന്ന പൈ സാറിന്റെ അകമഴിഞ്ഞ പിന്തുണയും കിട്ടി. അങ്ങനെ ഉദ്ദേശിച്ച സമയത്തിനുമുമ്പ് പ്രോജക്ടിന്റെ ലക്ഷ്യം കൈവരിക്കാനായി.‘ഇക്കാലത്ത് ബാങ്ക് എനിക്ക് ബാംഗ്ലൂരിൽവെച്ച് ഒരു റൂറൽ െഡവലപ്‌മെന്റ് ട്രെയിനിങ് തന്നു. അന്നാണ് സോഷ്യോളജിയും ഒരു ശാസ്ത്രമാണെന്നും അത് പഠിച്ചാൽ സമൂഹത്തെ എളുപ്പം മാറ്റിയെടുക്കാൻ കഴിയുമെന്നും ഞാൻ മനസ്സിലാക്കുന്നത്. അവിടെവെച്ച് ബംഗ്ലാദേശ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു പ്രവർത്തകനുമായി സംസാരിച്ചപ്പോൾ കമ്യൂണിസ്റ്റുകൾക്കും സന്നദ്ധസംഘടനകൾ വിജയകരമായി നടത്താനാകുമെന്ന ബോധ്യവും ലഭിച്ചു. പരിശീലനത്തിന്റെ ഭാഗമായി പിന്നീട് വെല്ലൂർ മെഡിക്കൽ കോളേജ്,തിരുവനന്തപുരത്തെ മിത്രനികേതൻ എന്നിവിടങ്ങളിൽ ചെന്നപ്പോഴുണ്ടായ അനുഭവങ്ങളും സമൂഹസേവനത്തിന്റെ മികച്ച മാതൃകകളിലേക്ക് എന്നെ അടുപ്പിച്ചു’’, കൃഷ്‌ണേട്ടൻ അക്കാലം ഓർക്കുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം, 1987-ൽ സേവനതത്‌പരരായ സുഹൃത്തുക്കളുമായി ചേർന്ന് സോഷ്യൽ അസോസിയേഷൻ ഫോർെഡവലപ്‌മെന്റ് എന്ന ഒരു സന്നദ്ധസംഘടന രൂപവത്കരിച്ചു. 50 ആളുകൾ പത്തുരൂപവീതമെടുത്തായിരുന്നു ഇതിന്റെ തുടക്കം. എയർഫോഴ്‌സിലുള്ള അനിയൻ അവന്റെ ശമ്പളംകൊണ്ട് വീട്ടു ചെലവ് നടത്താമെന്നേറ്റപ്പോൾ കൃഷ്ണൻ തന്റെ ശമ്പളം സേവനപ്രവർത്തനങ്ങൾക്ക് നീക്കിവെച്ചു. പഞ്ചായത്തംഗമായിരുന്ന അമ്മ രുക്‌മിണി അന്തർജനവും കുടുംബാംഗങ്ങളും ആവശ്യമായ പിന്തുണനൽകി.അവശതയനുഭവിക്കുന്ന പത്തുകുട്ടികൾക്ക് അഭയമായി, അടുത്തവർഷം മെയ് 31-ന് പടിഞ്ഞാറ്റുമുറിയിലെ ചെറിയ വാടകക്കെട്ടിടത്തിൽ ‘അഭയം’ എന്നപേരിൽ ഒരു ബാലവാടിയും ഗ്രാമവികസനകേന്ദ്രവും തുടങ്ങി. പിന്നീടത് പുലാശ്ശേരിയിലെ സ്വന്തം സ്ഥലത്തേക്ക്‌ മാറി.ഇക്കാലത്താണ് അഭയം ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർചെയ്യുന്നത്.മലപ്പുറത്തുകാരനായ പി.പി. മോഹൻദാസ് ഒന്നരയേക്കർ സ്ഥലം അഭയത്തിന് നൽകുകയും ഇവിടെ താമസിച്ച് പ്രവർത്തിക്കുകയും ചെയ്തു. കൃഷ്ണന്‌ പാരമ്പര്യമായി കിട്ടിയ മൂന്നേക്കർസ്ഥലവും അഭയത്തിന്റേതായി. ഒരു രാത്രിയിൽ ഒരു വൃദ്ധൻ അവിടെ ശരണംതേടിവന്നു. അന്നുമുതൽ വൃദ്ധരെയും മനോനിലതെറ്റിയവരെയും സ്ത്രീകളെയുമൊക്കെ സ്വീകരിക്കാൻ അഭയം തീരുമാനിച്ചു.അച്ഛന്റെ അനുജത്തി മുരളിടീച്ചർ, അച്ഛൻപെങ്ങൾ ദേവകിവാര്യർ, പൊതുപ്രവർത്തകയായ നർഗീസ് ടീച്ചർ, പൈങ്കുളത്തെ സുമാ വാസുദേവൻ, മണ്ണാർക്കാട്ടെ ബഷീർമാഷ്, പി. ബാലകൃഷ്ണൻ അങ്ങനെ പലരും അഭയത്തിന് സ്ഥലംനൽകി. അങ്ങനെയാണ് ഇപ്പോഴത്തെ മുപ്പതേക്കറിലെ വലിയ സ്ഥാപനമായി അഭയം മാറിയത്. ‘എല്ലാം ഉപേക്ഷിക്കുമ്പോൾ എല്ലാം ലഭിക്കുന്നു’ എന്നൊരു സെൻ മൊഴിയുണ്ട്. അങ്ങനെ എല്ലാം നേടിയ ആളാണ് കൃഷ്ണേട്ടൻ. വിരമിക്കാൻ 19 വർഷം ബാക്കിയുള്ളപ്പോൾ 2001-ലാണ്, അഭയത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കനറാ ബാങ്കിലെ ഉദ്യോഗം ഉപേക്ഷിക്കുന്നത്. വി.ആർ.എസ്. എടുക്കുമ്പോൾ കിട്ടിയ എട്ടുലക്ഷംരൂപയിൽ നാലുലക്ഷവും അഭയത്തിന് നൽകി.കൃഷ്ണൻ എന്ന പേരൊഴിച്ചാൽ ജാതിയുടെയും മതത്തിന്റെയും ഒരടയാളങ്ങളും ഈ മനുഷ്യനിൽ ഇല്ല. ‘ഒരു മതത്തെയും പുണരാൻ ഞാനില്ല,‘ഒരു മതത്തെയും പുണരാൻ ഞാനില്ല, ഒരു മതത്തോടും കലഹിക്കാനും’ -ഇതാണ് നിലപാട്. മറ്റൊരു ജാതിയിൽപ്പെട്ട കരുനാഗപ്പള്ളി സ്വദേശിനിയായ കുമാരിയെയാണ് കൃഷ്ണേട്ടൻ വിവാഹംകഴിച്ചത്. ‘‘ജാതീയതയ്ക്കെതിരെ നിലപാടെടുത്തിട്ടുള്ള കുടുംബമാണ് പള്ളം. അതുകൊണ്ട് വിപ്ലവാശയങ്ങൾ പറയാൻ മാത്രമല്ല, ജീവിതത്തിൽ പ്രാവർത്തികമാക്കാനും എനിക്ക് കഴിയും. .എന്റെ മക്കളുടെ പേരിൽപ്പോലും അതുണ്ട്. മകന്റെ പേര് അപ്പു ബഷീർ ചെറിയാൻ എന്നാണ്. മകൾ അമ്മു ആര്യ റൂബിയ. അത് വലിയ ഒരു കാര്യമെന്ന നിലയിലല്ല, ഒരു സ്വയം ഓർമപ്പെടുത്തലാണ്ഇരുവരും എസ് എഫ് ഐയുടെ പ്രവർത്തകരായിരുന്നു. അമ്മു ഇപ്പോൾ രാജസ്ഥാനിൽ അധ്യാപികയാണ് .അപ്പു എം.എസ്.ഡബ്ല്യു. കഴിഞ്ഞ് ഞങ്ങളോടൊപ്പമുണ്ട്.വിവാഹത്തിനുശേഷം ഞാൻ പള്ളത്തുമന പാർട്ടിക്കായി എഴുതിനൽകിയിരുന്നു. പാർട്ടി അത്‌ സ്വീകരിക്കുന്നതുസംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. പക്ഷേ, എന്റെ ആഗ്രഹത്തിൽ മാറ്റമില്ല’’......

