വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/എന്റെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
 എന്റെ പരിസ്ഥിതി    

ആധുനികകാലത്ത് നാം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതിസംരക്ഷണം. ശാസ്ത്ര സാങ്കേതിക വിദ്യകൾ വികസിക്കുന്നതിനനുസരിച്ച് പ്രകൃതി മലിനമായിക്കൊണ്ടിരിക്കുന്നു.ഈ സ്ഥിതി തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നുറപ്പാണ്. മനുഷ്യന്റെ പ്രവർത്തനങ്ങളാണ് ഭൂമിയെ മലിനമാക്കിക്കൊണ്ടിരിക്കുന്നത് . പ്രകൃതി നിരന്തരം മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് പരിസ്ഥിതി സന്തുലനത്തെ പ്രതികൂലമായി ബാധിക്കുന്നു. ജനപ്പെരുപ്പം കൂടിവരികയും നഗരങ്ങളുടെ വിസ്തൃതി വർദ്ധിക്കുകയും ചെയ്തപ്പോൾ സ്വാഭാവികമായും മാലിന്യങ്ങൾ നിക്ഷേപിക്കാൻ സ്ഥലമില്ലാതായി. ഫ്ളാറ്റുകളും രണ്ടോ നാലോ സെന്റു ഭൂമിയിൽ നിറഞ്ഞിരിക്കുന്ന വീടുകളും മാലിന്യസംസ്കരണത്തിന് ഇടമില്ലാതെ വലയുന്നു. പലരും മാലിന്യങ്ങളെ പ്ലാസ്റ്റിക് കവറുകളിലാക്കി തെരുവോരങ്ങളിലേക്കു വലിച്ചെറിയാൻ തുടങ്ങി. പ്ലാസ്റ്റിക് മണ്ണിൽ അലിഞ്ഞുചേരാത്ത വസ്തുവായതിനാൽ അവ പരിസ്ഥിതിക്ക് വൻഭീഷണി ഉയർത്തിക്കൊണ്ട് തെരുവുകൾക്കു വികൃതമുഖം സമ്മാനിക്കുന്നു.


ഓടകളടയുന്നതിനും മേഞ്ഞുനടക്കുന്ന കന്നുകാലികളുടെ വയറ്റിലേക്കു പോകുന്നതിനും ഇതിടയാക്കുന്നു. കൂടാതെ ചീഞ്ഞുനാറുന്ന മാംസാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും നദികളിലെ ജലത്തെയും ഉപയോഗശൂന്യമാക്കുന്നു. എലിശല്യം പെരുകുന്നതിനും രോഗങ്ങൾ അതിവേഗം പടരുന്നതിനും ഇതിടയൈക്കുന്നു. ഫലഭൂയിഷ്ടമായ കൃഷിയിടങ്ങളും പറമ്പുകളും പ്ലാസ്റ്റിക്കിന്റെ അവശിഷ്ടങ്ങൾ നിറഞ്ഞ് കൃഷിയോഗ്യമല്ലാതായി മാറിക്കൊണ്ടിരിക്കുന്നു. ഫാക്ടറികൾ പലതും പ്രവർത്തിക്കുന്നത് ജലാശയങ്ങളോടു ചേർന്നാണ് . ഈ സാഹചര്യത്തിലാണ് പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചു നമുക്കു ചിന്തിക്കേണ്ടത് . നാം ജീവിക്കുന്ന ഭൂമി, നമ്മുടെ അമ്മയ്ക്കു സമമാണ്. പ്രകൃതിക്കു ദോഷംവരാതെ കാത്തുസൂക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ്. മണ്ണും ജലവും വായുവും ശുദ്ധമായിരുന്നാൽ മാത്രമേ ജീവിതം ആരോഗ്യകരമായിരിക്കുകയുള്ളൂ. അതിനാൽ പരിസ്ഥിതിക്ക് പോറലേൽക്കുന്ന പ്രവർത്തികളൊന്നും നമ്മുടെ ഭാഗത്തുനിന്നുണ്ടാകാൻ പാടില്ല. സ്കൂളിലും പരിസരങ്ങളിലും ശുചിത്വം നിലനിറുത്തുകയും വ്യക്തിശുചിത്വം പാലിച്ചും ഓരോ വിദ്യാർത്ഥികളും മാതൃകകാട്ടുക

പൗളിൻ ആർ വിനു
8 B വിമല ഹൃദയ എച്ച്,എസ് വിരാലി തിരുവനന്തപുരം പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം