ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/home/user/വികി/history

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ടത്തിൽ ശ്രീ വർഗ്ഗീസ് മാപ്പിളയുടെ ദാർശനിക ചിന്തകളും, ബാലികാമഠത്തിന്റെ ആരംഭവും ഏതൊരു പ്രസ്ഥാനവും രൂപപ്പെടുന്നത് ഒരു വ്യക്തിയുടെയോ ചില വ്യക്തികളുടെയോ മനസ്സുകളിലും ചിന്തകളിലും ആയിരിക്കും. ഇത്തരം ചിന്തകളെ രൂപപ്പെടുത്തുന്നതിൽ അവർ ജീവിക്കുന്ന ആനുകാലിക സാമൂഹിക ജീവിതത്തിലെ സാഹചര്യങ്ങൾ പ്രസക്തവുമാണ്. സജീവമായ പത്രപ്രവർത്തനത്തിലൂടെ സാമൂഹിക ജീവിതത്തോട് സംവദിച്ച ശ്രീ കണ്ടത്തിൽ വർഗീസ് മാപ്പിള വിദ്യാഭ്യാസരംഗത്തെ തന്റെ ദാർശനികതയുടെ വെളിപ്പെടുത്തലിനായി ഉപയോഗപ്പെടുത്തി എന്നത് ഒരു സ്വാഭാവിക പരിണാമമാണെയെന്നത് അദ്ദേഹത്തിന്റെ ജീവിതത്തെ വിലയിരുത്തുമ്പോൾ ബോധ്യപ്പെടുന്നതാണ്. അക്ഷരങ്ങളെയും അറിവിനെയും സ്നേഹിക്കുകയും പകർന്നു നൽകുകയും ചെയ്യുന്നതാണ് ജീവിതത്തിന്റെ അർത്ഥം എന്ന് മനസ്സിലാക്കുന്നവർ പ്രവർത്തിക്കുന്ന മേഖലകളാണ് പത്രപ്രവർത്തന രംഗവും, വിദ്യാഭ്യാസരംഗവും. ഇവ രണ്ടും ഒരു പോലെ പ്രോജ്വലമായി പ്രതിഫലിച്ച ജീവിത ദർശനത്തിന് ഉടമയായിരുന്നു ശ്രീ കണ്ടത്തിൽ വർഗീസ് മാപ്പിള. Photo varghese mappilla, miss holmes brookssmith

ഇംഗ്ലണ്ടിൽ നിന്നും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് ഉതകുന്ന അധ്യാപകരെ കൊണ്ടുവന്ന് മധ്യതിരുവിതാംകൂറിലെ സ്ത്രീസമൂഹത്തിന് ഉയർന്ന സ്വതന്ത്ര വിദ്യാഭ്യാസം നൽകണമെന്ന ദർശനത്തോടെ 1904 ൽ കണ്ടത്തിൽ ശ്രീ. വർഗീസ് മാപ്പിള ബാലികാമഠം സ്കൂൾ തിരുമൂലപുരത്ത് സ്ഥാപിക്കുകയുണ്ടായി. സ്‍കൂൾ കെട്ടിടത്തിന്റെ പ്രധാനഭാഗം പൂർത്തിയാക്കിയതിനുശേഷം മലയാള സാഹിത്യത്തിൽ എന്നെന്നും ഓർമിക്കുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാനാൽ ഉദ്ഘാടനം ചെയ്യപ്പെട്ട് , പ്രവർത്തനം സമാരംഭിച്ചു . എന്നാൽ 1904 ജൂലൈ 6-ാം തീയതി ശ്രീ കണ്ടത്തിൽ വർഗീസ് മാപ്പിള ദിവംഗതനാവുകയും പ്രാരംഭ ദശയിലുളള സ്കൂൾ പ്രവർത്തനങ്ങൾ സജീവമാക്കാൻ കഴിയാതെയും വന്നു. തന്റെ പിതാവ് കൊളുത്തിയ ഈ സംഗതമായ പ്രവർത്തി ഇല്ലാതാവാൻ പാടില്ല എന്ന് അദ്ദേഹത്തിന്റെ പുത്രൻ ശ്രീ. കെ വി ഈപ്പൻ ചിന്തിച്ചുറപ്പിച്ചതിനെത്തുടർന്ന് അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് സ്‍കൂൾ ആരംഭിക്കുന്നതിനായി മിസ് ഹോംസും , മിസ് ബ്രൂക്സ്മിത്തും 1920 മാർച്ച് മാസത്തിൽ തിരുമൂലപുരത്ത് എത്തി. വർഷാരംഭത്തിൽ തന്നെ സ്കൂൾ തുടങ്ങുവാൻ തക്കവണ്ണം ശ്രീ കെ വി ഈപ്പൻ സ്കൂളിനെ സജ്ജീകരിച്ചു. ഉദ്ഘാടനത്തിനായി അന്നത്തെ മദ്രാസ് ഗവർണറായിരുന്ന ലോഡ് വില്ലിംങ്ങ് ടണ്ണിനെ ക്ഷണിക്കുകയും, അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ലേഡി വില്ലിങ്ങ്ടൺ 1920 ഒക്ടോബർ 24-ാം തീയതി വിജയദശമി നാളിൽ ഉദ്ഘാടനം നിർവഹിക്കുകയും മിസ്സ് ഹോംസിനെ പ്രഥമാധ്യാപികയായി നിയമിക്കുകയും ചെയ്തു. മിസ്സ് ഹോംസിന്റെ മേൽനോട്ടം എല്ലാ പ്രവർത്തനങ്ങളിലും നിറഞ്ഞുനിന്നിരുന്നു. മിസ്സ് ഹോംസ് പ്രിൻസിപ്പലായി നാലുവർഷം അനുകരണീയ സേവനമനുഷ്ഠിച്ചു. അതിനുശേഷം ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോയി. school photo

സ്‍കൂളിന്റെ അടിസ്ഥാനസൗകര്യങ്ങൾ ഏറെക്കുറെ ഒരുക്കി, 1925 മെയ് 27-ന് നിത്യതയിലേക്ക് ചേർക്കപ്പെടും മുൻപ് ശ്രീ. കെ വി ഈപ്പൻ സ്‍കൂളിന്റെ എല്ലാ ചുമതലകളും പ്രഥാമാധ്യാപികയായ മിസ് ബ്രൂക്സ്മിത്തിനെ ഭരമേൽപ്പിച്ചു. മിസ് ഹോംസിന് ഒപ്പം തിരുമൂലപുരത്ത് എത്തിച്ചേർന്ന് 32 സംവത്സരക്കാലം പ്രഥമാധ്യാപികയായും മാനേജറായും സ്തുത്യർഹമായ സേവനമനുഷ്ഠിച്ച വനിതയാണ് മിസ്സ് ബ്രൂക്സ്മിത്ത്. ബഹുമുഖ പ്രതിഭയായിരുന്ന ബ്രൂക്സ്മിത്ത് Sewing guild എന്ന പ്രസ്ഥാനത്തിന്, തോലശേരിയിൽ തിരിതെളിച്ചു. മഹാത്മാ ഗാന്ധിയുടെ ദർശനം ഈ വിഷയത്തിൽ മദാമ്മയേയും സ്വാധീനിച്ചിരുന്നു എന്ന് തോന്നുന്ന വിധത്തിൽ ബാലികാമഠത്തിൽ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന ഓരോ പെൺകുട്ടിയും ഓരോ കൈത്തൊഴിലിൽ എങ്കിലും പ്രാവണ്യം നേടണം എന്ന നിഷ്കർഷ മദാമ്മ വച്ചു പുലർത്തിയിരുന്നു. ഇന്നും ബാലികാമഠം ആ ദർശനം ഉൾകൊണ്ടു തന്നെ മുന്നോട്ടു പോകുന്നു. ഇംഗ്ലീഷ് ഭാഷാ അധ്യാപനത്തിന്റെ ആധികാരിക വക്താവായി അംഗീകരിക്കപ്പെട്ട മദാമ്മ ടെക്സ്റ്റ് ബുക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. മദാമ്മയുടെ ഇംഗ്ലീഷ് ഗ്രാമർ ബുക്കുകളും, വർക്കുകളും അധ്യാപകർക്കും വിദ്യാർഥികൾക്കും വളരെ പ്രയോജനപ്പെട്ടു. 1920 മെയ്‍മാസത്തിൽ 50 ബോർഡേഴ്സുമായി ആരംഭിച്ച പെൺകുട്ടികളുടെ ഈ മിഡിൽ സ്കൂൾ വളർന്ന് ഹൈസ്‍കൂളായി. വ്യക്തി, കുടുംബം, സമൂഹം എന്നീ മൂന്നു മേഖലയിൽ ഒരു സ്ത്രീയ്‍ക്കുണ്ടാകേണ്ട ഉത്തരവാദിത്തങ്ങളെ കുറിച്ച് മദാമ്മ കുട്ടികളെ അഭ്യസിപ്പിച്ചു.

