നൊച്ചാട് എച്ച്. എസ്സ്.എസ്സ്./മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം

ഐ ടി ക്ലബ്ബ്

എസ്.ഐ.ടി.സി, ജോയിൻറ് എസ്.ഐ.ടി.സി, കൈറ്റ് മാസ്റ്റർ, കൈറ്റ് മിസ്ട്രസ്റ്റ് എന്നിവരുടെ നേതൃത്വത്തിൽ സ്‍കൂൾ ഐ.ടി ക്ലബ്ബ് പ്രവർത്തിക്കുന്നു. ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഐ.ടി മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു. ഒക്ടോബർ ഏഴിന് ഈ വർഷത്തെ സ്‍കൂൾതല ഐടി മേള നടന്നു. ആനിമേഷൻ, പ്രസന്റേഷൻ. ഐ.ടി ക്വിസ്, മലയാളം ടൈപ്പിംഗ്, ഡിജിറ്റൽ പെയിൻറിംഗ്, സ്ക്രാച്ച് പ്രോഗ്രാം, വെബ് പേജ് ക്രിയേഷൻ എന്നീ ഇനങ്ങളിൽ സ്‍കൂൾതല ഐ ടി മേളയിൽ മത്സരം നടന്നു. സബ് ജില്ലാ ഐ.ടി മേളയ്‍ക്ക് സ്‍കൂൾ വേദിയായി. ഈ വർഷത്തെ ഐ.ടി മേളയിൽ ആനിമേഷൻ, മലയാളം ടൈപ്പിംഗ് എന്നീ ഇനങ്ങളിൽ, സ്‍കൂളിലെ വിദ്യാർത്ഥികൾ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു.

സീഡ് ക്ലബ്ബ്

പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് വളർന്നുവരുന്ന വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം സൃഷ്‍ടിക്കാനും വെള്ളം, വായു, മണ്ണ് എന്നിവ സംരക്ഷിക്കാൻ അവരെ പ്രാപ്‍തരാക്കാനും സീഡ് ക്ലബ്ബ് ലക്ഷ്യമിടുന്നു. പരിസ്ഥിതി സൗഹൃദ വളർച്ചയും വികസനവും ഉറപ്പാക്കാൻ വിദ്യാർത്ഥികളെ ശക്തിപ്പെടുത്തുകയെന്നതാണ് പ്രവർത്തനങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്.

ഭാരത് കാ അമൃത് മഹോത്സവിന്റെ ഭാഗമായി നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ സീഡ് ക്ലബ്ബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഊർജ്ജ സംരക്ഷണ ബോധവൽക്കരണ വെബിനാർ, മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പരിപാടികൾ, ഡ്രൈഡേ ആചരണം, ഇ വേസ്റ്റ് മാനേജ്‍മെന്റ്, യോഗയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യ ബോധവൽക്കരണത്തിനുള്ള വെബിനാർ എന്നിവ സംഘടിപ്പിച്ചു.

സ്‍കൂൾ തലത്തിൽ സംഘടിപ്പിച്ച ഊർജ്ജ സംരക്ഷണ ബോധവൽക്കരണ വെബിനാറിൽ റിട്ട: കെഎസ്ഇബി അസിസ്‍റ്റൻറ് എൻജിനീയർ ശ്രീ. രാധാകൃഷ്‍ണൻ മുഖ്യപ്രഭാഷണം നടത്തി. പരിപാടിയുമായി ബന്ധപ്പെട്ട് ഊർജ്ജ സംരക്ഷണ സർവ്വേ, പോസ്റ്റർ നിർമ്മാണം, എന്നിവ സംഘടിപ്പിച്ചു. നമ്മുടെ വീടുകളിൽ നിന്ന് തന്നെ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തിയ ശ്രീ. രാധാകൃഷ്‍ണൻ അഭിപ്രായപ്പെട്ടു.

മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട പരിപാടിയിൽ കമ്പോസ്‍റ്റ് നിർമ്മാണം, വീഡിയോ നിർമ്മാണം, പോസ്‍റ്റർ നിർമ്മാണം, ബോധവൽക്കരണ വെബിനാർ തുടങ്ങിയവ സംഘടിപ്പിച്ചു. നൊച്ചാട് പഞ്ചായത്ത് ഹരിത കർമ്മ സേനാ ജനറൽ സെക്രട്ടറി ശ്രീമതി ഷീജ മൂശാരിക്കണ്ടി വെബിനാറിൽ പ്രസ്‍തുത വിഷയത്തക്കുറിച്ച് സംസാരിച്ചു. ഭാരത് കാ അമൃത് മഹോത്സവിന്റെ ഭാഗമായി നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂൾ സീഡ് ക്ലബ്ബ് നടത്തിയ ഡ്രൈ ഡേ ആചരണത്തോടനു-ബന്ധിച്ച് ബോധവൽക്കരണ വെബിനാർ, പോസ്‍റ്റർ നിർമ്മാണം തുടങ്ങിയവ നടത്തി. കൊതുകു ജന്യ രോഗങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാർ ജില്ലാ സാമൂഹ്യനീതി ഓഫീസർ  അഷ്റഫ് കാവിൽ ഉദ്ഘാടനം ചെയ്‍തു. ഇ വേസ്‍റ്റ് മാനേജ്‍മെന്റ് എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ സി.ഡബ്ല്യു.ആർ.ഡി.എം. സയന്റിസ്‍റ്റ് ഡോ: കെ.വി. ശ്രുതി മുഖ്യപ്രഭാഷണം നടത്തി. വെബിനാറിൽ ഇലക്ട്രോണിക് മാലിന്യങ്ങളുടെ ദൂഷ്യ ഫലങ്ങളെ കുറിച്ചും അത് ഏതെല്ലാം രീതിയിൽ സംസ്‍കരിക്കാമെന്നതിനെ കുറിച്ചും ഡോ: കെ.വി ശ്രുതി സംസാരിച്ചു. ദിവസത്തിൽ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്‍റ്റിക് മാലിന്യ ബോധവൽക്കരണത്തിനുളള വെബിനാറിൽ, നമ്പീശൻ അവാർഡ് ജേതാവും അധ്യാപകനുമായ ശ്രീ: എൻ.പി അബ്‍ദുൽ കബീർ മാസ്‍റ്റർ വിഷയമവതരിപ്പിച്ച് സംസാരിച്ചു. വെബിനാറിന്റെ  ഭാഗമായി പേപ്പർ ബാഗ് നിർമ്മാണം, പേപ്പർ പെൻ നിർമ്മാണം, തുണിസഞ്ചി നിർമ്മാണം, തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

  • ലോക നാളികേര ദിനാചരണം

മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 'എന്റെ തെങ്ങ്' പദ്ധതിയുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. നാളികേര കർഷകരെ ആദരിക്കൽ, സുഭിക്ഷ സന്ദർശിക്കൽ, കവിതാരചന, കഥാരചന, അനുഭവക്കുറിപ്പ്, നാളികേര വിഭവങ്ങളെ പരിചയപ്പെടുത്തൽ, ക്വിസ് മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. സുഭിക്ഷ സന്ദർശിച്ച സീഡ് അംഗങ്ങൾ സുഭിക്ഷ ചെയർമാൻ എം. കുഞ്ഞമ്മദ് മാസ്‍റ്ററുമായി അഭിമുഖം നടത്തി. അഭിമുഖത്തിൽ അദ്ദേഹം സുഭിക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുകയും നാളികേരമേഖലയെ സംരക്ഷിക്കാൻ വിദ്യാർത്ഥികൾക്കേറ്റെടുത്ത് നടത്താനുള്ള പദ്ധതികളെ കുറിച്ച് നിർദ്ദേശം നൽകുകയും ചെയ്തു.

  • വാഴയ്‍ക്കൊരു കൂട്ട്

നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിൽ വാഴയ്‍ക്കൊരു കൂട്ട് പദ്ധതിക്ക് തുടക്കമായി. ഓരോകുട്ടിയും വീട്ടു വളപ്പിൽ ഒരു വാഴ നട്ട് സംരക്ഷിക്കുന്ന പദ്ധതി. ആവശ്യമായ വാഴത്തൈകൾ കൃഷി വകുപ്പിന്റെ സഹകരണത്തോടെ വിതരണം ചെയ്‍തു.

  • ലോക പുഞ്ചിരി ദിനം ആചരണം

ലോക പുഞ്ചിരി ദിനത്തോടനുബന്ധിച്ച് നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിൽ പുഞ്ചിരിയുടെ മാഹാത്മ്യം വിളിച്ചോതുന്ന വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ പ്രവർത്തകനും വിജയഭേരി കോർഡിനേറ്ററുമായ സലീം മാസ്റ്റർ മുഖ്യാതിഥിയായി. കോവിഡ് കാലത്തുള്ള ചിരിയുടെ പ്രാധാന്യത്തെക്കുറിച്ച് സലീം മാസ്റ്റർ മുഖ്യപ്രഭാഷണത്തിൽ വിശദീകരിച്ചു. വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.

  • ഓസോൺ സംരക്ഷണത്തിനായി സീഡ് വിദ്യാർത്ഥികൾ

ഓസോൺ ദിനത്തോടനുബന്ധിച്ച് സ്‍കൂൾ സീഡ് ക്ലബ്ബ് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഓസോൺ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്‍ടിക്കുകയെന്ന ലക്ഷ്യവുമായാണ് പരിപാടികൾ സംഘടിപ്പിച്ചത്. സീഡ് ക്ലബ് വിദ്യാർത്ഥികൾ അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം യൂട്യൂബിൽ പ്രദർശനം ആരംഭിച്ചു. കാർട്ടൂൺ രചന, പോസ്‍റ്റർ നിർമ്മാണം, വീഡിയോ നിർമ്മാണം, ക്വിസ് മത്സരം തുടങ്ങിയ നിരവധി പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു.

  • മധുരവനം പദ്ധതി

നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിൽ 'മധുരവനം' പദ്ധതിക്ക് തുടക്കമായി. വിദ്ധ്യാർത്ഥികൾ അവരുടെ വീട്ടു വളപ്പിൽ ഫലവൃക്ഷങ്ങൾ നട്ട് സംരക്ഷിക്കുന്നതിനുള്ള പദ്ധതി പ്രിൻസിപ്പൽ, ഫലവൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു.

  • ദേശീയ ബാലികാ ദിനാചരണം

സീഡ് ക്ലബ് ദേശീയ ബാലികാദിനത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രശ്നോത്തരി, ബാലികാ ശാക്തീകരണ പ്രഭാഷണം എന്നിവ സംഘടിപ്പിച്ചു.

  • ക്യാമ്പസ് ബേർഡ് കൗണ്ടിന് തുടക്കമായി  

നൊച്ചാട് സെക്കണ്ടറി സ്‍കൂളിൽ ഗ്രേറ്റ് ബാക്യർഡ് ബേർഡ് കൗണ്ടിന്റെ ഭാഗമായി ക്യാമ്പസ് ബേർഡ് കൗണ്ട് സംഘടിപ്പിച്ചു. നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആയിരുന്നു ക്യാമ്പസ് ബേർഡ് കൗണ്ട്. പ്രശസ്‍ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും പക്ഷി നിരീക്ഷകനുമായ ജിതേഷ് നൊച്ചാട് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് പക്ഷി നിരീക്ഷണം ഒരു വ്യത്യസ്‍തമായ അനുഭവമായി മാറി

2022 -2023 അധ്യയനവർഷ പ്രവർത്തനങ്ങൾ

  • വിത്ത് വിതരണം

വീടുകളിൽ പച്ചക്കറി കൃഷി ഇറക്കുന്നതിന് വേണ്ടി സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് കൃഷിക്കാവശ്യമായ വിത്ത് വിതരണം നടത്തി. കൃഷിക്കൂട്ടം പദ്ധതിയിൽ 50 വിദ്യാർഥികളുടെ വീടുകളിലാണ് വെണ്ട, പയർ, ചീര, പച്ചമുളക്, വഴുതന, പപ്പായ എന്നിവ കൃഷി ചെയ്യുക.

ഗാന്ധി ക്ലബ്ബ്

ഗാന്ധിയൻ ആദർശങ്ങളോട് താൽപര്യമുള്ള നൂറ് വിദ്യാർത്ഥികൾ ഉൾകൊള്ളുന്ന ഗാന്ധി ക്ലബ്ബ് സ്‍കൂളിൽ പ്രവർത്തിക്കുന്നു.