-കൃഷ്ണേട്ടൻ വ്യക്തമാക്കുന്നു. ഇപ്പോൾ മനയുടെ ഒരുഭാഗത്ത് സാമൂഹികക്ഷേമവകുപ്പിന്റെ അങ്കണവാടി പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു ഭാഗത്ത് ഭദ്രം എന്നപേരിൽ വൃദ്ധരായ അന്തേവാസികളുടെ രാത്രിസങ്കേതവും. വിഷം വേണ്ട ഉണ്ണുന്ന ചോറിൽ, ഊന്നുന്ന ചുവടുകളിൽ ഒട്ടും വിഷം കലരരുതെന്ന് കൃഷ്ണേട്ടന് നിർബന്ധമുണ്ട്. മുപ്പതേക്കറിൽ പച്ചപിടിച്ചുനിൽക്കുന്ന ജൈവകൃഷി അതിന്റെ ഒരു ഉദാഹരണം. ഇവിടത്തെ 107 അന്തേവാസികൾക്കും ഭക്ഷണത്തിനാവശ്യമായ അരിയും പച്ചക്കറികളുമെല്ലാം ജൈവരീതിയിൽത്തന്നെ കൃഷിചെയ്യുന്നു. ഗോമൂത്രവും ചാണകവും പച്ചിലകളുമൊക്കെയാണ് വളം. കീടനാശിനികളും ജൈവംമാത്രം. മഴമറകൃഷിയുമുണ്ട്. ‘‘15 വർഷത്തിലേറെയായി ഞങ്ങൾ അരി പുറത്തുനിന്ന് വാങ്ങാറില്ല. ഇപ്പോൾ പുറത്തേക്ക് വിൽക്കുകയും ചെയ്യുന്നു. പോരാത്തതിന് അന്തേവാസികളിൽ ജോലിചെയ്യാൻ കഴിയുന്നവർ അവരവർക്ക് കഴിയുന്ന ജോലികൾ ചെയ്യുന്നുണ്ട്. ചവിട്ടി, മെഴുകുതിരി, ചന്ദനത്തിരി അങ്ങനെ പലതും ഇവിടെ ഉണ്ടാക...ഗാന്ധിജി സ്വപ്നംകണ്ട സ്വയംപര്യാപ്ത ജീവിതമാണ് ഞങ്ങളുടെയും ആദർശം. ഇന്ത്യൻ മാർക്സിസ്റ്റ് എന്നാണ് ഞാൻ ഗാന്ധിജിയെ വിളിക്കുക. ഗാന്ധിജിയിൽ ചിന്താശേഷിയും സഹാനുഭൂതിയും ഒരുമിക്കുന്നു. ഞാൻ ഒരു ഇടതുപക്ഷ ചിന്താഗതിക്കാരനാണ്. ശാസ്ത്രസാഹിത്യപരിഷത്തിലുംമറ്റും മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. എന്നാൽ, സംഘടനയെ പുഷ്ടിപ്പെടുത്തുകമാത്രം ലക്ഷ്യമാക്കിയുള്ള പാർട്ടിപ്രവർത്തനത്തോട് എനിക്ക് യോജിപ്പില്ല. മനുഷ്യസേവനത്തിലായിരിക്കണം പ്രധാനശ്രദ്ധ’’ -കൃഷ്ണേട്ടൻ പറയുന്നു. കൃഷിയിലെന്നപോലെ സംഭാവന സ്വീകരിക്കുന്ന കാര്യത്തിലും ‘പരിശുദ്ധി’ കാത്തുസൂക്ഷിക്കുന്നു അഭയം.മദ്യവില്പനക്കാരുടെയോ മതതീവ്രവാദസംഘങ്ങളുടെയോ കൊള്ളപ്പലിശക്കാരുടെയോ ഒന്നും സംഭാവന സ്വീകരിക്കില്ല. ......എങ്കിലും എന്തൊക്കെയാണ് ഇവിടെ ഭംഗിയായി നടക്കുന്നത്- യോഗപരിശീലനം, സംഗീതപഠനം, പ്രകൃതിചികിത്സ, അപൂർവവിത്തുകളുടെ സംരക്ഷണം, പുസ്തകപ്രസാധനം, മികച്ച വായനശാല... ഒരേക്കറിലേറെ സ്ഥലം സ്മൃതിവനമെന്ന പേരിൽ കാടായി സംരക്ഷിക്കുന്നുമുണ്ട്.ഇത്രയും വലിയ ഒരു സ്ഥാപനം ഇത്രയും ക്ലേശങ്ങൾ സഹിച്ച് നടത്തുന്നതിനുപിന്നിലെ പ്രചോദനമെന്തെന്ന്‌ ചോദിച്ചപ്പോൾ കൃഷ്ണേട്ടന്റെ ഉത്തരം ഇങ്ങനെ: ......‘‘സത്‌കർമം ചെയ്യുന്നതിന് ഒരു സുഖമുണ്ട്. അതാണ് ഏറ്റവും വലിയ സുഖം’’ അതിന് കാലത്തിന്റെ പ്രതിഫലം......പോലെ ചില പുരസ്കാരങ്ങൾ... നേരത്തേ വി.ടി. ഭട്ടതിരിപ്പാടിന്റെ പേരിലുള്ള പുരസ്കാരവും മലയാളം വാരികയുടെ പുരസ്കാരവും. ഇപ്പോൾ ദേശീയ അവാർഡായ പ്ലാന്റ് ജീനോം സേവ്യർ പുരസ്കാരം... ‘‘അഭയംപോലുള്ള സ്ഥാപനങ്ങൾ ഇല്ലാതാവുന്ന, അവയുടെ ആവശ്യം വരാത്ത ഒരു നാളെയാണ് എന്റെ സ്വപ്നം. അശരണരും ദുർബലരും പീഡിതരുമൊന്നുമില്ലാത്ത ഒരു കാലം. ആ നല്ലകാലം പുലരുംവരെ അഭയം തളരുകയുമരുത്’’......

മനുഷ്യസ്‌നേഹമാണ്‌ യഥാർത്ഥ കമ്മ്യൂണിസം എന്നുള്ളത്‌ സ്വജീവിതത്തിലൂടെ കാട്ടിത്തരുകയാണ്‌ പള്ളം കൃഷ്‌ണൻ എന്ന അഭയം കൃഷ്ണേട്ടൻ. അനാഥരും അഗതികളും ഉറ്റവർ നഷ്‌ടപ്പെട്ടവരും ഉറ്റവരാൽ ഉപേക്ഷിക്കപ്പെട്ടവരുമായവരുടെ കൂടെ കുടുംബസമേതം ഉണ്ടും ഉറങ്ങിയും അവർക്കുവേണ്ടി ജീവിതമൊഴിച്ചുവെയ്‌ക്കുകയാണ്‌ കൃഷ്‌ണേട്ടൻ. കാവിമുണ്ടും പരുക്കൻ ജുബ്ബയും നീട്ടിവളർത്തിയ താടിയുമായി മോട്ടോർ സൈക്കിളിൽ പട്ടാമ്പിയിലും കൊപ്പത്തും സഞ്ചരിക്കുന്ന ഈ 51 കാരൻ പട്ടാമ്പിക്കു സമീപം കൊപ്പം പുലാശ്ശേരിയിൽ പ്രവർത്തിക്കുന്ന അഭയം ജീവകാരുണ്യ അനാഥ അഗതി മന്ദിരത്തിന്റെ ജീവനാഡിയാണ് 

സർവീസിൽ നിന്ന്‌ വിരമിക്കാൻ 19 വർഷമുള്ളപ്പോൾ 2001 ൽ കനറാബാങ്കിലെ ഉദ്യോഗത്തിൽ നിന്ന്‌ വി ആർ എസ്‌ വഴി പിരിഞ്ഞാണ്‌ കൃഷ്‌ണേട്ടൻ പൊതുപ്രവർത്തനരംഗത്ത്‌ സജീവമാകുന്നത്‌. അയിത്താചാരത്തിന്റെ നൂൽബന്ധങ്ങൾ നിലനിന്നിരുന്ന നമ്പൂതിരി സമുദായത്തിൽ അനാചാരത്തിനെതിരെ വിപ്ലവകാഹളം മുഴക്കിയ പള്ളം മനയിൽ നിന്നാണ്‌ കൃഷ്‌ണേട്ടൻ പൊതുപ്രവർത്തനരംഗത്തെത്തിയത്‌ എന്നുള്ളത്‌ ശ്രദ്ധേയം. സമൂഹത്തിൽ ഉച്‌ഛനീചത്വങ്ങൾ നിലനിന്നിരുന്ന കാലത്ത്‌ പാവപ്പെട്ടവർക്ക്‌ ആശ്രയം നൽകിയിരുന്ന പള്ളത്ത്‌ കൃഷ്‌ണൻ നമ്പൂതിരിയുടേയും ആര്യപള്ളത്തിന്റേയും പേരമകനാണ്‌ കൃഷ്‌ണേട്ടൻ.

