സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ/അക്ഷരവൃക്ഷം/എന്റെ ഡയറി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ ഡയറി

     
    ഞാൻ ഇന്ന് ഉണർന്നത് വളരെ ഭീതിയോടും ആകാംക്ഷയോടും കൂടിയാണ്. ഇന്നത്തെ വാർത്തകൾ എന്നെ തളർത്തുന്നതാകുമോ ദൈവമേ? ഇത്തിരി പോന്ന ഒരു വൈറസിനു മുന്നിൽ ഈ ലോകം വിറക്കേണ്ടി വരുന്നല്ലോ! ഞാൻ ആദ്യമേ തന്നെ ഓടി എത്തിയത് വാർത്തകളുടെ ലോകത്തേക്കാണ്. ഏതായാലും ഇന്നത്തെ വാർത്തകൾ എന്റെ മനസിന് അല്പം ആശ്വാസകരമായിരുന്നു. മരണത്തിനു പിടി കൊടുക്കേണ്ടിയിരുന്ന അനേകർക്ക് ഒടുവിൽ കുറെ പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയത് മനസിന് സന്തോഷം നൽകി.
       എങ്കിലും എന്റെ മനസിന്റെ കോണിൽ മറ്റെന്തൊക്കെയോ വീർപ്പുമുട്ടൽ അനുഭവപ്പെട്ടു. അത് തിരിച്ചറിയാൻ എനിക്ക് എളുപ്പം കഴിഞ്ഞു. അതാണ് പാതി വഴിയിൽ അവസാനിപ്പിക്കേണ്ടി വന്ന ഞങ്ങളുടെ SSLC പരീക്ഷ. വളരെ കാലമായി കാത്തിരുന്ന ഈ പരീക്ഷ എന്റെ മാത്രമല്ല എന്റെ കൂട്ടുകാരുടെയും സ്വപ്നം ആയിരുന്നു. ഞങ്ങളുടെ ജീവിതത്തിന്റെ വഴിത്തിരിവ് ആകുന്ന SSLC പരീക്ഷ ഞങ്ങൾക്ക് മനോഹരമായി പര്യവസാനിപ്പിക്കാൻ കഴിഞ്ഞില്ലല്ലോ. പക്ഷെ അതെല്ലാം മാറ്റി വയ്ക്കുന്നത് ജീവന്റെ രക്ഷയ്ക്കും ഒരു നാടിന്റെ സുരക്ഷക്കും വേണ്ടി ആണെന്ന് ഓർക്കുമ്പോൾ ഒത്തിരി സന്തോഷവും സംതൃപ്തിയും തോന്നുന്നു. ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി ജീവൻ പണയം ചെയ്തു രാപകൽ ഇല്ലാതെ നാടിന്റെ നന്മയ്ക്ക് വേണ്ടി അധ്വാനിക്കുന്ന ഡോക്ടർമാരുടെയും നഴ്‌സ്‌മാരുടെയും പോലീസുകാരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെയും ത്യാഗങ്ങൾക്ക് മുന്നിൽ ഇത് എത്ര നിസ്സാരം! ഞങ്ങളുടെ ജീവനും ജീവിതത്തിനും കോട്ട തീർത്ത് കാവൽ നിൽക്കുന്ന പ്രിയപ്പെട്ടവരെ നിങ്ങൾക്ക് ഈ കുട്ടികൂട്ടങ്ങളുടെ അഭിവാദ്യങ്ങൾ. 'അണ്ണാറ കണ്ണനും തന്നാൽ ആയത് 'എന്നാണല്ലോ ചൊല്ല്. ഈ പ്രതിസന്ധിയിൽ നാടിന്റെ നന്മയ്ക്കു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന ചിന്ത എന്റെ മനസ്സിനെ വല്ലാതെ അലട്ടി. തയ്യൽക്കാരി ആയ എന്റെ അമ്മയുടെ സഹായത്തോടെ ഞാൻ കുറെ മാസ്കുകൾ തയ്ച്ചു എടുത്തു. അത് എന്റെ ചുറ്റുപാടിലും വിതരണം ചെയ്തു മാസ്ക് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിക്കൊടുത്തു. അങ്ങനെ ഈ ദിനത്തിൽ എന്തൊക്കെയോ ചെയ്യാൻ കഴിഞ്ഞു എന്ന തോന്നൽ എനിക്ക് അനുഭവപ്പെട്ടു.

 

എമൽന എൽദോ
10 F സെന്റ്.ജോസഫ്.എച്ച്.എസ്.കിടങ്ങൂർ,എറണാകുളം,അങ്കമാലി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം