സെന്റ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

നല്ല പാഠം പദ്ധതി

പഠനത്തിനൊപ്പം കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും സഹാനുഭൂതിയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ മലയാള മനോരമയുടെ നല്ല പാഠം സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഭവന നിർമ്മാണം, രോഗികൾക്ക് ധനസഹായം, പ്രഭാത ഭക്ഷണ പരിപാടി, കുടുംബശ്രീ അംഗങ്ങൾക്ക് കമ്പ്യൂട്ടർ പരിശീലനം എന്നീ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിവരുന്നു. 2019-20ൽ ഈ സ്കൂളിലെ ഭവനരഹിതയായ ഒരു കുട്ടിക്ക് വീട് നിർമ്മിച്ചു നൽകാൻ സാധിച്ചു. “നാടിൻറെ നന്മയ്ക്ക് അഭിമാനത്തോടെ ഞങ്ങളും” എന്ന പരിപാടിയിൽ മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് ഗണ്യമായ ഒരു തുക സംഭാവന നൽകി

യോഗ ദിനാചരണം

മനുഷ്യമനസ്സിൽ അന്തർലീനമായിരിക്കുന്ന അനന്തവും അത്ഭുതകരവുമായ ശക്തിയും ചൈതന്യവും ഉണർത്തി വികസിപ്പിച്ച് അവനെ പരിപൂർണ്ണത യിലേക്ക് നയിക്കുന്ന പരിശീലനമാണ് യോഗ. അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ആം തീയതി അധ്യാപികയായ ശ്രീമതി ശ്രീനയുടെ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തി. ശാരീരികവും മാനസികവുമായ ഉണർവും ഉന്മേഷവും കൈവരിക്കുകയാണ് യോഗ പരിശീലനത്തിൻറെ ലക്ഷ്യമെന്ന് ശ്രീന ടീച്ചർ കുട്ടികളെ ഉദ്ബോധിപ്പിച്ചു

മാർഗ്ഗ നിർദേശക ക്ലാസ്

പത്തനംതിട്ട JCI യുടെ നേതൃത്വത്തിൽ “വഴിയൊരുക്കം” എന്നപേരിൽ ഭയം കൂടാതെ എങ്ങനെ പരീക്ഷയെ നേരിടാം എന്നതിനെക്കുറിച്ച് പത്താം ക്ലാസ് കുട്ടികൾക്ക് നടത്തിയ ബോധവൽക്കരണ ക്ലാസ്സ് വളരെയധികം പ്രയോജനപ്രദമായിരുന്നു

കരിയർ ഗൈഡൻസ്

ഓരോരുത്തരുടെയും അഭിരുചിക്കിണങ്ങിയ കോഴ്സ് എങ്ങനെ കണ്ടെത്താം? ഭാവിയിൽ ഉന്നത തൊഴിൽ സാധ്യത ഉറപ്പുനൽകുന്ന കോഴ്സുകൾ ഏതെല്ലാം? വിദ്യാർഥികളുടെ ഇതുസംബന്ധിച്ച എല്ലാ സംശയങ്ങളും ദൂരീകരിച്ചു കൊണ്ട് സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ഡോക്ടർ പി എസ് ശമുവേൽ കോർഎപ്പിസ്കോപ്പയുടെ മകൻ ശ്രീ റെജി സാമുവൽ (കരിയർ ഗൈഡൻസ് & കൗൺസിലർ, അമേരിക്ക) മികച്ച ക്ലാസ് എടുത്തു.

വിദ്യാലയം പ്രതിഭകളിലേക്ക്

സ്വന്തം പ്രദേശത്തെ പ്രതിഭകളെ അറിയാനും ആദരിക്കുവാനുമായി വിദ്യാഭ്യാസ വകുപ്പിൻറെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “വിദ്യാലയം പ്രതിഭകളിലേക്ക്” എന്ന പരിപാടിയുമായി ബന്ധപ്പെട്ട് സംഗീതജ്ഞൻ ശ്രീ. അലക്സ് കെ. പോൾ, ശില്പിയും ചിത്രകാരനുമായ ശ്രീ. രാജഗോപാലാചാരി സാഹിത്യകാരൻ ശ്രീ. വിനോദ് ഇളകൊള്ളൂർ എന്നിവരുടെ ഭവനങ്ങൾ സന്ദർശിച്ച് അവരുമായി അഭിമുഖം നടത്തി. പ്രതിഭകൾ കൈവരിച്ച നേട്ടങ്ങൾ, അവരുടെ ജീവിത വഴികൾ, അറിവുകൾ, എന്നിവ കുട്ടികളുമായി പങ്കുവെച്ചു

വായനക്കളരി

സ്കൂൾ വിദ്യാർത്ഥികളിൽ പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന് മലയാള മനോരമ നടപ്പാക്കിയ പദ്ധതിയാണ് വായനക്കളരി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ സ്പോൺസർ ചെയ്ത വായനക്കളരിയുടെ ഉദ്ഘാടനം ജൂലൈ 29 ആം തീയതി നിർവഹിച്ചു.

സെൻറ് ജോർജ് അസോസിയേഷൻ

കുട്ടികളുടെ ആത്മീയ ഉന്നതിക്കായി എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 1:15ന് പ്രാർത്ഥന, ധ്യാനം എന്നിവ നടത്തിവരുന്നു. കുട്ടികളെ നേർവഴിക്ക് നടത്തുന്നതിന് സെൻറ് ജോർജ് അസോസിയേഷൻ നിർണായകമായ പങ്കുവഹിക്കുന്നു.

സോഷ്യൽ സർവീസ് ലീഗ്

കുട്ടികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിന് സോഷ്യൽ സർവീസ് ലീഗിൻറെ പ്രവർത്തനം സഹായിക്കുന്നു. സ്കൂളിലെ നിർധനരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം, അർഹരായ കുട്ടികൾക്ക് സൗജന്യമായി യൂണിഫോം, ഓണക്കോടി, ക്രിസ്തുമസ് കേക്ക് വിതരണം എന്നിവ സോഷ്യൽ സർവീസ് ലീഗിൻറെ പ്രവർത്തനത്തിൽ ഉൾപ്പെടുന്നു.

വിനോദയാത്ര

എല്ലാ വർഷവും സ്കൂളിൽ പഠനയാത്ര സംഘടിപ്പിക്കാറുണ്ട്. ഈ വർഷത്തെ പഠനയാത്ര മലമ്പുഴ, ഊട്ടി എന്നിവിടങ്ങളിലേക്ക് ഒക്ടോബർ 11 12 തീയതികളിൽ നടത്തി.

കലോത്സവം

വിദ്യാർത്ഥികളുടെ സർഗവാസനകളെ കണ്ടെത്താനും പരിപോഷിപ്പിക്കുവാനും എല്ലാ വർഷവും കലോത്സവം സംഘടിപ്പിക്കുന്നു 2019-20ലെ സ്കൂൾതല കലോത്സവം ഒക്ടോബർ നാലാം തീയതി ഉദ്ഘാടനം ചെയ്തു. കുട്ടികൾ വളരെ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും മികച്ച വിജയം നേടുവാൻ കുട്ടികൾക്ക് സാധിച്ചു.

പ്രവർത്തിപരിചയമേള

സമൂഹത്തിന് പ്രയോജനപ്രദമായ സേവനങ്ങളിലേക്കും ഉൽപ്പന്ന നിർമ്മിതി യിലേക്കും വിദ്യാർഥികളെ നയിക്കുന്നതിനായി സ്കൂൾതല പ്രവർത്തിപരിചയമേള സംഘടിപ്പിച്ചു. സബ്ജില്ലാ മത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു. കുട്ടികൾ മികച്ച വിജയം കരസ്ഥമാക്കി.

സ്പോർട്സ് ആൻഡ് ഗെയിംസ് കുട്ടികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും, മാനസിക വികാസത്തിനും എല്ലാ വർഷവും ആന്വൽ സ്പോർട്സ് & ഗെയിംസ് നടത്തിവരുന്നു. ഈ വർഷത്തെ ആനുവൽ സ്പോർട്സ് 2019 ഒക്ടോബർ പതിനഞ്ചാം തീയതി രാവിലെ 9 30 ന് ആരംഭിച്ചു. ഹൗസ് അടിസ്ഥാനത്തിലാണ് മത്സരങ്ങൾ നടത്തിയത്. മത്സരവിജയികൾ സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥമാക്കി.