കനറാബാങ്കിലെ ഉദ്യോഗത്തിലിരിക്കെ 1984 ൽ റൂറൽ സർവീസ്‌ വളണ്ടിയറായി പൊതുപ്രവർത്തനത്തിനിറങ്ങിയ കൃഷ്‌ണൻ 1987 ൽ രൂപീകരിച്ച സോഷ്യൽ അസോസിയേഷൻ ഫോർ ഡവലപ്പ്‌മെന്റ്‌ എന്ന സമിതിയാണ്‌ ഇന്നത്തെ അഭയമായി മാറിയത്‌.1988 ലാണ്‌ പുലാശേരിക്കടുത്ത്‌ പടിഞ്ഞാറ്റുമുറിയിലെ വാടകകെട്ടിടത്തിൽ 10 കുട്ടികളുമായി അഭയം എന്ന പുനരധിവാസകേന്ദ്രത്തിന്‌ തുടക്കം കുറിക്കുന്നത്‌. പ്രവർത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായി നാലംഗട്രസ്‌റ്റിന്‌ രൂപം നൽകി. രണ്ട്‌ ഏക്കർ സ്‌ഥലം പുലാശേരിയിൽ സ്വന്തമാക്കി കെട്ടിടം പണിതു. ആ കെട്ടിടം 1989 ജനുവരി 26 ന്‌ അന്നത്തെ ഗ്രാമ വികസന മന്ത്രി ടി ശിവദാസമേനോൻ ഉദ്‌ഘാടനം ചെയ്‌തു.

1989 ൽ അഭയം ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്‌റ്റർ ചെയ്‌തു. 1990 ൽ അഭയത്തിന്റെ പ്രവർത്തനങ്ങളുമായി സഹകരിക്കാനെത്തിയ മലപ്പുറത്തുകാരൻ പി പി മോഹൻദാസ്‌ ഒന്നര ഏക്കർ സ്‌ഥലം അഭയത്തിന്‌ നൽകി.അഭയത്തിൽ താമസിച്ച്‌ സന്നദ്ധ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. അതുവരെ കുട്ടികളെ മാത്രം ഏറ്റെടുത്തിരുന്ന അഭയം അതോടെ മന്ദബുദ്ധികൾക്കും വൃദ്ധർക്കും ആശ്രയമായി. ഉദ്യോഗത്തിലിരിക്കെ പൊതുപ്രവർത്തനത്തിൽ സജീവമായ കൃഷ്‌ണന്‌ ബാങ്കുകളുടെ ജനസേവനത്തിന്റെ തനിനിറവും വ്യക്‌തമായി. പൊതുപ്രവർത്തനം അല്ലെങ്കിൽ ബാങ്കിലെ ജോലി എന്ന നിലപാടിലേക്ക്‌ ബാങ്ക്‌ മാനേജുമെന്റ്‌ മാറിയപ്പോൾ ജനങ്ങൾക്കൊപ്പമാണ്‌ താനെന്നു പറഞ്ഞ്‌ ബാങ്കിന്റെ പൊതുജനസേവനത്തിന്‌ ഗുഡ്‌ബൈ പറയാനും കൃഷ്‌ണൻ ചങ്കൂറ്റം കാട്ടി.

1989 ൽ സ്വന്തമായി കെട്ടിടം നേടിയ അഭയം പിന്നീട്‌ നിരവധി കെട്ടിടങ്ങളുടെ കേന്ദ്രമായും വളർന്നു. വൃദ്ധസദനം, സത്രീകളുടേയും പെൺകുട്ടികളുടേയും അഭയകേന്ദ്രം, മാനസിക വെല്ലുവിളുകൾ നേരിടുന്നവരുടെ പുനരധിവാസകേന്ദ്രം, പട്ടാമ്പി ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന പദ്ധതി പ്രകാരമുള്ള പ്രത്യേക വിദ്യാലയം, കൃഷി വകുപ്പിന്റെ സമ്മിശ്ര നഴ്‌സറി, മാതൃക കൃഷിതോട്ടങ്ങൾ, ഹോർട്ടികൾച്ചർ തെറാപ്പി, 12 ഏക്കർ ഭൂമിയിൽ നെല്ല്‌, വാഴ, പച്ചക്കറി എന്നിവയുടെ ജൈവകൃഷി, സോപ്പ്‌, പൽപ്പൊടി, അരി, അവിൽ എന്നിവയുടെ ഉൽപ്പന്ന നിർമ്മാണ വിപണനകേന്ദ്രം, ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള പള്ളം സ്‌മാരക വായനശാല, നെഹ്‌റു യുവകേന്ദ്രയുടെ യുവജന വികസന കേന്ദ്രം, പട്ടാമ്പി ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസന വിദ്യാകേന്ദ്രം, ആരോഗ്യകേന്ദ്രം, പ്രകൃതി ചികിത്സാകേന്ദ്രം, തുന്നൽ പരിശീലന കേന്ദ്രം, ഷൊർണൂർ പോളിടെക്‌നിക്കിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാങ്കേതിക വിദ്യാപരിശീലനങ്ങൾ, പാലക്കാട്‌ ജനശിക്ഷൺ സംസ്‌ഥാൻ നടത്തുന്ന ഗ്രാമീണതൊഴിൽ പരിശീലനങ്ങൾ, സഹവാസക്യാമ്പുകൾ എന്നിവയ്‌ക്കെല്ലാം വേദിയാണ്‌ അഭയം. ജൈവകൃഷിക്ക്‌ അഭയത്തിന്റെ മണ്ണ്‌ വേദിയായപ്പോൾ ഏക്കറുകണക്കിന്‌ പാടങ്ങളിൽ നെല്ലുൾപ്പടെയുള്ള പച്ചക്കറിവിഭവങ്ങൾ വിളഞ്ഞു. അഭയത്തിലെ ആവശ്യത്തിനുള്ള ഉപയോഗം കഴിഞ്ഞുള്ള സാധനങ്ങൾ നാട്ടുകാർക്കും നൽകാനും തുടങ്ങി. ഗ്രാമവികസനം, പരിസ്‌ഥിതി സംരക്ഷണം, പഞ്ചായത്ത്‌ രാജ്‌, ആരോഗ്യം, വിദ്യാഭ്യാസം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ഉപഭോക്‌തൃസരംക്ഷണം, ഫിലിം സൊസൈറ്റി, യൂത്ത്‌ ക്ലബ്‌, ജാതിമത രഹിത സമൂഹം എന്നീ പ്രവർത്തനങ്ങൾക്കും മുളയങ്കാവ്‌ മാധവ വാദ്യവിദ്യാലയം, കനറാബാങ്കിന്റെ എടപ്പലത്തെ ഗ്രാമവിഭവ വികസനകേന്ദ്രം, മലമ്പുഴ കവയിലെ ആദിവാസി വികസനകേന്ദ്രം, അരിയല്ലൂരിലെ വൃദ്ധസദനം തുടങ്ങീ സമാന ലക്ഷ്യങ്ങളുമായി പ്രവർത്തിക്കുന്ന സംഘടനകളുമായും പ്രസ്‌ഥാനങ്ങളുമായി ചേർന്നാണ്‌ അഭയം പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുന്നത്‌. ശാസ്‌ത്രസാഹിത്യപരിഷത്തിന്റെയും സി പി എമ്മിന്റേയും പ്രവർത്തകനായ കൃഷ്‌ണൻ സ്വജീവിതത്തിലും കാട്ടിയത്‌ കമ്മ്യൂണിസം എങ്ങനെ പ്രാവർത്തികമാക്കാം എന്നുള്ളതാണ്‌. (കടപ്പാട്‌ - മംഗളം ദിനപത്രം)