ബാലികാമഠത്തിലെ ഫീഡിങ് സ്‍കൂൾ എന്ന നിലയിൽ അന്ന് നമ്മുടെ നാട്ടിൽ പ്രചാരം ഇല്ലാതിരുന്ന കിൻഡർഗാർട്ടൻ സ്‍കൂൾ ജൂൺ 1933-ൽ ആരംഭിക്കുവാനും മദാമ്മക്ക് കഴിഞ്ഞു. കിൻഡർഗാർട്ടൻ സ്‍കൂളിന്റെ പ്രഥമാധ്യാപികയായി ശ്രീമതി. പി.കെ കുഞ്ഞുകുഞ്ഞമ്മ സേവനമനുഷ്ടിച്ചു. 1956-ൽ ബാലികാമഠം സ്‍കൂൾ എയ്ഡഡ് പദവിയിലേക്ക് ഉയർത്തപ്പെട്ടു. 1930-കളിൽ റെഡ്ക്രോസ്സിന്റെ ഒുരു യൂണിറ്റ് മദാമ്മ സ്‍കൂളിൽ ആരംഭിച്ചു. 32 സംവത്സര ക്കാലത്തെ സേവനത്തിനുശേഷം, ബാലികാമഠത്തിന്റെ മാനേജർ പദവി അലങ്കരിച്ചു കൊണ്ട് , ഇവിടെ ജീവിച്ച് , 1974 ആഗസ്റ്റ് അഞ്ചാം തീയതി 79-ാം മത്തെ വയസ്സിൽ ഈ മഹതി കാലയവനികയ്‍ക്കുള്ളിൽ മറഞ്ഞ് ഈ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുകയും ചെയ്‍തു. ഈ ദിവസം old girls dayഎന്ന നിലയിൽ സ്ക്കൂൾ സമുചിതമായി കൊണ്ടാടുന്നു.




