സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഈ സമയവും കടന്നു പോകും

Schoolwiki സംരംഭത്തിൽ നിന്ന്
ഈ സമയവും കടന്നു പോകും

സ്കൂൾ നേരത്തെ അടച്ചപ്പോൾ എനിക്ക് ഒരുപാട് സന്തോഷമാണ് തോന്നിയത്. നേരത്തെ എണീക്കണ്ടാ, ഒരുപാട് സമയം ടിവി കാണാം, കളിക്കാം, എന്നൊക്കെയാണ് എന്റെ മനസ്സിൽ വന്നത്. പിന്നീട് ഈ സാഹചര്യത്തെക്കുറിച്ച് അമ്മ പറഞ്ഞു തന്നപ്പോഴാണ് എനിക്ക് അതിന്റെ പ്രാധാന്യം മനസ്സിലായത്. അമ്മയ്ക്കും അച്ഛനും ജോലിക്ക് പോകാൻ സാധിക്കുന്നില്ല, റോഡിൽ വാഹനങ്ങൾ ഓടുന്നില്ല, കടകൾ തുറക്കുന്നില്ല. ടിവി യിലൂടെയും പത്രങ്ങളിലൂടെയും അറിയുന്നത് വീടിന് പുറത്തിറങ്ങരുത്, കൂട്ടംകൂടി നിൽക്കരുത്, സാമൂഹിക അകലം പാലിക്കണം, കൈയ്യും മുഖവും സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കഴുകണം, പുറത്ത് പോകുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം എന്നൊക്കെയാണ്. അപ്പോൾ ഞാൻ ശരിക്കും പേടിച്ചുപോയി. കൊറോണ ഇത്രയ്ക്ക് അപകടകാരിയാണോ? സ്കൂൾ പൂട്ടിയാൽ പാർക്കിലും ബീച്ചിലും അമ്മയുടെ വീട്ടിലും ഒക്കെ പോകാൻ ഞാനും ചേച്ചിയും പ്ലാൻ ഇട്ടിരുന്നു. അമ്മവീട്ടിൽ എനിക്ക് കളിക്കാൻ അച്ചു ഉണ്ട്. ആന്റിടെ മകൻ ആണ് അവൻ. അവന് എന്നെ വലിയ ഇഷ്ടമാണ്. നല്ല രസമാ എല്ലാം പോയില്ലേ.

വീടിന്റെ പുറത്തുപോലും ഇറങ്ങണ്ട എന്ന് പറഞ്ഞപ്പോൾ ആദ്യം നല്ല വിഷമം തോന്നി. എങ്കിലും എല്ലാവരുടെയും നല്ലതിനുവേണ്ടി ആണല്ലോ എന്ന് ചിന്തിച്ചപ്പോൾ വിഷമം ഒക്കെ പമ്പ കടന്നു. അമ്മ പറഞ്ഞത് ഇങ്ങനെയൊരു അനുഭവം നമ്മുടെ നാട്ടിൽ ഇതിനുമുൻപ് ഉണ്ടായിട്ടില്ല എന്നാണ്. വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുവാൻ വരെ വളരെ ബുദ്ധിമുട്ടാണെന്ന് പറഞ്ഞു. ഞങ്ങൾക്ക് അമ്മ ഇടയ്ക്ക് ഐസ്ക്രീം വാങ്ങി തരാറുണ്ടായിരുന്നു. അത് കിട്ടാതെ വന്നപ്പോൾ വിഷമം തോന്നി. പക്ഷേ ഒരു നേരം ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവിക്കുന്നവർ നമുക്കിടയിലുണ്ട് എന്ന് മനസ്സിലാക്കിയപ്പോൾ അതൊക്കെ മറന്നു. പിന്നെ അമ്മ ചില പലഹാരങ്ങൾ ഞങ്ങൾക്ക് ഉണ്ടാക്കി തരാറുണ്ട്. സാധാരണ ഞാൻ വിനോദ പരിപാടികൾ ആണ് ടിവിയിൽ കാണാറ്, എന്നാൽ ഇപ്പോൾ വാർത്താ ചാനലുകളും ശ്രദ്ധിക്കാറുണ്ട് . ഇപ്പോൾ ഞാനും ചേച്ചിയും കൂടി വീട്ടിൽ തന്നെ പുതിയ കളികൾ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ചേച്ചിക്ക് കുറേ കളികൾ അറിയാം. കാർഡ് കളിക്കുക, ചെസ്സ് കളിക്കുക, ഒളിച്ചു കളിക്കുക, ഐസ് ആൻഡ് വാട്ടർ അങ്ങനെയൊക്കെ. ഞാൻ അമ്മയെ അടുക്കളയിൽ സഹായിക്കാറുണ്ട്. പാത്രം കഴുകുക, പച്ചക്കറി അരിഞ്ഞുകൊടുക്കുക അങ്ങനെയൊക്കെ. വൈകിട്ട് ഞങ്ങൾ വീടിന്റെ ടെറസിൽ ഷട്ടിൽ ബാറ്റ് കളിക്കും അമ്മയും ഞങ്ങളുടെ കൂടെ കൂടും. വീട് വൃത്തിയാക്കി സൂക്ഷിക്കുന്നതിലും, സാധനങ്ങൾ അടക്കി വെക്കുന്നതിലും ഒക്കെ എനിക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാൻ സാധിച്ചു. സ്നേഹബന്ധങ്ങളുടെ പ്രാധാന്യവും കരുതലും, അതുപോലെ അതിജീവനവും മനസ്സിലാക്കാൻ കഴിഞ്ഞു. നമ്മുടെ നാടിനുവേണ്ടി വാക്കുകൾക്കതീതമായി സേവനം നടത്തുന്ന ആരോഗ്യമേഖലയിലും പോലീസ് വകുപ്പിലെയും, സന്നദ്ധസംഘടനകളിലെയും എല്ലാവർക്കും എന്റെ കൂപ്പുകൈ. ഈ കൊറോണകാലം എന്നെ ബോറടിപ്പിച്ചില്ല എന്നുമാത്രമല്ല ഒരുപാട് സാഹചര്യങ്ങൾ എനിക്ക് മനസ്സിലാക്കാൻ സാധിച്ചു.

ദൈവത്തിനു നന്ദി...

ഇഷാൻ ഐബക്
5 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം