സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ കാവലാളാവാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയുടെ കാവലാളാവാം

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. നാല് ദശകത്തിലേറെയായി ലോകത്ത് എല്ലായിടത്തും പരിസ്ഥിതി ദിനം വിപുലമായി ആചരിക്കുന്നു. ലോകത്ത് ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്ന പരിസ്ഥിതി സംബന്ധമായ പ്രവർത്തനവും ജൂൺ 5 ലെ ആഘോഷങ്ങളാണ്.

ഭൂമി മനുഷ്യന്റേത് മാത്രമല്ല. മറ്റു ജീവജാലങ്ങൾക്കും നമ്മെപ്പോലെ തന്നെ ഇവിടെ ജീവിക്കാൻ അവകാശമുണ്ട്. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും മറ്റ് ജീവജാലങ്ങളുടെയും മനുഷ്യരുടെയും സംരക്ഷണവും നിലനിൽപ്പും ഉറപ്പു വരുത്തുന്നതാവണം. ഭൂമിയിലെ ഉൽപാദനത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നത് മനുഷ്യരിൽ ചെറിയ പങ്ക് മാത്രമാണ്. ഇല്ലാതാകുന്ന വനങ്ങൾ, കാലാവസ്ഥാ വ്യതിയാനം, വർദ്ധിച്ചു വരുന്ന മാലിന്യ പ്രശ്നങ്ങൾ, ദാരിദ്ര്യത്തിൽ കഴിയേണ്ടിവരുന്ന മനുഷ്യർ, ഓസോൺ പാളിയുടെ ശോഷണം, ആഗോള താപനം എന്നിങ്ങനെ നാം നേരിടുന്ന നിരവധി പ്രശ്നങ്ങൾക്കും ഉത്തരവാദികൾ മനുഷ്യർ മാത്രം. ഇന്ന് നിലവിലുള്ള ജീവജാലങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഒപ്പം ഭാവി തലമുറകൾക്ക് ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള അവകാശം സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്വമുണ്ട്. ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കാൻ ഏറെ ചെയ്യാനുണ്ട്. ചിലത് പ്രവൃത്തിപഥത്തിൽ കൊണ്ടുവരാനുള്ളവയാണെങ്കിൽ മറ്റു ചിലത് സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ളവയാണ്.

വൈവിധ്യമാർന്ന ജൈവ സമ്പത്തിനുമേൽ കടന്നാക്രമണം നടത്തുന്ന ഏക ജീവി വർഗ്ഗം മനുഷ്യരാണ്. സസ്യങ്ങൾ, സൂക്ഷ്മജീവികൾ തുടങ്ങി ജീവ ലോകത്തിന്റെ വൈവിധ്യത്തെ ബഹുമാനിക്കുക, സംരക്ഷണം ഉറപ്പുവരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. മൃഗങ്ങൾ, പക്ഷികൾ എന്നിവയോട് ക്രൂരത കാട്ടരുത്; അവയുടെ താമസസ്ഥലങ്ങൾ, കുഞ്ഞുങ്ങൾ എന്നിവ നശിപ്പിക്കരുത്. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സുഹൃത്തുക്കളെ അതിൽ നിന്നും പിൻതിരിപ്പിക്കുക. രാസവളങ്ങൾ, കീടനാശിനികൾ എന്നിവയുടെ ഉപയോഗം പലതരം ജീവികളെ ഇല്ലാതാക്കുന്നു. കമ്പോസ്റ്റ് വളങ്ങൾ, ശത്രു കീടങ്ങളെ ഉപയോഗിക്കൽ എന്നിവ പ്രചരിപ്പിക്കുക. ജൈവവൈവിധ്യ ത്തിന്റെ പ്രാധാന്യം സ്വയം ബോധ്യപ്പെടുന്ന തിനൊപ്പം ഇതിന്റെ സംരക്ഷണത്തിനാവശ്യമായ പ്രചാരണ പ്രവർത്തനങ്ങളിൽ ഏർപ്പെടുക.

ഭൂമിക്ക് ചൂടേറി കൊണ്ടിരിക്കുന്നു. അടുത്ത കാലത്തൊന്നും ഇങ്ങനെയൊരു തിളനില അനുഭവപ്പെട്ടിട്ടില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതാ നുഭവങ്ങൾ നമ്മുടെ ജീവിതത്തെ കീഴ്മേൽ മറിച്ചു തുടങ്ങിയിരിക്കുന്നു. മലരണിക്കാടുകളുടെ ഹരിത ഭൂമി യായിരുന്ന കേരളം മരുഭൂമിയിലേക്ക് ഉള്ള അതിവേഗ യാത്രയിലാ ണെന്നാണ് സമീപകാല അനുഭവങ്ങൾ തെളിയിക്കുന്നത്.

ഭൂമിയെ സംരക്ഷിക്കുക എന്ന ദൗത്യം നാം ഏറ്റെടുക്കുമ്പോൾ വരാൻപോകുന്ന തലമുറകൾക്ക് കൂടി അവകാശപ്പെട്ട ജീവഗോളത്തെ അവർക്കായി കാത്തുസൂക്ഷിക്കൽ കൂടിയാണ്.

പ്രകൃതിയുടെ മടിത്തട്ടിൽ കൊഞ്ചലും കുസൃതികളുമായി എത്രയെത്ര ജീവജാലങ്ങൾ ഒരുമയോടെ കഴിയുന്നു! ഈ ജീവതാളം നിലയ് ക്കാതിരിക്കാൻ നമുക്ക് കൈകോർക്കാം.....

ആൻ തെരേസ ഫെലിക്സ്
VI C സെന്റ് മേരീസ് എച്ച്. എസ്സ്.. കല്ലാനോട്
പേരാമ്പ്ര ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 21/ 02/ 2022 >> രചനാവിഭാഗം - ലേഖനം