സെന്റ് തോമസ്സ് എച്ച്.എസ് പാലാ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശതോത്തര രജതജൂബിലി നിറവിൽ പാലാ സെൻറ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ

ഭാരതത്തിൻറെ സാമൂഹിക, സാംസ്ക്കാരിക, ആദ്ധ്യാത്മിക, രാഷ്ട്രീയ മണ്ഡലങ്ങളിൽ ശ്രദ്ധേയരായ അനേകം വ്യക്തികൾക്ക് ജന്മം നല്കിയ വിദ്യാലയമാണ് പാലാ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ. 1896-ൽ പാലാ പള്ളിമേടയിലാണ് സെൻറ് തോമസ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. 1909-ൽ പാലാ ടൗൺ കുരിശുപള്ളിക്ക് സമീപമുള്ള പള്ളിവക കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. 1902-ൽ സ്കൂളിനുവേണ്ടി വാങ്ങിയ സ്ഥലത്ത് 1910-ൽ ഇപ്പോഴത്തെ കെട്ടിടത്തിൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു. 1911-ൽ മിഡിൽ സ്കൂൾ വിഭാഗം പൂർണ്ണമായി. 1919-ൽ ഫോർത്തുഫോറം (ഇന്നത്തെ 8-ാം ക്ലാസ്) തുടങ്ങി. 1921-ൽ ഇതൊരു പൂർണ്ണ ഹൈസ്കൂളായി. 1998-ൽ അറിവിൻറെ ലോകം സെൻറ് തോമസ് സ്കൂളിനെ ആദരിച്ചത് 'ഹയർ സെക്കണ്ടറി' എന്ന പൊന്നാട അണിയിച്ചുകൊണ്ടായിരുന്നു.

വാസ്തുകലയിലും സൗകുമാര്യത്തിലും ഏറെ ആകർഷകമായ സെൻറ് തോമസ് സ്കൂൾ കെട്ടിടത്തിൻറെ പ്ലാൻ വരച്ചത് ഒരു ബ്രിട്ടീഷ് എൻജിനീയറാണ്. കെട്ടിടത്തിന് ആവശ്യമായ തടികൾ മുറിക്കുന്നതിനും മറ്റുമുള്ള അനുവാദം നല്കിയത് അമ്മ മഹാറാണി സേതുലക്ഷ്മി ഭായി ആയിരുന്നു. സെൻറ് തോമസിനേക്കാൾ മനോഹരമായ ഒരു കെട്ടിടം അക്കാലത്ത് ഉണ്ടായിരുന്നത് തിരുവനന്തപുരത്തെ ഹജൂർകച്ചേരി മാത്രമാണ്.

മനോഹരമായ സ്കൂൾ കെട്ടിടത്തിൻറെ നിർമ്മാണത്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്തത് പാലാ ഇടവകക്കാരായ (ഇപ്പോൾ മുത്തോലി ഇടവക) റവ. ഫാ. തോമസ് മാധവപ്പള്ളിയും റവ. ഫാ. ജോർജ്ജ് നാഗനൂലിലുമാണ്. ഇപ്പോഴത്തെ ഹൈസ്കൂൾ കെട്ടിടത്തിൻറെ ഓഫീസ് മുറി ഉൾപ്പെടെ കിഴക്കോട്ടുള്ള ഭാഗം നിർമ്മിച്ചത് ബഹുമാനപ്പെട്ട മാധവപ്പള്ളിയിലച്ചൻറെ നേതൃത്വത്തിലാണ്. തദവസരത്തിൽ അദ്ദേഹം പാലാപ്പള്ളിയുടെ മേടയിലാണ് താമസിച്ചിരുന്നത്.

ഇക്കാലത്ത് സ്കൂളിൻറെ പ്രവർത്തനത്തിന് ചില എതിർപ്പുകൾ ഉണ്ടായതിനെ തുടർന്ന് ബഹു. മാധവപ്പള്ളിയിലച്ചൻ തിരുവിതാംകൂർ ദിവാനായിരുന്ന മി. ഹെൻറി മേരീസ് വാറ്റ്സണിനെ ആലുവാ കൊട്ടാരത്തിൽ ചെന്നുകണ്ട് സ്കൂളിൻറെ അംഗീകാരത്തിന് അപേക്ഷിച്ചു. ജോലി അവസാനിപ്പിച്ച് തിരുവിതാംകൂറിൽ നിന്ന് പോകുവാൻ ഒരുങ്ങിയിരുന്നതിനാൽ സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം തൻറെ അവസാനത്തെ കല്പനയായി അച്ചൻറെ കൈയ്യിൽ നേരിട്ട് നല്കി. ഹൈസ്കൂൾ കെട്ടിടത്തിൻറെ ഓഫീസിൻറെ പടിഞ്ഞാറുള്ള ഭാഗം പണികഴിപ്പിച്ചത് ബഹു. ജോർജ്ജ് നാഗനൂലിൽ അച്ചനാണ്.