“അഭയത്തിൽ ആദ്യകാലത്ത് ആൺകുട്ടികൾ മാത്രമായിരുന്നു അന്തേവാസികൾ. ആ സമയത്താണ് അനാഥയായ ഒരു പെൺകുട്ടി വന്നത്,” അഭയം കൃഷ്ണൻ എന്നറിയപ്പെടുന്ന കൃഷ്‌ണേട്ടൻ ദ് ബെറ്റർ ഇൻഡ്യയോട് ആ കൂട്ടായ്മയുടെ കഥ പറഞ്ഞുതുടങ്ങുന്നു. “അവരെ തനിച്ച് അവിടെ ആക്കാൻ ബുദ്ധിമുട്ടായതിനാൽ അഭയത്തോട് ചേർന്ന തറവാട്ടിൽ താമസിപ്പിച്ചു. അമ്മ ഏറെ സനേഹത്തോടെയാണ് അത് ഏറ്റെടുത്തത്. ആ സമയത്ത് ഇനിയും ഏറെ പെൺകുട്ടികൾ വരുമെന്നും അതിനാൽ ഞാൻ ഒരു വിവാഹം കഴിച്ചാൽ, അവരെ നോക്കാൻ കൂടി ഒരാളാകും എന്നതിനാൽ പല വിവാഹാലോചനകളും നടത്തി.” എന്നാൽ വിവാഹം കഴിക്കാൻ കൃഷ്‌ണേട്ടന് ചില കണ്ടീഷൻസ് ഒക്കെ ഉണ്ടായിരുന്നു. ജാതി-മതരഹിത വിവാഹം ആയിരിക്കും. അഭയത്തിൽ താമസിച്ച് കാര്യങ്ങൾ നോക്കണം. പിന്നെ, ഏത് സമയത്ത് അഭിപ്രായ വ്യത്യാസം ഉണ്ടായാലും സന്തോഷത്തോടെ പിരിയണം. “ഈ വ്യവസ്ഥകളിൽ യോജിക്കുന്ന ഒരു പെൺകുട്ടിയെ ബാങ്കിലെ സഹപ്രവർത്തകർ നിർദേശിച്ചു. അങ്ങിനെ 1988-ൽ അഭയം തുടങ്ങി 4 മാസം കഴിഞ്ഞപ്പോൾ കരുനാഗപ്പിള്ളിയിൽ നഴ്‌സായ കുമാരിയെ വിവാഹം ചെയ്തു,” കൃഷ്‌ണേട്ടൻ പറഞ്ഞു. ലളിതമായ ചടങ്ങ്. ചെമ്പരത്തി മാല പര്‌സ്പരം അണിഞ്ഞ് വിവാഹം ആ വിവാഹം നടന്നു.

“കുമാരി അഭയത്തിൻറെ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടു. പ്രത്യേകിച്ച് ആക്രമണ വാസനയുള്ള മാനസിക രോഗികളെ പരിചരിക്കുന്നതിൽ അവർ ഏറെ ത്യാഗത്തോടെ തന്നെ പ്രവർത്തിച്ചു,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. “രണ്ട് മക്കളാണ് ഞങ്ങൾക്ക്. മുത്ത മകൾ അമ്മു സൈക്കോളജി പഠിച്ചു. അപ്പു സോഷ്യൽ വർക്കാണ് പഠിച്ചത്. അമ്മു വിവാഹം കഴിഞ്ഞ് ബാംഗ്‌ളൂരിലും അപ്പു കുടുംബശ്രീ കൗൺസിലറായി ഇപ്പോൾ പാലക്കാടും ജോലി ചെയ്യുന്നു.” കൃഷ്‌ണേട്ടന് കാനറാ ബാങ്കിലായിരുന്നു ജോലി. ബാങ്കിൻറെ ഗ്രാമ സേവാ കേന്ദ്രങ്ങളിലൂടെ ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിൻറെ ചുമതലയായിരുന്നു അദ്ദേഹത്തിന്. വീട്, വൈദ്യുതി, വിദ്യാഭ്യാസം, കുടിവെള്ളം എന്നീ മേഖലകളിൽ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്ന ചുമതലയായിരുന്നു. “ബാങ്കിൻറെ സാമൂഹ്യ പ്രവർത്തന പദ്ധതികളിൽ നേതൃത്വം നൽകിയത് ഏറെ സാമൂഹ്യ പാഠങ്ങൾ എനിക്ക് നൽകി. 1985-ൽ പോലും അയിത്താചരണം നടന്നിരുന്ന ഒരു ഗ്രാമത്തിൽ ദളിതർക്കായി പൊതുകിണർ നൽകിയാണ് ഇത്തരം ദുരാചാരങ്ങളെ പ്രതിരോധിച്ചത്,” അദ്ദേഹം ഓർക്കുന്നു. ദുരാചാരങ്ങൾക്കെതിരെ പടനയിച്ച ധീരവനിത ആര്യ പള്ളത്തിൻറെ പേരക്കുട്ടിയാണ് കൃഷ്‌ണേട്ടൻ. (ഘോഷ–തലമറയ്ക്കുന്ന ശീല–യും മറക്കുടയും ഉപേക്ഷിച്ച് തലയുയർത്തിപ്പിടിച്ച് സമൂഹത്തിലേക്കിറങ്ങാൻ അന്തർജ്ജനങ്ങളോട് ആഹ്വാനം ചെയ്തുകൊണ്ട് വി ടി ഭട്ടതിരിപ്പാടിനൊപ്പം അണിചേർന്ന നവോത്ഥാന നായികമായിരിൽ ഒരാളാണ് ആര്യാ പള്ളം. പാലിയം സത്യാഗ്രഹത്തിലും സജീവസാന്നിദ്ധ്യമായിരുന്നു. അന്തപ്പുരങ്ങൾക്കുള്ളിലെ ഗാർഹികപീഢനങ്ങൾക്കെതിരെ അന്നേ ശക്തമായ ശബ്ദമുയർത്തി.) “വി.ടി.ഭട്ടതിരിപ്പാടിനോടും ഇ.എം. എ സിനോടും ഒപ്പം പുരോഗമന സോഷ്യലിസ്റ്റ് ആശയങ്ങളുടെ മൂർച്ചയിൽ ജീവിച്ച എനിക്ക്, അച്ഛൻറെ അമ്മ ആര്യാ പള്ളം സാമൂഹ്യ നന്മയുടെ നേരറിവുകൾ പകർന്നു തന്നു,” അദ്ദേഹം പറയുന്നു. കാനറാ ബാങ്കിൻറെ സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കുമ്പോൾ തന്നെ അദ്ദേഹത്തിന് ഹ്രസ്വകാല പദ്ധതികൾക്കപ്പുറം കൂടുതൽ ഫലപ്രദമായ എന്തെങ്കിലും ചെയ്യണമെന്ന മോഹമുണ്ടായിരുന്നു. അതിനായി 1987-ൽ സോഷ്യൽ അസ്സോസിയേഷൻ ഫോർ ഡെവലപ്‌മെൻറ് എന്ന സംഘം രെജിസ്റ്റർ ചെയ്തു. തിരുവനന്തപുരം മിത്ര നികേതൻ, കാനറാ ബാങ്കിൻറെ ഗ്രാമസേവാ പ്രവർത്തനങ്ങൾ എന്നിവ മാതൃകയായുണ്ടായിരുന്നു. ഈ സംഘം ആണ് പിന്നീട് അഭയം ആയി മാറിയത് എന്ന് പറയാം. 2001-ൽ ബാങ്കിൽ നിന്ന് സ്വയം വിരമിച്ച് കൃഷ്‌ണേട്ടൻ പൂർണമായും അഭയത്തിൻറെ പ്രവർത്തനങ്ങളിൽ മുഴുകി. “അഭയമില്ലാത്തവർക്ക് അഭയമാകുക എന്നത് വലിയ രാഷ്ട്രീയ പ്രവർത്തനമാണ്, വലിയ സാമ്പത്തിക ചെലവ് ഉള്ളതുമാണ്. പ്രയാസപ്പെട്ടാലും സാമൂഹ്യവിരുദ്ധരുടേയും പരിസ്ഥിതി വിനാശകരുടേയും ഒരു പണവും സ്വീകരിക്കണ്ട എന്ന് ഞങ്ങൾ ആദ്യമേ തീരുമാനമെടുത്തു. വിദേശ ഫണ്ട് സ്വീകരിക്കരുത് എന്ന് കൂടി ഞങ്ങൾ തീരുമാനിച്ചിരുന്നു,” അഭയത്തിലേക്കെത്തിയ വഴികൾ അദ്ദേഹം വിശദീകരിക്കുന്നു. അഭയത്തെ സഹായിക്കാൻ സന്നദ്ധരായി നിരവധി പേർ മുന്നോട്ട് വന്നു. “അച്ഛൻറെ സഹോദരിമാരും സാമൂഹ്യപ്രവർത്തകരുമായ ദേവകി അന്തർജനവും മുരളി ടീച്ചറും അവർക്ക് കിട്ടിയ മൂന്നര ഏക്കർ കുടുംബ സ്വത്ത് അഭയത്തിന് ദാനം നൽകി. ഈ മാതൃക സന്മനസ്സുള്ള പലരും തുടർന്നു. അഭയത്തിന് കുറച്ച് കൂടി കൃഷിഭൂമിയടക്കമുള്ള സ്ഥലം കിട്ടി.” ഞാൻ എൻറെ കുടുംബം’ എന്ന സ്വകാര്യ അഹങ്കാരത്തിന് ചെറിയ പ്രഹരമായി ഇത് മാറിയെന്നുതന്നെ പറയാം എന്ന് കൃഷ്‌ണേട്ടൻ. ബഷീർ മാഷിൻറെ കുടുംബ സ്വത്ത് ഭാഗം വെച്ച് മാഷിന് കിട്ടിയ മണ്ണാർക്കാട്ടെ ഭൂമി അഭയത്തിന് നൽകി. മാഷിൻറെ ഭൂദാനത്തിന് പിറകേ സഹോദര സഹോദരിമാരും മക്കളും അവരുടെ വിഹിതമായും ഭൂമി നൽകുകയുണ്ടായി.

ഇങ്ങിനെ വലുതും ചെറുതും പിന്തുണക്കൊപ്പമാണ് ഞങ്ങൾ സ്വാശ്രയത്വത്തിലേക്ക് ചുവട് വെച്ചത്,” കൃഷ്‌ണേട്ടൻ എല്ലാവരേയും നന്ദിയോടെ ഓർക്കുന്നു. എം.പിയായിരുന്ന എസ്. അജയകുമാർ എം പി ഫണ്ടും ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഇവിടെ ചില പദ്ധതികൾക്ക് സാമ്പത്തിക സഹായം തന്നതും അഭയത്തിൻറെ പ്രവർത്തനങ്ങൾക്ക് താങ്ങായി. ജാതി-മത-രാഷ്ട്രീയത്തിൻറെ മതിലുകളില്ലാതെ വളർന്ന അഭയം ഇന്ന് സ്‌നേഹത്തോടെ കഴിയുന്നവരുടെ ഒരു കമ്യൂണായി മാറിയെന്ന് പട്ടാമ്പി കൊപ്പത്തുള്ള അഭയത്തിലിരുന്നു കൃഷ്‌ണേട്ടൻ പറഞ്ഞു. ഇന്ന് നൂറോളം അന്തേവാസികൾ. ഇവിടെ കഴിയുന്നു. അനാഥക്കുട്ടികൾ, വൃദ്ധർ, വികലാംഗർ, മാനസിക രോഗികൾ, വീട്ടിൽ ഒറ്റക്കായിപ്പോയവർ… എല്ലാവരും ഇവിടെ മതിൽക്കെട്ടുകളുമില്ലാതെ ജീവിക്കുന്നതുകാണുമ്പോൾ സന്തോഷം ഉണ്ടെന്ന് അഭയം കൃഷ്‌ണേട്ടൻ. തൊണ്ണൂറുകളിൽ പ്രശസ്ത പ്രകൃതി ചികിത്സകനായ സി. ആർ .ആർ. വർമ്മയുടെ ക്ലാസ്സിൽ അഭയത്തിൽ നിന്നും പങ്കെടുത്തു. അപ്പോഴാണ് തെറ്റായ ഭക്ഷണ ക്രമമാണ് പിന്തുടരുന്നത് എന്ന് ബോധ്യപ്പെട്ടത്. അതിന് ശേഷം പാൽ, പഞ്ചസാര, മൈദ, ചായ എന്നിവ ഞങ്ങൾ പൂർണ്ണമായും ഒഴിവാക്കി. ശുദ്ധമായ ഭക്ഷണം സ്വയം ഉത്പ്പാദിപ്പിക്കുക തന്നെ വേണം എന്ന തിരിച്ചറിവിലേക്കാണെത്തിച്ചത് എന്ന് കൃഷ്‌ണേട്ടൻ പറയുന്നു. അങ്ങനെയാണ് കൃഷിയിലേക്ക് സജീവമായി ഇറങ്ങുന്നത്. കൃഷിയിലൂടെ ശുദ്ധ ഭക്ഷണം നല്ല ആരോഗ്യം എന്ന കാഴ്ചപ്പാടിലേക്ക് അഭയം എത്തി. തുടക്കത്തിൽ പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രത്തിൻറെ നല്ല സാങ്കേതിക പിന്തുണ ലഭിച്ചു. “പൂർണ്ണമായ ജൈവകൃഷി ആയിരുന്നില്ല അവർ നിർദേശിച്ചിരുന്നത്. ഞങ്ങൾ പക്ഷേ മെല്ലെ മെല്ലെ ജൈവ കൃഷിയിലേക്ക് ചുവട് വെച്ചു,” കൃഷ്‌ണേട്ടൻ വിശദമാക്കി. അരിയും പച്ചക്കറികളും ജൈവ രീതിയിൽ ഉദ്പ്പാദിപ്പിച്ച് ഒരു പരിധി വരെ ഭക്ഷ്യ സ്വാശ്രയത്വം നേടാൻ അഭയത്തിന് കഴിഞ്ഞു.

ഏകദേശം 30 ഏക്കർ സ്ഥലത്ത് ഇപ്പോൾ നെല്ലും പച്ചക്കറികളുമൊക്കെ കൃഷി ചെയ്യുന്നുണ്ട്. 106 നാടൻ നെല്ലിനങ്ങളും അഭയത്തിൻറെ പാടങ്ങളിൽ സംരക്ഷിക്കപ്പെടുന്നു. കൈരളി ടി വിയുടെ കതിർ ശ്രീ അവാർഡും കൃഷ്‌ണേട്ടൻ നേടി. അവാർഡ് ദാന ചടങ്ങിൽ വെച്ച് മമ്മുട്ടി പറഞ്ഞു: “സെലിബ്രിറ്റികൾ ജൈവ കൃഷി ചെയ്ത് വരുമാനം ഉണ്ടാക്കുന്നത് സാമ്പത്തിക നേട്ടത്തിനാണ്. നിങ്ങളാകട്ടെ അത് ചെയുന്നത് അനാഥർക്ക് നല്ല ഭക്ഷണം നൽകാനാണ്. അതുകൊണ്ട് നിങ്ങൾ ചെയ്യുന്നതാണ് സത്കർമ്മം.” അദ്ദേഹത്തിൻറെ വാക്കുകൾ അഭയത്തിന് കിട്ടിയ വലിയൊരു അംഗീകാരമാണെന്ന് കൃഷ്‌ണേട്ടൻ.

