സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ ലോക് ഡൗൺ കാലത്തെ എൻ്റെ വിദ്യാലയം.

Schoolwiki സംരംഭത്തിൽ നിന്ന്
ലോക് ഡൗൺ കാലത്തെ എൻ്റെ വിദ്യാലയം.  
            ഇന്ന് മാർച്ച് 30. തിങ്കളാഴ്ച  . സർക്കാർ പൂർണ്ണമായും Lock down പ്രഖ്യാപിച്ചതിനു ശേഷം ഇന്നാണ് സ്കൂളിൽ ഒന്നു പോകാം എന്ന് കരുതിയത്. ഇതിന് മുമ്പ് പോകണമെന്ന് വിചാരിച്ചെങ്കിലും വലിയ അത്യാവശ്യങ്ങൾ ഇല്ലാത്തതു കൊണ്ടും , നിയമത്തെ ധിക്കരിക്കാൻ താല്പര്യമില്ലാത്തതിനാലും വേണ്ടെന്നു വെച്ചു. കഴിഞ്ഞ ദിവസങ്ങൾ വീട്ടിൽ ഇരുന്നപ്പോഴാണ് സ്കൂളിൽ ആയിരിക്കുന്നതിൻ്റെ വില മനസ്സിലായത്. ഇന്ന് Curfew pass - Online ൽ എടുത്ത് സ്കൂളിലേക്ക് വരുമ്പോഴും മനസ്സിൽ അല്പം പേടിയുണ്ടായിരുന്നു. കുറഞ്ഞത് മൂന്ന് സ്ഥലങ്ങളിലെ Police checking കഴിഞ്ഞു വേണം സ്കൂളിലെത്താൻ. ശമ്പള ബില്ല് ഒപ്പിടുക ,  ഉച്ചഭക്ഷണത്തിൻ്റെ കണക്ക് നൽകുക തുടങ്ങി വളരെ അത്യാവശ്യമായ കാര്യങ്ങൾക്കാണീ യാത്ര (ഇത് പോലീസുകാർക്ക് ബോധ്യമാകുമോ എന്തോ?). വിജനമായ റോഡിലൂടെ വണ്ടിയോടിച്ച്,  സ്കൂൾഗേറ്റിലെത്തിയപ്പോൾ ശ്മശാനമൂകത .പതിനായിരത്തിൽപരം വിദ്യാർത്ഥികൾ നിരനിരയായി നടന്നു നീങ്ങുന്ന മനോഹരമായ കാഴ്ചയില്ല. കുട്ടികളെ നിയന്ത്രിക്കുന്ന  അധ്യാപകരില്ല . ആളില്ല , ആരവമില്ല . നിശ്ശബ്ദത മാത്രം. സ്കൂൾ ബസ്സുകൾ തമ്പാനൂർ ബസ്സ്റ്റാൻഡിലെന്ന പോലെ നിരനിരയായിട്ടിരിക്കുന്നു. കാർ ഷെഡ്ഡുകൾ ശൂന്യം. ചെടികൾ വാടിക്കിടക്കുന്നു . കാൻ്റീൻ പ്രവർത്തിക്കുന്നില്ല. ബദാംമരത്തിൻ്റെ മുന്നിലെത്തിയപ്പോൾ ഒരു മരവിപ്പ്. താഴെ ഓഫീസിലേക്ക് പോകാൻ തന്നെ തോന്നുന്നില്ല. എങ്കിലും കാര്യങ്ങൾ നടത്തി പെട്ടെന്ന് തിരികെ പോകാം എന്നുറപ്പിച്ച് താഴേക്ക്. ഗ്രൗണ്ട് ശൂന്യം. പ്രവൃത്തി ദിവസങ്ങളിൽ  ഫാക്ടറിയിലെന്ന പോലെ ഉയർന്നിരുന്ന പൊടിപടലം ഇന്നില്ല. ക്രിക്കറ്റ് പിച്ചുകൾ ആരെയോ പ്രതീക്ഷിച്ച് നിൽക്കുന്ന പോലെ. ഉച്ചഭക്ഷണം തയ്യാറാക്കുന്ന അടുക്കള ഇനി എന്നാണ് സജീവമാകുക.  ? ബിഗ് ബസാർ സ്റ്റാഫ് റൂമിൻ്റെ ഷട്ടറുകൾ അടഞ്ഞുകിടക്കുന്നു.കൂടുതൽ നേരം നിന്നില്ല. വീണ്ടും ഓഫീസിലേക്ക്. വരാന്തയിലൂടെ മുന്നോട്ടു നടക്കുമ്പോൾ  ഓ. എൻ.വി. കറുപ്പു സാറിൻ്റെ വരികൾ ഓർമ്മ വന്നു. അല്പം ഉച്ചത്തിൽ തന്നെ പാടി. 

"നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ മറഞ്ഞ സന്ധ്യകൾ പുനർജ്ജനിക്കുമോ മറഞ്ഞ പക്ഷികൾ ഇനിയുമെത്തുമോ?"

കോർട്ട് യാർഡിലെ തണൽമരങ്ങളിൽ നിന്ന് കൊഴിഞ്ഞു വീണ ഇലകൾ പ്യൂൺ പ്രാഞ്ചിയേട്ടൻ്റെ വരവും കാത്തു കിടക്കുന്നു. മദർ തെരേസ ബ്ലോക്കിൻ്റെ പിന്നിലെ മാവിൽ വലിയ മാങ്ങകൾ സുരക്ഷിതമായി കിടപ്പുണ്ട്.

          ഓഫീസ് തുറന്ന് അകത്തു കയറിയിട്ടും മനസ്സ് ശാന്തമായില്ല. കഴിഞ്ഞ ദിവസങ്ങളിൽ എന്തൊരു തിരക്കായിരുന്നു. എന്നാലിപ്പോൾ? സംസാരിക്കാനോ, തമാശ പറയാനോ, ദേഷ്യപ്പെടാനോ ആരുമില്ല.  ഈ ശൂന്യതയിൽ നിന്ന് എത്രയും  വേഗം രക്ഷപ്പെടണം. തിടുക്കത്തിൽ ജോലികൾ തീർത്തു മുറി പൂട്ടി പുറത്തേക്ക് . ഇന്ന് ഒരു പ്രവൃത്തി ദിനമായിരുന്നെങ്കിൽ എന്തെല്ലാം തിരക്കുകൾ ഉണ്ടാകേണ്ട ഒരിടമായിരുന്നു ഇവിടം. സ്റ്റാഫ് മീറ്റിംഗ്, വിരമിക്കുന്നവർക്കുള്ള യാത്രയയപ്പ്  തുടങ്ങി ഇന്നും നാളെയും വികാരഭരിതമായ രംഗങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടതായിരുന്നു. അതെല്ലാം കേവലം ഒരു കൊ റോണാ വൈറസ് അട്ടിമറിച്ചു. ഒരു പക്ഷേ നിങ്ങളോട് വിട പറയാൻ ഈ കാമ്പസിന് താല്പര്യമില്ലാത്തതാവാം. പ്രിയപ്പെട്ടവരെ , ഇപ്പോഴത്തെ സാഹചര്യത്തിൽ  മാർച്ച് 31. ന് അതായത് നാളെ ,ബുക്കിൽ ഒപ്പിട്ട് തിരികെ  പോകാൻ സാധിച്ചില്ലെങ്കിലും നിങ്ങൾ വിഷമിക്കരുത്. നിങ്ങളെ സ്നേഹത്തോടെ യാത്രയയക്കാൻ ഞങ്ങൾ എല്ലാവരും ഇവിടെ ഉണ്ടായിരുന്നേനേ. ഞങ്ങളുടെ പ്രാർത്ഥനകൾ നിങ്ങളോടൊപ്പം ഉണ്ട്. ഞാൻ അല്പനേരം വീണ്ടും തിരക്കിലേക്ക് പോയി. ഇനി പെട്ടെന്ന് തിരികെ പോണം. എഴുതിക്കൊടുത്തിരിക്കുന്ന സമയം തീരാറായി. കഴിഞ്ഞ എത്രയോ വർഷങ്ങൾക്കിടയിൽ ആദ്യമായിട്ടാവണം ഈ കാമ്പസ് ആരവങ്ങളൊഴിഞ്ഞ് മൂകമായി കിടക്കുന്നത്. മധ്യവേനലവധിക്കാലം പോലും വളരെ സജീവമായിരിക്കുന്ന കാമ്പസിൻ്റെ ഈ ഒരു അവസ്ഥ മനസ്സിനെ  വല്ലാതെ വേദനിപ്പിക്കുന്നു. ഇണക്കങ്ങളും പിണക്കങ്ങളും, ശകാരങ്ങളും,  കഥപറച്ചിലുകളും, ഉപദേശങ്ങളും, അറിയിപ്പുകളും  കൊണ്ട് മുഖരിതമാകുന്ന ആ ശാദ്വല ഭൂമിയിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചു വരാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുകയാണ്. ഒപ്പം  നമ്മുടെ കുഞ്ഞുങ്ങൾ ഈ മഹാമാരിയിൽ നിന്നും സുരക്ഷിതരായിക്കട്ടെ എന്നുള്ള പ്രാർത്ഥനയും. ഒരു കാര്യം എനിക്ക് മനസ്സിലായി, ഈ കലാലയം നമ്മുടെ ഒരു വികാരമാണ് ..... ചങ്കാണ് ........ ചങ്കിടിപ്പാണ്. ഒപ്പം ജനങ്ങളുടെയും.


എബി ഏബ്രഹാം.
H M സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ, പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം