ടി.ഐ.യു.പി.എസ്. പൊന്നാനി/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
KM ABDURAHIMAN

അദ്ധ്യാപക ദിനത്തിൽ ആദ്യക്ഷരം കുറിച്ച സ്കൂളോർമകളിലേക്ക് ഒരു എത്തിനോട്ടം

ഇടവപ്പാതി കഴിഞ്ഞു മാനം തെളിഞ്ഞു വരുന്നുണ്ട്. കുട്ടികൾ കലപില പറഞ്ഞു കൂട്ടം കൂട്ടമായി സ്കൂളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്.

ഉച്ചക്ക് ശേഷമുള്ള ക്ലാസ് ആരംഭിക്കുവാൻ ഇനിയും അല്പസമയം ബാക്കിയുണ്ട്. കാലത്തെ പെരുമഴകാരണം വഴികളിൽ അങ്ങിങ്ങായി വെള്ളം കെട്ടി നിൽക്കുന്നുണ്ട്. കുട്ടികൾ കടലാസ് തോണികൾ വെള്ളത്തിൽ ഇറക്കി, ഒഴുക്കിനനുസരിച്ചുള്ള അതിന്റെ ചലനങ്ങളിൽ കളിച്ചു രസിക്കുകയാണ്.

സാധരണ ഉച്ചക്ക് ശേഷം കുട്ടികൾ വളരെ കുറവാണ്. രാവിലെ ഉപ്പു മാവും,പാലും ഉള്ളത് കൊണ്ട് ക്ലാസ് നിറഞ്ഞിരിക്കും. അന്ന് ശരിക്കും ദാരിദ്ര്യം വലിയ ഒരു പ്രശ്നം തന്നെയായിരുന്നു.

ഞങ്ങൾ പഠിച്ചിരുന്നത് പൊന്നാനിയിലെ കേളികേട്ട തഹ്ലീമുൽ ഇഹ്‌വാൻ യു പി സ്കൂളിലായിരുന്നു. പ്രഗൽഭരും, പ്രശസ്തരുമായ അദ്ധ്യാപകരുടെ ഒരു നിര തന്നെ അന്ന് ഇബ്രാഹിം കുട്ടി മാസ്റ്ററുടെ നേതൃത്വത്തിൽ അവിടെ ഉണ്ടായിരുന്നു. അത് സ്കൂളിന്റെ പേരും പെരുമയും വാനോളമുയർത്തി.

അന്നു ആ പ്രദേശത്ത്കാർ മുഴുവൻ അവിടെ തന്നെയാണ് പഠിച്ചിരുന്നത്. ഇന്ന് ആ ഭാഗത്തെ കുട്ടികളിൽ അധികപേരും കിഴക്കോട്ടേക്കാണ് ഒഴുകി കൊണ്ടിരിക്കുന്നത്.

വീട്ടിന്റെ ഓരത്ത് തന്നെ സ്കൂൾ ആയത് കാരണം രണ്ട് മിനുട്ട് നടന്നാൽ സ്കൂളിൽ എത്താമായിരുന്നു.

വളരെ കുറച്ച് കുട്ടികളെ പഠിപ്പിസ്റ്റ് കളായിട്ടുള്ളു. ഇന്നത്തെ പോലെ പഠനത്തിന് അത്ര പ്രാധാന്യം,വീട്ടു കാരോ കുട്ടികളോ അദ്ധ്യാപകരോകൊടുത്തിരുന്നില്ല അന്ന് ഞങ്ങൾ രണ്ടാം ക്ലാസിലായിരുന്നു.

സാധരണ പോലെ ക്ലാസ്സുകൾ ആരംഭിച്ചു. ആദ്യത്തെ പീരിയഡ് കഴിഞ്ഞു രണ്ടാമത്തെ ക്ലാസ് ആരംഭിക്കാനുള്ള ഒറ്റ ബെൽ മുഴങ്ങി അദ്ധ്യാപകൻ കോട്ടുവായിട്ട് അലസനായി ക്ലാസിലേക്ക് കയറി. ഉച്ചക്ക് ശേഷമുള്ള ക്ലാസായത് കാരണം മിക്ക ബെഞ്ചുകളിലും ഹാജർകുറവാണ്.

പെട്ടെന്നാണ് ഒരു ആരവം. അദ്ധ്യാപകർ തലങ്ങും വിലങ്ങും ധൃതി പിടിച്ചു സ്റ്റാഫ് റൂമിലേക്ക് കുതിക്കുകയാണ് കുട്ടികൾ അന്തം വിട്ടു ക്ലാസിൽ നിന്ന് വരാന്തയിലേക്ക് ഇറങ്ങി നിൽക്കുന്നുണ്ട്.

അപ്പോഴാണ് വലിയ സി സി സാർ ഓടി വന്ന് കാര്യങ്ങൾ അവതരിപ്പിക്കുന്നത് അറിഞ്ഞില്ലേ .... കൊങ്ങണം വീട്ടിൽ സൈതുട്ടി സൗദിയിൽ നിന്നു വന്നിട്ടുണ്ട് പിന്നെ അദ്ദേഹത്തെ കുറിച്ചുള്ള വർണനകൾ കൊണ്ട് സി സി വാചലനായി.

പഠിക്കുന്ന സമയത്ത് മദ്രാസ് സംസ്ഥാനത്ത് പിജിക്ക് ഗോൾഡ് മെഡൽ നേടിയ വിദ്യാർത്ഥിയായിരുന്നു, ഇന്ന് പൊന്നാനിയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങിക്കുന്ന വ്യക്തിയാണ്. സൗദി എയർലൈൻസിൽ വലിയൊരു പദവിയിലാണ് ജോലി.

കേന്ദ്ര സർക്കാർ സർവീസിൽ  ബീഹാറിൽ ജോലി ചെയ്ത് കൊണ്ടിരിക്കുമ്പോഴാണ് അദ്ദേഹം വിദേശത്തേക്ക് പോകുന്നത്. തുടങ്ങിയ വിവരങ്ങളൊക്കെ കൂട്ടംകുടി നിൽക്കുന്ന വിദ്യാർത്ഥികളാട് സി സി വിവരിക്കുന്നുണ്ട് കുട്ടികൾ  ശ്രദ്ധാപൂർവ്വം കാതും കൂർപ്പിച്ചു കേട്ട് കൊണ്ടിരിക്കുകയാണ്.

ഇതിനിടയിലാണ് ഞങ്ങളുടെ ക്ലാസ് ടീച്ചറായ ചെറിയ സി സി ഓടിക്കിതച്ച് വരുന്നത് .എവിടെ അമീൻ...? അപ്പോഴാണ് എല്ലാവരും ആ കാര്യം ശ്രദ്ധിക്കുന്നത്. അമീൻ സൈതു ട്ടിക്കയുടെ സീമന്തപുത്രനാണ് അമീനും ഞങ്ങളുടെ ക്ലാസിലാണ്.

അമീന്റെ കൂടെ ഞങ്ങളെല്ലാവരും സ്റ്റാഫ് റൂമിലേക്ക് പുറപ്പെട്ടു. അവിടെ ഒരു വിശിഷ്ട അതിഥിയായി ഒരു കസേരയിൽ സൈതുട്ടി സാഹിബ് ഇരിക്കുന്നുണ്ട്.

അദ്ധ്യാപകരല്ലൊം വളരെ ബഹുമാനത്തോടെ ചുറ്റും കൂടി നിൽക്കുന്നുണ്ട്. പ്രധാന അദ്ധ്യാപകൻ ഇബ്രാഹിംകുട്ടി മാസ്റ്റർ കാദർ മൊല്ലയെ TK യുടെ കടയിലേക്ക് ചായക്ക് പറഞ്ഞു വിട്ടിട്ടുണ്ട്.

ഓരോ സാറുമാരും ഓരോ ചോദ്യങ്ങളുമായി അതിഥിയുടെ ശ്രദ്ധ പിടിച്ചുപറ്റാനായി മത്സരത്തിലാണ്. ഒരദ്ധ്യപകന്റെ ചോദ്യം അവിടുത്തെ ജയിൽ എങ്ങിനെയുണ്ട് എന്ന് മൂപ്പർക്ക് അറിയണം.

അതിഥിക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ലെന്ന് തോന്നുന്നു. എനിക്ക് ഇത് വരെ ജയിലിൽ പോകേണ്ട വിഷയങ്ങളൊന്നും ഇല്ലാതിരുന്നത് കൊണ്ട് ഞാൻ അവിടെ പോയിട്ടില്ല. എന്ന് പറഞ്ഞതോടു കൂടി എല്ലാവരും കൂട്ട ചിരിയായി.

ചൂടുള്ള പഴംപൊരിയും ആവി പറക്കുന്ന ചായയുമായി കാദർ മൊല്ല എത്തിയപ്പോൾ അബൂബക്കർ സാർ ഇനി ചായ കുടി കഴിഞ്ഞിട്ട് വിശേഷങ്ങൾ എന്ന് പറഞ്ഞു. ചോദ്യശരങ്ങൾക്ക് വിരാമമിട്ടു.

അന്ന് 1967 കാലഘട്ടത്തിൽ ഉത്സാവന്തരീക്ഷത്തിൽ ആ വിശിഷ്ടാതിഥിയിയെ സ്വീകരിക്കുവാൻ ഉണ്ടായിരുന്ന അദ്ധ്യാപകരിൽ സുഭദ്ര ടീച്ചറും ബാവക്കുട്ടി മാസ്റ്ററും മാത്രമെ ഇന്ന് ജീവിച്ചിരിപ്പുളളു. മറ്റെല്ലാ പ്രിയപ്പെട്ട സാറുമാരും എന്നേന്നേക്കുമായി യാത്ര പറഞ്ഞു പിരിഞ്ഞു പോയി.

പതിറ്റാണ്ടുകൾക്ക് മുമ്പ് ഞങ്ങളുടെ സ്കുൾ മൊത്തം ആഹ്ളാദത്തോടെ ആനന്ദത്തോടെ അഭിമാനത്തോടെ ഒരു ഗൾഫുകാരന് രാജകീയ സ്വീകരണം ഒരുക്കിയ ആ അനർഘ നിമിഷങ്ങളാണ് സ്കൂൾ ഓർമ്മയുടെ   തീരത്ത് ഈ അധ്യാപക ദിനത്തിൽ   തിരമാല കണക്കെ അലയടിച്ചു കൊണ്ടിരിക്കുന്നത്.

കെ. എം. അബ്ദു റഹിമാൻ പൊന്നാനി