കൃഷി ചെയ്യുന്നതിലെ ആനന്ദത്താടൊപ്പം ആരോഗ്യ ഭക്ഷ്യ സ്വാശ്രയത്വവും നേടിയെടുത്തുവെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ചിത്രകലാ ക്യാമ്പുകൾ, നാടക പണിപുരകൾ, പാട്ടരങ്ങുകൾ… അങ്ങിനെ പലതരം കലാ-സാംസ്‌കാരിക പരിപാടികൾ കൊണ്ട് സജീവമാണ് അഭയം. അങ്ങനെയുള്ള പരിപാടികൾ അശരണരായവർക്ക് നൽകുന്ന ഒരു ശുശ്രൂക്ഷ തന്നെയാണെന്ന് കൃഷ്‌ണേട്ടൻ പറയുന്നു. അസ്വസ്ഥരായവർക്ക് കുറച്ചെങ്കിലും ആശ്വാസം നൽകാൻ അതുകൊണ്ടു കഴിയുമെന്നാണ് അദ്ദേഹത്തിൻറെ അനുഭവം. അഭയത്തിൻറേയും പ്രവർത്തകരുടേയും പ്രവർത്തനങ്ങളിലെ മറ്റൊരു ഊർജ്ജം അവർ നടത്തുന്ന യാത്രകളാണ്. കാനറാ ബാങ്കിൻറെ ഗ്രാമസേവാ പ്രവർത്തന കാലത്ത് വയനാട്ടിലും ബാംഗ്‌ളൂരിലും ഒരുപാട് യാത്രകൾ കൃഷ്‌ണേട്ടൻ നടത്തിയിരുന്നു. പിന്നെ ഉത്തരേന്ത്യയിൽ, ഹിമാലയം, ഡെൽഹി, ഗംഗാ-ഹരിദ്വാർ യാത്രകൾ… “ഓരോ യാത്രയിലും പുതിയ സഞ്ചാരികൾ കൂടെ ചേരുകയും അവർ പലരും അഭയത്തിന്റെ കുടുംബാംഗങ്ങളാകുകയും ചെയ്തു,” അദ്ദേഹം പറഞ്ഞു. “വാർദ്ധയിലെ ഗാഡി ആശ്രമം, ടാഗോറിൻറെ ശാന്തിനികേതൻ എന്നിവിടങ്ങളിലെല്ലാം സന്ദർശിച്ചു. മധ്യപ്രദേശിലെ ദബോൾക്കറുടെ (ശ്രീപദ് എ ദബോൾക്കർ) കൃഷി പ്രവർത്തനങ്ങൾ കണ്ടറിഞ്ഞത് ഞങ്ങൾക്കേറേ ജൈവകുഷി പാഠങ്ങൾ നൽകി. ഫുക്കുവോക്കയുടെ കൃഷിരീതികളും ഒക്കെ ഞങ്ങളെ സ്വാധീനിച്ചു. കേരള ജൈവകർഷക സമിതിയുമായി സജീവമായി പ്രവർത്തിക്കുന്നുണ്ട് അഭയം പ്രവർത്തകർ,” കേരള ജൈവകർഷക സമിതിയുടെ സംസ്ഥാന പ്രസിഡൻറ് കൂടിയായ കൃഷ്‌ണേട്ടൻ വിശദമാക്കുന്നു. നിങ്ങൾക്കറിയില്ലേ അന്തർജനമെന്നാൽ ആരാണെന്ന് ? ഒച്ചയാട്ടിയകറ്റി കാലുള്ളൊരു മറക്കുട നിങ്ങൾക്കു മുന്നിലൂടെ അതാ നടന്നുപോകുന്നതു കാണുന്നില്ലേ ! നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ഉജ്വലമായ ഒരു സമരകാലത്തിനു ശേഷം ഈ അന്തർജനം ഒരു പഴയ ചിത്രമായി. ആ പരിണാമ ചരിത്രത്തിലെ അഗ്‌നിനക്ഷത്രങ്ങളിലൊന്നായ ആര്യാ പള്ളത്തിൻറെ സ്മരണകളുള്ള വള്ളുവനാട്ടിലെ പള്ളം മന ഇന്ന് ജീവിതത്തിൽ ഇരുട്ടുമൂടിയ സ്ത്രീകളുടെ മാത്രമല്ല, സമൂഹത്തിലെ അശരണരും നിരാലംബരുമായ നൂറുകണക്കിന് മനുഷ്യർക്ക് വെളിച്ചമായ അഭയമാണ്. ആര്യാ പള്ളത്തിൻറെ മകൻ പരമേശ്വരൻറെ പുത്രൻ കൃഷ്ണനിലൂടെ നൻമയുടെ ആ കാലം തലമുറകളിലേക്ക് പകരുന്നു. ഒറ്റപ്പെട്ടുപോയ, ജീവിതത്തിൻറെ താളം നഷ്‌ടപ്പെട്ടുപോയവർക്ക് അത് താങ്ങും തണലുമാകുന്നു. ആ നൻമമരത്തിൻറെ പേരാണ് ‘അഭയം’. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും എട്ട് കിലോമീറ്റർ ദൂരത്ത് കൊപ്പം പുലാശേരിയിൽ പള്ളം മനയും മുപ്പതേക്കറോളം ജെെവഭൂമിയും അഭയം എന്ന കേന്ദ്രവും. ബാങ്കുദ്യോഗസ്ഥനായിരുന്ന കൃഷ്ണൻ 19 വർഷം സർവീസ് ബാക്കിനിൽക്കേ സ്വയം വിരമിച്ച്, ജീവിതം അപരന് സമർപ്പിച്ചതിൻറെ ചിത്രമാണിത്. 1988 ൽ കുറച്ചു കുട്ടികളെ താമസിപ്പിച്ചു കൊണ്ടാണ് അഭയത്തിന് തുടക്കമാകുന്നത്. ഗ്രാമവികസന സമിതിയുടെ തുടർച്ചയായി രൂപപ്പെട്ട ഒരു സന്നദ്ധസംഘം. ബാലമന്ദിരം, അംഗനവാടി, ഗ്രന്ഥശാല എന്നതിൽ നിന്ന് ഇന്നത് നിരാലംബരുടെ അഭയസ്ഥാനം, അഗതികളായ സ്ത്രീകളുടെ ഭവനം, മാനസിക വെല്ലുവിളികളുള്ളവരുടെ പുനരധിവാസ കേന്ദ്രം, ജെെവകൃഷി, പ്രകൃതിജീവനം, വായനശാല എന്നിങ്ങനെ പന്തലിച്ചിരിക്കുന്നു. അവരോടൊപ്പം ജീവിതത്തിൻറെ നെെർമല്യം കൊണ്ട് പ്രകാശം പരത്തുന്ന കൃഷ്ണേട്ടനും. വിദേശഫണ്ടുകളോ മറ്റോ സ്വീകരിക്കാതെ സാധാരണ മനുഷ്യർ സ്നേഹത്തോടെ നൽകുന്നതാണ് ഇവിടുത്തെ ചെലവുകളുടെ മാർഗം. ഏതാണ്ട് പതിനായിരത്തിലധികം തുക ഓരോ ദിവസവും അന്തേവാസികളുടെ ഭക്ഷണാവശ്യത്തിനു മാത്രമാവുന്നുണ്ട്. നൻമയുള്ള മനുഷ്യർ പലതരത്തിൽ അഭയത്തോട് ചേർന്നുനിൽക്കുന്നു. പയ്യനടം എന്ന സ്ഥലത്ത് ഒരേക്ര സ്ഥലം വിട്ടുനൽകി ബഷീർ എന്നൊരാൾ അഭയത്തിന് കൂട്ടാവുന്നു. അഭയം കൃഷ്ണാ എന്നതിന് ഒരു പ്രാർത്ഥന എന്നല്ല, പ്രവൃത്തി എന്നാണ് ഇവിടെ അർത്ഥം… (കടപ്പാട് - മാതൃഭൂമി,മംഗളം )

2.പ്രൊഫസർ അബ്ദുൽ കരിം

വിദ്യാലയം പ്രതിഭകളിലേക്ക് -ജിവിഎച്എസ്എസ് കൊപ്പം








വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ രണ്ടാംദിനത്തിൽ (21/11/2019 വ്യാഴം)കൊപ്പം ഗവ.ഹൈസ്ക്കൂളിലെ കുട്ടികളും അധ്യാപകരും എത്തിയത് പുതിയ റോഡിന് സമീപം താമസിക്കുന്ന തിരൂരങ്ങാടി പി.എസ് .എം.ഒ കോളേജിൽ നിന്ന് വിരമിച്ച ,കൊമേഴ്സ് വിഭാഗം പ്രൊഫസർ ശ്രീ.അബ്ദുൽ കരീം സാറിന്റെയടുത്താണ് .രാവിലെ പതിനൊന്നു മണിക്ക് തന്നെ എസ് .എം.സി ചെയർമാൻ ശ്രീ.നിസാർ ആലം ഞങ്ങളെയും കാത്ത് പുതിയ റോ‍ഡിലുണ്ടായിരുന്നു.കൊപ്പം അങ്ങാടിയിൽ റോഡ് പണി നടക്കുന്നതിനാൽ സ്കൂൾ ബസ് ഒഴിവാക്കി രാജൻ മാഷിന്റെയും ശാന്തകുമാരി ടീച്ചറിന്റെയും കാറുകളാണ് ഇന്നത്തെ യാത്രക്കായി ഉപയോഗിച്ചത് .

