പാഠ്യേതരപ്രവർത്തനങ്ങൾ 2020-21

Schoolwiki സംരംഭത്തിൽ നിന്ന്

മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ

പാഠ്യേതരപ്രവർത്തനങ്ങൾ 2020-21

വൈജ്ഞാനിക സൗഗന്ധികത്തിന്റെ പാരമ്യത്തിൽ ശിരസ്സുയർത്തി നിൽക്കുവാൻ കഠിനപ്രയത്നം ചെയ്തുവരുന്ന കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ്, ലോകമാസകലം കോവിഡ് മഹാമാരി താണ്ഡവമാടിയപ്പോഴും, സർക്കാർ ധൈര്യപൂർവ്വം എടുത്ത തീരുമാനപ്രകാരം 2020 -21 അധ്യയന വർഷത്തിലെ ക്ലാസുകൾ ഓൺലൈൻ മാധ്യമത്തിലൂടെ ജൂൺ ആദ്യം തന്നെ ആരംഭിച്ചു. മുഹമ്മ മദർ തെരേസ ഹൈസ്കൂളിലേക്ക് പുതുതായി ചാർജെടുത്ത ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് അവറുകളുടെ അധ്യക്ഷതയിൽ ജൂൺ മൂന്നാം തീയതി ചേർന്ന സ്റ്റാഫ് കൗൺസിൽ, കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് കുട്ടികൾക്ക് അധ്യയന വർഷം ഒട്ടും നഷ്ടമാകാതെ ഓൺലൈൻ വിദ്യാഭ്യാസം പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നതിന് ഉതകുന്ന രൂപരേഖ തയ്യാറാക്കി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ covid-19 എന്ന മഹാമാരി ഒരു പോറൽ പോലും ഏൽപ്പിക്കാതിരിക്കാൻ ആവിഷ്കരിച്ച ഫസ്റ്റ് ബെൽ എന്ന വിദ്യാഭ്യാസ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ജൂൺ മൂന്നാം തീയതി കൂടിയ സ്റ്റാഫ് കൗൺസിലിന് ശേഷം അധ്യാപകർ തങ്ങളുടെ ക്ലാസ്സുകളിലെ കുട്ടികളുമായി ടെലഫോണിലൂടെ ബന്ധപ്പെട്ട് ടിവി ,ആൻഡ്രോയ്ഡ് ഫോൺ എന്നിവ വീടുകളിൽ ഇല്ലാത്ത കുട്ടികളുടെ ലിസ്റ്റ്, ക്ലാസ് തലത്തിൽ തയ്യാറാക്കി. ഇപ്രകാരം തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം 13 ടിവി കളുടെയും 14 ഫോണുകളുടെയും ആവശ്യകത ഉണ്ടെന്ന് മനസ്സിലായി. ഇതിലേയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനമായ മുഹമ്മ ഗ്രാമ പഞ്ചായത്തിൽ നിന്ന് 4 ഫോണുകളും 2 ടിവികളും ലഭ്യമായി, ചേർത്തല ഡി ഇ ഓ ഓഫീസിൽനിന്ന് 2 ടിവികളും, സർക്കാർ ഇതര സ്ഥാപനങ്ങളിൽനിന്ന് 2 ടിവികളും ലഭിച്ചു. കൂടാതെ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ സഹകരണത്തോടെ ബാക്കിവന്ന ഏഴ് പേർക്ക് ടിവിയും 10 കുട്ടികൾക്ക് ആൻഡ്രോയ്ഡ് ഫോണുകളും വിതരണം ചെയ്ത് മുഴുവൻ കുട്ടികൾക്കും ഫസ്റ്റ് ബെൽ പരിപാടി ലഭ്യമാക്കുന്നതിനുള്ള സൗകര്യമൊരുക്കി . ഓരോ ക്ലാസ് അധ്യാപകരും തങ്ങളുടെ ചാർജുള്ള ക്ലാസിലെകുട്ടികളുടെ വാട്സ്ആപ്പ് ഗ്രൂപ്പ് തയ്യാറാക്കി.ഈ ഗ്രൂപ്പുകൾ വഴി എല്ലാ ക്ലാസ് അധ്യാപകരും കുട്ടികളെ അറിയിക്കേണ്ട പ്രധാനപ്പെട്ട വിവരങ്ങൾ , വിക്റ്റേഴ്സ് വഴി നടത്തപ്പെടുന്ന ക്ലാസ്സുകളുടെ ടൈം ടേബിളുകൾ, സ്കൂളിൽനിന്ന് നടത്തുന്ന ഗൂഗിൾ മീറ്റ് വഴിയുള്ള ഓൺലൈൻ ക്ലാസ് , എന്നിവ സംബന്ധിച്ച വിവരങ്ങൾ കുട്ടികളെ അറിയിച്ചു വരുന്നു. കൂടാതെ എല്ലാ വിഷയങ്ങളുടെയും ക്ലാസ് നോട്സ് അധ്യാപകർ കുട്ടികൾക്ക് അയച്ചുകൊടുക്കുന്നു. ഓൺലൈൻ ക്ലാസ്സുകളുടെയും അനുബന്ധ പ്രവർത്തനങ്ങളുടെയും വിലയിരുത്തലിനായി 2020 ജൂൺ 17 ആം തീയതി സൂം പ്ലാറ്റ്ഫോമിൽ ഒരു സ്റ്റാഫ് കൗൺസിൽ ചേരുകയുണ്ടായി. തുടർന്ന് ജൂൺ ഇരുപത്തിമൂന്നാം തീയതി ചേർന്ന സ്റ്റാഫ് കൗൺസിൽ കുട്ടികളുടെ വിവിധങ്ങളായ സർഗാത്മക ശേഷികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന വിവിധ ക്ലബ്ബുകളുടെ രൂപീകരണം നടത്തി.

ഫസ്റ്റ് ബൽ ക്ലാസ്സുകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഗൂഗിൾ ഫോം ഉപയോഗിച്ചുള്ള ഹാജർ ചെക്ക് ചെയ്യൽ, വാട്സാപ്പ് കൂട്ടായ്മ വഴി നടത്തുന്ന വിവരശേഖരണം, രക്ഷിതാക്കളുമായി ഫോൺ‍ ഉപയോഗിച്ചുള്ള സംവദിക്കൽ, തുടങ്ങിയ വിവിധ മാർഗങ്ങൾ എല്ലാ ക്ലാസ് അധ്യാപകരും ഓരോ ദിവസത്തെയും ഫസ്റ്റ് ബെൽ ക്ലാസുകൾക്ക് ശേഷം നടത്തുകയും കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഇപ്രകാരമുള്ള ക്ലാസുകളിൽ പങ്കെടുക്കാത്ത കുട്ടികളെ അതാത് ദിവസം തന്നെ കണ്ടെത്തി അവരെ നേരിട്ട് ഫോണിൽ വിളിക്കുകയും തുടർന്ന് ഉള്ള ക്ലാസ്സുകളിൽ പങ്കെടുക്കുന്നതിന് വേണ്ട പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. കൂടാതെ രക്ഷിതാക്കളുമായി സംസാരിച്ച് വേണ്ട മാർഗനിർദേശങ്ങൾ നൽകുന്നു.