  • ക്ലബ്ബ് ലക്ഷ്യങ്ങൾ
  1. ഗാന്ധിയൻ ചിന്തകളെയും ആദർശങ്ങളെയും കുട്ടികളെ പരിചയപ്പെടുത്തുക.
  2. കുട്ടികളിൽ അഹിംസയിലധിഷ്‍ഠിതമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് പ്രേരകമാവുക.
  3. മതേതര ചിന്തകളും സമഭാവനയും കുട്ടികളിൽ ചെറുപ്പത്തിലേ അരക്കിട്ടുറപ്പിക്കുക.
  4. സ്വയം വളരുന്നതിനോടൊപ്പം സമൂഹത്തെയും വളർത്തി സാമൂഹ്യ സേവന രംഗങ്ങളിൽ താൽപര്യം ജനിപ്പിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുന്നതിന് കുട്ടികളെ പ്രാപ്‍തരാക്കുകയും ചെയ്യുക.
ആരോഗ്യ ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൗമാര ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു. സ്‍കൂളിൽ വെച്ച് റുബെല്ല വാക്സിനേഷൻ നടത്തി. ആഴ്‍ചതോറും അയേൺ ഗുളിക വിതരണം ചെയ്യുന്നു. ആറുമാസത്തിലൊരിക്കൽ വിര ഗുളിക നൽകി കണക്കുകൾ  ആരോഗ്യവകുപ്പ് സൈറ്റിൽ അപ്‍ലോഡ് ചെയ്യുന്നു. ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ ദിനാചരണങ്ങളും നടത്തി വരുന്നു.

2022 -2023 അധ്യയനവർഷ പ്രവർത്തനങ്ങൾ:

എല്ലാ ക്ലാസ്‍സുകളിലും ആരോഗ്യ ക്ലബ്ബ്  രൂപീകരിക്കുകയും, എല്ലാ ക്ലാസ്‍സുകളിലെയും ആരോഗ്യ മന്ത്രിമാരുടെ മീറ്റിംഗ് വിളിക്കുകയും ചെയ്‌തു. ജാഗ്രതാ സമിതിയുടെ  സഹായത്തോടെ എല്ലാ കുട്ടികൾക്കും ബോധവൽക്കരണ ക്ലാസ്‍സ് നടത്തി. എല്ലാ തിങ്കളാഴ്‍ചയും കുട്ടികൾക് അയേൺ ഗുളിക വിതരണം ചെയ്‌തു വരുന്നു. കുഷ്‍ഠ രോഗത്തെ കുറിച്ച് മുഴുവൻ ക്ലാസ്‍സധ്യാപകർക്കുമായി, ബോധവൽക്കരണ ക്ലാസ്‍സ് നടത്തുകയും ക്ലാസ്‍സ് തല പി.ടി.എയിൽ രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്‌തു. സ്‍കൂൾ ക്ലീൻ ക്ലബ്ബുമായി ചേർന്നു വിവധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

വിവിധ വിഷയ ക്ലബ്ബുകൾ

വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും സമഗ്ര വികസനത്തിനുമായുള്ള കൂട്ടായ്‍മയാണ് വിവിധ ക്ലബ്ബുകൾ. വിവിധ ക്ലബ്ബ് പ്രവർത്തനങ്ങളിലൂടെ പാഠ്യേതര പ്രവർത്തനങ്ങളെ, പാഠ്യ പ്രവർത്തനങ്ങളൂമായി ബന്ധിപ്പിക്കാൻ സാധിക്കുന്നു. വിവിധ വിഷയ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠന പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ക്ലാസ്‍സുകൾ നടക്കുന്നു. അസ്സആദ അറബിക് ക്ലബ്ബ്, വിജ്ഞാനം സംസ്‍കൃതം ക്ലബ്ബ്, നി‍ഷാൻ ഉറുദു ക്ലബ്ബ്, ഫീനിക്സ് ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് മുതലായ വിവിധ ഭാഷാ ക്ലബ്ബുകൾ സ്‍കൂളിൽ പ്രവർത്തിക്കുന്നു. ഭാഷാ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ഭാഷാ നൈപുണി പ്രവർത്തനങ്ങൾ നടന്നു വരുന്നു.