സി.എച്ച്.എസ്.അടക്കാക്കുണ്ട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

യശശ്ശരീരനായ ശ്രീ ബാപ്പു ഹാജിയുടെ അതുല്യമായ നേതൃത്വത്തിൽ സ്ഥാപിതമായ അടക്കാകുണ്ട് ക്രസന്റ് ഹയർസെക്കൻഡറി വിദ്യാലയത്തിന്റെ സമഗ്രമായ വികാസത്തിൽ കലാരംഗത്തെ ഒട്ടേറെ നേട്ടങ്ങളുടെ പിന്തുണയുണ്ട്. കലാരംഗത്ത് കുട്ടികൾ നേടിയ മികവുകൾ വിദ്യാലയത്തിന്റെ പ്രശസ്തി വാനോളമുയർത്തി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാ മത്സര വേദിയാണ് സംസ്ഥാന സ്കൂൾ കലോത്സവം. 2010 മുതൽ തുടർച്ചയായി നമുക്ക് സംസ്ഥാന കലോത്സവത്തിൽ മികവ് തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. 2010 ൽ മലപ്പുറം ജില്ലാ കലോത്സവത്തിൽ തിരുവാതിരക്കളിയിൽ 28 ടീമുകളെ പിന്നിലാക്കിക്കൊണ്ട് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടുകയും തൃശ്ശൂരിൽ വെച്ച് നടന്ന സംസ്ഥാന കലോത്സവത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ സംസ്ഥാന തലത്തിൽ കാർട്ടൂൺ (ലിസ്ന സി ), ചിത്രരചന, അറബി പ്രശ്നോത്തരി (തസ്‌നി മോൾ ),സംസ്കൃത ഉപന്യാസം സംസ്കൃതം പ്രശ്നോത്തരി, സംസ്കൃതം പ്രഭാഷണം( അതുൽ കൃഷ്ണ ), ഹിന്ദി പ്രസംഗം ( ഋതിക്) , അറബി സംഘഗാനം എന്നീ ഇനങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞു.

2017 നടന്ന സംസ്ഥാനതല കലോത്സവത്തിൽ ഇംഗ്ലീഷ് കവിതാലാപന ത്തിൽ ഹയർസെക്കൻഡറി വിദ്യാർഥിനിയായ നിത പി മുഹമ്മദ് എ ഗ്രേഡ് കരസ്ഥമാക്കി. ജില്ലാതല കലോത്സവങ്ങളിൽ പങ്കെടുത്ത ഇനങ്ങളിൽ ഒക്കെ എ ഗ്രേഡ് നേടി ക്കൊണ്ട് വിദ്യാർത്ഥികൾ അഭിനന്ദനാർഹമായ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. തുടർച്ചയായി അഞ്ചു വർഷം പെൺകുട്ടികളുടെ മോണോആക്ട് ൽ ആദ്യ സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു. ഉപജില്ലയിൽ ആദ്യമായി അറബന മുട്ടിൽ ഒന്നാം സ്ഥാനം നേടിയത് ക്രസന്റ് ലെ വിദ്യാർഥികളാണ്. ജില്ലാതല കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ആദ്യ വർഷം തന്നെ അറബനമുട്ടിൽ രണ്ടാം സ്ഥാനം നേടുവാൻ കഴിഞ്ഞു. മലയാളം ഇംഗ്ലീഷ് കവിത ആലാപനത്തിൽ ജില്ലാതലത്തിൽ തുടർച്ചയായി എ ഗ്രേഡുകൾ ലഭിച്ചുവരുന്നു. ദേശഭക്തിഗാനം, ലളിതഗാനം എന്നിവയിലും ഉയർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്.

സംസ്ഥാന തല സ്പെഷൽ സ്കൂൾ കലോത്സവത്തിൽ മുഹമ്മദ് ആഷിക് വിദ്യാലയത്തെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുക്കുകയും ലളിതഗാനം മലയാള പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടുകയും ചെയ്തു. ഉപജില്ലാ തലത്തിൽ എല്ലാ വർഷങ്ങളിലും കലോത്സവത്തിന് ജനറൽ,സംസ്കൃതം, അറബി വിഭാഗങ്ങളിൽ ചാമ്പ്യന്മാരായ ചരിത്രമാണ് ക്രസന്റ് വിദ്യാലയത്തിനുള്ളത്. വിവിധ തലങ്ങളിൽ നടന്ന കലോത്സവവേദികളിൽ നമ്മുടെ വിദ്യാലയത്തെ പ്രതിനിധീകരിച്ച് പ്രാഗൽഭ്യം തെളിയിച്ച ജ്യോതിഷ് ബാബു ഇപ്പോൾ പ്രശസ്ത കഥകളി സംഗീതജ്ഞനും സദനത്തിൽ സംഗീത അദ്ധ്യാപകനുമാണ്. സദനം ജോതിഷ് ബാബു നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള പ്രതിഭയാണ്.

നാടൻ പാട്ടിന്റെ മേഖലയിലും ക്രസന്റ് ന്റെ മക്കൾ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. തിരുവാലി കനൽ നാടൻപാട്ട് കലാസംഘത്തിലെ പ്രശസ്ത ഗായകരായ ജയേഷ്, ദുർഗാദത്ത്, കൃഷ്ണേന്ദു, ഡോണ, സുരമ്യ, അഞ്ജലി, താള വിദഗ്ധൻ ഷിജിൻ തുടങ്ങിയവരൊക്കെ തന്നെ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ് എന്നുള്ളത് അഭിമാനം നൽകുന്നു. മാപ്പിളപ്പാട്ടിന്റെ രംഗത്തു മികവു പ്രകടിപ്പിക്കാൻ ക്രെസെന്റ് വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. പൂർവ വിദ്യാർഥി മുഹമ്മദ് റാഫി വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകളിൽ കൂടി കഴിവ് പ്രകടിപ്പിച്ച പ്രതിഭയാണ്. മുഹമ്മദ് തമീം മുഹമ്മദ് റാഷിദ് എന്നിവരും ഈ മേഖലയിൽ കഴിവ് പ്രകടിപ്പിച്ച ക്രസന്റ് പൂർവവിദ്യാർത്ഥികൾ ആണ്. ഹയർസെക്കൻഡറി വിദ്യാർഥിനിയായ സിത്താര മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിൽ പങ്കെടുത്തുകൊണ്ട് ജനപ്രീതിയാർജ്ജിച്ച താരമായി മാറി കഴിഞ്ഞു.

മാപ്പിളപ്പാട്ട് എന്ന കലാരൂപത്തെ സമ്പന്നമാക്കി കൊണ്ട് ക്രസന്റ് വിദ്യാലയത്തിന്റെ നാമം വാനോളമുയർത്തിയവരാണ് ഈ വിദ്യാർഥികൾ. ആകാശവാണിയിലെ പ്രതിവാര പരിപാടിയായ യുവവാണിയിൽ ക്രസന്റ് ന്റെ സാന്നിധ്യം അടയാളപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്. മഞ്ചേരി എഫ് എം ൽ നിരന്തരമായി വിവിധ പരിപാടികൾ ക്രസന്റ് വിദ്യാർ ത്ഥികൾ അവതരിപ്പിച്ചു വരുന്നു. ഈ വർഷം ബാലലോകം പരിപാടിയിൽ എട്ടാം ക്ലാസ് ൽ പഠിക്കുന്ന വൈഗ എന്ന വിദ്യാർത്ഥിനി കൊറോണയെക്കുറിച്ച് അവതരിപ്പിച്ച ഏകാഭിനയം ഏറെ ജനശ്രദ്ധ ആകർഷിച്ചു.