വാതിൽപ്പടിയിൽ തന്നെ സുസ്മേര വദനനായി കരീം സാറും ഭാര്യ സുലൈഖ ഇത്തയും ഉണ്ടായിരുന്നു.വീടിന്റെ മുകളിലെ നിലയിലേക്കാണ് ഞങ്ങളെ അവർ ആനയിച്ചത് .ശരിക്കും അത്ഭുതപ്പെട്ടത് മുകളിലെ നിലയിലുള്ള നാടക തിയേറ്ററായ momentsൽ എത്തിയപ്പോഴാണ് .കരീം സാറിന്റെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ.

വിവിധ ക്ലാസുകളിൽ നിന്നും തല്പരരായ കുട്ടികളും അധ്യാപകരും അടങ്ങിയ ഒരു ടീം കരീം സാറിന്റെ തിയേറ്ററിൽ ഇരുന്നു ഔപചാരികതകളില്ലാതെ തുറന്നുചോദിക്കലും പറയലും അരംഭിച്ചു.ഏറ്റവും സന്തോഷകരമായ കാര്യം അദ്ദേഹത്തിന്റെ നല്ലപാതി സുലൈഖ ഇത്തയും ഞങ്ങളോടൊപ്പം സംവദിക്കാനുണ്ടായിരുന്നു എന്നതാണ് .

കുട്ടികൾ പ്രധാനമായും ഉന്നയിച്ച ചോദ്യങ്ങളെ ഇപ്രകാരം ചുരുക്കി രേഖപ്പെടുത്താം

1.കരീം സാറിന്റെ വിദ്യാഭ്യാസ കാലഘട്ടം.

2.പി. എസ് .എം.ഒ കോളേജിലെ അധ്യാപന കാലം

3.നാടക ലോകത്തേക്ക് എത്തപ്പെട്ടത് .

4.ചിത്ര രചനയുടെ ലോകം.

5. കുടുംബ വിശേഷങ്ങൾ

6.വിദ്യാർത്ഥികളോട് പറയാനുള്ളത് .

ഓരോ ചോദ്യങ്ങളും തന്റേതായ ശൈലിയിൽ ലളിതവും താല്പര്യജനകവുമായി അവതരിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ ഒരു പ്രത്യേകതയായി ,കരീം സാറുമായി സംവദിക്കുന്നവർക്ക് മനസ്സിലാക്കാനാകും.

വിദ്യാഭ്യാസ കാലഘട്ടത്തിൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസം നടുവട്ടം ജനത ,പട്ടാമ്പി , കൊപ്പം ഹൈസ്ക്കൂളുകളിലായിരുന്നു . വിദ്യാർത്ഥി ജീവിതത്തിലെ രസകരമായ അനുഭവങ്ങൾ ഓരോന്നായി ഓർത്തെടുത്ത് വിദ്യാർത്ഥികളുടെ മുമ്പിൽ അവതിരിപ്പിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.പി.എസ് .എം.ഒ കോളേജിൽ എത്തുമ്പോൾ കൊമേഴ്സ് അധ്യാപകനിലെ നാടകകാരൻ പുറത്തു വരികയും കൊമേഴ്സിനെ പടിക്കുപുറത്തു നിർത്തി നാടകക്കാരനെ മനസിൽ കുടിയിരുത്തിയപ്പോൾ മലപ്പുറം ജില്ലയിൽ നിന്ന് വേദിയിൽ കയറാതിരുന്ന പെൺക്കുട്ടികളടക്കം നാടകവേദിയിൽ എത്തുകയും ഒരു മികച്ച സ്റ്റുഡന്റ് തിയേറ്റർ പി.എസ് ,എം.ഒ എന്ന കലാലയത്തിൽ നിന്നും പുറംലോകത്ത് എത്തിച്ചതും തന്റെ നാടകത്തോടുള്ള അഭിനിവേശത്തിന്റെ ബാക്കിപത്രമായി സാറ്‍ ചൂണ്ടിക്കാണിക്കുന്നു.നാക്കിന്റെ [National Assessment and Accreditation Council (NAAC)] ടീം കേളേജിന്റെ അക്രഡിറ്റേഷനുമായി ബന്ധപ്പെട്ട് തിരൂരങ്ങാടിയിൽ എത്തിയപ്പോൾ, പി.എസ് ,എം.ഒയുടെ മികവായി കാണിച്ചത് കരീം സാറിന്റെ നാടക തിയേറ്ററും കോൽക്കളി ടീമുമായിരുന്നു എന്നത് നാടക കാഴ്ച്പ്പാടിന് ലഭിച്ച അംഗീകാരമായി കാണുന്നു.ഈ താല്പര്യം തന്നെയാണ് വീട് പണിയുമ്പോൾ ഒരു വിദ്യാലയംപോലെ വീടിന്റെ മുകൾ നിലയിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു നാടക തീയേറ്റർ തന്റെ പിതാവിന്റെ സ്മരണയിൽ moments എന്നപേരിൽ ആരംഭിക്കാനും ഒരു പക്ഷേ അദ്ദേഹത്തിനെ പ്രേരിപ്പിച്ചുണ്ടായിരിക്കുക.നാടക ലോകത്തേക്ക് എത്തിപ്പെടാൻ കാരണം തന്റെ ജീവിതാനുഭവങ്ങൾ തന്നെയാണെന്ന് വിശ്വസിക്കുന്ന കരീം മാഷ് ,കുട്ടിയായിരിക്കുമ്പോൾ ഉത്സവങ്ങൾ മനസിലുണ്ടാക്കിയ ആന്ദോളനങ്ങൾ പില്ക്കാലത്ത് നാടകത്തിലേക്കുള്ള നടത്തത്തിന് വഴിയൊരുക്കിയതായി പറയുന്നു.കൊപ്പത്തെ താലപ്പൊലിയും നേർച്ചയും മറ്റുു ആഘോഷങ്ങളും കാണാൻ പോകുന്ന ബാലൻ പിന്നീട് കൂട്ടുക്കാരോടൊത്ത് വീട്ടിൽ പുനരാവിഷ്കരണം നടത്തിയതുമൊല്ലാം ബാല്യത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓർമകളോടെ കുട്ടികൾക്കു മുമ്പിൽ പൊതികെട്ടായി അഴിച്ചുവെയ്ക്കുമ്പോൾ കണ്ണിലെ തിളക്കം കലയോടുള്ള അടക്കാനാകാത്ത ത്വരതന്നെയാണെന്ന് കണ്ടു നില്ക്കുന്നവർക്കുപോലും എത്രവേഗത്തിലാണ് മനസ്സിലാവുന്നത് .

എപ്പോഴാണ് കരീം മാഷ് ഒരു ചിത്രകാരനായതെന്ന് ഓർമ്മിച്ചെടുക്കാനാകുന്നില്ല .ആഴത്തിലുള്ളതും ഗൗരവമേറിയതുമായ തീം കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ തന്റെ തിയേറ്ററിലും വീടിനുള്ളിലും ഭംഗിയായി തൂക്കിയിട്ടിട്ടുണ്ടെങ്കിലും കരീം സാർ ഇപ്പോഴും ചിത്രകലയുടെ ബാലപാഠങ്ങൾ പഠിക്കുകയണെന്ന് പറയുമ്പോൾ അദ്ദേഹത്തിന്റെ ചിത്ര കലയോടുള്ള സമീപനവും കലയെ അടുത്തറിയാനും പഠിക്കാനുള്ള ആഗ്രഹവും വെളിപ്പെടുത്തുന്നതാണ് .ചിത്രകലയെ കൂടുതൽ അറിയാനുള്ള അന്വേഷണങ്ങൾക്കൊടുവിൽ ഗുരുവിനെ കിട്ടിയപ്പോൾ, ഗുരുവിന്റെ ആദ്യ നിബന്ധന കരീം മാഷ് വരച്ച ചിത്രങ്ങൾ നേരിട്ട് കാണണം എന്നതായിരുന്നു.മാഷിന്റെ ചിത്രങ്ങൾ കണ്ട ഗുരുവിന്റെ ഉപദേശം ഇയാൾ കയ്യിലുള്ള ഈ കഴിവിനെ കൂടുതൽ പഠിച്ച് നഷ്ടപ്പടുത്തേണ്ട എന്നതായിരുന്നു.കരീം മാഷിന്റെ നിലവിലുള്ള ചിത്രരചനാ ശൈലിയിലേക്ക് പുതിയ പഠനങ്ങൾ ഉണ്ടാക്കുന്ന ദോഷങ്ങൾ മുൻക്കൂട്ടി കാണാനായ ഗുരുവിന്റെ ദീർഘവീക്ഷണത്തെ നമിക്കാം.

ഈ ആധുനിക കാലത്തും നാടകത്തിന് ജനങ്ങളുടെ ഇടയിൽ സ്വീകാര്യത കുറഞ്ഞിട്ടില്ല എന്ന് തെളിയിക്കുന്നതാണ് നാടക കലയെ സ്നേഹിക്കുന്നവരിൽ നിന്നും തനിക്ക് ലഭിക്കുന്ന പിന്തുണയും സഹകരണവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.നാടകം എന്ന കലയെ ഏതെല്ലാം രൂപത്തിൽ ജനങ്ങൾക്ക് ഉപകാരപ്പെടുത്താം അതിനുവേണ്ടി വ്യത്യസ്ത പരീക്ഷണങ്ങളും കാഴ്ചപ്പാടുകളും സ്വീകരിച്ച അതുല്യ കലാകാരനാണ് കരീം മാഷ് . ഇന്നത്തെ സമൂഹത്തിനും പുത്തൻ തലമുറക്കും നൽകേണ്ട സന്ദേശങ്ങളും അറിവുകളും പകർന്നുനൽകുന്ന ഒരു മാധ്യമമായി നാടകത്തെ പലവേദികളിലും അവതരിപ്പിച്ചിട്ടുണ്ട് . കൊപ്പം അഭയത്തിലെ മാനസിക പ്രയാസം അനുഭവിക്കുന്ന അഭയാർത്ഥികൾക്ക് കരീം മാഷിന്റെ നാടക പരിശീലനം അവരുടെ യഥാർത്ഥ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം കൂടിയാണ് .അഭയത്തിലെ എല്ലാ കലാപ്രവർത്തനകൾക്കും അഭയം കൃഷ്ണേട്ടന്റെ പ്രോത്സാഹനവും പിന്തുണയും ലഭിക്കാറുണ്ട് . അഭയത്തിലെ ദേവകി വാര്യർ സ്മാരക ഓഡിറ്റോറിയം ഇതിനായി ഉപയോഗിച്ചുവരുന്നു. കൊപ്പം അഭയത്തിൽ എല്ലാ ബുധനാഴ്ചയും നടക്കുന്ന സാഹിത്യസമാജത്തിൽ പങ്കെടുക്കുകയും അവിടുത്തെ അഭയാർത്ഥികൾക്ക് വേണ്ടി ചിത്രരചന പരിശീലനവും സംഘടിപ്പിച്ചു വരുന്നു. കുട്ടികളുടെ അറിവിനും കഴിവ് പ്രകടിപ്പിക്കുവാനും ലൈബ്രറിയും moments തിയറ്ററും സ്വന്തം വീട്ടിൽ ഒരുക്കിയിരിക്കുകയാണ് . കലാപ്രവർത്തനങ്ങൾ സേവനമനോഭാവത്തോടെയാണന്നും മുഖ്യ ലക്ഷ്യം വ്യക്തിത്വ വികാസവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

കരീം മാഷിന്റെ കുടുംബ വിശേഷങ്ങളിലേക്ക് കടക്കുമ്പോഴാണ് ' ഏതൊരു പുരുഷന്റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്ന ''വാക്യം സത്യമാണെന്ന് തിരിച്ചറിയുന്നത് .ഭർത്താവിന്റെ കലാപ്രവർത്തനങ്ങൾക്ക് സജീവമായ പിന്തുണ നല്കുന്ന നല്ലൊരു കുടുംബിണിയെയും സുഹൃത്തിനേയും കാണണമെങ്കിൽ കരീം മാഷിന്റെ വീട്ടിലേക്ക് എത്തിയാൽ മതി .മക്കൾ ഡോ.ആഷിക് (ഇ.എൻ.ടി),അമീന(അധ്യാപിക),അമീർ (വിദ്യാർത്ഥി),പിന്നെ രണ്ടു മൂത്ത സഹോദർമാർ.ഇതാണ് കരീം സാറിന്റെ കുടുംബലോകം.ഇവിടെ കലയുണ്ട് ജീവിതവും.

വിദ്യാർത്ഥികളോടായി പറയാനുള്ളത് സ്വജീവിതം കാണിച്ചു കൊണ്ടു തന്നെയാ ണ് .പ്രൊഫസർ അബ്ദുൽ കരീം,ചൂണ്ടത്തൊടി വീട് ,പുതിയറോഡ് ,ആമയൂർ പി.ഒ എന്ന അഡ്രസ്സിന് വലിയൊരർത്ഥമുണ്ട് .അത് കരീം മാഷെന്ന കലാകരാരന്റെ തട്ടകമാണ് .ഇരുപത്തിയെട്ടു വർഷത്തെ പി.എസ്.എം.ഒ കോളെജ് ജീവിതത്തിന് ശേഷം കേരള സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്ഥാപനമായ പി .എസ് .സി കോച്ചിംഗ് സെന്ററിന്റെ പ്രിൻസിപ്പാളായി സേവനമനുഷ്ടിക്കുന്നു.കല സമൂഹ നന്മയ്ക്ക് എന്ന വിശ്വാസം സൂക്ഷിക്കുന്നു.അതുകൊണ്ടുതന്നെ വരുമാനത്തിന്റെ ഒരംശം ഇതിനായി കൃത്യതയോടെ ചെലവിടുന്നു.കൊപ്പത്തെ അഭയം പ്രവർത്തനവുമായി സജീവമായി മുന്നോട്ടുപോകുന്നു.അഭയം പ്രവർത്തകൻ എന്നറിയപ്പെടാനാണ് തനിക്ക് ആഗ്രഹമെന്ന് പറയുന്ന മാഷ് അതെന്തുകൊണ്ടാണെന്നും വ്യക്തമാക്കുന്നു.കലയെ സ്നേഹിക്കുന്ന ,പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും വലിയ സ്ഥാപനമായിട്ടാണ് അഭയത്തെ കരീം മാഷിന്റെ മനസിൽ പ്രതിഷ്ഠിച്ചിട്ടുള്ളത് .മനുഷ്യത്വമില്ലാത്തവന്റെ മതത്തോടും രാഷ്ട്രീയത്തോടും ഒരു നിലയ്ക്കും സന്ധിചെയ്യാൻ ആവാത്ത മനസുമായി ഇപ്പോഴും കരീം മാഷുണ്ട് കൊപ്പത്തിന്റെ പ്രതിഭയായി ,വിദ്യാലയത്തിന്റെ സഹയാത്രികനായി തന്റെ നാടകകളരിയിൽ.

തുറന്ന പറച്ചിലുകൾക്ക് സാക്ഷിയാകാനായതിന്റെ സന്തോഷത്തിലാണ് ഞങ്ങളും.

നന്ദി .കരീം മാഷ് .

- ഇഖ്‍ബാൽ മങ്കട