ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/അക്ഷരവൃക്ഷം/ചാമ്പമരത്തിന്റെ അവകാശികൾ

Schoolwiki സംരംഭത്തിൽ നിന്ന്
ചാമ്പമരത്തിന്റെ അവകാശികൾ

ഒരിടത്തൊരിടത്ത് ഒരു അപ്പൂപ്പനും അമ്മൂമ്മയും ഉണ്ടായിരുന്നു. അവർ വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. അവരുടെ വീടിനു മുമ്പിൽ ഒരു ചാമ്പമരം ഉണ്ടായിരുന്നു. അതിൽ ആരും കണ്ടാൽ കൊതിക്കുന്ന നല്ല പഴുത്ത ചാമ്പയ്ക്ക നിറഞ്ഞു. അയലത്തുള്ള കുട്ടികളൊക്കെ ചാമ്പയ്ക്ക ചോദിച്ചു വരും. അപ്പോൾ ഏറ്റവും ചെറുതു നോക്കി രണ്ടു കൊടുക്കും. ഒരു ദിവസം അപ്പൂപ്പനും അമ്മൂമ്മയും ഇല്ലാത്ത സമയത്ത് കുട്ടികൾ വന്ന് ഒത്തിരി ചാമ്പയ്ക്ക പറിച്ചുകൊണ്ടുപോയി.

അപ്പൂപ്പനും അമ്മൂമ്മയ്ക്കും വാശിയായി. ഇനി ഒരൊറ്റ ചാമ്പയ്ക്ക ആർക്കും കൊടുക്കുകയില്ല. അപ്പൂപ്പൻ അമ്മൂമ്മയോടു പറഞ്ഞു. ‘ചാമ്പയ്ക്ക നമുക്കും പറിക്കണ്ട. അതങ്ങനെ മരത്തിൽ നില്ക്കുന്നതു കാണാൻ എന്തു ഭംഗിയാ?” അവരുടെ സന്തോഷം ആ സൗന്ദര്യം ആസ്വദിക്കുന്നതിലായി. അവർ ആ ചാമ്പ മരത്തിന് കാവലിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം രാത്രി മുറ്റത്ത് ഒരു ശബ്ദം കേട്ടു. കുട്ടികൾ ചാമ്പയ്ക്ക പറിക്കാൻ വന്നതാണോ എന്നു സംശയം തോന്നി. എന്നാൽ അതൊരു മരപ്പട്ടിയായിരുന്നു. അതിനെ എങ്ങനെ പിടിക്കാമെന്ന് ആലോചന തുടങ്ങി.

അമ്മൂമ്മക്കൊരു ബുദ്ധി തോന്നി. അവർ അപ്പൂപ്പനോടു പറഞ്ഞു. - രാത്രിയിൽ നിങ്ങൾ ചാമ്പയിൽ കയറിയിരിക്കണം. മരപ്പട്ടി വന്നു കഴിയുമ്പോൾ മരം പിടിച്ചു കുലുക്കണം. അതു താഴെ വീഴുമ്പോൾ ഉലക്ക കൊണ്ട് ഞാനതിനെ അടിച്ചോടിക്കാം.

അങ്ങനെ രാത്രിയിൽ അപ്പൂപ്പൻ മരത്തിലും അമ്മൂമ്മ താഴെയുമായി കാത്തിരുന്നു. അപ്പൂപ്പൻ മരത്തിലിരുന്ന് ഉറങ്ങി താഴെ വീണു. മരപ്പട്ടിയാണെന്നു കരുതി അമ്മൂമ്മ അപ്പൂപ്പനെ പൊതിരെ തല്ലി. അപ്പൂപ്പൻ നിലവിളിച്ചു.

അമ്മൂമ്മയ്ക്ക് വലിയ വിഷമമായി. അപ്പൂപ്പനെയും താങ്ങിയെടുത്ത് വീടിനകത്തു പോയി. കുട്ടികൾക്കു കൊടുക്കാതിരുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നവർക്കു തോന്നി. ചാമ്പയ്ക്കയുടെ ശരിക്കുമുള്ള അവകാശികൾ കുട്ടികളാണെന്ന് അവർ തിരിച്ചറിഞ്ഞു. കുട്ടികൾ തിന്നുമ്പോഴുണ്ടാകുന്ന സന്തോഷമാണ് ഏറ്റവും വലിയ സന്തോഷമെന്ന് അവർക്കു മനസ്സിലായി.

രോഹിത റോയി
9 ജെ.എം.പി. ഹൈസ്കൂൾ മലയാലപ്പുഴ
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