സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/വ്യക്തിശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
വ്യക്തിശുചിത്വവും രോഗപ്രതിരോധവും

ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19. കണ്ണുകൊണ്ട് കാണാൻ കഴിയാത്ത ഒരു ചെറിയ വൈറസിനെക്കൊണ്ട് നമ്മളെ വീട്ടിലിരുത്താൻ കഴിയുമെന്ന് ഈ ലോക്ക് ഡൗൺ തെളിയിച്ചു. ലോക്ക് ഡൗൺ കാരണം നമ്മുടെയെല്ലാം അവധിക്കാലവും വീട്ടിലാണ്. രോഗബാധിതരോട് അടുത്തിഴപഴകുമ്പോഴാണ് രോഗം മറ്റൊരാളിലേക്ക് പകരുന്നത്. 'കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക' ഇതാണ് കോറോണയെ തുരത്താൻ നമുക്ക് ചെയ്യാനാവുക. ഈ ലോക്ക് ഡൗൺ കഴിയുന്നതുവരെ പരമാവധി വീട്ടിലിരിക്കുക. ഇതിനൊപ്പം നമ്മുടെ സർക്കാരിന്റെ നിർദ്ദേശങ്ങൾ അതേപടി അനുസരിക്കാൻ സന്നദ്ധരായിരിക്കണം. കാരണം, അവർ നമുക്കുവേണ്ടിയാണ് ഇത്രയും കാര്യങ്ങൾ ചെയ്യുന്നത്; അപ്പോൾ ആ നന്ദി തിരിച്ചും പ്രകടിപ്പിക്കണം. രോഗം വന്നിട്ട് ചികിൽസിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതിലാണ് മിടുക്ക്. കോറോണയെ തടയാനുള്ള ഏറ്റവും വലിയ മാർഗം വ്യക്തി ശുചിത്വമാണ്. എല്ലാവരും വ്യക്തി ശുചിത്വം പാലിച്ചാൽ എന്നെന്നേക്കുമായി നമുക്ക് കോറോണയെ തുരത്താം. കൊറോണ പകരാതിരിക്കാനായി മറ്റെന്തെല്ലാം മുന്കരുതലുകളാണ് നാം സ്വീകരിക്കേണ്ടതെന്നു നമുക്ക് നോക്കാം.

> കൈകൾ ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കഴുകുക.

> തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും പൊത്തുക.

> പനി, തുമ്മൽ, ജലദോഷം, ചുമ എന്നിവ ഉള്ളവർ യാത്രകൾ, ഉത്സവങ്ങൾ, പൊതുപരിപാടികൾ എന്നിവയിൽ നിന്നും നിർബന്ധമായും ഒഴിവാക്കുക.

> കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്ന് എത്തുന്നവർ രോഗലക്ഷണങ്ങൾ ഒന്നും ഇല്ലെങ്കിൽപോലും പതിനാല് ദിവസം നിർബന്ധമായും വീടിനുള്ളിൽ തന്നെ കഴിയുക.

>ഹസ്‌തദാനം ഒഴിവാക്കുക.

>പൊതുഇടങ്ങളിലെ സാധനങ്ങൾ സ്പർശിച്ച ശേഷം കണ്ണിലും മൂക്കിലും വായിലും തൊടാതിരിക്കുക.


ആരോഗ്യവകുപ്പിന്റെ ഈ നിർദ്ദേശങ്ങൾ തീർച്ചയായും പാലിക്കുക. കൈ കഴുകുന്നത് ഒന്ന് ഓടിപ്പോയി കഴുകിയിട്ട് അപ്പോൾത്തന്നെ തിരിച്ചുവരുന്നതല്ല.

കൈ കഴുകുന്നതിനും ഒരു ശാസ്ത്രീയമായ രീതിയുണ്ട്. സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് ശാസ്ത്രീയമായി കൈ കഴുകിയാൽ കോവിഡ് 19 ഉൾപ്പെടെ പകർച്ചവ്യാധികളെ അകറ്റി നിർത്താം. കൈകൾ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ ന്യൂമോണിയ, വയറിളക്കം, ചെങ്കണ്ണ്, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറക്കാനും സാധിക്കും. കൈകൾ കഴുകാതെ മുഖത്തു സ്പർശിക്കരുത്.

വെള്ളം കൊണ്ടു മാത്രം കഴുകിയാൽ കൈകൾ ശുദ്ധമാകില്ല. അഴുക്കും എണ്ണയും നീക്കി രോഗാണുക്കളെ നശിപ്പിക്കാൻ സോപ്പും വേണം. 20 സെക്കൻഡിൽ എങ്ങനെയെല്ലാം കൈ കഴുകണമെന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം.

