സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ കൊറോണ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ്


ലോകത്തെ അനുനിമിഷം കാർന്നു തിന്നുകൊണ്ടിരിക്കുകയാണ് സാർസ് കൊറോണ വൈറസ്. മനുഷ്യവർഗം വംശനാശത്തിന്റെ വഴിയേ സഞ്ചരിക്കുമ്പോൾ അതിനെ പിടിച്ചുകെട്ടാൻ ശ്രമിക്കുകയാണ് ഒരു കൂട്ടം ആളുകൾ. സ്വന്തം കുടുംബങ്ങളിൽ നിന്ന് അകന്ന് ഉണുമുറക്കവുമില്ലാതെ രാവും പകലുമില്ലാതെ കഠിനമായി അധ്വാനിക്കുകയാണ് , 'ദൈവത്തിന്റെ മാലാഖമാർ' എന്ന് വിളിപ്പേരുള്ള നമ്മുടെ ആരോഗ്യപ്രവർത്തകർ. സ്വന്തം നാടിനെ സംപൂർണ കോവിഡ് മുക്തമായി പ്രഖ്യാപിക്കാനുള്ള പ്രത്യാശയോടെ ഓരോ നിയമങ്ങൾ കൊണ്ടു വരികയാണ് നമ്മുടെ നേതാക്കൾ. ഈ നിയമങ്ങളെല്ലാം ജനങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ചുട്ടുപൊള്ളുന്ന വെയിലിൽ ചോര നീരാക്കിമാറ്റി ഓരോ മുക്കിലും കാണും കാക്കി വസ്ത്രമണിഞ്ഞ പോലീസുകാർ.ആരുമറിയാതെ ഈ കോവിഡ്കാലത്ത് സേവനമനുഷ്ഠിക്കുന്ന ഒട്ടേറെ ആളുകൾ ഇനിയുമുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾക്ക് നൽകാവുന്ന ഏറ്റവും വലിയ പ്രതിഫലം അവർ പറയുന്ന കാര്യങ്ങൾ അതേപടി അനുസരിക്കുക എന്നതാണ്. കോവിഡ് ടെസ്റ്റിൽ ഫലം പോസിറ്റീവാണെന്ന് അറിയുന്ന നിമിഷം മുതൽ മരിച്ചതിന് തുല്യം ജീവിക്കുകയാണ് ആളുകൾ.അപ്പോഴും ഇതൊന്നും ഗൗനിക്കാതെ എല്ലാ നിയമങ്ങളും ലംഘിച്ച് പുറത്തിറങ്ങുന്ന ചില ആളുകൾ ഉണ്ട്. ഇത്തരത്തിൽ ഉള്ള പ്രവർത്തികൾ കൊറോണയ്ക്ക് ഇനിയും നമ്മുടെ നാട്ടിൽ വിലസാനുള്ള ലൈസൻസൊരുക്കുകയാണെന്ന് നാം ഓർക്കണം. 'ദൂരെനിന്ന് നോക്കിയാൽ തമാശയും അടുത്തുനിന്ന് നോക്കിയാൽ ദുരന്തവുമാണ് ജീവിതം' എന്ന ചാർളി ചാപ്ലിന്റെ വാക്കുകൾക്ക് പ്രസക്തി ഏറെയുള്ള കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.ഭൂമുഖം ഇങ്ങനെ ഒരു മഹാമാരി നേരിടുമ്പോൾ രക്ഷകനായി മഹാവിഷ്ണുവിന്റെ പത്താം അവതാരമായ 'കൽക്കി' ജന്മംകൊള്ളുമെന്ന് നാം വിശ്വസിക്കുന്നു.ഇന്നത്തെ നമ്മുടെ ആരോഗ്യപ്രവർത്തകരും, ശാസ്ത്രജ്ഞന്മാരും തന്നെയാണ് ആ അവതാരങ്ങൾ. കൊറോണ മനുഷ്യ ജീവന് ഭീഷണിയാണെങ്കിലും അതിനെ സമ്പൂർണമായി ഒരു ഭീകരനെന്ന് മുദ്രകുത്താനാവില്ല.കാരണം മനുഷ്യന്റെ അഹങ്കാരമെന്ന മുൾമുനയെ കുത്തി ഒടിക്കാൻ കൊറോണയ്ക്ക് സാധിച്ചു. ചക്രവാളത്തിന് പിന്നിൽ മറഞ്ഞുപോയ ചില മനുഷ്യനന്മകളും സത്യങ്ങളും വെളിച്ചത്തിലേക്കെത്തിക്കുക കൂടിയാണ് സാർസ് കൊറോണ വൈറസ് ചെയ്തത്.ഈ കാണുന്നതൊന്നും ഒന്നുമല്ല വികസിത രാജ്യങ്ങളാണ് എല്ലാം എന്ന് സ്വയം പറഞ്ഞു പരത്തിയവർക്ക് ഇന്ന് മനസ്സിലായിക്കാണും നമ്മുടെ നാട് തന്നെയാണ് ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന്. തിരക്കുകൾക്കിടയിൽ സ്വന്തം കാര്യത്തിൽ മാത്രം മുഴുകിയവർ ഇന്ന് അന്യന്റെ സുഖത്തിനും വിലവച്ച് തുടങ്ങി. ഇങ്ങനെ ചില നന്മകളും സത്യങ്ങളും വിതറാൻ കൊറോണയ്ക്ക് സാധിച്ചു. ഒന്നുകൂടി ആലോചിച്ചാൽ, വഴി തെറ്റി നടന്ന മനുഷ്യന് ശരിയായ വഴി കാട്ടാൻ സൃഷ്ഠാവ്തന്നെ അയച്ച ഒരു പ്രതിഭാസമാണ് കൊറോണ. കോവിഡിന് എതിരെയുള്ള പ്രതിരോധ മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.'സ്വയം ശുചിത്വം പാലിക്കുക, സമൂഹം കൂട്ടായ്മകളിൽ നിന്ന് അകന്ന് നിൽക്കുക.'ഇതാണ് നമ്മുടെ പക്കലുള്ള ഏക പോംവഴി. ഓരോ സൂര്യാസ്തമയവും നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട് 'എല്ലാറ്റിനും ഒരവസാനമുണ്ടാകും'. കൊറോണ വൈറസിനെ വേരോടെ പിഴുതെറിയാൻ കരുത്തുള്ള പ്രധിരോധ മരുന്ന് ഒരിക്കൽ നിലവിൽവരും. അതുവരെ കാത്തിരിക്കാം. അതോടെ ഒരു സൂര്യാസ്തമയം പോലെ കൊറോണയും കടലിൽ താഴും, പിന്നീട് ഉയരാനുള്ള കരുത്തില്ലാതെ.പ്രതീക്ഷയോടും പ്രത്യാശയോടും കൂടി ഒരു പുത്തൻ പുലരിക്കുവേണ്ടി നമുക്കെല്ലാവർക്കും മനസ്സുകൊണ്ട് ഒന്നിക്കാം.

അളകനന്ദ
9 B സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം