പി കെ വി എസ് എം യു പി സ്കൂൾ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1924ൽ ആണ് ഈ വിദ്യാലയം ആരംഭിച്ചത്. പണ്ഡിതനും മഹാമനസ്കനും ഉൽപതിഷ്ണുവുമായ ഹസ്സൻ മുസ്ലിയാരാണ് ഇതിനു സൃഷ്ടികർമ്മം നടത്തിയത്. ഇരിണാവിലെ പ്രസിദ്ധമായ കയറ്റുകാരൻ കുടുംബാംഗമാണ് ഇദ്ദേഹം. ഈ പ്രദേശത്തെ മുസ്ലീം ജനവിഭാഗം ആധുനീക വിദ്യാഭ്യാസം നേടുന്നതിൽ പിന്നോക്കം നിൽക്കുന്നത് പണ്ഡിതനായ അദ്ദേഹത്തിനു അസഹനീയമായിരുന്നു. സ്വയം ജോലി ചെയ്തുകിട്ടുന്ന കാശ് അദ്ധ്യാപകർക്ക് ശമ്പളമായി കൊടുത്താണ് വിദ്യാലയം നടത്തിക്കൊണ്ടുപോയിരുന്നത്. മുസ്ലീം ജനസാമാന്യത്തിന്റെ വിദ്യാഭ്യാസപരമായ ഔന്നത്യം സ്വപ്നം കണ്ട അദ്ദേഹത്തിന് സമൂപത്തിൽ നിന്നും ഉയർന്ന ചെറിയ എതിർപ്പുകളൊന്നും തടസ്സമായിമായിരുന്നില്ല. ആദ്യഘട്ടത്തിൽ ഗ്രാന്റ് സ്കൂളും തുടർന്ന് ഗവൺമെന്റ് അംഗീകൃത ഇരിണാവ് മുസ്ലീം എലിമെന്ററി സ്കൂളുമായി മാറി. അഞ്ചാം തരം വരെയായിരുന്നു ക്ലാസ്സുകൾ.

ഹസ്സൻ മുസ്ലിയാരുടെ മരണത്തോടെ സ്കൂളിന്റെ മാനേജരായി അദ്ദേഹത്തിന്റെ മകൻ അബ്ദുൾ ഹക്കീം മാസ്റ്റർ ചുമതലയേറ്റു. അദ്ദേഹം ഈ വിദ്യാലയത്തിലെ അദ്ധ്യാപകൻ കൂടിയായിരുന്നു. കീച്ചേരി സ്വദേശിയായ ശ്രീ.കെ.പി.കൃഷ്ണൻ മാസ്റ്ററായിരുന്നു പ്രധാന അദ്ധ്യാപകൻ. പി.അബ്ദുളിളകുട്ടി, കെ.കൃഷ്ണൻ നമ്പ്യാർ,പി.അബ്ദുള്ള എന്നിവരായിരുന്നു മറ്റ് അദ്ധ്യാപകർ. അന്ന് നാലാംതരം പാസ്സായവർക്കും അദ്ധ്യാപകനാകാം. നാലാംതരം പഠിച്ചവർക്ക് LETTC (ലോവർ എലിമെന്ററി ടീച്ചേർസ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ്), എട്ടാം തരം പഠിച്ചവർക്ക് HETTC (ഹയർ എലിമെന്ററി ടീച്ചേർസ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ്), കോഴ്സുകൾ ഉണ്ടായിരുന്നു. 1956 ൽ ലോവർ ട്രെയിൻഡ് അദ്ധ്യാപകരുടെ സേവനത്തെപ്പറ്റി ചില നിയമപ്രശ്നങ്ങൾ ഉയർന്നുവന്നു.ലോവൽ ട്രെയിനിങ്ങ് മാത്രമുള്ള ശ്രീ.ഹക്കീം മാസ്റ്റർ സർവ്വീസീൽനിന്നും ഒഴിഞ്ഞു. ഈ കാലഘട്ടത്തിൽ മുസ്ലീം വിഭാഗത്തിലെ കുട്ടികൾ മാത്രമാണ് പഠിച്ചിരുന്നത്. കുട്ടികളുടെ ദൗർലഭ്യം സ്കൂളിനെ വല്ലാതെ ബാധിച്ചു അഞ്ചുക്ലാസ്സുകളിലും കൂടി നൂറിൽതാഴെ കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്. സ്കൂൾ കെട്ടിടമാണെങ്കിൽ പഴയതും ദുർബലവും ആയിരുന്നു. പുതുക്കി പണിയാനുള്ള സാമ്പത്തീക ബുദ്ധിമുട്ട് മാനേജ്മെന്റിനെ വല്ലാതെ അലട്ടി. അങ്ങനെയാണ് സ്കൂൾ വില്പന നടത്തുന്നതിനെക്കുറിച്ച് മാനേജ്മെന്റ് ആലോചിക്കുന്നത്.

