സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ/അക്ഷരവൃക്ഷം/ പുതുനാമ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പുതുനാമ്പുകൾ

ഹൊ എന്തൊരു ഉഷ്ണമാണിവിടെ. "എടീ ഗാഥേ നീയിത്തിരി പച്ച വെള്ളമിങ്ങെടുത്തേ, മനുഷ്യനു ദാഹിച്ചിട്ടു വയ്യ". "ഓ..... ഈ ജീവേട്ടന്റെ ഒരു കാര്യം. മനുഷ്യനെ ഒരു പണിയും ചെയ്തു തീർക്കാൻ സമ്മതിക്കില്ല.-" അകത്ത് ഗാഥയുടെ പരിഭവം നിറഞ്ഞ പരാതി. "എന്റെ ജീവേട്ടാ നിങ്ങൾക്ക് ആരോഗ്യത്തിനു ഒരു കുറവും ഇല്ലല്ലോ? ഒന്ന് ആ കസേരയിൽ നിന്നും എഴുന്നേറ്റ് അടുക്കള വരെ വന്ന് ഒരു ഗ്ലാസ് വെള്ളമെടുക്കേണ്ടതിന് ഈയെന്നെ വിളിക്കുന്നതെന്തിനാ?". ഒരു ചുമതലാ ബോധമുള്ള ഗൃഹനായികയുടെ വേവലാതിയോടെ അവൾ തന്റെ ഭർത്താവിന്റെ ആവശ്യം നിറവേറ്റി തിരിച്ച് അടുക്കളയിലെത്തി. തന്റെ ജോലികളിൽ മുഴുകി കഴിഞ്ഞിരുന്നു. "ഓ, നിനക്കത്രയ്ക്കു് വിഷമമാണെങ്കിൽ ഞാനെ അയൽപക്കത്തെ പ്രഭേട്ടത്തിയോട് പറയാം എനിക്കു വെള്ളം കൊണ്ടു തരാൻ". ഗാഥ ആ പറഞ്ഞത് കേട്ടില്ല. പീന്നീടയാൾ ഗാഥ കൊണ്ടുവന്ന വെള്ളം ആസ്വദിച്ചു കുടിച്ചു കൊണ്ട് വീടിന്റെ ഉമ്മറത്തെത്തി. തിണ്ണയിലെ ചാരുകസേരയിലേക്ക് തല ചായ്ച്ചു വച്ചയാൾ പറഞ്ഞു;. " മോളേ ശ്രീക്കുട്ടി ... നീയിന്നത്തെ ആ പത്രം ഇങ്ങെടുത്തേ". അധികം താമസിയ്ക്കാതെ പത്രവുമായി അവൾ വന്നു " ഇന്നാ അച്ഛാ പത്രം" കേരളാ കൗമുദിയുടെ പത്രം അച്ഛന്റെ കൈയിലേക്ക് കൊടുക്കുന്നതിനിടെ അവൾ പറഞ്ഞു. ആ പത്രം വാങ്ങിയ ശേഷം അയാൾ എപ്പോഴും റോഡിലേക്ക് കണ്ണും നട്ടിരിക്കുന്ന ചാരുകസേരയുടെ കൈകളിലേക്ക് തന്റെ കാലുകൾ രണ്ടും കയറ്റി വച്ചു. ഞങ്ങളുടെ ജോലി ഇതാണെന്ന ഭാവത്തിൽ ആ കസേര കൈകൾ അയാളുടെ കാലുകളെ താങ്ങി. പ്രധാന വാർത്തകളിലൂടെ ഒന്ന് കണ്ണോടിച്ച ശേഷം അയാൾ പത്രം മടക്കി വച്ചു. ആവശ്യത്തിലധികം വെളിച്ചം അകത്തു കയറിയതിനാൽ സ്വയം ചെറുതായി തീർന്ന കൃഷ്ണമണികൾ അയാൾ റോഡിലേക്കു പായിച്ചു.