1. ഉള്ളം കയ്യിൽ സോപ്പ് തേച്ചു പതപ്പിക്കുക.
2. പുറംകൈകളിൽ മാറിമാറി തേയ്ക്കുക.
3. വിരലുകൾക്കിടയിൽ തേയ്ക്കുക.
4. തള്ളവിരലുകളിൽ തേയ്ക്കുക.
5. നഖങ്ങൾ ഉരക്കുക.
6. വിരലുകളുടെ പുറകുവശം തേയ്ക്കുക.
7. കൈക്കുഴ ഉരക്കുക.
8. വെള്ളം ഒഴിച്ചു കഴുകി വൃത്തിയുള്ള തുണി കൊണ്ട് തുടയ്ക്കുക.


ഈ രീതിയിൽ നമ്മൾ കൈകൾ കഴുകിയാൽ നമ്മുടെ കൈകൾ അണുമുക്തമാകുകയും കൊറോണ വൈറസിനെ തടുക്കാനും സാധിക്കും. നമുക്ക് വേണ്ടത് ആശങ്കയില്ല, ജാഗ്രതയാണ്.

പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുന്നത് നല്ലതാണ്. എന്നാൽ ആവശ്യമില്ലാതെ മാസ്ക് ധരിച്ചാൽ ഇല്ലാത്ത അസുഖങ്ങൾ കൂടി വരും. ആയതിനാൽ മാസ്ക് സൂക്ഷിച്ചുവേണം കൈകാര്യം ചെയ്യാൻ. കോവിഡ് ബാധിതപ്രദേശങ്ങളിൽ നിന്ന് വന്നവരുമായി അടുത്തിടപഴകാതിരിക്കുക. ഏറ്റവും കൂടുതൽ ആളുകൂടുന്ന ഷോപ്പിംഗ് മാളുകളിലും സൂപ്പർ മാർക്കറ്റുകളിലുമുള്ള പോക്ക് നിയന്ത്രിക്കുക. കോവിഡ് ബാധിത പ്രദേശങ്ങളിലോ മറ്റെവിടെ നിന്നോ വന്ന ആളുകൾ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും 14 ദിവസം നിർബന്ധമായും വീട്ടിൽ കഴിയേണ്ടതുണ്ട്. ഇന്ത്യ 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് സാമൂഹിക അകലം മുന്നിൽക്കണ്ടുകൊണ്ടാണ്.

ശുചിത്വം എന്നത് മൂന്ന് തരത്തിലുണ്ട്. വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്വം, പരിസര ശുചിത്വം എന്നിവയാണ് അവ. ഇവ മൂന്നും നമ്മൾ പാലിച്ചാൽ മാത്രമേ നമ്മുടെ വീടും പരിസരവും ശുചിയാണെന്ന് നമുക്ക് പറയാനാകൂ.

എല്ലാവരും വൃത്തിയുള്ളവരായാൽ പിന്നെ കൊറോണ നമ്മുടെ ശരീരത്തിലേക്ക് കയറില്ല. കൊറോണ ഏറ്റവും കൂടുതൽ പ്രശ്‌നമുണ്ടാക്കുന്നത് 65 വയസ്സിന് മുകളിലുള്ളവർക്കാണ്. കാരണം അവർക്കാണ് ഹൃദ്രോഗം, വൃക്കരോഗം എന്നിവ കൂടുതൽ ഉണ്ടാകുന്നത്. കോറോണയ്ക്കിതുവരെ മരുന്ന് കണ്ടുപിടിച്ചില്ല എന്നതാണ് സ്ഥിതി ഇത്രയും വഷളാവാൻ കാരണം.


 ഉപസംഹാരം
ലോകം മുഴുവനും ഇപ്പോൾ കോവിഡ് ഭീതിയിലാണ്. കേരളമാണ് ലോകത്തിനു മാതൃക. കാരണം കേരളത്തിലാണ് ഇപ്പോൾ ഏറ്റവും നിയന്ത്രിതമായിരിക്കുന്നത്. രണ്ടു പ്രളയത്തെയും നിപ്പയെയുമെല്ലാം അതിജീവിച്ച നമ്മൾ തീർച്ചയായും കൊറോണയെയും അതിജീവിക്കും.



അതുല്യ പി.ജി
6 D സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം