സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ/അക്ഷരവൃക്ഷം/വിലാപം

Schoolwiki സംരംഭത്തിൽ നിന്ന്
വിലാപം

 പണിയൊക്കെ ഒന്ന് ഒതുങ്ങി എന്ന് തോന്നിയപ്പോൾ നാട്ടിലേക്ക് വിളിക്കാനായി നസീം ഫോണെടുത്തു. ഭാരിച്ച പണികൾക്കിടയിലെയും ആകെയൊരാശ്വാസം നാട്ടിലേക്ക് വിളിക്കുമ്പോഴുള്ള മോളുടെ ഉപ്പാ എന്ന വിളിയും, അവളുടെ കൊച്ചു തമാശകളും വലിയ വിഷമത്തോടെ പറയുന്ന പരാതികളുമാണ്. അതൊക്കെ കേൾക്കുമ്പോൾ മനസ്സൊന്ന് തണുക്കും. അവളുത്തെത്താനുള്ള ആഗ്രഹം ശക്തമാകും.

               

സഈദിയിൽ അറബിയുടെ കീഴിലെ ഡ്രൈവർ ജോലിക്കാരനാണ് നസീം.കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിൽ വന്നു പോയത്. ചെറിയ പ്രായത്തിൽ തന്നെ ജീവിത പ്രാരാബ്ദവും താങ്ങി ജീവിതമാർഗം തേടി ഗൾഫിൽ എത്തിയതാണ്. മീശ മുളക്കാത്ത പ്രായത്തിൽ.നാൽപ്പത് വയസ്സായിട്ടും ഇന്നും വിശ്രമമില്ലാതെ ജോലി ചെയ്ത് കുടുംബത്തെപ്പോറ്റാനുള്ള വ്യഗ്രതയിലാണ്. മറ്റാരും തുണയില്ലാത്ത പ്രായമായ ഉമ്മയും ഉപ്പയും, ഭാര്യയും, മൂന്ന് മക്കളും. ജീവിതത്തിൽ കുറച്ചെങ്കിലും സമ്പാദിച്ച് ഈ വയസ്സാൻ കാലത്തെങ്കിലും മക്കളോടൊപ്പം കഴിയണമെന്നതാണ് വലിയ ആഗ്രഹം. ആദ്യത്തെ രണ്ട് മക്കളോടൊപ്പം കഴിയാനോ അവരുടെ കളിതമാശകളിൽ പങ്കുചേരാനോ കഴിഞ്ഞില്ല. എല്ലാവരും പറഞ്ഞു പ്രവാസം മതിയാക്കാൻ .പക്ഷേ കഴിയുന്നില്ല. അതുമായി പൊരുത്തപ്പെട്ടു പോയി. നാട്ടിൽ പോകാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല.പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിന്നും ലോണെടുത്തു. കുറേ അടച്ചു എന്നിട്ടും വിചാരിക്കാനാവാത്ത അത്രയും കടം ബാക്കിയാണ്. ഇരുപതാം വയസിൽ അന്യനാട്ടിലെത്തിയതാണെങ്കിൽ നാട്ടിൽ നിന്നത് കുറഞ്ഞത് 2-3 കൊല്ലമായിരിക്കും. ബാക്കി ഈ നാട്ടിൽ, ചോരയും നീരും ഒഴുക്കി, മക്കൾക്കു വേണ്ടി കഷ്ടപ്പെടുകയാണ്. അപ്പഴുമുള്ള ആഗ്രഹം മക്കൾ ഒരു നല്ല വഴിയിലാകണം എന്ന് മാത്രം. ഫോൺ റിങ് ചെയ്ത് മറുതലക്കൽ ശബ്ദം കേട്ടപ്പോഴാണ് ഓർമ്മകളിൽ നിന്നുമുണർന്നത് .

"ഹലോ ഉപ്പാ, ഉപ്പ വരുന്നില്ലേ എല്ലായിടത്തും കൊറോണ യാ, എനിക്ക് ഐസ്ക്രീം തിന്നണേനു, ഉപ്പ വന്നിട്ടു വേണം ഉപ്പാന്റ പ്പം പോയി ഐസ് ക്രീം വാങ്ങാൻ" 
     നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോഴെ മനസ്സൊന്ന് പിടഞ്ഞു.  ഉപ്പ വരാട്ടോ അടുത്ത ആഴ്ച, എന്നിട്ട് നമുക്ക് ഐസ്ക്രീംക്രീം വാങ്ങാം. കൊറോണ പോട്ടെ, മോൾ പ്രാർത്ഥിക്ക്, ഉപ്പാന്റെ കടമെല്ലാം മാറി നാട്ടിലെത്താൻ. മോളെ പ്രാർത്ഥന അല്ലാഹു കേൾക്കും 
      ഉം, ഞാൻ ഉമ്മാക്ക് കൊടുക്കാ
    ഇക്കാ, നിങ്ങൾ കേട്ടില്ലേ ഓൾ പറയുന്നേ. ബാക്കി രണ്ടാളും പറയുന്നുണ്ട്. വിമാനമെപ്പോ വരുന്നോ അപ്പം തന്നെ വരാൻ. എത്രാ ന്ന് വെച്ചിട്ടാ, ഇവടെ ആയാലും ജീവിക്കാലോ ,എത്ര ആൾ മര്യാദക്ക് ഒരു ചെറിയ പണി എടുത്തിട്ടായാലും ജീവിക്കുന്നുണ്ട് .ഒന്നുമില്ലെങ്കിൽ സമാധാനത്തോടെ കഞ്ഞിയും കുടിച്ചിവിടെ കഴിയാലോ    

       

                      ഉം, നോക്കാടി, എന്താ ചെയ്യാ, ഇവിടുന്ന് വരുന്ന കാര്യത്തിൽ ഇപ്പളും ഒരു തീരുമാനമായിട്ടില്ല' വിമാനം വരണ്ടേ

ഒന്നുമില്ലെങ്കിൽ നാട്ടിലെത്തിയാൽ അതൊരാശ്വാസമാ, ഇവിടെ എത്ര പേരെ രോഗം മാറ്റിയെന്നോ, രോഗം ബാധിക്കുന്നവരെ എണ്ണവും കുറയുന്നുണ്ട് ഇന്ന് സുമയ്യ വിളിച്ചപ്പം പറയുന്നുണ്ട്. കേരളമാണ് എല്ലാവർക്കും മാതൃകയെന്ന് മാത്രമല്ല, നമ്മളെ ഇവിടുത്തെ ബംഗാളികളില്ലേ അവരെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ, അതുപോലെയല്ലേ അവിടെയുമെന്ന് .

ആ ഞാൻ നോക്കാം

         

യാ നസീം താൽ യാ. അർബാബിന്റെ സ്വരം.
ആ ഞാൻ വിളിക്കാ, നീവെച്ചോ
    പിന്നെ ഉമ്മാക്കെന്തോ പറയാനുണ്ട്, പിന്നെ എവിടെയെങ്കിലും പോകുമ്പോൾ മാസ്ക് കെട്ടിക്കോ, കൈ എടക്കിടക്ക് കഴുകിക്കോ, പിന്നെ പ്രാർത്ഥനയും അതാ നമ്മുടെ മരുന്ന്. ആ ,ഞാൻ പിന്നെ വിളിക്കാമെന്ന് ഉമ്മാനോട് പറാ
ധൃതിയിൽ ഫോൺ കട്ടാക്കി നടന്നു .അയാൾ ഒരു വലിയ ലിസ്റ്റ്റ്റ് തന്നു. സാധനം വാങ്ങാനുള്ള ലിസ്റ്റ് .എന്താ ന്നോ എവിടെയാനോ നോക്കണ്ട സാധനം ഇവിടെ എത്തണം, രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗണാ, പിന്നെ തിന്നാനില്ല, കുടിക്കാനില്ല എന്ന് പറയരുത് ഒരു മുന്നറിയിപ്പും.എത്രയൊക്കെ പണിയെടുത്തിലും ആട്ടും തുപ്പും. ഒരിക്കലും തൃപ്തി ആവില്ല എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് കാറിനടുത്തേക്ക് നടന്നു.

       

ഏതൊക്കെയോ സാധനം, പലയിടത്തും കയറേണ്ടി വരും. നമ്മക്കെന്തെങ്കിലും സംഭവിക്കുമോ എന്ന പേടി അയാൾക്കില, ഞാൻ പോയാലെന്ത്ത് കുഴപ്പം. വേറെ ആൾ വരൂലേ, വണ്ടിയുമെടുത്ത് ടൗണിലേക്ക് പാഞ്ഞു.
കടയിലെത്തി, സൂചി കുത്താൻ ഇടമില്ല.എവിടേന്ന് വെച്ചിട്ട് തപ്പി കണ്ടു പിടിക്കാനാ, റബ്ബേ നീയെന്നേ കാക്കണേ, ആരൊക്കെ തൊട്ട സാധനമാണ് എത്രയാണ് വെച്ചിട്ടാ കൈ കഴുകാ ഒരു വല്ലാത്ത രോഗം കൊറോണ.

പറഞ്ഞ എല്ലാ സാധനവും വാങ്ങിയ കടകളിലും ഇതുപോലെത്തന്നെ, പൈസ കൊടുക്കുകുമ്പോഴോ  വാങ്ങുമ്പോഴോ യാതൊരു മുൻകരുതലുമില്ല. ഇന്നലെ ഫോണിൽ കണ്ടത് ഓർമ്മ വന്നു. പൈസയിലൂടെയും രോഗം പകരുന്ന്.എന്താ അവസ്ഥ. ഇവിടെ കിടന്നെങ്ങാനും മരിച്ചാൽ, ആരും നോക്കാനില്ലാതെ മക്കളെപ്പോലും കാണാനാകാതെ, വയ്യ, വയ്യ. ആലോചിക്കാനേ വയ്യ ,ഇങ്ങനെയൊന്നും ഓർമ്മിക്കരുത്. ഒന്നും സംഭവിക്കില്ലാ, കാരുണ്യവാനായ ദൈവം കൈവെടിയില്ല. ഒന്നുമില്ലെങ്കിൽ അവനു നേരെെയല്ലേ ഇരുകൈകളുമുയർത്തുന്നത് .എന്ന് സ്വയം ആശ്വസിച്ചു കൊണ്ട് സാധനമെല്ലാം വാങ്ങി. കണ്ടാൽ ഒരു കൊല്ലത്തേക്ക് വാങ്ങിയ പോലെ ഉണ്ട്. നാട്ടിലെ അവസ്ഥയോ, ആകെയുള്ള് 15 കിലോ അരി .പ്രവാസിയാണെന്ന കാരണത്താൽ എ.പി.എൽ കാർഡ് നമ്മളിവിടെ പൈസ വാരിക്കൂട്ടുകയാണെന്നാണ് വിചാരം. ശരിക്കും പറഞ്ഞാ ഒരു രൂപാ കൈയിലില്ല ഇതൊക്കെ ആരറിയാൻ.

സാധനമെല്ലാം വണ്ടിയിൽ നിന്നിറക്കി, വീട്ടിൽ കയറ്റിവെച്ചു. സമാധാനമാകട്ടെ.
നേരം ഇരുണ്ടു. സുര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ അലിഞ്ഞില്ലാതാകുന്നു. റൂമിലേക്ക് നടന്നു. റൂമെന്ന് പറയുമ്പോൾ എ.സി. റൂമല്ല, ഇടുങ്ങിയ റൂം നാൽ പേർക്കിടക്കുന്നു. രണ്ട് ഡബിൾ കട്ടിലാണ്. നാട്ടിലാണെങ്കിൽ ഒരാൾക്ക് മാത്രമേ ആ റൂമിൽ കിടക്കാൻ കഴിയൂ പക്ഷെ, ഇപ്പം ഇവിടെ അത് നോക്കീട്ട് കാര്യമില്ല.

 

വാർത്ത കാണാനായി ഫോണെടുത്തു. കൊറോണ ജാഗ്രത വേണം,നിർദേശം, കോൾ സെൻറർ, അങ്ങനെ പോന്നു. അതിനിടയിൽ ലോക്ക് ഡൗണിൽ കുട്ടികൾ ചെയ്യുന്ന പ്രവർത്തനം ടെറസിനു മുകളിലെ കൃഷി അങ്ങനെ പോന്നുഅവർ അവിടെ കഴിവ് തെളിയിക്കുന്നു. അതിനൊക്കെ പറ്റിയ സമയമാണല്ലോ .ഇന്നത്തെ തൽസമയ വാർത്താ പ്രേക്ഷണം കാണാനായി നോക്കി
 ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 10803651 മരണസംഖ്യ 1,50, 100
ഇന്ത്യയിൽ ഇന്ന് രോഗം സ്ഥിതീകരിച്ചത് 10, 100 മരണം 505
കേരളത്തിൽ രോഗബാധിതരുടെ എണ്ണം 300 മരണം രോഗമുക്തി നേടിയത് 150 പേർ.കേരളത്തിനാശ്വാസം കേരളത്തിലെ വിവരമറിയുമ്പോൾ ഒരാശ്വാസം, പിന്നീട് സഊദി വാർത്തകൾക്കായി നോക്കി
   സഊദിയിൽ കഴിഞ്ഞ 24മണിക്കൂകൂറിനിടെ 1000 പേർക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 70.
ഫോണിൽ ബാറ്ററി ലോ ഇൻഫോർമേഷൻ വന്നു. ഫോൺ കുത്തിവെച്ചു.പതിയെ കിടക്കയിലേക്ക് ചാഞ്ഞു. നാളെയും നേരത്തെ ഉണരണം. എല്ലാം സാധാരണ പോലെ, തന്റെ ജീവിതത്തിന് ലോക്ക് ഡൗൺ വിധിച്ചിട്ടില്ല. അപ്പുറത്തുള്ള ലേബർ ക്യാമ്പിൽ 100 പേരാണ് തിങ്ങിപ്പാർക്കുന്നത് .ഒരാരക്ക് വന്നാൽ പിന്നെ പറയണ്ട, എവിടെ അകലം പാലിക്കും, ചിന്തിക്കാനേ വയ്യ, ചിന്തകൾ അതിര് കടക്കുന്നു. ബാക്കി എല്ലാവരും മയങ്ങുന്നു. ആരെയും ശല്യപ്പെടുത്തേണ്ടാ തന്നെപ്പോലെത്തന്നെ സ്വപ്നങ്ങളും ആഗ്രഹമുള്ളവരുമാണ്.പണ്ട് സ്കൂളിലെ അനുഭവമോർത്തു.അന്ന് മാഷ് പറയുമായിരിന്നു."നാളത്തെ ഭാവി പ്രധാനമന്ത്രിമാരും, എഞ്ചിനീയറും ഡോക്ടറുമാണ് നിങ്ങൾ " എന്നിട്ട് അന്നൊക്കെ നെഹ്റു ആകാൻ പറ്റുമെന്ന് വിചാരിച്ച് കീശയിൽ റോസാപ്പൂവും വെച്ച് നടന്ന കാലമുണ്ടാടായിരിന്നു.എന്നാലിന്

 

  ,ഓ എന്തൊരു പത്രാസാ"
അത് കേൾക്കാനൊരു രസമായതിനാൽ പൈസ കടം വാങ്ങീട്ടാണെങ്കിലും അത്തറ് വാങ്ങാൻ മറക്കാറില്ല.
കൂടെ ഉള്ളവരിൽ ഒരാൾക്ക് നന്നേ പ്രായം കുറവാണ്. അവന്റെ ആഗ്രഹം കറേ പണം സമ്പാദിക്കണമെന്നാണ് .അവൻ നല്ല ഉറക്കത്തിലാണ് ' '
ഇല്ല മോനേ, നമ്മളൊന്നും ആവില്ല, ഗൾഫിലെത്തിയാൽ പിന്നെ ആഗ്രഹങ്ങൾക്ക് സാധ്യത കുറവാണ്. നമ്മൾ വേദന തിന്നാൻ വേണ്ടി മാത്രം ജനിച്ചവരാണ്
അവൻ നാട്ടിലേക്ക് ഫോൺ വിളിക്കുമ്പം പറയുന്ന കേൾക്കാം" ഉമ്മാ, കുറെ പണമായിട്ട് പെങ്ങളെ, കല്യാണമാവുമ്പോഴേക്ക് അടിച്ചു പൊളിക്കണമെന്ന് 'പല നേരങ്ങളിലും അവനിരുന്ന് കരയുന്ന കാണാം. അപ്പോൾ അവനെ സമാധാനിപ്പിക്കാറാണ് പതിവ്.കാരണം അവൻ തളരരുത് 'ഇനിയും ജീവിതം ഒരുപാട് കാണാനുള്ളവനാണ് ഓർമ്മെൾക്കിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി. അലാറത്തിന്റെ സൗണ്ട് കേട്ടപ്പോഴാണ് എഴുന്നേറ്റത്.ജനാലക്കരികിൽ വന്നു നിന്നു. നാട്ടിലാണെങ്കിൽ! ഒരു നിമിഷം ഓർത്തു പോയി .
പ്രഭാതകൃത്യങ്ങൾക്ക് വേഗം കൂട്ടി. 'കാരണം ഇപ്പോ തുടങ്ങും അർബാബിന്റെ വിളി 'അർബാബ്'രക്ഷകനാണ് എന്നാണ് അർത്ഥം രക്ഷകൻ പുച്ഛം തോന്നുന്നു.നേരം വൈകി യാൽ പല്ല് തേക്കൻ വരെ നേരം കിട്ടില്ലാലോ എന്നോർത്ത് വേഗത്തിൽ എല്ലാം കഴിഞ്ഞു. കട്ടൻ ചായയും ഉണക്ക ഖുബ്ബൂസും അതാണ് രാവിലെ, സാരമില്ല അത് കൊണ്ട് ഞാൻ സംതൃപ്തനാണ്. കാരണം നാട്ടിൽ മക്കൾക്ക് സുഖമാണല്ലോ.

7.00 ആയപ്പോഴേക്ക് അർബാബ് വിളിച്ചു ഇന്ന് 8.00 വരെ പണി ഉള്ളൂ. കർഫ്യൂ ആണ് - നീ പോയി മോനെ കൊണ്ടു വാ
അപ്പം അതാണ്. ഇനിയിപ്പം മകനുമുണ്ടാവും. അവന് പോലീസിലാണ് പണി 'നേരം കളയാതെ അവനെ കൊണ്ടുടുവന്നു: അവനൊന്നും മിണ്ടുന്നില്ല. അല്ലെങ്കിൽ ഇത്ര വലിയവൻ ഈ പാവം ഡ്രൈവറോട് മിണ്ടാനോ? അതിന്റെ ആവശ്യമില്ലാലോ
വീട്ടിലെത്തിയ ഉടനെ അർബാബ് പുറത്തിറങ്ങി. ഭാര്യ യമുണ്ട്. രണ്ടു പേരും കൂടിഅവനെ മുറിയിൽ കൊണ്ടുപോയി വാതിലടച്ചു. പാചകക്കാരനായ സലീമിനോട് ഭക്ഷണം കൃത്യ സമയത്ത് പറ്റി വാതിലിനു ചുവട്ടിൽ വെക്കാൻ നിർദ്ദേശം നൽകി എന്തോ കാര്യമുണ്ട് പതിയെെ സലീമിനോട് കാര്യമന്വേഷിച്ചു.

അയാൾടെ മോൻ ഏതോ കൊറോണ ബാധിച്ച ആളെ പരിശോധിച്ചിട്ടുണ്ട്. അതിന് നിരീക്ഷണത്തിൽ പോകാൻ പറഞ്ഞു'. അത് കേട്ടപ്പോഴേ ഉള്ളൊന്ന് കാളി.റബ്ബേ വയ്യാ നിന്റെ നേരെ നീട്ടുന്ന കൈ നീ തട്ടിക്കളയുവാണോ, എന്താരു പരീക്ഷണമാണ്. എന്നാലും നോക്ക് മകനു വേണ്ടി ചെയ്യുന്ന ജാഗ്രത .നമ്മളാണെങ്കിലോ,  ഇതാണ് നമ്മളും അവരും തമ്മിലെ വ്യത്യാസം
റൂമിലെത്തി ഇന്നിനി പണി ഇല്ല അപ്പോഴാണ് അനിയന്റെ കാര്യം ഓർമ്മ വന്നത്. അവൻ യു.എ.ഇ ലാണ്.25 പേർ കഴിയുന്ന റൂമിൽ എവിടെ അകലം പാലിക്കും 'അവനാണെങ്കിൽ ഇപ്പോലാണ് കല്യാണം കഴിഞ്ഞ് കുട്ടിയായത്. അവനെ വിളിക്കാമെന്നോർത്തു.
" ആ ഇക്കാ നിങ്ങളേതായാലും വിളിച്ചത് നന്നായി ഇനി കാണാൻ പറ്റുമോ എന്നറീല. മടുത്തു. എന്തിനാ ദൈവം പാവങ്ങളെ ഇങ്ങനെ പരീക്ഷിക്കണേ തെറ്റ് ചെയ്തവരെ മാത്രം പരീക്ഷിച്ചാ പോരെ, ഒന്നുമില്ലേൽ മോളെ ഒന്ന് കാണണം എന്നുണ്ടായിരിന്നു ". ഒന്നും സംസാരിക്കാൻ അവൻ സമയം തന്നില്ല.
"ടാ നീ കേട്ടിട്ടില്ലേ, ഒരാൾ തെറ്റ് ചെയ്താ, അതിന്റെ ശിക്ഷ അനുഭവിക്കുന്നത് അയാൾ മാത്രമല്ല, എല്ലാവരുമാണെന്ന് ഇതും അതുപോലെയാന്ന് കരുതി സമാധാനിക്ക്
" നാട്ടിലെല്ലാവർക്കും സുഖമായാൽ മതി" മൗനമായി പിന്നെ അധികം ദീർഘിപ്പിച്ചില്ല
" എന്നാ ശരി" ഫോൺ ഡിസ്കണക്ടായി. ഓരോ പ്രവാസിയുടെയും  ചിന്ത ഇതാണ്. നമുക്കെന്തു പറ്റിയാലും നാട്ടിലാർക്കും ഒന്നും വരുത്തല്ലേ എന്ന് . അപ്പോഴാണ് ഇന്ന് വാർത്ത കണ്ടില്ലല്ലോ എന്നോർമ്മ വന്നത്. മെയിൻ ഹെഡ്ഡിങ്ങ് തന്നെ പ്രവാസികളെ നീതിപീഠവും കൈവെടിയുകയാണോ എന്നാണ്. ഉള്ളിലൊരു അന്താളിപ്പോടെ വാർത്തയിൽ വിരൽ അമർത്തി. സുപ്രീം കോടതി വിധി പ്രവാസികൾ കഴിയുന്നിടത്ത് തന്നെ കഴിയട്ടെ എന്ന്. നാട്ടിലത്തെ ഇപ്പോഴത്തെ അവസ്ഥ തകർക്കാൻ ഉദ്ദേശമില്ലെന്ന്.വിദേശകാര്യ സഹമന്ത്രി പറയുന്നു മെയ് മൂന്നിനു ശേഷം നോക്കാമെന്ന്. ഇന്ന് മാർച്ച് 30. ഈിയം ദിവസങ്ങൾ. ഈ മാസം പുനരാരംഭിക്കുമെന്ന് കരുതിയ വിമാന സർവ്വീസ് അടുത്ത മാസത്തേക്ക് നീട്ടിയിരിക്കുകയാണ്. പ്രതീക്ഷയൊക്കെ അസ്തമിക്കുകയാണോ ? മന്ത്രി പറയുന്നത് നമ്മുടെ മക്കളും ഗൾഫിലാണെന്ന് അവർക്ക് കഴപ്പമില്ലാലോ എന്ന് അവരെപ്പോലെ സുഖസുന്ദരമായി കഴിയുകയാണോ നമ്മൾ. ഞാൻ പോട്ടെ, ലേബർ ക്യാമ്പിലെ അവരോ, അവിടുത്തെ സ്ഥിതി മോശമാണ് .പരിസരമാകെ മലീമസമാണ്.അപ്പോഴാണ് സജീവനെ ഓർമ്മ വന്നത്.നാട്ടിൽ സുപ്രഭാതം പത്രത്തിന്റെ ' വീണ്ടുവിചാരം' എന്ന എഡിറ്റോറിയൽ തയ്യാറാക്കുന്നവനാണ്. അവനെയൊന്ന് വിളിക്കാംകാം. അവന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു. "ടാ സജീവാ ഇത് ഞാനാ നസീം " " ആ ഇക്ക എന്തു പറ്റി രാവിലെത്തന്നെ പതിവില്ലാതെ " "ടാ നാളത്തെ' വീണ്ടുവിചാരം' പംക്തി പ്രവാസികൾക്കായി മാറ്റിവെക്കാമോ ഒരഭ്യർത്ഥനയാ ടാ ഞാൻ പോട്ടെ ലേബർ ക്യാമ്പിൽ 100 പേരാണ് തിങ്ങിപ്പാർക്കുന്നത്. ബാക്കിയുള്ളവർക്കത് അറീലാലോ മന്ത്രിമാരെ മക്കളെപ്പോലെ ഏസീ ലല്ല നമ്മളിവിടെ കഴിയുന്നേ നീ ദയവു ചെയ്ത് എഴുതുമോ "? " ആ ഇക്കാ നിങ്ങൾ വിഷമിക്കല്ലേ  ഇവിടെ നേതാക്കളെല്ലാം ചർച്ചയിലാ കെ.എം.സി.സിയുമായിട്ട്.അവർ  നിങ്ങളെ നാട്ടിലെത്തിക്കാനുള്ള ഒരുക്കത്തിലാ" "നീ പ്രാർത്ഥിക്ക് "

"ആ ഇക്കാ ദൈവത്തോട് പറഞ്ഞാ കേൾക്കാത്തതായി ഒന്നുമില്ലാലോ എനിക്കറിയാം നിങ്ങളുടെ വിഷമം ഞാൻ എഴുതാ" സജീവന് നസീമിക്കയെ നന്നായി അറിയാം. എപ്പഴും ചിരിക്കുന്ന പ്രകൃതക്കാരൻ.ആദ്യമായിട്ടാണ് ഇങ്ങനെ പറയുന്നത്

       സജീവൻ എഴുത്താരംഭിച്ചു.
     പ്രിയ മുഖ്യമന്തി, ആരുമിത് കാണാതെ പോകരുത് 'ഇന്നത്തെ പ്രഖ്യാപനം പ്രവാസികൾക്ക് തിരിച്ചടിയാണ്. നാടിന്റെ വികസനത്തിന് ഒപ്പു ചാർത്തിയവരാണവർ.മറക്കരുത്, കൈവെടിയരുത്, തള്ളിക്കയ്ക്കരുത്
അവസാനം,

ആശങ്കകൾക്കും വേവലാതികൾക്കുമെല്ലാം പരിഹാരമായി ആശ തരുന്ന പ്രഖ്യാപനം ആഗ്രഹിച്ചു കൊണ്ട്, അവരുടെ വിലാപം കേൾക്കില്ലേ അങ്ങ്.....
ഇനി, ഇനിയെന്ത്? സജീവൻ ചിന്തിച്ചു അവൻ എഴുത്തവസാനിപ്പിച്ചു. എന്തോ ഒരു സംതൃപ്തി അപ്പോൾ ജനാലകൾക്കിടയിലൂടെ ഒരു കാറ്റ് വന്നു അവനെ തലോടി.ആ കാറ്റിൽ 'നന്ദി' എന്ന വാക്ക് ഉണ്ടായിരുന്നോ?

അമീറ
10 C സെന്റ് .തോമസ്.എച്ച് .എസ്.എസ് കിളിയന്തറ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കഥ