ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി/അക്ഷരവൃക്ഷം/കിരീടക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കിരീടക്കാലം      

പുഞ്ചിരിക്കുന്ന മുഖങ്ങളുടെ പുഞ്ചിരി മായ്ചുകൊണ്ടാണ് ആ പുലരി പിറന്നത്. പതിവുപോലെ അക്കു ഉറക്കം ഉണർന്നു. അവൾ പ്രാഥമിക കാര്യങ്ങൾക്കു ശേഷം ചായ കുടിക്കാൻ തയ്യാറെടുക്കുകയാണ്. ചായക്കൊപ്പം ഇഡലിയും,ദോശയും ഇല്ലെങ്കിലും പത്രം അവളുടെ പതിവായിരുന്നു..

        അവൾ പത്രം നിവർത്തി. അപരിചിതമായ ആശ്ചര്യപ്പെടുത്തുന്ന ഒരു ചിത്രത്തിൽ അവളുടെ കണ്ണുടക്കി. അവൾ കൗതുകപ്പൂർവം ചിത്രം നോക്കികൊണ്ട് ആകാംഷയോടെ അതിന്റെ അടിക്കുറുപ്പും തുടർന്നുള്ള വാർത്തയും വായിച്ചു. നാടിനെ പിടിച്ചു കുലുക്കുന്ന ഒരു മഹാമാരിയാണ്  അത് എന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ അവളുടെ സഹോദരി അച്ചുവിനെ വിളിച്ച്  ഈ  വാർത്ത കാണിച്ചുകൊടുത്തു. എന്നിട്ട് 'അമ്മ തന്ന കപ്പിലെ തേൻ മധുരമുള്ള  ചൂടുചായ വലിച്ചു കുടിച്ചു . ആവി പറക്കുന്ന ചൂട് ചായ ഓരോ  പ്രാവശ്യം വലിച്ചു കുടിച്ചപ്പോഴും അവൾ ആ വാർത്തയെ കുറിച്ച് ചിന്തിക്കുകയായിരുന്നു. " എന്താ ഇപ്പോ ഇങ്ങനൊരു രോഗം പടരാൻ ?" എന്ന് അവൾ ചിന്തിച്ചുകൊണ്ടേയിരുന്നു. എന്നാൽ അവൾക്ക് അപ്പോഴൊന്നും ഒരു ശരിയായ ഉത്തരം കിട്ടിയില്ല. അവൾ തന്റെ ചായ കപ്പുമെടുത്ത് അടുക്കളയിലേക്കു നീങ്ങി. അവിടെ ചെന്ന് കപ്പ് അവിടെ വെച്ചു. എന്നിട് അമ്മയോട് ചോദിച്ചു " എന്തേ.... ഇപ്പോ ഇങ്ങനൊരു രോഗം പടരാൻ ?" 

താൻ ചിന്തിച്ചുകൊണ്ടിരുന്നത് അവൾ അറിയാതെ അമ്മയോട് ചോദിച്ചു പോയി. 'അമ്മ അമ്പരപ്പോടെ അവളുടെ മുഖത്തേക്ക് നോക്കി. എന്റെ മകൾക്ക് എന്താണ് സംഭവിച്ചത് എന്ന ചിന്തയോടെ 'അമ്മ അവളോട് ചോദിച്ചു. നീ എന്താണീ പറയുന്നത് ? എന്തു രോഗത്തെ കുറിച്ചാണ് നീ ഈ ചോദിക്കുന്നത്? അവൾ അമ്മയോട് പത്രത്തിൽ കണ്ട കൗതുകകരമായ വാർത്തയെപ്പറ്റി വിവരിച്ചു. എന്നിട്ട് അമ്മയോട് വീണ്ടും ആ ചോദ്യം ആവർത്തിച്ചു . 'അമ്മ അവൾക്കു നൽകിയ മറുപടി " മനുഷ്യന്മാരുടെ കയ്യിലിരിപ്പും സ്വഭാവ രീതിയും കൊണ്ടായിരിക്കും "എന്നാണ്. 'അമ്മ പറഞ്ഞു തന്ന ഉത്തരം തന്നെയാകും ശരിയെന്നു മനസ്സിനെ ധരിപ്പിച്ച് അവൾ നേരം കഴിച്ചുകൂട്ടി. സഹോദരി തന്റെ സംശയങ്ങളുടെ ഒരു ഭാണ്ഡക്കെട്ടുമായി കിണുങ്ങിക്കൊണ്ടു അക്കുവിന്റെ അടുത്തെത്തി. അക്കു 'അമ്മ പറഞ്ഞുതന്നതൊക്കെ അച്ചുവിനും പറഞ്ഞുകൊടുത്തു. ആ പൊട്ടികഴുതയ്ക്ക്‌ ഒന്നും മനസ്സിലാക്കാൻ പറ്റിയില്ലെന്നതു അക്കുവിന് മനസ്സിലായി. എങ്കിലും എല്ലാം അറിയാവുന്ന മട്ടിൽ അച്ചു ഓരോ മണ്ടൻ ചോദ്യങ്ങൾ ചോദിച്ച. അക്കു ചിരി അടക്കിപ്പിടിച്ച് മറുപടി പറയുകയും അവൾ പറയുന്നതെല്ലാം സമ്മതിച്ചുകൊടുക്കുകയും ചെയ്തു. പിന്നീട് അക്കുവും അച്ചുവും കൂടി അച്ഛന്റെ അടുത്തേക്ക് പോയി. പോകുന്നവഴിയിൽ അച്ഛൻ ഇന്ന് ജോലിക്കു പോകുന്നതിന്റെ തിരക്കൊന്നും കണ്ടില്ലല്ലോ എന്ന സംശയം ഇരുവരിലും ഉയർന്നു. രണ്ടുപേരും അതെ കുറിച്ച് സംസാരിച്ചുകൊണ്ടാണ് മുറിയിലേക്ക് ചെന്നത്. അവരുടെ വർത്തമാനത്തിന്റെ കൊഞ്ചുന്ന ശബ്‍ദം അച്ഛൻ കേൾക്കുന്നുണ്ടായിരുന്നു. അവർ മുറിയുടെ വാതിക്കൽ എത്തിയപ്പോൾ അച്ഛൻ കട്ടിലിലിരുന്നുകൊണ്ട് ഫോണിൽ നോക്കുന്നതു കണ്ടു .

              അവരെ കണ്ടപ്പോൾ അച്ഛൻ ചോദിച്ചു" കിലുക്കാംപ്പെട്ടികളൊക്കെ എന്തേ ഇങ്ങു പോന്നെ ?" ചേച്ചിയും അനിയത്തിയും കാര്യമായ ചർച്ചയിലായിരുന്നല്ലോ? ഞങ്ങൾ അച്ഛൻ പോകുന്നത് കണ്ടില്ലല്ലോയെന്ന് പറഞ്ഞു വന്നതാ. അക്കു അച്ഛനോടു പറഞ്ഞു. അക്കു അത് അച്ഛനോട് പറയുന്നതിനിടയിൽ അച്ചു അച്ഛന്റെ അടുത്തേക്ക് ഓടി കട്ടിലിൽ കയറിക്കഴിഞ്ഞിരുന്നു. അക്കുവും ചെന്നു. രണ്ടു പേരും അച്ഛന്റെ അടുത്തിരുന്നു. അച്ചു അച്ഛനോട് ചോദിച്ചു. ഇന്ന് പണിയില്ലേ അച്ഛാ? അച്ഛൻ പോണില്ല? ഇന്ന് പോണില്ല അച്ഛൻ അവൾക്കു മറുപടിയും നൽകി. അച്ചുവും അക്കുവും തങ്ങൾ പത്രത്തിൽ കണ്ട കൗതുക വാർത്തയെക്കുറിച്ചു അച്ഛനോട് പറയുകയുംതങ്ങളുടെ സംശയങ്ങൾ ചോദിക്കുകയും ചെയ്തു. അക്കുവാണു തുടക്കമിട്ടത്. കാരണം അവൾക്കു ഈ രോഗത്തെക്കുറിച്ച് കൂടുതൽ അറിയാനായി വളരെ താല്പര്യമായിരുന്നു. അതിനിടയിൽ അച്ചുവിന്റെ മണ്ടത്തരങ്ങൾ അക്കുവിന്റെയും അച്ഛന്റെയും ചിരിവള്ളി പൊട്ടിച്ചു. ചിരിച്ചുചിരിച്ചു ഇരിക്കവെ അക്കു ചോദിച്ചു. "അല്ലച്ഛാ ഇന്നെന്താ പണിക്ക്  പോണില്ലാന്ന് പറഞ്ഞേ ? "മോളെ നിങ്ങൾ പറഞ്ഞില്ലേ പത്രത്തിൽ കണ്ട വർത്തയെക്കുറിച്ച് അതുതന്ന്യാ കാരണം. ആ വാർത്തയും പണിക്കു പോകാത്തതും തമ്മിലെന്താച്ഛാ ബന്ധം ? അച്ചു ചോദിച്ചു . മോളെ കൊറോണ എന്ന പകരുന്ന രോഗത്തിന്റെ വാർത്തയാണ് മക്കൾ പത്രത്തിൽ കണ്ടത്. മറ്റുള്ളവരുമായി നമ്മൾ ഇടപഴകുമ്പോൾ നമുക്ക് ആ രോഗം പകരും.

അതുവന്നാ കാര്യം വഷളാവും. എന്താച്ചാൽ ആ രോഗത്തിന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. എന്താ അച്ഛാ ഇതുവരാനുള്ള കാരണം? അക്കു ആകാംഷയോടെ ചോദിച്ചു. അതോ ശുചിത്വത്തിന്റെ കുറവ് അത് തന്നെ കാരണം. കൈകഴുകുന്നതിന്റെയും , പരിസരം ശുചിയാകുന്നതിന്റെയും , വീട് ശുചിയാക്കുന്നതിന്റെയുമെല്ലാം കുറവ്. അച്ഛന്റെ മക്കള് ഇടയ്ക്കിടെ കൈ സോപ്പിട്ടു കഴുകണേ . ആ....ഞാൻ ഇപ്പൊ തന്നെ കഴുകാം അച്ഛാ എന്ന് പറഞ്ഞു അച്ചു എഴുന്നേറ്റോടി . അക്കു തന്റെ സംശയങ്ങൾ ചോദിച്ചുകൊണ്ടിരുന്നു . ഇനിയിപ്പോ ഇത് വരാതിരിക്കാൻ എന്തച്ഛാ വഴി? അത് മോളെ ഇനി വേറൊന്നും ചെയ്യാനില്ല. ഇടയ്ക്കിടെ സോപ്പോ അല്ലെങ്കിൽ സാനിറ്റൈസറോ ഉപയോഗിച്ച് 20 സെക്കന്റ് കൈകഴുകണം , പിന്നെ നേരാനേരം കുളിക്കണം , മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കണം, നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കണം, രോഗം

പ്രതിരോധിക്കാനുള്ള മാർഗങ്ങളാണിവ . ഇത് മാത്രമല്ല വിദേശരാജ്യങ്ങളിൽ നിന്ന് വന്നവരുമായുള്ള സമ്പർക്കം ഒഴിവാക്കണം . 5 ആളുകളിൽ കൂടുതൽ പേര് കൂട്ടം കൂടരുത്. പരമാവധി   പുറത്തിറങ്ങാതിരിക്കണം . പുറത്തിറങ്ങുമ്പോൾ മുഖാവരണവും , കൈയ്യുറകളും നിർബന്ധമായും ധരിക്കണം. നമ്മുടെ ചുറ്റുപാടിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുന്നതും അവർക്കു വേണ്ട പരിചരണങ്ങൾ നല്കാൻ സഹായിക്കുന്നതും നമ്മെ രോഗത്തിൽ നിന്നും രക്ഷിക്കും. നിനക്കെന്തെങ്കിലും പിടികിട്ടിയോ അക്കു ......താൻ പറയുന്ന കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ചെവിയോർത്തിരിക്കുന്ന അക്കുവിനെ നോക്കി അച്ഛൻ ചോദിച്ചു. അക്കു പറഞ്ഞു ഉം......കൊറോണയെ കുറിച്ച് ഒരുവിധം  മനസ്സിലായച്ഛാ. ഇത് രോഗപ്രതിരോധത്തിനായി ശുചിത്വം പാലിക്കേണ്ടതും പരിസ്ഥിതി ശുചിയാക്കേണ്ടതുമായ കാര്യങ്ങളാണ്. ഇനി ഈ രോഗം വന്നു കഴിഞ്ഞാലും ശ്രെദ്ധിക്കേണ്ട കാര്യങ്ങളുണ്ട് മോളെ.  അല്ലച്ഛാ ഈ രോഗത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാ ? അക്കു തന്റെ അടുത്ത ചോദ്യം  ഉന്നയിച്ചു കഴിഞ്ഞു. പനി , ചുമ, ശ്വാസതടസ്സം, തുമ്മൽ , ശക്തമായ തലവേദന തുടങ്ങിയവയൊക്കെയാണ്‌ ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലുമൊന്ന് ഉള്ളവർ ഡോക്ടറെ സമീപിക്കുകയും പതിനാലു ദിവസം നിരീക്ഷണത്തിലിരിക്കുകയും കോറോണയുമായി ബന്ധപ്പെട്ട  ടെസ്റ്റുകൾ നടത്തുകയും ചെയേണ്ടത് അനിവാര്യമാണ്.
                  കൊറോണ സ്‌ഥിതീകരിച്ചാൽ അത് മറ്റുള്ളവർക്കു പകരാതെ ഒരു മുറിയിൽ ഒറ്റയ്ക്ക് കഴിയുവാനും, മറ്റുള്ളവർക്കു വേണ്ടി ഒരു നന്മ ചെയ്യുവാനുമുള്ള സന്മനസ്സ് കാണിക്കണം എന്നാണ് ഗവൺമെന്റിന്റെ നിർദ്ദേശം. നീ പത്രത്തിൽ വായിച്ചു കാണൂലോ . ആരും പുറത്തിറങ്ങരുതെന്നും , രോഗത്തെ പ്രതിരോധിക്കാൻ കരുതലോടെ വീട്ടിൽ കഴിയണമെന്നും സർക്കാരിന്റെ നിർദ്ദേശമുണ്ട്. ഉവ്വച്ഛാ ഞാൻ വായിച്ചു. പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. പിന്നെ അവശ്യസർവീസുകൾ മാത്രമേയുള്ളൂ . ബാക്കിയൊക്കെ  നിർത്തിവെക്കണമെന്നും പറഞ്ഞിട്ടുണ്ട്. ആരും മറക്കാത്ത ഒരു കാലമായിരിക്കും ഇത് അല്ലെ അച്ഛാ. അതെ ആരും ഈ കാലം അങ്ങനെ മറക്കാൻ വഴിയില്ല. അതുപോലൊരു മഹാമാരിയാണിത്‌ .
                പരിസ്ഥിതി ശുചിയാക്കാനും , സ്വയം ശുചിയാക്കാനും, വീട് ശുചിയാക്കാനും, അങ്ങനെ രോഗത്തെ പ്രതിരോധിക്കാനുമുള്ള ഒരു കാലം . നമുക്ക് ശുചിയാകാനും, രോഗത്തെ പ്രതിരോധിക്കാനുമുള്ള പ്രവർത്തനങ്ങൾ നമ്മുടെ വീട്ടിൽ ചെയ്യണം അച്ഛാ. അക്കു താല്പര്യപൂർവം പറഞ്ഞു. അച്ഛൻ പുഞ്ചിരിയോടെ അവളുടെ കരുതലിനെ കുറിച്ചോർത്തു . നമ്മളെപ്പോലെ മറ്റുള്ളവരും ചെയ്യേണ്ടതിനു നമ്മൾ ഒരു മാതൃകയാക്കണം . നമുക്ക് ശുചിയാക്കൽ ആരംഭിക്കാം അച്ഛാ . അക്കു കൂട്ടിച്ചേർത്തു . എങ്ങും ഭീതി പരത്തുന്ന ഈ കോറോണയെ നമുക്ക് തുരത്തണം. തുരുത്തിയോടിക്കണം. സർക്കാർ പറയുന്നതുപോലെ .
                                                               "ഭയമല്ലേ വേണ്ടത് ജാഗ്രത........"
അനന്യ സോജൻ
9B ജി. എച്ച്. എസ്സ്. എസ്സ്. ചായ്പൻകുഴി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