G. L. P. S. Vamanjoor/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ ഹൊസംഗടി ഗേറ്റിന് സമീപമുള്ള വാമഞ്ചൂർ എന്ന സ്ഥലത്ത് 1927 ൽ ആരംഭിച്ച വിദ്യാലയമാണ് ജി എൽ പി എസ് വാമഞ്ചൂർ . തുടക്കത്തിൽ 9 ആൺകുട്ടികളുമായി പെലപ്പാടി കളിക്കമ്പാ അമ്പലത്തിന്റെ തൊട്ടടുത്ത് ഒരു ചെറിയ ഒറ്റ മുറി പീടികയിൽ കുടിപ്പള്ളി കൂടത്തെഴുത്ത് ആശാന്റെ പള്ളിക്കൂടമായിട്ടാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. നാട്ടിലെ കാരണവരുടെ തങ്ങളുടെ മക്കൾക്ക് എഴുത്തും വായനയും ലഭിക്കണമെന്ന ചിന്തയുടെ ഭാഗമായാണ് ഈ പള്ളിക്കൂടം ആരംഭിക്കാനുള്ള സാഹചര്യമുണ്ടായത്. പിന്നീട് സ്കൂൾ നടത്തിക്കൊണ്ടു പോകുന്നത് വലിയ ചിലവും പ്രയാസവും ആയതുകൊണ്ട് സ്വാതന്ത്യത്തിനു ശേഷം സംസ്ഥാന സർക്കാറിലേക്ക് കൈമാറി. 18 കുട്ടികളുമായി മേലങ്കടി ഉള്ള ഒരു കെട്ടിടത്തിലേക്ക് ആണ് സ്ഥലം മാറിയത്. അന്നത്തെ ഗവൺമെൻറ് 5 രൂപ ശമ്പളത്തിന് ഒരു ഗവൺമെൻറ് അധ്യാപകനെ നിയമിച്ചു. അദ്ധ്യാപകന്റെ പേരും വിവരങ്ങളും ലഭ്യമല്ല. 1947 ന് ശേഷം ഈ സ്കൂൾ സർക്കാർ എലിമെന്ററി വിദ്യാലയം എന്ന പേരിലറിയപ്പെട്ടു. പിന്നീട് പൊതുവിദ്യാലയത്തിന്റെ മേന്മകൾ മനസ്സിലാക്കി നാട്ടുകാർ പെൺകുട്ടികളെ അടക്കം സ്കൂളിലേക്ക് അയക്കാൻ തുടങ്ങി. കുട്ടികളുടെ എണ്ണം വർധിച്ച് സ്ഥലപരിമിതി അനുഭവപ്പെട്ടപ്പോൾ നാട്ടുകാർ എല്ലാവരും കൂടി മേലങ്കടിയിൽ ഒരു ഓല ഷെഡ്ഡ് കെട്ടി അവിടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കുറേ കാലങ്ങൾക്ക് ശേഷം മഴയും വെയിലുമേറ്റ് ഓല ഷെഡ് തകർന്നു പോയപ്പോൾ തലപ്പാടിയിൽ ഉള്ള ഒരാളുടെ ഗോഡൗൺ പോലെയുള്ള ഒരു ചെറിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റുകയുണ്ടായി. ക്ലാസുകൾക്ക് ആവശ്യമായ കെട്ടിടങ്ങൾ അവർതന്നെ നിർമ്മിക്കുകയും അന്നത്തെ കാലത്ത് 100 രൂപ സർക്കാർ അവർക്ക് വാടക നൽകുകയും ചെയ്തു. പിന്നീട് ഹൊസംഗടി ടൗണിലെ പ്രശസ്തമായ ഒരു വിദ്യാലയമായി വാമഞ്ചൂർ സ്കൂൾ മാറി. എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ , നാട്ടിലെ കാരണവർ മാറും പിടിഎയും സ്കൂളിനെ വേണ്ട രീതിയിൽ പരിഗണിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ സ്കൂൾ ഒറ്റപ്പെട്ട് ഒരു എൽ പി സ്കൂൾ ആയിത്തന്നെ നിലകൊണ്ടു . അതിന് ഒരുപാട് വർഷങ്ങൾക്കു ശേഷം പരിസരപ്രദേശങ്ങളിൽ ആരംഭിച്ച കടംബാർ, ബങ്കര മഞ്ചേശ്വരം, മൂഡoബയിൽ തുടങ്ങിയ സ്കൂളുകൾ യുപിയും ഹൈസ്കൂളുകളും ആയി പുരോഗമിച്ചപ്പോളും ചില അനാസ്ഥകൾ കാരണം വാമഞ്ചൂർ സ്കൂൾ LP ആയി തന്നെ അവശേഷിച്ചു. 