സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ബാലരാമപുരം. നേമം ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്. തിരുവനന്തപുരം ജില്ലയിൽ ചാല കമ്പോളം കഴിഞ്ഞാൽ ഏറ്റവും പ്രധാനപ്പെട്ട കമ്പോളമായി പരിഗണിക്കപ്പെടുന്നത് ബാലരാമപുരത്തെയാണ്. അതിപുരാതന വസ്ത്രനിർമ്മാണചാതുരിയുടെ പാരമ്പര്യം കൊണ്ട് പ്രശസ്തമായ ബാലരാമപുരം സാംസ്കാരിക മികവിന്റെയും, മതസൗഹാർദ്ദത്തിന്റെയും പര്യായമാണ്. തിരുവിതാംകൂർ മഹാരാജാവ് ബാലരാമവർമ്മയുടെ നാമധേയത്തിൽ സ്ഥാപിതമായ ബാലരാമപുരത്തിൻ്റെ വിസ്തൃതി ഏകദേശം പത്ത് കിലോമീറ്റർ ചുറ്റളവ് ആണ്. വടക്ക് എരുത്താവൂർ മലയും, തെക്ക് കുന്നിൻപ്രദേശങ്ങൾ ചേർന്ന പീഠഭൂമിയും, കിഴക്ക് നെയ്യാറ്റിൻകര നഗരാതിർത്തിയും പടിഞ്ഞാറ് പള്ളിച്ചൽ പഞ്ചായത്തും ആണ് അതിരുകൾ. നൂറ്റാണ്ടുകൾ പഴമയുള്ള ഈ മണ്ണ് ഇന്ന് വികസനത്തിൻ്റെ പാതയിലാണ്. ഉടയാടകൾ നെയ്യുന്ന നെയ്ത്തുകാരും, മണ്ണിൽ ജീവിതം തളിർപ്പിക്കുന്ന കർഷകരും, കടലിനെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികളും, പടർന്നുപന്തലിച്ച കച്ചവടക്കാരും, കച്ചവടസൂത്രങ്ങളുമായി മറ്റുനാടുകൾ തേടിപ്പോയ ഇൻസ്റ്റോൾമെന്റ് ക്യാമ്പുകളും, ക്രമേണ വർദ്ധിച്ചുവരുന്ന ഉദ്യോഗസ്ഥരും ആണ് ഈ നാടിൻറെ സാമ്പത്തികഘടനയെ നിയന്ത്രിക്കുന്നത്. അരി, പച്ചക്കറി എന്നിവയുടെ വിലയെ നിയന്ത്രിക്കുന്ന പ്രധാന വിപണിയാണ് ബാലരാമപുരം. ഗൃഹോപകരണങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും, വിലക്കുറവും ആധുനിക ബാലരമാപുരത്തിന്റെ മാർക്കറ്റിനെ കൂടുതൽ ജനശ്രദ്ധയുള്ളതാക്കുന്നു. ഗതാഗത സൗകര്യം ഏറെയുള്ള പ്രദേശമാണ് ബാലരാമപുരം. ദേശീയപാത ഇതുവഴി കടന്നുപോകുന്നു. തിരുവനന്തപുരം, നാഗർകോവിൽ, വിഴിഞ്ഞം, കാട്ടാക്കട തുടങ്ങിയ സ്ഥലങ്ങളുമായി നിലവാരമുള്ള പാതകളാൽ ഗതാഗത സൗകര്യമുണ്ട്. ബാലരാമപുരം റെയിൽവേ സ്റ്റേഷൻ ദേശീയ പാതയിൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ്.

ആർ സി സ്ട്രീറ്റ്

ആർ സി സ്ട്രീറ്റ് അഥവാ റോമൻ കാത്തോലിക് സ്ട്രീറ്റ് എന്നറിയപ്പെടുന്ന പ്രദേശം, ശാലീ ഗോത്ര തെരുവിനോളം പഴക്കമുള്ള മുക്കുവ തെരുവാണ്. മത്സ്യ കച്ചവാടത്തിനയി കുടി ഇരുത്തിയ മുക്കുവരും പിൽക്കാലത്ത് വന്നു ചേർന്നവരുമായ മുക്കുവരാണ്‌ ഈ പ്രദേശത്ത് അധികവും. തമിഴ്നാടിൽ നിന്നും വന്നു ചേർന്ന ലത്തീൻ കത്തോലിക്ക വിശ്വാസികളാണ് ഇവർ. ചമ്പ തെരുവ് എന്നതായിരുന്നു ആദ്യ നാമം. തീർഥാടന പ്രാധാന്യമുള്ള വിശുദ്ധ സെബസ്ത്യാനോസിൻറെ പള്ളി നൂറിൽ അധികം വർഷം പഴക്കമുള്ള ഈ പ്രദേശത്തെ പള്ളിയാണ്. അവിടെ നമ്മുടെ സരസ്വതീ ക്ഷേത്രമായ സെൻ്റ്,ജോസഫ്സ് എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നു.

അഞ്ചുവർണ്ണ തെരുവ്

നെയ്ത്ത് കാരും, കച്ചവടക്കാരും ചേർന്ന തെരുവാണിത്. തിരുവിതാംകൂർ രാജവംശം നെയ്ത്തിന് വേണ്ടി തക്കല, ഏർവാടി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വന്നവരാണ് ഇവിടുത്തെ മുസ്ലീങ്ങൾ. രാജകുടുംബം എല്ലാവര്ക്കും അഞ്ചുസെന്റ്‌ ഭൂമിയടക്കം എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു. അഞ്ചുവർണ്ണം മുസ്ലീങ്ങൾക്ക് സവിശേഷമായ മറ്റൊരു ചരിത്രം കൂടിയുണ്ട്. ബ്രാഹ്മണ ഭീകരതയുടെ ഇരകളായിത്തീർന്ന തെക്കൻ തമിഴ് നാട്ടിലെ ജൈനന്മാരാണ് ഇവരുടെ പൂർവികർ. അഞ്ചുവർണ്ണം മുസ്ലിംകളുടെ ശരീരഘടന, ആഹാരക്രമം, ആചാരങ്ങൾ എല്ലാത്തിലും ജൈനച്ചുവ കാണാവുന്നതാണ്. അഞ്ചുവർണ്ണ തെരുവിലെ പുരാതന മുസ്‌ലിം പള്ളി കരിങ്കല്ല് കൊണ്ട് നിർമിച ജൈന വാസ്തുശില്പമാതൃകയിലുള്ളതായിരുന്നു. മൗലിദ് ചടങ്ങ് നടത്തുന്ന വീടുകളിൽ ജൈന ആചാരങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിൽ മേല്ക്കൂരയുടെ അടിഭാഗത്ത് വെള്ളത്തുണി കെട്ടുക, നിലവിളക്ക് കത്തിച്ചു വെയ്ക്കുക തുടങ്ങിയവ ബാലരാമപുരം അഞ്ചുവർണ്ണത്തിലും നിലനിന്നിരുന്നു. രാജാവ് നൽകിയ സ്ഥലത്ത് മീരാസഹിബ് പള്ളി നിലവിൽ വന്നു. നെയ്യാറ്റിൻകര താലൂക്കിൽ ഏറ്റവും ആദ്യം നിർമിച്ച പള്ളിയാണിത്. ഈ പള്ളിക്ക് കീഴിൽ അഞ്ചുവർണ്ണ തെരുവ്, കച്ചവടപ്പുറം എന്നീ രണ്ടു ജമാഅത്തുകൾ ആണ് ഉണ്ടായിരുന്നത്. നെയ്ത്ത് അനുബന്ധ തൊഴിലുകൾ ചെയ്തിരുന്ന മുസ്‌ലിംകൾ തെരുവ് ജമാഅത്ത് കാരും, കച്ചവടം ചെയ്തവർ കച്ചവടപ്പുറം ജമാ അത്തുകാരും ആയി അറിയപ്പെട്ടു. പിന്നീട് ബാലരാമപുരം ടൗൺ പള്ളിയും അതിനും ശേഷം വഴിമുക്ക് മുസ്‌ലിം ജമാഅത്തും ഉണ്ടായി.