മിസ് ബ്രൂക്സ് സ്മിത്തിനുശേഷം ശ്രീ. പി. വി. വർഗ്ഗീസ്, ശ്രീമതിമാരായ അക്കാമ്മ കുരുവിള, എലിസബേത്ത് കുരുവിള, വി. ഐ. മറിയാമ്മ, രാജമ്മ ഫിലിപ്പ്, സൂസി മാത്യു, മറിയാമ്മ കോശി, പി.ജി. റേച്ചൽ, ഏലമ്മ തോമസ്, സാറാമ്മ ഉമ്മൻ എന്നിങ്ങനെ പത്തു പേർ സ്കൂളിന്റെ സാരഥ്യം വഹിച്ചു. ഇപ്പോഴത്തെ പ്രഥമദ്ധ്യാപികനായി ശ്രീമതി. സുജ ആനി മാത്യു സേവനമനുഷ്ടിക്കുന്നു. 1998 - ൽ ബാലികാഠം ഹയർസെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ശ്രീമതിമാരായ പി.ജി. റേച്ചൽ, ഏലമ്മ തോമസ്, ലീലാമ്മ ജോർജ്ജ് എന്നിവർ പ്രിൻസിപ്പലുമാരായി സേവനമനുഷ്ഠിച്ചു. ഇപ്പോഴത്തെ പ്രിൻസിപ്പലിനായി ശ്രീമതി. സുനിത കുര്യൻ സേവനമനുഷ്ഠിച്ചു വരുന്നു. ബാലികാമഠം ഹൈസ്കൂളിന്റെ പോഷകഘടകമായി ഒരു മാതൃകാ പ്രൈമറി വിദ്യാലയം വേണമെന്നുള്ളത് മിസ് ഹോംസിന്റെ എന്നത്തെയും ഒരു അഭിലാഷമായിരുന്നു. അത് സഫലമായത് ബ്രൂക്സ് സ്മിത്ത് പ്രഥമദ്ധ്യാപികയായിരുന്ന കാലത്താണ്. ശ്രീമതി. C.Z . അന്നമ്മയുടെ ചുമതലയിൽ പ്രസ്തുത സ്കൂൾ ബാലികാമഠം നേഴ്സറി ആന്റ് കിന്റർ ഗാർഡൻ സ്കൂൾ എന്ന നാമഥേയത്തിൽ ആരംഭിച്ചു. ശ്രീമതിമാരായ കെ.ഇ റോസമ്മ , ചിന്നമ്മ കോവൂർ. സരളാ സ്റ്റീഫൻ എന്നിവർ സാരഥ്യം വഹിച്ചു. ശ്രീമതി. ഷിനു വർഗ്ഗീസ് ഇപ്പോൾ പ്രഥമദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. ശ്രീമാൻ ഇ. വി. ഈപ്പൻ, അഭിവന്ദ്യ ഈവാനിയോസ് തിരുമേനി, അഭിവന്ദ്യ പീലിക്സിനോസ് തിരുമേനി, അഭിവന്ദ്യ പക്കോമിയോസ് തിരുമേനി, അഭിവന്ദ്യ തെയോഫോറസ് റമ്പാച്ചൻ, ശ്രീ. കെ. സി വർഗ്ഗീസ് മാപ്പിള, ഡോ കെ. സി. മാമ്മൻ എന്നിവർ മാനേജർമാരായി സേവനമനുഷ്ഠിച്ചു. നിലവിൽ ശ്രീമാൻ ജോർജ്ജ് വർഗ്ഗീസ് അവർകൾ മാനേജരായി സേവനം അനുഷ്ഠിക്കുന്നു. ഈ സരസ്വതി ക്ഷേത്രത്തിന്റെ വളർച്ചയ്ക് ചെറുതും വലുതുമായ സംഭാവനകൾ നൽകിയ അനേകരുണ്ട്. സ്കൂളിന്റെ ആരംഭകാലം മുതൽ ചിട്ടയായ പരിശീലനം നൽകി ഒരു ബോർഡിങ് ഹോം പ്രവർത്തിച്ചുരുന്നു. ബോർഡിങ് ഹോമിന്റെ ഇപ്പോഴത്തെ സാരഥിയായി ശ്രീമതി എലിസബേത്ത് മാത്യു പ്രവർത്തിക്കുന്നു. ചെമ്പകത്തിന്റെയും പവിഴമല്ലിപ്പൂക്കളുടെയും മോർണിംഗ് ഗ്ലോറിപ്പൂക്കളുടെയും ഗന്ധം നിറഞ്ഞ, തണൽ നിറഞ്ഞ ക്യാമ്പസ് എന്നും ബാലികാമഠത്തിന്റെ സ്വന്തമാണ്. എവിടെയും പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സൗന്ദര്യം. ആത്മീയാന്തരീക്ഷം നിറഞ്ഞ ചാപ്പൽ. ഇന്നും അനേക വിദ്യാർത്ഥിനികൾക്ക് മാർഗ്ഗദർശകമായി ഈ അക്ഷരമുത്തശ്ശി വെളിച്ചം വിതറുന്നു