സ്കൂൾ പണിക്ക് നേതൃത്വം നല്കിയ ബഹുമാനപ്പെട്ട മാധവപ്പള്ളിയിലച്ചൻ 1933-ലും ബഹുമാനപ്പെട്ട നാഗനൂലിലച്ചൻ 1940-ലും നിര്യാതരായി. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കണമെന്ന ബഹുമാനപ്പെട്ട മാടപ്പാട്ടച്ചൻറെ നിലപാട് സ്കൂൾ പണിയെ ത്വരിതപ്പെടുത്തുകയുണ്ടായി.

സ്കൂളിൻറെ മൂന്നാം നിലയിൽ നിരത്തിയിരിക്കുന്ന തേക്കിൻതടികൾ സംഭാവന ചെയ്തത് പൂഞ്ഞാർ രാജകുടുംബമായിരുന്നു. ഒരു വെള്ളപ്പൊക്കക്കാലത്ത് ഈ തേക്കിൻതടികൾ നിറഞ്ഞു കവിഞ്ഞു കിടന്ന മീനച്ചിലാറ്റിൽക്കൂടി സാഹസികമായി പാലായിലെത്തിച്ചു എന്നാണ് ചരിത്രം.

1962-ൽ റവ. ഫാ. സി.റ്റി. കൊട്ടാരം സ്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്ന വർഷം വാർഷികാഘോഷ പരിപാടികൾ അന്ന് കേരള ആഭ്യന്തര വകുപ്പ് മന്ത്രിയും സ്കൂളിൻറെ പൂർവ്വവിദ്യാർത്ഥിയുമായിരുന്ന ശ്രീ. പി.റ്റി. ചാക്കോയുടെ അധ്യക്ഷതയിലാണ് നടന്നത്. തദവസരത്തിൽ സ്കൂളിൻറെ നിർമ്മാണത്തിന് നേതൃത്വം നൽകിയ മേൽപ്പറഞ്ഞ വന്ദ്യ വൈദികരുടെ ഛായാചിത്രങ്ങൾ സ്കൂൾ ഓഡിറ്റോറിയത്തിൽ അനാച്ഛാദനം ചെയ്യപ്പെടുകയുണ്ടായി.

1921-ൽ പൂർണ്ണ ഹൈസ്കൂൾ ആയതിൽ പിന്നീട് മീനച്ചിൽ താലൂക്കിലെയും വിദൂരത്തിലെയും വിദ്യാർത്ഥികളെ ഉദ്ദേശിച്ച് ഈ സ്കൂളിൽ താമസിച്ച് പഠിക്കുവാനായി ബോർഡിംഗ് സമ്പ്രദായം നിലനിന്നിരുന്നു. 1950-ഓടെയാണ് ബോർഡിംഗ് സമ്പ്രദായം നിർത്തലാക്കിയത്.

നല്ലൊരു ലൈബ്രറിയും നിലവാരമുള്ള ലാബറട്ടറികളും ഈ സ്കൂളിൻറെ പൈതൃക പാരമ്പര്യമാണ്.   

1998 ജൂലൈയിൽ പാലാ സെൻറ് തോമസ് ഹൈസ്കൂൾ ഹയർസെക്കണ്ടറിയായി ഉയർത്തപ്പെട്ടു. രണ്ട് സയൻസ് ബാച്ചുകളും ഒരു ഹ്യുമാനിറ്റീസ് ബാച്ചുമായി ക്ലാസുകൾ ആരംഭിച്ചു. 1999 ൽ തന്നെ ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നീ നാല് ലാബുകളും നല്ലൊരു ലൈബ്രറിയും സജ്ജമായി. സ്കൂളിനോട് ചേർന്ന് പ്രവർത്തിച്ചിരുന്ന സെൻറ് തോമസ് ട്രെയ്നിംഗ് സ്കൂൾ 2000 ജനുവരിയിൽ കത്തീഡ്രൽ പള്ളിക്ക് സമീപം പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് മാറ്റിയപ്പോൾ മുമ്പ് ട്രെയ്നിംഗ് സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ കൂടി ഹയർസെക്കണ്ടറിയുടെ ഭാഗമായിത്തീർന്നു.