ഈ സാഹചര്യത്തിൽ ഇരിണാവിലെ സാമൂഹ്യരാഷ്ട്രീയരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച പ്രഗത്ഭ ഭിഷഗ്വരൻ പയ്യനാട്ട് കുഞ്ഞിക്കണ്ണൻ വൈദ്യർ സ്കൂൾ വിലക്കുവാങ്ങാൻ തയ്യാറായി. അദ്ദേഹത്തിനു പ്രേരണയായി ഇരിണാവിലെ പുരോഗമന ചിന്താഗതിക്കാരും വിശിഷ്യ ശ്രീ പാറക്കാട്ട് മമ്മു, കോനായിൽ മമ്മദ്, എൻ.കെ.അബ്ദുള്ള തുടങ്ങിയവരുമുണ്ടായി രുന്നു. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തീകനേട്ടം ലക്ഷ്യം വെച്ച് തുടങ്ങിയതല്ല ഈ സ്ഥാപനം. അത് ആ അർത്ഥത്തിൽ തന്നെ മുന്നോട്ട് കൊണ്ട് പോകാൻ കുഞ്ഞിക്കണ്ണൻ വൈദ്യർക്ക് സാധിക്കുമെന്ന ദീർഘവീക്ഷണം മാനേജരായിരുന്ന അബ്ദുൾ ഹക്കീം മാസ്റ്റർക്കും ഇതിനു പ്രേരണയായി നിന്നവർക്കുമുണ്ടായിരുന്നു. അങ്ങനെ 1957 ഡിസംബർ 26 തീയ്യതി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്കൂൾ വിലക്കുവാങ്ങി. പുതിയ മാനേജ്മെന്റ് സ്കൂളിന്റെ പുരോഗതിയിലേക്കുള്ള മാറ്റത്തിനു വഴിതെളിയിച്ചു. പുതിയ കെട്ടിടങ്ങൾ പണികഴിപ്പിച്ചു. കേരളത്തിൽ അപ്പോഴുണ്ടായ രാഷ്ട്രീയമാറ്റം ഈ സ്കൂളിന്റെ കാര്യത്തിലും പ്രതിഫലിച്ചു. മാടായി അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച എം.എൽ.എയും വൈദ്യരുടെ സുഹൃത്തുമായിരുന്ന ശ്രീ.കെ.പി.ആർ ഗോപാലന്റെ ശ്രമഫലമായി ഇരിണാവ് മുസ്ലിം എയിഡഡ് യു.പി.സ്കൂളായി ഉയർന്നു. ഈ സന്ദർഭത്തിൽ വിദ്യാലയത്തിന് മറ്റൊരു രൂപമാറ്റം കൂടിവനന്നു. മുസ്ലീം വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ഇവിടെ എല്ലാ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും പ്രവേശനം കൊടുക്കുന്ന സ്ഥിതിവന്നു. അതിനുപറ്റിയ ഒരു സാഹചര്യവും ഈ പ്രദേശത്തുണ്ടായി. അതുവരെ ഇരിണാവിന്റെ തെക്കേ അറ്റത്തു ഈ സ്കൂളിനു സമീപത്തായി ഹിന്ദുമതത്തിൽപ്പെട്ട കുട്ടികൾമാത്രം പഠിച്ചിരുന്ന ഒരു എലിമെന്ററി സ്കൂൾ ഉണ്ടായിരുന്നു. ശ്രീ.കെ.എം.ഗോവിന്ദൻ നായരുടെ മാനേജ്മെന്റിനു കീഴിലായിരുന്ന ഇരിണാവ് യു.പി.സ്കൂൾ എന്ന വിദ്യാലയം 2 കിലോമീറ്റർ അകലെ പയ്യട്ടം പ്രദേശത്തേക്ക് മാറ്റി സ്ഥാപിച്ചു. അത്രയും ദൂരെ കുട്ടികളെ അയക്കുന്നതിന് രക്ഷിതാക്കൾ മടികാണിച്ചു. 64 കുട്ടികൾ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങിച്ച് ഈ സ്കൂളിൽ ചേർന്നു. തുടർന്ന് ഓരോ വർഷവും പുതിയ ക്ലാസ്സുകളും പുതിയ ഡിവിഷനുകളുമുണ്ടായി. പുതിയ കെട്ടിടങ്ങൾ, പുതുതായി അദ്ധ്യാപക നിയമനം ഉണ്ടായി. അദ്ധ്യാപക നിയമനത്തിനു കോഴയോ മറ്റ് ഉപാധികളോ വാങ്ങാത്ത മാനേജരെന്ന ഖ്യാതി നാടെമ്പാടും പരന്നു. ഏകദേശം ഒരു ദശവർഷക്കാലം കൊണ്ട് പാപ്പിനിശ്ശേരി സബ്ജില്ലയിലെ ഒരു മികച്ച സ്കൂളായി മാറാൻ ഇരിണാവ് മുസ്ലീം യു.പി.സ്കൂളിനു കഴിഞ്ഞു. ഈ കാലയളവിൽ പ്രധാനദ്ധ്യാപകൻ ശ്രീ.കെ.പി.കൃഷ്ണൻ മാസ്റ്ററായിരുന്നു. 1958 മുതലുള്ള ദശവർഷക്കാലം ഈ സ്കൂളിന്റെ വളർച്ചയുടെ ഒരു സുപ്രധാന കാലഘട്ടമായിരുന്നു.

സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി അക്ഷീണം പ്രയത്നിക്കുന്ന പാരമ്പര്യമാണ് സ്കൂൾ അദ്ധ്യാപക രക്ഷാകർതൃ സമിതി (പി.ടി.എ)ക്കുള്ളത്. ഇരിണാവിലെ പൊതുരംഗത്ത് സജീവ സാനിദ്ധ്യമായ ശ്രീ.ഒ.പി.ബാലൻ കല്ല്യാശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ടും പ്രമുഖ സഹകാരിയുമായിരുന്ന ശ്രീ.പി.കുഞ്ഞഹമ്മദ്, ശ്രീ.കെ.സി.ലക്ഷ്മണൻ, ശ്രീ.ടി.മനോഹരൻ, ശ്രീ.കപ്പള്ളി ശശി, ശ്രീ.കെ.കെ.അനിൽകുമാർ, ശ്രീ. കെ സുധാകരൻ ഇപ്പോൾ നിലവിലുള്ള പ്രസിഡണ്ട് ശ്രീ.രാമചന്ദ്രൻ കാക്കാടി തുടങ്ങിയവർ സ്കൂളിന്റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പഠന നിലവാരം വർദ്ധിപ്പിക്കുന്നതിനും ഗണ്യമായ സംഭാവന ചെയ്ത പി.ടി.എയെ നയിച്ചവരിൽ എടുത്തുപറയേണ്ട നാമധേയങ്ങളാണ്.