"എനിക്കിത്തിരി വെള്ളം തരുമോ"-എന്ന് ഉണക്ക മരങ്ങളും വരണ്ട പ്രകൃതിയും തന്നോടു ചോദിക്കുന്നതായി അയാൾക്കനുഭവപ്പെട്ടു. കരയാൻ പോലും ഒരു തുള്ളി കണ്ണുനീർ ഇല്ലാതെ നിൽക്കുന്ന മലനിരകളെ നോക്കിയിരുന്നപ്പേൾ അയാൾ പതിയെ ഓർമകളുടെ ഓളക്കുത്തിലേക്ക് വീഴുകയായിരുന്നു. വർഷങ്ങൾക്കു മുമ്പ് അമേരിക്കയിൽ നിന്നും യജമാനന്റെ കീഴിലുള്ള പണി ഉപേക്ഷിച്ച് സ്വയം യജമാനനായി തീരാനുള്ള അവസരം നോക്കി നാട്ടിൽ വന്നതാണയാൾ. പത്തു- പന്ത്രെണ്ടു വർഷത്തെ പരിചയ സമ്പത്തും, ജോലിയോടുള്ള ആത്മാർത്ഥതയും അയാൾക്ക് നാട്ടിൽ നല്ലൊരു ബിസിനസ്സ് തുടങ്ങാൻ സഹായകമായി. അങ്ങനെ ആവശ്യത്തിലധികം പണം കൈയിൽ വന്നു ചേർന്നപ്പോൾ ഇപ്പോഴത്തെ വീടിനു മോടി പോരെന്നു പറഞ്ഞ് കൂടുതൽ സൗകര്യങ്ങളും തലയെടുപ്പുമുള്ള ഒരു വീട് വയ്ക്കാൻ അയാൾ നിശ്ചയിച്ചു. അതിനായി ഒരു നല്ല സ്ഥലവും കണ്ടെത്തി. സൂര്യനുദിക്കുന്ന കുിഴക്കു ദിക്ക് പച്ചപുതച്ച മലനിരകളാൽ സമൃദ്ദമായതും, പടിഞ്ഞാറൻ ദിക്ക് വൃക്ഷങ്ങളാൽ അലംകൃതമായതും തെക്കും, വടക്കും പച്ച പുൽമേടുകളും പാടങ്ങളും സിന്ദൂരം ചാർത്തി നിൽക്കുന്നതുമായ അതി മനോഹരമായ സ്ഥലം. അതിലൂടെ കാട്ടുചോലകൾ ഒഴുകുന്നുണ്ടായിരുന്നു. ജീവന്റെ നീർച്ചാലുകളായിരുന്നവ .കുസൃതി രാഗം മൂളുന്ന കുയിലും, രാത്രിയിൽ കുറുകുന്ന പ്രാവും കൂവുന്ന കൂമനും ഉണ്ടായിരുന്നവിടെ. മോഹിച്ചു വാങ്ങിയ ആ സ്ഥലത്ത് താൻ ആഗ്രഹിച്ച തരത്തിലുള്ള വീടയാൾ വച്ചു. കാലക്രമേണ അയാളുടെ ബിസിനസ്സ് അഭിവൃദ്ധി പ്രാപിച്ചു. പുതിയ പുതിയ ഫാക്ടറികൾ പണിയാൻ അയാൾ തിടുക്കം കൂട്ടി. അവ കൂടുതൽ മനോഹരവും, തനിമയാർന്നതുമാക്കാൻ വേണ്ടി അയാൾ ആ മനോഹര പ്രദേശത്തെ വനവൃക്ഷങ്ങൾ വേരോടെ അറുത്തു .അതോടെ കിളിക്കൊഞ്ചലുകൾ നിന്നു, പക്ഷി മൃഗാദികൾ നിശബ്ദരായി, ജീവന്റെ നീർച്ചാലുകൾ വറ്റി........

പച്ച നിറഞ്ഞ പാടങ്ങളും പുൽമേടുകളും ഉണക്കമണ്ണിന്റെ നിറം പ്രാപിച്ചു. മനുഷ്യനടക്കം എല്ലാ ജീവജാലങ്ങളും വെള്ളത്തിനായി അലയാൻ തുടങ്ങി."നീ ഞങ്ങളുടെ സുസ്ഥിര ജീവിതം തകർത്തില്ലേ" എന്ന് കാട്ടരുവിയും വൃക്ഷ തലപ്പുകളും തന്നോടു ചോദിക്കുന്ന പോലെ. അറിയാതെയാണെങ്കിലും അയാളും ആ ചോദ്യം മനസ്സിൽ ആവർത്തിച്ചു. "ഇതിനുത്തിര വാദി താനല്ലേ?" .ഒരു ഞെട്ടലോടെയാണെങ്കിലും അയാൾ ആ സത്യം മനസ്സിലാക്കി. അതെ ഇന്നീ കാണുന്ന വരൾച്ചയ്ക്കു കാരണക്കാരൻ താൻ തന്നെ. പെട്ടെന്നയാളുടെ കൈയിലിരുന്ന കപ്പ് താഴെ വീണു. ഭൂമിയെ കരയിക്കുമാറുള്ള ആ പൊട്ടിത്തെറിയുടെ ശബ്ദം അയാളുടെ കാതിലും പതിച്ചു.

"എന്താ ജീവേട്ടാ അത്?" അതെ ആ ശബ്ദം ഗാഥയുടെ കാതിലും എത്തിയിരിക്കുന്നു. "ഏയ് ഒന്നുമില്ല, അറിയാതെ എന്റെ കാൽ തട്ടി കപ്പ് പൊട്ടി". "ആ സാരമില്ല ജീവേട്ടാ, ഞാൻ വൃത്തിയാക്കി കൊള്ളാം" എന്നും പറഞ്ഞ് ചൂലെടുക്കാൻ ഗാഥ അടുക്കളയിലേക്ക് നടന്നപ്പോൾ ശ്രീക്കുട്ടി വായിക്കുന്നതെന്തന്നറിയാൻ അയാളുടെ ചെവികൾ തിടുക്കം കൂട്ടി. "മരിച്ചുവെന്നു കരുതി അവർ കുഴിച്ചിട്ട അവളുടെ ഗർഭത്തിൽ നിന്നും തലപൊന്തി വന്ന തളിലിരകളായിരുന്നു പിൽക്കാലത്ത് അവരുടെ പരമ്പരകൾക്കു തണലായ ഒരു വൃക്ഷമായി മാറിയത്". മരവിച്ച കാതുകളോടെ അയാൾ അവളുടെ വാക്കുകളിൽ നിന്നും ശ്രദ്ധ മാറ്റി .

പിന്നെ അയാൾ ഒരു നിമിഷം പോലും ആലോചിച്ചില്ല, ഒരു തൂമ്പയുമായി പറമ്പിലേക്കിറങ്ങി, ചെയ്ത തെറ്റിനു പ്രായശ്ചിത്തം ചെയ്യാൻ .അമ്മയായ പ്രകൃതിയെ പൂർവ്വാധികം ശക്തിയോടെ വീണ്ടെടുക്കാൻ. അപ്പോൾ അതുവഴി കടന്നു പോയ മന്ദമാരുതൻ മൂളിയ വരികൾ അയാളും മൂളുന്നുണ്ടായിരുന്നു - ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി.......

ഡയാന .ജോണി
10 E സെന്റ് ജോസഫ് .എച്ച് .എസ്.പേരാവൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