ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/വിശക്കുന്നവന് ഒരുപിടിച്ചോറ്

Schoolwiki സംരംഭത്തിൽ നിന്ന്

ഭക്ഷണം ലഭിക്കാത്തവരെ പറ്റിയുള്ള വലിയൊരു നൊമ്പരത്തിന് അന്ത്യം വരുത്തുക എന്ന ലക്ഷ്യത്തോടെ തുടക്കംകുറിച്ച വിദ്യാലയത്തിന്റെ തനത് പ്രവർത്തനമായ വിശക്കുന്നവന് ഒരുപിടിച്ചോറ് . 2019 ലാണ് പദ്ധതിക്ക് തുടക്കമിട്ടത്. വിദ്യാലയത്തിൽ ഉച്ചനേരത്ത് വിശന്നു വന്നയാൾക്ക് ഭക്ഷണം വിളമ്പിയ അദ്ധ്യാപകർ പിന്നീട് അതൊരു ഉത്തരവാദിത്തമായി ഏറ്റെടുക്കുകയായിരുന്നു. തുടക്കത്തിൽ തെരുവിലലയുന്നവർക്കും, ഭക്ഷണം ലഭിക്കാത്തവർക്കും ഉച്ചക്ക് പൊതിച്ചോറ് വിതരണം ചെയ്യുകയായിരുന്നു പതിവ്. പിന്നീടത് ദയ വൃദ്ധസദനത്തിലേക്ക് ആഴ്ചയിൽ രണ്ട് ദിവസം പൊതിച്ചോറ് നൽകുന്ന പദ്ധതിയാക്കി മാറ്റി. സ്ക്കൂളിന് തൊട്ടടുത്തുള്ള പ്രായമേറിയവരുടെ അഗതി മന്ദിരമാണ് ദയ. അഞ്ച് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ഊഴമിട്ടാണ് പൊതിച്ചോറ് എത്തിക്കുന്നത്. ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് പൊതിച്ചോറ് വിതരണം ചെയ്യുന്നത്. കുട്ടികൾ കൊണ്ടുവരുന്ന ഭക്ഷണപ്പൊതികൾ വിദ്യാലയത്തിൽ പ്രത്യേകം തയ്യാറാക്കിയ ദയ ഫുഡ് കോർണറിൽ ശേഖരിക്കും. ചോറ്റുപൊതികൾ ദയ അധികൃതർ സ്കൂളിൽ എത്തിൽ കൈപ്പറ്റുകയും ചെയ്യും. അദ്ധ്യാപകരും, രക്ഷിതാക്കളും, വിദ്യാർത്ഥികളും ഒത്തുചേർന്നുള്ള വിദ്യാലയത്തിൻ്റെ പ്രവർത്തനമാണിത്. ഇതുവരെ പതിനായിരത്തിലധികം ചോറ്റു പൊതികൾ വിതരണം ചെയ്തിട്ടുണ്ടാകുമെന്നാണ് ഏകദേശ കണക്ക്. കൊവിഡിനെ തുടർന്നുണ്ടായ ലോക്ക് ഡൗൺ കാലവും, അവധി ദിവസങ്ങളുമൊഴികെ പൊതിച്ചോറ് വിതരണം മുടങ്ങാതെ തുടർന്നു പോരുന്നുണ്ട്. വാട്ടിയ ഇലയിൽ ചോറിനൊപ്പം ചേർന്ന കറികളും പിന്നെ നിറഞ്ഞ സ്നേഹവും കൂടിച്ചേരുന്ന ആ ഒരു പിടിച്ചോറ് കഴിക്കുന്നവന്റെയും നൽകുന്നവന്റെയും മനസ്സുകളെ ദീപ്തമാക്കും.

വിശക്കുന്നവന് ഒരുപിടിച്ചോറ്