ജി യൂ പി എസ്‌ കോലൊളമ്പ /ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കായൽ തീരങ്ങളും പുഞ്ചനെൽ പാട ശേഖരങ്ങളും  നിറഞ്ഞ ഈ കാർഷിക ഗ്രാമം  വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു. കോലളമ്പിലെ പൂര പ്രമാണിയായ മടയിൽ മാനു എന്ന വ്യക്തിയിൽ നിന്നും കാട്ടു കുഴിയിൽ ഗോപാലൻനായർ വിലകൊടുത്തു വാങ്ങിയ സ്ഥലത്ത്   തന്റെ  അനുജനായ രാമൻനായരുടെ മാനേജ്മെന്റിൽ ഒന്നാം ക്ലാസിൽ ആരംഭിച്ച പള്ളിക്കൂടം ആണ് ഈ ഗ്രാമത്തിന് ആദ്യമായി വിദ്യയുടെ വെളിച്ചം പകർന്നു നൽകിയത്.പിന്നീട് 1930 ൽ  മലബാർ ഡിസ്ട്രിക്ട് ബോർഡ് ഇത് യുപി സ്കൂളായി ഉയർത്തി.അന്ന് കുഞ്ഞൻ എഴുത്തച്ഛൻ മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ .ഏതാനും മാസങ്ങൾക്കുള്ളിൽ ടി ടി സി യോഗ്യതയുള്ള മേരി എന്ന അധ്യാപികയെ ഹെഡ്മിസ്ട്രസ് ആയി   ഡിസ്ട്രിക്ട് ബോർഡ് നിയമിച്ചു . L ആകൃതിയിലുള്ള ഒരു കെട്ടിടത്തിലായിരുന്നു അധ്യയനം  നടത്തിയിരുന്നത്.1997 - 98 ൽ ഡിപിഇപി യുടെ ഭാഗമായി 4 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം പണിയുന്നതുവരെ ഓലമേഞ്ഞ രണ്ട് കെട്ടിടങ്ങളിൽ സെഷൻ  സമ്പ്രദായത്തിലാണ് ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1998 - 99 ൽ ബ്ലോക്ക് പഞ്ചായത്ത് മുഖേന 3 ക്ലാസ് മുറികളുള്ള ഒരു കെട്ടിടവും കൂടി ലഭിക്കുകയുണ്ടായി.2003 - 04 ൽ എസ് എസ് എ യുടെ ഭാഗമായി 4 ക്ലാസ് മുറികളുള്ള മനോഹരമായ ഒരു കെട്ടിടം കൂടി അനുവദിച്ചു കിട്ടിയ പ്പോഴാണ് സ്കൂളിന് അത്യാവശ്യ സൗകര്യങ്ങൾ കൈവന്നത്.സ്റ്റാഫ് റൂം, ലൈബ്രറി, ലാബ്,സ്റ്റോർ റൂം ,ഡൈനിങ് റൂം എന്നിവയ്ക്ക് പ്രത്യേകം റൂമുകളുടെ അപര്യാപ്തത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. 2003-04 ൽ സ്കൂൾ വൈദ്യുതീകരിച്ചു .എസ് എസ് എ യുടെ ഭാഗമായി കുടിവെള്ള പദ്ധതിയും നിലവിൽവന്നു. പതിനൊന്നാം ധനകാര്യ കമ്മീഷൻ വകയായി ഒരു ടോയ്‌ലറ്റും അനുവദിച്ചു കിട്ടി. സമ്പൂർണ്ണ ശുചിത്വ പദ്ധതിയുടെ ഭാഗമായി 13 ടോയ്‌ലറ്റുകൾ നിർമിച്ചിട്ടുണ്ട് .5000 പുസ്തകങ്ങൾ ഉള്ള മികച്ച ലൈബ്രറി കുട്ടികൾക്ക് മാത്രമല്ല ,അമ്മമാർക്കും പ്രയോജനപ്പെടുത്തുന്നു. ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ലാബുകൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നു.പ്രധാനധ്യാപകൻ അടക്കം 17  അധ്യാപകരും രണ്ട് അനധ്യാപക ജീവനക്കാരും പ്രവർത്തിക്കുന്നു.

സാമൂഹ്യ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ ഒരു വിദ്യാലയമാണ് ജിയുപിഎസ് കോലളമ്പ . വിദ്യാർഥികളുടെ യാത്രാ സൗകര്യത്തിനായി എം.എൽ.എ ഫണ്ടും, ഡസ്ക് എന്ന സംഘടനയുടെ ധന സഹായവും ഉപയോഗപ്പെടുത്തി സ്കൂളിന് ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 7 ലക്ഷം രൂപയാണ് എംഎൽഎ ഫണ്ടിൽ നിന്ന് ലഭിച്ചത്. രണ്ടര ലക്ഷം രൂപയാണ് 'ഡസ്ക് ' സമാഹരിച്ചത്.

