ടി.ഐ.യു.പി.എസ്. പൊന്നാനി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

ഖാസി മൈതാനം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് പൊന്നാനി നഗരപ്രദേശത്തെ ജനങ്ങൾ പ്രധാനമായും വെള്ള പെട്ടിക്കാരും ചുവപ്പ് പെട്ടിക്കാരുമായി ചേരിതിരിഞ്ഞ് പൊതു തെരഞ്ഞെടുപ്പുകളിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ചിരുന്നു.

ഖാൻ സാഹിബ് ആറ്റക്കോയ തങ്ങളും കെ വി നൂറുദ്ദീൻ സാഹിബും ആയിരുന്നു ഇരുവിഭാഗങ്ങളുടെയും നേതൃസ്ഥാനം വഹിച്ചിരുന്നത്.

അക്കാലത്ത് നടന്ന പ്രമാദമായ ഒരു കേസ് വിസ്താരത്തിൽ അന്ന് പൊന്നാനി ഖാസിയായിരുന്ന ബാവ മുസ്ലിയാർ വെള്ള പെട്ടി വിഭാഗക്കാർക്ക് അനുകൂലമായി കോടതിയിൽ സാക്ഷി പറഞ്ഞതിൽ പ്രതിഷേധിച്ചുകൊണ്ട് മുസ്ലിയാരെ ഖാസി സ്ഥാനത്ത് നിന്നും ബഹിഷ്കരിച്ച് സമാന്തരഖാസിയെ വാഴിക്കുന്നതിനായി ചുവപ്പ് പെട്ടി വിഭാഗക്കാർ പൊന്നാനി ടൗണിലെ കച്ചിത്തെരുവിന്റെ പരിസരത്ത് വെച്ച് പൊതുയോഗം സംഘടിപ്പിച്ച മൈതാനമാണ് 'ഖാസി മൈതാനം' എന്നറിയപ്പെടുന്നത്.

ഇന്നത്തേക്കാൾ വിശാലമായ ഈ മൈതാനത്ത് വെച്ചായിരുന്നു പൊന്നാനിയിലെ പല പ്രധാനപ്പെട്ട പൊതുയോഗങ്ങളും  സംഘടിപ്പിച്ചിരുന്നത്. 'മലബാർ സിംഹം' എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര നായകൻ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പങ്കെടുത്ത ഖിലാഫത്ത് സമ്മേളനവും മലബാറിലെ ആദ്യത്തെ വർഗ്ഗസമര പോരാട്ടങ്ങളിൽ ഒന്നായി ഗണിക്കപ്പെടുന്ന 1939 ലെ ഐതിഹാസികമായ ബീഡി തെറുപ്പ് സമരവും ഉൾപ്പെടെ ഒട്ടനവധി മത രാഷ്ട്രീയ സമ്മേളനങ്ങൾ ഖാസിമൈതാനം വേദിയായിട്ടുണ്ട്. പൊന്നാനി നഗരത്തിലെ ഒരു നൂറ്റാണ്ട് പിന്നിട്ട പുരാതന വിദ്യാലയമായ പൊന്നാനി ടി.ഐ.യുപി സ്കൂളിന്റെ കളിമുറ്റം കൂടിയായ ഖാസിമൈതാനത്ത് പലവട്ടം ഈദ് ഗാഹുകളും സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. പൊന്നാനി ടൗണിന്റെ സായാഹ്ന സംഗമ കേന്ദ്രമെന്ന നിലയിൽ ഒരുകാലത്ത് മാപ്പിള പാർക്കിനെക്കാൾ സജീവമായിരുന്ന ഖാസി മൈതാനം ഇന്ന് മെലിഞ്ഞുണങ്ങിയ ഒരു ഇടവഴി മാത്രമായി മാറിയിരിക്കുന്നു.