സെന്റ്. ജോർജസ് ഹയർ സെക്കണ്ടറി സ്കൂൾ കാലയന്താനി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ഇപ്പോൾ പള്ളിയിരിക്കുന്ന കുന്നിൽ ഒരു കലയവും താന്നിയും ചേർന്നുനിന്നിരുന്നുവെന്നും, കലയും താന്നിയും ചേർന്നുനിൽക്കുന്ന കുന്ന് എന്ന അർത്ഥത്തിൽ കലയന്താനിക്കുന്ന് എന്ന പേരുണ്ടായി എന്നാണ് ഒരു വ്യാഖ്യാനം. കലയുടെ നാട് എന്ന അർത്ഥത്തിലാണ് ഈ പേരുണ്ടായതെന്നാണ് മറ്റുചിലരുടെ അഭിപ്രായം. പണ്ട് ഇവിടെയുണ്ടായിരുന്ന വിവിധ ജനവിഭാഗങ്ങൾ തമ്മിൽ മണ്ണിനും പണത്തിനും വേണ്ടി പരസ്പരം കലഹിച്ചുവെന്നും കലഹംതന്നെ രൂപാന്തരപ്പെട്ട് കലഹന്താനിയും പിന്നീട് കലയന്താനിയുമായി എന്നാണ് വേറെ ചിലരുടെ വിശദീകരണം. കലയന്താനി എന്ന സ്ഥലമേ ഇല്ല എന്നുവാദിക്കുന്ന വേറൊരുവിഭാഗം ഉണ്ട്. തൊടുപുഴ താലൂക്കിന് ആദ്യമുണ്ടായിരുന്ന അഞ്ചുപകുതികളിലൊന്നായ കാരിക്കോട് പകുതിയിലെ ഇളംദേശം കരയുടെ അതിർത്തി നിർണ്ണയിക്കാൻ വന്ന ഉദ്യോഗസ്ഥൻ ഈ കുന്നിൻപ്പുറത്ത് അന്നുണ്ടായിരുന്ന കലയും താന്നിയും നിൽക്കുന്നിടം അതിർത്തിയായി നിശ്ചയിച്ചു എന്നാണിക്കൂട്ടരുടെ വാദം.