എംഎൽഎ ഫണ്ടിൽ നിന്ന് രണ്ട് കമ്പ്യൂട്ടറും എസ് എസ് എ യിൽ നിന്ന് നാല് കമ്പ്യൂട്ടറും ഡെസ്ക് എന്ന സംഘടനയുടെ സംഭാവനയായി 5 കമ്പ്യൂട്ടറുമടക്കം 11 കമ്പ്യൂട്ടർ ഉപയോഗിച്ച് ഒന്നുമുതൽ ഏഴ് വരെയുള്ള എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകി വരുന്നു. ഗ്രാമപഞ്ചായത്ത് എൽസിഡി പ്രൊജക്ടർ അനുവദിച്ചതിനാൽ ഐടി സാധ്യത പരമാവധി ഉപയോഗപ്പെടുത്താൻ സാധിക്കുന്നുണ്ട് .

ഡസ്ക് , വോയിസ് ഓഫ് കോലളമ്പ , ഡ്രീംസ്  മ്യൂസിക് അക്കാദമി തുടങ്ങിയ സംഘടനകളും നാട്ടുകാരും  സ്കൂളിന്റെ അലുംമ്നി അസോസിയേഷനും ഈ വിദ്യാലയത്തിന്റെ  പുരോഗതിയിൽ അളവറ്റ പങ്കുവഹിക്കുന്നു.വിദ്യാർത്ഥികളുടെ കലാ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കോലളമ്പിലെ പ്രവാസി കൂട്ടായ്മയായ നന്മ യുടെ ആഭിമുഖ്യത്തിൽ ഡ്രീംസ് മ്യൂസിക് അക്കാദമി എന്ന കൂട്ടായ്മ രൂപീകരിച്ച് സംഗീതം, ചിത്രരചന, ഉപകരണ സംഗീതം എന്നിവയിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകിവരുന്നുണ്ട്. കലാ-കായിക മേളകൾ, വാർഷികാഘോഷം , പ്രവേശനോത്സവം, മറ്റു ദിനാചരണങ്ങൾ എന്നിവയിൽ നാട്ടുകാരുടെ അകമഴിഞ്ഞ സേവനങ്ങൾ  ഈ വിദ്യാലയത്തിന് ലഭിച്ചുവരുന്നു. വ്യത്യസ്ത  ജാതി മത വിഭാഗത്തിൽ പെട്ട  വിദ്യാർത്ഥികൾ ഒത്തൊരുമയോടെ സ്നേഹ നിർഭരമായ അന്തരീക്ഷത്തിൽ അധ്യയനം  നടത്തിവരുന്നു.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ ഉപജില്ലയിലെ ശ്രദ്ധേയമായ ഒരു വിദ്യാലയമാണ്  ജിയുപിഎസ് കോലളമ്പ .

നമ്മുടെ വിദ്യാലയത്തിലെ അമ്മമാരുടെ നേതൃത്വത്തിൽ ആരംഭി അക്ഷരച്ചിറക് പഠന ക്ലാസ് 32 സെൻററുകളിലായി അവധി ദിവസങ്ങളിൽ നടന്നുവരുന്നുണ്ട്.മറ്റു വിദ്യാലയങ്ങൾക്ക് കൂടി മാതൃകയായ ഈ പ്രവർത്തനം ജില്ലയിലെ തന്നെ ഒരു സവിശേഷ പ്രവർത്തനമാണ്. കഴിഞ്ഞ നാലു വർഷമായി മാതൃഭൂമി സീഡ് ഹരിതവിദ്യാലയ പുരസ്കാരം നേടുന്ന വിദ്യാലയമാണ് നമ്മുടേത്. 2017 ൽ  ആദിത്യൻ P, 2018ൽ അളകനന്ദ എന്നിവർ ജെം ഓഫ് സീഡ് അവാർഡിന് അർഹരായി.2017 ൽ  ഈ വിദ്യാലയത്തിലെ അധ്യാപികയായിരുന്ന ശ്രീമതി ശൈലജ ടീച്ചർ ബെസ്റ്റ് സീഡ് കോ-ഓർഡിനേറ്റർ പുരസ്കാരത്തിന് അർഹയായി.

നമ്മുടെ വിദ്യാലയത്തിലെ മാതൃ സമിതി അംഗങ്ങൾ 'കുഞ്ഞിന് ഒരു ഊണ് ' എന്ന പേരിൽ  പോഷകസമൃദ്ധമായ ഉച്ചഭക്ഷണം എന്ന ലക്ഷ്യത്തോടെ  ഒരു പദ്ധതി നടപ്പിലാക്കി വരുന്നു .എല്ലാ ദിവസവും രണ്ട് അമ്മമാർ ഉച്ചഭക്ഷണ പദ്ധതിയുടെ മേൽനോട്ടത്തിനായി വിദ്യാലയത്തിൽ എത്തിച്ചേരുന്നു.