1992 വരെ സ്കൂളിന് സ്വന്തമായി സ്ഥലം ഉണ്ടായിരുന്നില്ല. സർക്കാറിൽനിന്ന് ഒന്നര ഏക്കർ സ്ഥലം 1992 ലാണ് അനുവദിച്ച് കിട്ടിയത്. പിന്നീട് DPEP പദ്ധതിയിൽ ഉൾപ്പെടുത്തി അന്നത്തെ അധ്യാപകനായ രത്നാകരൻ മാഷിന്റെയും പിടിഎ പ്രസിഡണ്ട് ആയിരുന്ന അബ്ദുറഹിമാൻ റെയും നിരന്തരമായ കഠിന പ്രയത്നത്തിന്റെ ഫലമായി DPEP അഞ്ച് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം അനുവദിച്ചു നൽകി. പുതിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉടലെടുത്തത് കാരണം സ്കൂൾ മാറുന്നത് രണ്ടു വർഷക്കാലം നീണ്ടുനിന്നു . പിന്നീട് മാധവി ടീച്ചർ HM ആയി വന്നതിനുശേഷം അവരുടെ നേതൃത്വത്തിൽ ശക്തമായ നിലപാടെടുക്കുകയും 2000 ത്തിൽ സ്കൂൾ ഹൊംസംഗടി ടൗണിന് അടുത്തുള്ള വാമഞ്ചൂർ ഗുഡെ എന്ന പ്രദേശത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു . സ്കൂളിൽ കെട്ടിടത്തിന് കുറവുകൾ ഉണ്ടായത് കാരണം അന്നത്തെ DDE ത്യാഗരാജൻ സാറിന്റെ യും DPC യുടേയും നേതൃത്വത്തിൽ ശക്തമായ നിലപാട് എടുത്തതിന്റെ ഭാഗമായി വാമഞ്ചൂർ സ്കൂളിന് വീണ്ടും രണ്ട് കെട്ടിടങ്ങൾ കൂടി അനുവദിച്ചു കിട്ടി. അങ്ങനെ ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ് വരെ കന്നട , മലയാളം എന്നീ വിഭാഗത്തിൽ ക്ലാസുകൾ നടത്താനുള്ള സൗകര്യം ഉണ്ടായി ആയി . പിന്നീട് പിടിഎ കാരുടെ നേതൃത്വത്തിൽ ഒരു ഷെഡ് നിർമ്മിക്കുകയും അതിപ്പോൾ കുട്ടികൾക്ക് ഭക്ഷണം കഴിക്കുന്നതിനുള്ള ഡൈനിങ് ഹാൾ ആയി ഉപയോഗിച്ച് വരികയും ചെയ്യുന്നു. PTA യുടെയും അധ്യാപകരുടെയും കഠിനപ്രയത്നത്തിന്റെ ഫലമായി SSA , maintanance grant ഇവയൊക്കെ ഉൾപ്പെടുത്തി ഇന്ന് കാണുന്ന കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികളും മറ്റും നടത്തി. അങ്ങനെ എല്ലാ പരാധീനതകൾക്കിടയിലും പലരുടെയും നിരന്തര പ്രയത്നങ്ങളുടെ ഫലമായി വാമഞ്ചൂർ സ്കൂൾ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിച്ചേർന്നു.

"https://schoolwiki.in/index.php?title=G._L._P._S._Vamanjoor/ചരിത്രം&oldid=1401690" എന്ന താളിൽനിന്ന് ശേഖരിച്ചത്