ശാലിയാർ തെരുവ്

രാജകുടുംബാംഗങ്ങൾക്കു വേണ്ടി വസ്ത്രങ്ങൾ നെയ്യുന്നതിനായി തമിഴ്നാട്ടിൽ നിന്നും ഏഴ് നെയ്ത്തു കുടുംബങ്ങളെ കൊണ്ടുവന്ന് ബാലരാമപുരത്ത് പ്രത്യേകമായി കണ്ടെത്തിയ സ്ഥലത്ത് പുനരധിവസിപ്പിക്കുകയായിരുന്നു. ഉൽപ്പന്നങ്ങൾ അനായാസം ക്രയവിക്രയം ചെയ്യുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിൽ വ്യാപാരകേന്ദ്രങ്ങൾ തുറന്നു. ഇന്ന് ശാലിയാർ തെരുവിന് ഇരുവശവുമുളള പാർപ്പിടങ്ങളിൽ അധിവസിക്കുന്നവർ മേൽപ്പറഞ്ഞ ഏഴ് കുടുംബങ്ങളുടെ പിൻമുറക്കാരാണ്. ശാലിയാർ കുടുംബങ്ങൾ തമിഴാണ് സംസാരിക്കുന്നത്. സ്വന്തം സമുദായാംഗങ്ങളുമായി മാത്രമേ അവർ വിവാഹബന്ധത്തിലേർപ്പെടൂ. പ്രധാനപ്പെട്ട നാലു തെരുവുകളിലായിട്ടാണ് ശാലിയാർ സമൂഹം അധിവസിക്കുന്നത്. ഒറ്റത്തെരുവ്, ഇരട്ടത്തെരുവ്, വിനായഗാർ തെരുവ്, പുത്തൻ തെരുവ് എന്നിവയാണവ. അഗസ്ത്യാർക്ഷേത്രം പ്രധാന തെരുവിലാണ് സ്ഥിതിചെയ്യുന്നത്. ഇരട്ടത്തെരുവിൽ രണ്ടു ക്ഷേത്രങ്ങളാണുളളത്-മുത്താരമ്മൻ ക്ഷേത്രവും വിനായഗാർക്ഷേത്രവും. തോപ്പുതെരുവിൽ ഒരു ഗണപതിക്ഷേത്രമുണ്ട്. 18 വയസിന് മുകളിലുളള പുരുഷൻമാർ കർശനമായു ക്ഷേത്രകമ്മിറ്റിയിൽഅംഗത്വമെടുത്തിരിക്കണമെന്ന് നിർബന്ധമാണ്. തങ്ങളുടെ സംസ്കാരം, തൊഴിൽ, മതവിശ്വാസം എന്നിവ പ്രതിഫലിപ്പിക്കുന്ന വീടുകളാണ് ശാലിയാർ നെയ്ത്തുകാരുടേത്. പരസ്പരം ചുവരോട് ചുവർ ചേർന്നു നില്ക്കുന്ന ശാലിയാർ വീടുകളിൽ ഓരോന്നിലും വസ്ത്ര നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ചില വീടുകളിൽ ശേഷിയനുസരിച്ച് ഷോറൂമുകൾ കൂടി പ്രവർത്തിക്കുന്നുണ്ട്. രൂപത്തിൽ തനതായ വ്യത്യസ്തത പുലർത്തുന്ന ശാലിയാർ വീടുകളുടെ നിർമ്മാണരീതിയും അകവശമൊരുക്കിയിരിക്കുന്നതും നെയ്ത്തുവ്യവസായത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണ്.

എൻ്റെ ഗ്രാമം

മഹാരാജ ബാലരാമ വർമ്മയുടെ ഭരണകാലത്ത് കൈത്തറി നെയ്ത്ത് ആദ്യമായി ബാലരാമപുരത്ത് ആരംഭിച്ചു. അദ്ദേഹത്തിൻ്റെ ബഹുമാനാർത്ഥം പഞ്ചായത്തിന് ഈ പേര് നൽകി. നെല്ല്, തെങ്ങ് കൃഷി, മത്സ്യബന്ധനം, നെയ്ത്ത്, എണ്ണ വേർതിരിച്ചെടുക്കൽ തുടങ്ങി വിവിധ പരമ്പരാഗത വ്യവസായങ്ങൾ വികസിപ്പിച്ച് ബാലരാമപുരത്തെയും പരിസര പ്രദേശങ്ങളിലെ വ്യവസായത്തെയും കാർഷികാധിഷ്ഠിത വ്യവസായ മേഖലയാക്കി മാറ്റാൻ മഹാരാജാവും അദ്ദേഹത്തിൻ്റെ ദളവ (മുഖ്യമന്ത്രി) ഉമ്മിണി തമ്പിയും സംയുക്തമായി തീരുമാനിച്ചു.

രാജകുടുംബാംഗങ്ങൾക്ക് തുണികൾ നെയ്യുന്നതിനായി മഹാരാജാവിൻ്റെ ദളവ തമിഴ്നാട്ടിൽ നിന്ന് ഏഴ് നെയ്ത്തുകാരൻ കുടുംബങ്ങളെ ( ശാലിയാർ ) കൊണ്ടുവന്നു.