Google / Zoom ക്ലാസ്സുകൾ

  വിക്ടേഴ്സ് ക്ലാസ്സുകൾക്ക് പുറമേ  തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 7 മണി മുതൽ ഒൻപതു മണി വരെയുള്ള സമയത്ത് google meet / Zoom ലൂടെ സ്കൂളിൽനിന്നുള്ള അധ്യാപകർ എല്ലാ വിഷയത്തിലും ക്ലാസ്സെടുക്കുന്നു. ഇതിനായി ടൈംടേബിൾ നേരത്തെ തയ്യാറാക്കിയിരിക്കുന്നതിനാൽ അധ്യാപകർക്ക് കൃത്യമായി ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നു. ഒാരോ ആഴ്ചയും എല്ലാ വിഷയവും കുട്ടിക്ക് ലഭിക്കത്തക്ക രീതിയിലും, വിഷയങ്ങൾ മാറി മാറി വരത്തക്ക രീതിയിലുമാണ് ടൈംടേബിൾ തയ്യാറാക്കിയിരിക്കുന്നത്. അതിനാൽ വിക്ടേഴ്സ് ക്ലാസിനെ തുടർന്ന് കുട്ടിക്ക് ആ വിഷയത്തിൽ ഉണ്ടാകുന്ന സംശയ നിവാരണം നടത്തുന്നതിനും, പ്രസ്തുത ക്ലാസുകൾ കുറേക്കൂടി നന്നായി മനസ്സിലാക്കുന്നതിനും, തുടർപ്രവർത്തനത്തിനും‍   ഈ ക്ലാസ്സുകൾ ഉപകരിക്കുന്നു.

ശാസ്ത്ര ഗണിത ശാസ്ത്ര വിഷയങ്ങൾക്കുള്ള ക്ലാസുകൾ

ശാസ്ത്ര വിഷയങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കാനായി അധ്യാപകർ മുൻകൂർ തയ്യാറാക്കിയ വീഡിയോകൾ, സമഗ്രയിൽ നിന്നും ലഭ്യമാകുന്ന വീഡിയോകൾ ഇവ ഉപയോഗിച്ച് സ്ക്രീൻ ഷെയർ ചെയ്ത് ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. White board ഷെയർ ചെയ്തു് ചിത്രങ്ങൾ വരയ്ക്കുന്നതിനും, ഗണിത വിഷയത്തിലെ പ്രശ്നങ്ങൾ നിർധാരണം ചെയ്യുന്നതിനും ശ്രമിക്കുന്നതു വഴി കുട്ടികൾക്ക് ക്ലാസുകൾ കൂടുതൽ ആകർഷകമായി അനുഭവപ്പെടുകയും വസ്തുതകൾ കൂടുതൽ നന്നായി മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Vocabulary Challenge

ഇലക്ട്രോണിക് മാധ്യമങ്ങളും ആയി കഴിഞ്ഞുകൂടുന്ന കുട്ടികളുടെ പദസമ്പത്ത് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂലൈ ഒന്നാം തീയതി മുതൽ നടപ്പിലാക്കിയപ്രത്യേക പരിപാടിയാണ് ‘ Vocabulary Challenge’ . ഇതുമായി ബന്ധപ്പെട്ട് എല്ലാദിവസവും കുട്ടികൾ മലയാളം, ഇംഗ്ലീഷ്,ഹിന്ദി എന്നീ മൂന്നു വിഷയങ്ങളിൽ ഉള്ള വാക്കുകൾ ഒരു വാക്ക് വീതം മത്സരബുദ്ധിയോടെ കണ്ടെത്തി അവയുടെ അർത്ഥം പഠിക്കുകയും അത് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുകയും ചെയ്യുന്നു. ഇത് കുട്ടികളുടെ പദസമ്പത്ത് വർദ്ധിക്കാൻ ഇടയാക്കുന്നു.

അധ്യാപകപരിശീലനം

വിക്ടേഴ്സ് ചാനലിന്റെ‍ നേതൃത്വത്തിൽ ആരംഭിച്ച ഫസ്റ്റ് ബെൽ ക്ലാസ്സുകളുടെ തുടർച്ചയായി സ്കൂൾ ഏറ്റെടുത്തു നടത്തുന്ന ഓൺലൈൻ ക്ലാസ്സുകൾക്ക് എല്ലാ അധ്യാപകരെയും സജ്ജരാക്കുന്നതിനായി അധ്യയനവർഷം ആരംഭത്തിൽതന്നെ എസ്. ഐ. ടി. സി യുടെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കുമായി ഗൂഗിൾ മീറ്റ്, സൂം, എന്നീ ആപ്പുകൾ ഉപയോഗിക്കുന്നതിന് പരിശീലനം നൽകി. screen shareചെയ്യുന്ന വിധം, presentചെയ്യുന്ന വിധം എന്നിവയെല്ലാം അധ്യാപകരെ പരിചയപ്പെടുത്തി. ഇവ എല്ലാ അധ്യാപകരും ക്ലാസ് എടുക്കുന്നതിനായി പ്രയോജനപ്പെടുത്തുന്നു. ശാസ്ത്ര, ഗണിത ശാസ്ത്ര വിഷയങ്ങൾ പഠിപ്പിക്കുന്നവർക്കായി ഫോണും, ലാപ്‍ടോപ്പും ഒരേ സമയം ഉപയോഗിച്ചുകൊണ്ട് വൈറ്റ് ബോർഡ് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് പ്രത്യേകം തയ്യാറാക്കിയ വീഡിയോയിലൂടെ പരിശീലിപ്പിച്ചു. കൂടാതെ കുട്ടികളുടെ നോട്സ് ഡിജിറ്റൽ പോർട്ട്ഫോളിയോ വഴി അയ്ക്കുന്നതിനുവേണ്ടി എല്ലാ ക്ലാസ് അധ്യാപകരെയും ഡിജിറ്റൽ പോർട്ട് ഫോളിയോ എപ്രകാരം നിർമ്മിക്കാമെന്ന് പരിശീലിപ്പിച്ചു. ഇതുവഴി നവമാധ്യമങ്ങൾ ഓൺലൈൻക്ലാസ്സുകളിൽ എപ്രകാരം ഉപയോഗിക്കാമെന്ന് അധ്യാപകർ മനസ്സിലാക്കി.

Refreshment Course

 മറ്റ് പ്രത്യേക പരിശീലനങ്ങൾ ഇല്ലാതിരുന്ന കോവിഡ് കാലഘട്ടത്തിൽ മാനേജ്മെന്റെിന്റെ നേതൃത്വത്തിൽ അധ്യാപകർക്കായി ഒരു ഏകദിന പരിശീലനം നടത്തുകയുണ്ടായി. 2020 നവംബർ ഒമ്പതാം തീയതി സ്കൂളിൽ വച്ച് നടത്തിയ ഈ പരിശീലനത്തിൽ ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ റെവ.ഫാദർ സ്കറിയ എതിരേറ്റ് സി എം എെ, ഒരു അധ്യാപകന് ഉണ്ടായിരിക്കേണ്ട സവിശേഷതകളെക്കുറിച്ച് ഞങ്ങളെ ഓർമപ്പെടുത്തി. അധ്യാപകർക്ക് അതുവഴി കൂടുതൽ ഊർജ്ജസ്വലതയോടെ തങ്ങളുടെ അധ്യാപനവൃത്തിയിൽ മുന്നേറുന്നതിനുള്ള പ്രചോദനവും തീക്ഷ്ണതയും ലഭിച്ചു.

Online class evaluation report

എല്ലാ അധ്യാപകരും തങ്ങളുടെ വിഷയവുമായി ബന്ധപ്പെട്ട ഫസ്റ്റ് ബൽ ക്ലാസുകളിൽ പങ്കെടുത്തശേഷം അതുമായി ബന്ധപ്പെട്ട തുടർ പ്രവർത്തനം അന്ന് തന്നെ കുട്ടികൾക്ക് വാട്സ്ആപ്പ് ഗ്രൂപ്പ് വഴി നൽകുന്നു. തുടർന്ന് തങ്ങൾ നൽകിയ തുടർപ്രവർത്തനം ഉൾപ്പെടെയുള്ള ഫസ്റ്റ് ബെൽ ക്ലാസുകളുടെ ഇവാലുവേഷൻ റിപ്പോർട്ട് ഹെഡ്മാസ്റ്റർ നേരത്തെ തയ്യാറാക്കി നൽകിയിട്ടുള്ള ഡിജിറ്റൽ പോർട്ട് ഫോളിയോയിലേക്ക് അയക്കുന്നു . ഹെഡ്മാസ്റ്റർ അത് വിലയിരുത്തുന്നു.

Teach and Train with Tech

Life tech Solution & IPCAI ഉം ചേർന്ന് നടത്തുന്ന technological class ൽ, Sri Michael Cyriac (Headmaster) പങ്കെടുത്ത് ടെക്നിക്കൽ സ്കിൽ ഡെവലപ്മെൻറ് കോഴ്സ് പൂർത്തീകരിക്കുകയും സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു.ഈ ക്ലാസ്സിൽ നിന്നും ലഭിച്ച അറിവുകൾ ഹെഡ്‍മാസ്റ്റർ തുടർന്നുള്ള സ്റ്റാഫ് മീറ്റിംഗിൽ അധ്യാപകർക്കായി പങ്കുവെച്ചതിനാൽ അധ്യാപകർക്ക് ഓൺലൈൻ ക്ലാസുകൾ കൂടുതൽ കാര്യക്ഷമതയോടെ കൈകാര്യം ചെയ്യുവാൻ സാധിച്ചു. തുടർന്ന് ഇംഗ്ലീഷ് അധ്യാപകനായ ഫാദർ ജോസഫ് പി ജെ യും സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. ഈ കോഴ്സിൽ നിന്നും ലഭിച്ച ആശയത്തെ തുടർന്ന് നമ്മുടെ സ്കൂളിന് സ്വന്തമായി സൂം ലൈസൻസ് കരസ്ഥമാക്കി.

ഇംഗ്ലീഷ് ട്രെയിനിങ്

Fr.Joseph P J , Jince Joseph എന്നീ അധ്യാപകർ ആലപ്പുഴ ഡയറ്റിന്റെ‍ നേതൃത്വത്തിൽ ഡിപ്പാർട്ട്മെന്റ് ഓൺലൈനായി നടത്തിയ ഇംഗ്ലീഷ് ട്രെയിനിങ് കോഴ്സ് വിജയകരമായി പൂർത്തിയാക്കി.

സ്റ്റാഫ് മീറ്റിങ്ങുകൾ

അധ്യാപകരുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ആയി എല്ലാ മാസവും സ്റ്റാഫ് മീറ്റിങ്ങുകളും എസ് ആർ ജി മീറ്റിങ്ങുകളും സ്കൂൾ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ കൃത്യസമയത്ത് നടത്തപ്പെടുന്നു.നടപ്പ് അധ്യയന വർഷത്തിൽ 13 ഓൺലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും 9 ഓഫ് ലൈൻ സ്റ്റാഫ് മീറ്റിങ്ങുകളും നടത്തപ്പെട്ടു.

സബ്ജക്ട് കൗൺസിൽ മീറ്റിങ്ങുകൾ

വിഷയാടിസ്ഥാനത്തിൽ അധ്യാപകർ ഓൺലൈൻ മാധ്യമത്തിലൂടെ ഒന്നിച്ചുകൂടി സബ്ജക്ട് കൗൺസിൽ എല്ലാമാസവും നടത്തുകയും പാഠഭാഗവുമായി ബന്ധപ്പെട്ട് ഹാർഡ് സ്പോട്ടുകൾ കണ്ടെത്തി അവ കൂടുതൽ ലളിതമാക്കി എങ്ങനെ കുട്ടികളിൽ എത്തിക്കാം എന്ന് ചർച്ച ചെയ്യുകയും ചെയ്യുന്നു. വിക്റ്റേഴ്സ് ക്ലാസുകളെ തുടർന്ന് നൽകേണ്ട തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. ഇതിനെ തുടർന്ന് എല്ലാ മാസവും രണ്ടുപ്രാവശ്യം എസ്. ആർ. ജി. മീറ്റിംഗ് നടത്തുന്നു. മാസാരംഭത്തിലെ എസ്. ആർ. ജി മീറ്റിങ്ങിലൂടെ അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും മാസാവസാനം നടത്തുന്ന എസ്. ആർ. ജി. മീറ്റിംഗ് വഴി ആസൂത്രണം ചെയ്ത പ്രവർത്തനങ്ങളുടെ വിലയിരുത്തലും സാധ്യമാവുന്നു.ഈ അധ്യായന വർഷത്തിൽ ഇതിനോടകം 16 എസ് ആർ ജി മീറ്റിംങ്ങുകൾ നടത്തുകയുണ്ടായി. ഒക്ടോബർ പതിനൊന്നാം തീയതി ഞായറാഴ്ച 3 pmന് നടന്ന എസ് ആർ ജി മീറ്റിംഗിൽ ബി ആർ സി യിലെ ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ആയ ശ്രീ ഷാജി മഞ്ചേരി, ബി ആർ സി ക്ലസ്റ്റർ കോഡിനേറ്റർ ശ്രീമതി ഗിരിജ എന്നിവർ പങ്കെടുത്തു. എല്ലാ വിഷയത്തിലും അധ്യാപകർ ഫസ്റ്റ് ബെൽക്ലാസിന് തുടർച്ചയായി പാഠാനുബന്ധമായി കൊടുക്കേണ്ട തുടർപ്രവർത്തനങ്ങളെക്കുറിച്ചും ഫസ്റ്റ് ബെൽ ക്ലാസുകളുടെ വിലയിരുത്തലും നടത്തി. അധ്യാപകരുടെ ചിട്ടയായ അവതരണ രീതിയിൽ ഷാജി സാർ അഭിനന്ദനം രേഖപ്പെടുത്തി. കൂടാതെ നവംബർ പതിമൂന്നാം തീയതി വെള്ളിയാഴ്ച 7 30ന് ചേർന്ന ഓൺലൈൻ എസ് ആർ ജി മീറ്റിംങ്ങിൽ ചേർത്തല DEO സുജയ മാഡം, പ്രോഗ്രാം ഓഫീസർ , ഷുക്കൂർ സാർ, ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ഷാജി സാർ എന്നിവരും പങ്കെടുത്തു. ഈ മീറ്റിംഗിൽ DEO, സുജയ മാഡം മദർ തെരേസ സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളെ പ്രത്യേകം അഭിനന്ദിച്ചു

ബെസ്റ്റ് സ്കൂൾ അവാർഡ്

സി എം ഐ കോർപ്പറേറ്റ് തിരുവനന്തപുരം പ്രോവിൻസിന് കീഴിലുള്ള ഹൈസ്കൂളുകളിൽ നിന്നും ഏറ്റവും ഉയർന്ന വിജയശതമാനത്തിനും പ്രവർത്തന മികവുകൾക്കുമായി ഏർപ്പെടുത്തിയിരിക്കുന്ന ബെസ്റ്റ് സ്കൂൾ അവാർഡ് കഴിഞ്ഞ വർഷം മുഹമ്മ മദർ തെരേസ ഹൈസ്കൂളിന് ലഭിക്കുകയുണ്ടായി. പ്രസ്തുത അവാർഡ് 2021ഫെബ്രുവരി ആറാം തീയതി നടത്തിയ ഏകദിന ശിൽപ്പശാലയിൽ വച്ച് ബഹുമാനപ്പെട്ട കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് ഏറ്റുവാങ്ങി.

ഭവന സന്ദർശനം

കോവിഡ് മഹാമാരി സൃഷ്ടിച്ച ഏകാന്തതയ്ക്കും പ്രതിസന്ധികൾക്കും ഇടയിൽ അനുസ്യൂതം നടന്നുപോകുന്ന ഓൺലൈൻ ക്ലാസുകളുടെ വിരസത അകറ്റുന്നതിനും കുട്ടികൾക്ക് ആവശ്യമായ പഠന പിന്തുണ നൽകുന്നതിനുമായി മുഹമ്മ മദർതെരേസയിലെ എല്ലാ കുട്ടികളുടെയും വീടുകൾ ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ഒക്ടോബർ , നവംബർ മാസങ്ങളിൽ മൂന്ന് ഘട്ടങ്ങളിലായി എല്ലാ അധ്യാപകരും ഭവന സന്ദർശനം പൂർത്തിയാക്കി. ഈ സന്ദർശനം മൂലം കുട്ടികളുടെ പഠനാന്തരീക്ഷവും, ഭവനാന്തരീക്ഷവും വിലയിരുത്തുവാൻ അദ്ധ്യാപകർക്ക് സാധിച്ചു. കൂടാതെ കുടുംബാംഗങ്ങളെ പരിചയപ്പെടുന്നതിനും ഭവനങ്ങളിൽ ഇരുന്നുള്ള കുട്ടികളുടെ പാ‍‍ഠ്യ പാഠ്യേതര വിഷയങ്ങളിലുള്ള താല്പര്യം മനസ്സിലാക്കുവാനും സാധിച്ചു. പത്താം ക്ലാസിലെ പഠന പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് വിവിധ വിഷയങ്ങളുടെ പ്രിന്റെ‍ഡ് നോട്ടുകൾ ഈ അവസരത്തിൽ കൊടുത്തത് കുട്ടികളിൽ പഠന താല്പര്യം വർധിപ്പിക്കാൻ കാരണമായി. കോവിഡ് ഉയർത്തുന്ന പ്രതികൂല സാഹചര്യത്തിലും അധ്യാപകരുടെ ഈ ഭവന സന്ദർശനം കുട്ടികളിൽ ഏറെ ആനന്ദവും മാതാപിതാക്കളിൽ ജിജ്ഞാസയും ഉളവാക്കി .

ഓൺലൈൻ പിടിഎ മീറ്റിങ്ങുകൾ

ഓഫ്‌ലൈൻ ക്ലാസ്സുകൾ നടക്കാത്തതിനാൽ അധ്യാപക, രക്ഷാകർത്തൃ, വിദ്യാർത്ഥി ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനു വേണ്ടിയും ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ‍ വിലയിരുത്തലിനും തുടർപ്രവർത്തനങ്ങൾ പരസ്പരം പങ്കുവയ്ക്കുന്നതിനും, രക്ഷിതാക്കളുടെ ആശങ്കയകറ്റുന്നതിനും, കുട്ടികളുടെ മാനസികോല്ലാസം വർദ്ധിപ്പിക്കുന്നതിനും വ്യത്യസ്തതയാർന്ന രീതിയിൽ ഓൺലൈൻ ക്ലാസ് പിടിഎ സംഘടിപ്പിച്ചു. ഇപ്രകാരം നാളിതുവരെയായി പത്താം ക്ലാസിന് നാലു വീതവും 8 ,9 ക്ലാസ്സുകൾക്ക് രണ്ടു വീതവും ഓൺലൈൻ പി ടി എ കൾ സംഘടിപ്പിച്ചു. ഈശ്വര പ്രാർത്ഥനയോടെ ആരംഭിക്കുന്ന ക്ലാസ് പി ടി എ യിൽ ക്ലാസ് ടീച്ചർ സ്വാഗതം ആശംസിക്കുകയും, പിടിഎ പ്രസിഡന്റെ് ഹെഡ്മാസ്റ്റർ, മാനേജ്മെന്റെ് പ്രതിനിധി, അധ്യാപകർ, മാതാപിതാക്കൾ, കുട്ടികൾ കുടുംബാംഗങ്ങൾ, എന്നിവരും പങ്കെടുക്കുന്നു. മീറ്റിങ്ങിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങുകൾ കൂടാതെ കുട്ടികളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളാണ് ഇതിനെ ഓഫ്‌ലൈൻ പരിപാടിയിൽനിന്നും വ്യത്യസ്തമാക്കുന്നത്. ഇതുമൂലം ക്ലാസിലെ കുട്ടികളുടെ കുടുംബാംഗങ്ങൾ തമ്മിലും അധ്യാപക സമൂഹവുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമായിട്ടുണ്ട്.

Online motivational training for students and parents

ഈ അധ്യയന വർഷത്തിലും 100% വിജയം കരസ്ഥമാക്കുക എന്ന ലക്ഷ്യത്തോടെ ഒക്ടോബർ ഏഴാം തീയതി ബുധനാഴ്ച വൈകിട്ട് 8മണി മുതൽ 10.30വരെ പത്താം ക്ലാസിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സൂം പ്ലാറ്റ്ഫോമിൽ ഒരു മോട്ടിവേഷൻ ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് അന്തർദേശീയ അംഗീകാരങ്ങൾ കരസ്ഥമാക്കിയ ശ്രീ അനീഷ് മോഹൻ കോട്ടയവും സംഘവും ചേർന്ന് ഒരുക്കിയ ട്രെയിനിങ് പ്രോഗ്രാം Set Your Goals and Chase itഎന്ന വിഷയത്തെ ആസ്പദമാക്കി ഉള്ളതായിരുന്നു. Never ever allow covid 19 to steal your academic yearഎന്ന സന്ദേശത്തിൽ അടിയുറച്ചു നിന്ന് കൊണ്ട്, ഈ കോവിഡ് കാലവും കടന്നു പോകും വഴിനോട്ടക്കാരാകാതെ കർമ്മനിരതരായി തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒട്ടും പിന്നോട്ടു പോകാതെ, ഗുരുമുഖം നേരിട്ട് ദർശിച്ചിട്ടില്ല എങ്കിലും ഗുരുമൊഴികൾക്കായി ഓൺലൈൻ മാധ്യമം പരമാവധി പ്രയോജനപ്പെടുത്താം എന്നും ഉള്ള സന്ദേശം ഈ വെബിനാറിലൂടെ പകർന്നുനൽകി

Online motivational training for students of class 8 & 9 and their parents

ഒക്ടോബർ പതിമൂന്നാം തീയതി ചൊവ്വാഴ്ച 8 pm മുതൽ സൂം പ്ലാറ്റ്ഫോമിൽ 8, 9 ക്ലാസിലെ കുട്ടികൾക്കും, മാതാപിതാക്കൾക്കുമായി ഒരു മോട്ടിവേഷണൽ ട്രെയിനിങ് പ്രോഗ്രാം കൂടി സംഘടിപ്പിച്ചു. മോട്ടിവേഷണൽ ആൻഡ് ലൈഫ് സ്കിൽ ട്രെയിനർ ആയ അനീഷ് മോഹൻ കോട്ടയവും സംഘവുമാണ് ഈ വെബിനാർ നയിച്ചത്. ഓൺലൈൻ വിദ്യാഭ്യാസ കാലഘട്ടത്തിൽ ദിവസം മുഴുവൻ വീട്ടിൽ തന്നെ നവമാധ്യമങ്ങളും ആയി കഴിയുന്ന കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഒഴിവാക്കേണ്ട കാര്യങ്ങൾ, പാലിക്കേണ്ട നിയമങ്ങൾ, നവ മാധ്യമത്തിലൂടെ നേരിടേണ്ടിവരുന്ന ചതിക്കുഴികൾ, എന്നീ വിഷയങ്ങളെക്കുറിച്ച് കുട്ടികൾക്കും മാതാപിതാക്കൾക്കും ആയി ശ്രദ്ധേയമായ ഒരു ക്ലാസ് നയിച്ചു.

Webinar on Face your examination with confidence

Set Your Goals and Chase it എന്ന ട്രെയിനിങ്ങിന് തുടർച്ചയായി പത്താം ക്ലാസ് കുട്ടികളുടെ വാർഷിക പരീക്ഷ അടുത്തു വരുന്ന സാഹചര്യത്തിൽ അവരുടെ 100% വിജയം ഉറപ്പുവരുത്തുന്നതിനായി Face your examination with confidence എന്ന വിഷയത്തിൽ ശ്രീ. അനീഷ് മോഹൻ കോട്ടയത്തിന്റെ‍ നേതൃത്വത്തിൽ ഒരു രണ്ടാംഘട്ട ഓൺലൈൻ മോട്ടിവേഷൻ സെമിനാർ 16- 01 -2021 വൈകീട്ട് ഏഴര മുതൽ 10 മണി വരെ നടത്തുകയുണ്ടായി. ഈ പരിശീലന പരിപാടിയിൽ ഇനിയുള്ള ചുരുങ്ങിയ സമയം കൊണ്ട് ചിട്ടയായ ആസൂത്രണത്തിലൂടെ ഉന്നത വിജയം എപ്രകാരം കൈവരിക്കാം എന്നും മൊബൈൽ ഫോൺ അഡിക്ഷൻ ഒഴിവാക്കുന്നതെങ്ങനെ ? Tips for fast learning, Tricks for getting good marks, ഓർമ്മ ശക്തിവർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ, തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ലളിതമായി ആരുടെയും ശ്രദ്ധ ആകർഷിക്കുന്നതുമായ രീതിയിൽ വളരെ ഭംഗിയായി കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. പ്രസ്തുത പരിശീലനം എറെ കുട്ടികൾക്കും വളരെ പ്രയോജനപ്പെട്ടു എന്ന് കുട്ടികൾ തന്നെ അഭിപ്രായപ്പെട്ടു.

Webinar - "കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും"

ഒമ്പതാം ക്ലാസിലെ പെൺകുട്ടികൾക്കായി "കൗമാരപ്രായക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും" എന്ന വിഷയത്തെ ആസ്പദമാക്കി ഡിസംബർ 28-ാം തീയതി തിങ്കളാഴ്ച്ച വൈകിട്ട് 7.30 ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗവും ആലപ്പുഴ ജില്ല കോഡിനേറ്ററുമായ‍ അഡ്വക്കേറ്റ് ജിനു എബ്രഹാം ഗൂഗിൾ മീറ്റ് വഴി ക്ലാസ്സെടുത്തു. ഒരു വനിതാ കമ്മീഷൻ കോഡിനേറ്റർ എന്ന നിലയിൽ പെൺകുട്ടികൾ എത്തിച്ചേരുന്ന ചില പ്രശ്ന സങ്കീർണ്ണ സാഹചര്യങ്ങളെ അതിജീവിക്കുവാൻ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഉദാഹരണസഹിതം തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ വ്യക്തമാക്കി കൊടുത്തു. ഇത് പെൺകുട്ടികൾക്കും അവരുടെ അമ്മമാർക്കും ഏറെ പ്രയോജനപ്രദമായിരുന്നു

Webinar -"പേരൻെറിങ്ങ് അറിയേണ്ടതെല്ലാം"

എട്ടാം ക്ലാസ് കുട്ടികൾക്ക് സംസ്ഥാന വനിതാ കമ്മീഷൻ അംഗവും ആലപ്പുഴ കോഡിനേറ്ററുമായ‍ അഡ്വക്കേറ്റ് ജീനു എബ്രഹാം ജനുവരി 26-ാം തീയതി വൈകിട്ട് ഗൂഗിൾ മീറ്റിൽ "പേരൻെറിങ്ങ് അറിയേണ്ടതെല്ലാം" എന്ന വിഷയത്തെ ആസ്പദമാക്കി ഒരു വെബിനാർ നയിച്ചു. എട്ടാം ക്ലാസിലെ എല്ലാ കുട്ടികളും മാതാപിതാക്കളും വെബിനാറിൽ പങ്കെടുത്തു. ഓരോ രക്ഷാകർത്താവും കുട്ടികളുടെ കാര്യത്തിൽ വളരെയേറെ കരുതൽ ഉള്ളവരായിരിക്കണം എന്ന് പ്രസ്തുത വെബിനാറിൽ അഡ്വക്കേറ്റ് ഓർമപ്പെടുത്തി.

നിയമ സെമിനാർ

എട്ടാം ക്ലാസിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ജെ ജെ ആക്ട് , പോക്സോ എന്നീ ആനുകാലിക പ്രാധാന്യമുള്ള വിഷയത്തെക്കുറിച്ച് ആലപ്പുഴ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും സബ്‍ജഡ്ജ് ശ്രീ. ഉണ്ണികൃഷ്ണൻ നായർ 2021ജനുവരി 28 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 12 വരെ ഒരു സെമിനാർ നടത്തുകയുണ്ടായി.

കോവിഡ് സെൽ രൂപീകരണം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ‍ നിർദ്ദേശാനുസരണം പത്താം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി 31 -12- 2020 വ്യാഴാഴ്ച 11 മണിക്ക്, സ്കൂൾ ഹെഡ്‍മാസ്റ്റർ ,പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ, അധ്യാപക പ്രതിനിധികൾ എന്നിവരുടെ യോഗം വിളിച്ചു കൂട്ടി. ഇതിന്റെ്‍ വെളിച്ചത്തിൽ സ്കൂൾ ഹെഡ്‍മാസ്റ്റർ -ശ്രീ. മൈക്കിൾ സിറിയക്, പഞ്ചായത്ത് മെമ്പർ-ശ്രീ വിഷ്ണു വി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ്, പിടിഎ പ്രസിഡന്റെ് ശ്രീ. ടോമിച്ചൻ കണ്ണയിൽ, സ്കൂൾ കൗൺസിലർ, സീനിയർ ആയിട്ടുള്ള അധ്യാപക പ്രതിനിധി എന്നിവർ അടങ്ങിയ കോവിഡ് സെൽ രൂപീകരിച്ചു.

മാസ്ക് വിതരണം

കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനായി ചേർത്തല ബി ആർ സി യിൽ നിന്നും ലഭിച്ച മാസ്ക്കുകൾ പത്താം ക്ലാസ് കുട്ടികൾക്ക് 2021 ജനുവരി ഒന്നിന് വിതരണം ചെയ്തു.

കരുതാം ആലപ്പുഴയെ - പ്രതിജ്ഞ

കോവിഡ് പ്രതിരോധ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ബഹുമാനപ്പെട്ട ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം കരുതാം ആലപ്പുഴയെ എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. മദർ തെരേസ ഹൈസ്കൂളിലെ എല്ലാ കുട്ടികളും മാതാപിതാക്കളും മാസ്ക് ധരിച്ച് ഒക്ടോബർ ഒൻപതാം തീയതി വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് സൂം പ്ലാറ്റ്ഫോമിൽ ഒന്നിച്ചു ചേർന്ന് പരിപാടിയിൽ പങ്കുചേ‍ർന്നു. സ്കൂൾ ആരോഗ്യ ക്ലബ്ബ് കോർഡിനേറ്റർ ശ്രീമതി സിസിലിയാമ്മ ടീച്ചർ ചൊല്ലിക്കൊടുത്ത കരുതൽ പ്രതിജ്ഞ അധ്യാപകരും കുട്ടികളും ഏറ്റു ചൊല്ലുകയും ചെയ്തു.

കരുതാം ആലപ്പുഴയെ - കവിത

കവിയും ഗാനരചയിതാവുമായ വയലാർ‍ ശരത്ചന്ദ്രവർമ്മ തയ്യാറാക്കിയ കരുതാം ആലപ്പുഴയെ എന്ന കവിത, കോവിഡിനെതിരെ ശക്തമായി പടപൊരുതുന്നതിനും, ജാഗ്രത ഉണർത്തുന്നതിനുമുള്ള സന്ദേശം നൽകുന്ന ഒന്നാണ്. ബഹു. ആലപ്പുഴ ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം മദർ തെരേസ ഹൈസ്കൂളിലെ എല്ലാ കുട്ടികളും മാതാപിതാക്കളും മാസ്ക് ധരിച്ച് ഒക്ടോബർ ഒൻപതാം തീയതി വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് സൂം പ്ലാറ്റ്ഫോമിൽ ഒന്നിച്ചു ചേർന്ന് ഈ കവിത ചൊല്ലുകയും അതിൻറെ വീഡിയോ കരുതാം ആലപ്പുഴയുടെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു

കോവിഡ് 19 മദർ തെരേസ ഓൺലൈൻ ക്വിസ് മത്സരം -2020

2020 സെപ്റ്റംബർ അഞ്ചിന് മദർ തെരേസ ദിനത്തിൽ ആലപ്പുഴ റവന്യൂ ജില്ലയിലെ 5, 6 ,7 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് കോവിഡ് 19 മദർ തെരേസ ക്വിസ് മത്സരം -2020 വിജയകരമായി നടത്തി. പ്രസ്തുത ക്വിസ് മത്സരത്തിൽ ജില്ലയിലെ അറുന്നൂറോളം കുട്ടികൾ പങ്കെടുത്തു. തുടർന്ന് 2021 ഫെബ്രുവരി 12ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകി.പ്രസ്തുത സമ്മാനദാന ചടങ്ങ്, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പ്രശസ്ത പിന്നണി ഗായികയുമായ ശ്രീമതി ദലീമ ജോജോ ഉദ്ഘാടനം ചെയ്യുകയും മുഹമ്മ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ വിജയൻ സമ്മാനദാനം നടത്തുകയും ചെയ്തു.വിഡിയോ കാണൂ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ

മാസ്ക് നിർമ്മാണവും വിതരണവും

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ പ്രവർത്തിക്കുന്ന എൻസിസി ,സ്കൗട്ട് , ഗൈഡ്, റെഡ് ക്രോസ് എന്നീ സംഘടനകളിൽ അംഗങ്ങളായ കുട്ടികളെക്കൊണ്ട് തുണി മാസ്ക്കുകൾ വീടുകളിൽ വച്ച് തൈയ്ച്ച് എടുക്കുന്നതിനുള്ള നിർദേശം നൽകി. സ്കൗട്ട് ആൻഡ് ഗൈഡ് ചേർത്തല ജില്ല അസോസിയേഷനുമായി ബന്ധപ്പെട്ട് മദർ തെരേസ 64th CTLഗൈഡ് ഗ്രൂപ്പ് കുട്ടികൾ 840 മാസ്ക്കുകൾ ഓഗസ്റ്റ് 15ന് ചേർത്തല ജില്ലാ അസോസിയേഷൻ സെക്രട്ടറി വഴി ഡി യൂണിറ്റ് DEOയ്ക്ക് കൈമാറി. ഈ ആവശ്യത്തിലേക്ക് കുട്ടികൾ സ്വന്തമായി തയ്ച്ച മാസ്ക്കുകൾ ആണ് കൈമാറിയത്. കൂടാതെ Red cross വിഭാഗം കുട്ടികൾ നിർമ്മിച്ച തുണി മാസ്ക്കുകൾ ശേഖരിച്ച് ഈ സംഘടനയുടെ പ്രതിനിധികൾ 21. 12. 2020ന് സ്കൂൾ ഹെഡ്മാസ്റ്റർക്ക് കൈമാറി. ഇവ ഓഫ്‌ലൈൻ ക്ലാസുകൾക്കായി സ്കൂളിൽ എത്തിച്ചേർന്ന കുട്ടികൾക്കും, മുഖാമുഖം പിടിഎ യ്ക്കായി എത്തിച്ചേർന്ന മാതാപിതാക്കൾക്കും വിതരണം ചെയ്തു.

സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മദർതെരേസയിലെ ഗൈഡ് വിഭാഗം കുട്ടികൾ സ്വന്തം കുടുംബാംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസുകൾ നൽകി. കോവിഡ് കാലത്തെ മാനസികസംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഓരോ ഗൈഡും തങ്ങളുടെ ഭവനങ്ങളിൽ അടുക്കളത്തോട്ടങ്ങൾ തയ്യാറാക്കി. സസ്യാരോഗ്യ വർഷവുമായി ബന്ധപ്പെട്ട് ഇവർ തയ്യാറാക്കിയ വീഡിയോയിൽ ഇക്കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.

ഹോമിയോ പ്രതിരോധഗുളിക വിതരണം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമപഞ്ചായത്തിന്റെ‍ നേതൃത്വത്തിൽ മുഹമ്മയിലെ ഗവൺമെൻറ് ഹോമിയോ ആശുപത്രിയിൽ നിന്നും ലഭിച്ച ഹോമിയോ ഗുളികകൾ2020ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ ആദ്യദിവസങ്ങളിൽ, മൂന്ന് ഘട്ടങ്ങളിലായി പത്താം ക്ലാസിലെ എല്ലാ കുട്ടികൾക്കും നൽകി.

കോവിഡ് പ്രതിരോധ ബോധവൽക്കരണ ക്ലാസ്

2021 ജനുവരി ഒന്നിന് പത്താം ക്ലാസിലെ കുട്ടികൾക്ക് ക്ലാസ്സ് തുടങ്ങിയ ദിവസം തന്നെ മുഹമ്മ സി എച്ച് സി യിൽ നിന്നും ഡോക്ടർ മജു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ക്രിസ്റ്റി, ലാൽ എന്നിവരുടെ സംഘം എല്ലാ ക്ലാസുകളിലും എത്തി കുട്ടികൾക്ക് കോവിഡ്പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് നൽകി. സ്കൂളിലും സമൂഹത്തിലും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ‍യും, മാസ്ക് ധരിക്കേണ്ട വിധവും അതിന്റെ‍ ഉപയോഗത്തെക്കുറിച്ചും, അറിയേണ്ട കാര്യങ്ങൾ വിശദീകരിച്ചു നൽകി. വീട്ടിലേക്ക് തിരിച്ചു ചെല്ലുമ്പോൾ ദേഹശുദ്ധി വരുത്തേണ്ടതിന്റെ‍ ആവശ്യകതയും, അവസരം കിട്ടുമ്പോഴെല്ലാം കൈകൾ സോപ്പോ, സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതിന്റെ‍ ആവശ്യകതയും വിശദമാക്കി.

സാനിറ്റൈസർ

കേരള ഡ്രസ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് എന്ന കമ്പനി സ്കൂൾ അണുവിമുക്തമാക്കുന്നതിന്റെ‍ ആവശ്യത്തിലേക്കായി 20 ലിറ്റർ സാനിറ്റൈസർ നൽകി. കൂടാതെ കയർ കോർപ്പറേഷൻ ആലപ്പുഴ സാനിമാറ്റ്സും സാനിറ്റൈസറും ലഭിച്ചു. ഇത് സ്കൂളിലും ക്ലാസ്സുകളിലും ശരിയായവിധം ഉപയോഗിച്ചുവരുന്നു.

കോവിഡ് പ്രതിസന്ധിയും അതിജീവനവും പ്രോജക്ട്

ശാസ്ത്രരംഗം 2020-21 അക്കാദമിക വർഷത്തെ പഠനാനുബന്ധ പ്രവർത്തനങ്ങളുടെ ഭാഗമായി യുപി / ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി കോവിഡ് പ്രതിസന്ധിയും അതിജീവനവും ഒരു പഠനം എന്ന വിഷയത്തെ ആസ്പദമാക്കി പ്രോജക്ട് അവതരണം സംഘടിപ്പിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് 2021- ഫെബ്രുവരി ഒൻപതാം തീയതി സ്കൂൾതല മത്സരം സംഘടിപ്പിക്കുകയും ഇതിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 9ാം ക്ലാസ്സ് വിദ്യാർഥിനിയായ മിഥുന കെ ബാബു സ്കൂളിനെ പ്രതിനിധീകരിച്ച് സബ്ജില്ലാ തലത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് മാർച്ച് ഒമ്പതാം തീയതി നടന്ന ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് മികവുറ്റ പ്രകടനം കാഴ്ചവെച്ചു.

സ്പോർട്സ് ക്ലബ് കായികക്ഷമതാ ക്ലാസുകൾ

11-09-2020 ൽ നടത്തിയ സ്റ്റാഫ് കൗൺസിലിന്റെ‍ വിലയരുത്തലനുസരിച്ച് പലകുട്ടികൾക്കും ശരീരഭാരം വർദ്ധിക്കുന്നതായും അമിതവണ്ണം ഉണ്ടാകുന്നതായും ബോധ്യപ്പെട്ടു. ഇതിനു കാരണം വീടുകളിൽ നിന്നും പുറത്തേക്ക് ഇറങ്ങാതെ കഴിഞ്ഞുകൂടുന്നതും വ്യായാമക്കുറവും ആണെന്ന് ബോധ്യപ്പെട്ടതിന്റെ‍ അടിസ്ഥാനത്തിൽ സ്കൂൾ കായികാധ്യാപകന്റെ‍ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ആയി എല്ലാ പ്രവൃത്തി ദിവസങ്ങളിലും 8 മുതൽ 8. 45 വരെ വ്യായാമമുറകൾ അഭ്യസിക്കുന്നതിനുള്ള പരിശീലനം ഓൺലൈനായി സംഘടിപ്പിച്ചു. കൂടാതെ ഇതിന്റെ‍ വീഡിയോ ക്ലാസുകൾ കുട്ടികളുടെ സൗകര്യാർത്ഥം പരിശീലിക്കുന്നതിനായി വാട്സ്ആപ്പ് മുഖേനയും നൽകിവരുന്നു.

ക്ലാസ് ടീച്ചറും കുട്ടികളും - സർഗവേദി

കോവിഡ് പശ്ചാത്തലത്തിൽ സ്കൂളുകളിൽ എത്താൻ സാധിക്കാതെയും സഹപാഠികളുമായി സഹവർത്തിക്കുവാൻ സാധിക്കാതെയും വരുന്ന കുട്ടികളുടെ മാനസികോല്ലാസത്തിനും അവരിൽ അന്തർലീനമായിരിക്കുന്ന സർഗവാസനകൾ പുറത്ത് കൊണ്ടുവരുന്നതിനുമുള്ള വേദിയാണ് സർഗവേദി. എല്ലാ മാസത്തിലെയും നാലാമത്തെ ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ 6 മണി വരെ ഗൂഗിൾ മീറ്റ് വഴി ഓൺലൈനായി ഈ പരിപാടി നടത്തപ്പെടുന്നു . ഈ വേദിയിൽ കുട്ടികൾക്ക് തങ്ങളുടെ വിവിധങ്ങളായ കഴിവുകൾ കഥ, കവിത, മിമിക്രി, പ്രസംഗം, മോണോ ആക്റ്റ്, എന്നിവ പ്രകടിപ്പിക്കാൻ അവസരം കൊടുക്കുന്നു. ക്ലാസ് ടീച്ചറും കുട്ടികളും മാത്രമുള്ള ഈ പരിപാടിയിൽ വളരെ സന്തോഷത്തോടെയാണ് കുട്ടികൾ പങ്കെടുക്കുന്നത്.

ഉല്ലാസം ക്ലാസുകൾ

കുട്ടികളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ചേർത്തല ബി ആർ സി യിൽ നിന്നും എല്ലാ ആഴ്ചയിലും ലഭിക്കുന്ന സംഗീതം, പ്രവൃത്തിപരിചയം എന്നിവയുമായി ബന്ധപ്പെട്ട വീഡിയോ ക്ലാസുകൾ നമ്മുടെ സ്കൂളിലെ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുകയും അതിനെ തുടർന്ന് കുട്ടികൾ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾ അവർ ഗ്രൂപ്പിലേക്ക് അയച്ചു തരികയും ചെയ്യുന്നു.

നേർക്കാഴ്ച -ചിത്രരചനാമത്സരം

  കോവിഡ് കാലത്തെ പഠനാനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും അടിസ്ഥാനമാക്കി കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നേർക്കാഴ്ച എന്ന പേരിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരം സ്കൂൾതലത്തിൽ 9- 9 -2020 ന് തന്നെ നടത്തുകയും ലഭിച്ച സൃഷ്ടികൾ‍  സ്കൂൾ ഗ്രൂപ്പിൽ പങ്കിടുകയും ചെയ്തു. കൂടാതെ അവയിൽനിന്നും മികച്ച സൃഷ്ടികൾ 16- 9 -2020 സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ഒപ്പം ചേർത്തല ബിആർസി യിൽ വിലയിരുത്തലിനായി നൽകുകയും ചെയ്തു.

യാത്രയയപ്പും സ്വീകരണവും

2020 -21 കാലഘട്ടത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ഠിച്ചു സ്കൂളിന്റെ യശസ്സ് ഉയർത്തുകയും തുടർന്ന് മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്കൂളിലേക്ക് സ്ഥലം മാറിപ്പോവുകയും ചെയ്ത ശ്രീ മൈക്കിൾ സിറിയക് സാറിനും, ഈ സ്കൂളിൽ ദീർഘനാൾ സേവനമനുഷ്ഠിച്ച് സർവീസിൽ നിന്നും വിരമിച്ച ജീവശാസ്ത്രം അധ്യാപികയായ ശ്രീമതി. സിസിലിയാമ്മ വർഗീസിനും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 2021 ഏപ്രിൽ 30ന് ഉചിതമായ യാത്രയയപ്പ് നൽകി.

കൂടാതെ 2021 മെയ് ഒന്നിന് സ്‍ക്കൂൾ ഹെഡ്മാസ്റ്ററായി ചാർജെടുത്ത ശ്രീ ജെയിംസ് കുട്ടി സാറിന് ഹൃദ്യമായ സ്വീകരണം നൽകി.