സി.എച്ച്.എസ്.അടക്കാക്കുണ്ട്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കായികരംഗത്ത് ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാനും ഉചിതമായ നേട്ടങ്ങൾ കൈവരിക്കുവാനും അടക്കാകുണ്ട് ക്രസന്റ് ഹയർസെക്കൻഡറി സ്കൂളിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. പ്രശസ്ത കായിക അധ്യാപകരായ  ശ്രീ നാസർ മാസ്റ്റർ, ശ്രീമതി ലൗലി ബേബി ടീച്ചർ എന്നിവരുടെ മേൽനോട്ടത്തിൽ വിദഗ്ധമായ കായിക  പരിശീലനം വിദ്യാർഥികൾക്ക് ലഭിച്ചുവരുന്നു.  നിരന്തരമായി നടന്നുവരുന്ന വിവിധ ഇനങ്ങളിലുള്ള പരിശീലന ക്യാമ്പുകൾ വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമാണ്.

വിവിധ കായിക മേളകളിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കി അടക്കാക്കുണ്ട് ക്രസന്റ് സി എച്ച് എസ് എസ് എന്ന പേരിനെ തങ്കലിപികളിൽ അടയാളപ്പെടുത്തിയ   ഒട്ടേറെ കായികതാരങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയ വിദ്യാലയമാണ് ഇത്.

1990 -91 അധ്യയനവർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 800 മീറ്റർ ഓട്ടത്തിൽ വിദ്യാലയത്തിലെ അബ്ദുൽകരീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.

1992- 93 അധ്യയനവർഷം നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 4*100 മീറ്റർ റിലേയിൽ സിജോ ജോസ് ഗോൾഡ് മെഡൽ നേടി ക്രസന്റ് വിദ്യാലയത്തിന്റെ അഭിമാന താരമായി മാറി.

1993 94ലെ സംസ്ഥാന കായികമേളയിൽ  4*400 മീറ്റർ റിലേയിൽ സിജോ കെ ജോസ് വെള്ളി മെഡൽ കരസ്ഥമാക്കി.

1995 96 ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ വിഭാഗം  ഹൈജമ്പ് മത്സരത്തിൽ ശിവപ്രസാദ് എന്ന വിദ്യാർത്ഥി സ്വർണമെഡൽ കരസ്ഥമാക്കി.

എല്ലാവർഷവും നടക്കുന്ന മലപ്പുറം ജില്ലാ തല കായികമേളകളിലെ ഏറ്റവും മിന്നുന്ന നേട്ടങ്ങൾ കൊയ്തെടുക്കാൻ വിദ്യാലയത്തിന് കഴിഞ്ഞു.

മലപ്പുറം വിദ്യാഭ്യാസ ജില്ലാ കായികമേളകളിൽ  ഏഴുവർഷം ഓവറോൾ  ഒന്നാംസ്ഥാനവും പിന്നീടുള്ള വർഷങ്ങളിൽ രണ്ടോ മൂന്നോ സ്ഥാനങ്ങളിലും ആയി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച കായിക പ്രതിഭകളെ വളർത്തിയെടുത്ത വിദ്യാലയമാണ് അടക്കാകുണ്ട് സി എച്ച്എസ്എസ്.

വണ്ടൂർ വിദ്യാഭ്യാസ ഉപജില്ല രൂപീകരണം മുതൽ തുടർച്ചയായി അഞ്ചു വർഷം ഉപ ജില്ലാ കായികമേളയിലെ ചാമ്പ്യൻമാരായതും ഈ വിദ്യാലയമാണ്.

ഹാൻഡ് ബോൾ

1996 മുതൽ വിദ്യാലയത്തിൽ ഹാൻഡ്ബോൾ പരിശീലനത്തിന് തുടക്കം കുറിച്ചു. ഈ കാലഘട്ടത്തിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ സ്പെഷ്യൽ കോച്ചിംഗ് സെന്റർ ഫോർ ഹാൻഡ്ബോൾ  ആയി നമ്മുടെ വിദ്യാലയത്തെ അംഗീകരിക്കുകയും വിദ്യാർഥികൾക്ക് വിദഗ്ധ പരിശീലനത്തിനുള്ള സാമ്പത്തികസഹായങ്ങൾ അനുവദിക്കുകയും ചെയ്തത് ഏറെ സഹായകമായി.  2001 -02 അധ്യയനവർഷം ഈ വിദ്യാലയത്തിലെ ജിനോ ജോസഫ് സബ്ജൂനിയർ ഹാൻഡ്ബോൾ ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഏറെ ശ്രദ്ധേയമാണ്. അന്നുമുതൽ തുടർച്ചയായി എല്ലാ വർഷവും വിവിധ കാറ്റഗറി കളിലായി ക്രസന്റിലെ വിദ്യാർഥികൾ ദേശീയതലത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു കളിച്ചു കൊണ്ടിരിക്കുന്നു. ഇത്തരത്തിൽ ദേശീയതലത്തിൽ പ്രതിഭകളായ വിദ്യാർത്ഥികൾ  ഉപരിപഠനം നടത്തുന്ന  കലാലയങ്ങളിൽ ഹാൻഡ് ബോൾ താരങ്ങളായി ദേശീയ ശ്രദ്ധയാകർഷിക്കുന്ന നിരവധി നേട്ടങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.

ദുബായിൽ വച്ച് നടന്ന സീനിയർ പുരുഷന്മാരുടെ   ബീച്ച് ഹാൻഡ് ബോൾ മത്സരത്തിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി കളിക്കളത്തിൽ ഇറങ്ങിയ പൂർവ വിദ്യാർത്ഥിയായ ആഷിക് ദർവേഷ് അടക്കാകുണ്ട് സി എച്ച് എസ് എന്ന വിദ്യാലയത്തിന്റെ പ്രശസ്തി അന്താരാഷ്ട്ര തലത്തിലേക്ക് എത്തിച്ചു.

ഇവിടെ നിന്ന് പഠിച്ചിറങ്ങുന്ന കായികതാരങ്ങൾ എല്ലാവരും തന്നെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിച്ചു വരുന്നു. ഇരുപതിലധികം പേർ സർക്കാർ സർവീസിൽ  പ്രവേശിച്ചവരാണ്. പൂർവ്വ വിദ്യാർത്ഥികളായ ആറുപേർ  ഇന്ത്യൻ ആർമിയിലും  സിവിൽ പോലീസ് ഓഫീസർമാരായി മൂന്നുപേരും സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായി രണ്ടുപേരും കായികാധ്യാപകർ ആയി 10 പേരും പ്രവർത്തിച്ചുവരുന്നു എന്നത് ഏറെ അഭിമാനം നൽകുന്നു.

എച്ച് എസ് എസ് തുവ്വൂരിൽ ഫിസിക്സ്‌ അധ്യാപികയായി സ്പോർട്സ് ക്വാട്ടയിൽ നിയമനം ലഭിച്ച സജിന പി ഇവിടുത്തെ പൂർവ വിദ്യാർത്ഥിയാണ്.

2015 ൽ കേരളത്തിൽ വെച്ച് നടന്ന ദേശീയ ഗെയിംസിൽ മത്സരിച്ച കേരള ഹാൻഡ് ബോൾ ടീമിലെ മുസ്താഖ് റഹ്മാൻ കെ, മനു മാത്യു, വിഷ്ണു സി  എന്നിവർ നമ്മുടെ അക്കാദമിയിൽ നിന്നും പരിശീലനം നേടിയ നമ്മുടെ പൂർവ്വ വിദ്യാർത്ഥികളാണ്.

മുഹമ്മദ് ഫാസിൽ പി,  ഡയാന ടി ഇമ്മാനുവൽ എന്നിവർ അഖിലേന്ത്യ ഹാൻഡ് ബോളിൽ മെഡൽ നേടിയവരാണ്.  അഖിലേന്ത്യാ അന്തർ സർവ്വകലാശാല മത്സരങ്ങളിൽ പങ്കെടുത്ത ഡയാന ടി ഇമ്മാനുവൽ, ഡയസ് ടി ഇമ്മാനുവൽ, മുഹമ്മദ് ഫാസിൽ പി എന്നിവർ മികച്ച വിജയങ്ങൾ നേടിയവരാണ്. ഇത്തരത്തിൽ ദേശീയ തലത്തിൽ തിളക്കമാർന്ന നേട്ടങ്ങൾ കൊയ്തെടുത്ത  നൂറിലധികം  കായികപ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞത് വിദ്യാലയത്തിന് അഭിമാനം നൽകുന്നു.  കേരളയത്തിന്റെ കായിക രംഗത്ത്  പുതുചരിത്രം രചിക്കാൻ കഴിവുള്ള കായികതാരങ്ങളെ വളർത്തുന്ന  പരിശീലനകേന്ദ്രമായി വിദ്യാലയം മികവോടെ മുന്നേറിക്കൊണ്ടിരിക്കുന്നു