എസ്.എൻ.വി.സംസ്കൃത ഹയർസെക്കന്ററി സ്ക്കൂൾ, എൻ. പറവൂർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹീത ശിഷ്യനും, സുപ്രസിദ്ധ ഹോമിയോ - ആയുർവേദ ഭിഷഗ്വരനും, അഗാധ സംസ്കൃത പണ്ഡിതനും, വിദ്യാഭ്യാസ വിചക്ഷണനും, സാമൂഹ്യ പ്രവർത്തകനുമായ ഡോ.പി. ആർ. ശാസ്ത്രികളാ​ണ് 1935 ൽ ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യകാല അധ്യാപകനും, ഹെഡ്മാസ്ടറും, മാനേജരുമെല്ലാമായിരുന്ന അദ്ദേഹം വാടക കെട്ടിടത്തിൽ പറവൂർ ടൗണിൽ ആരംഭിച്ച ശ്രീ നാരായണ വിലാസം സംസ്കൃത സ്കൂൾ പിന്നീട് സ്വന്തമായി വാങ്ങിയ വസ്തുവിൽ ഇന്നത്തെ നിലയിൽ പുനസ്ഥാപിക്കപ്പെടുകയായിരുന്നു. സ്കൂളിൽ സംസ്കൃതം ആണ് ഒന്നാം ഭാഷ. ഒന്നാം ഭാഷയുടെ രണ്ടാം പേപ്പർ മലയാളമാണ്. ഇത്തരത്തിൽ സംസ്കൃതത്തിനോടൊപ്പം മലയാളത്തിനും പ്രാധാന്യം നൽകുന്ന എറണാകുളം ജില്ലയിലെ ഏക എയ്ഡഡ് വിദ്യാലയവും ഇതാണ്.

സാമൂഹികവും സാംപത്തികവുമായി ഏറെ പിന്നിലായിരുന്ന വിദ്യാർത്ഥികൾക്ക്, ഈ വിദ്യാലയം എന്നും താങ്ങും തണലുമായിരുന്നു. ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർത്ഥി, കാഥിക ചക്രവർത്തി ശ്രീ കെടാമംഗലം സദാനന്ദനായിരുന്നു. സുപ്രസിദ്ധ കാർഡിയോളജിസ്ടും കോഴിക്കോട് മെഡിക്കൽ കോളേജ് സീനിയർ പ്രൊഫസറുമായിരുന്ന ഡോ. സി.കെ. രാമചന്ദ്രൻ, ഫിഷറീസ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ. എസ്. ശർമ്മ, ആകാശവാണി-ദൂരദർശൻ അസി. ഡയറക്ടർ ശ്രീ. സി. പി. രാജശേഖരൻ, മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്ന ശ്രീ. വിൽസൺ എന്നിവരെല്ലാം ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.

1964 ലാണ് ഈ സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. 1998-ൽ ഹയർ സെക്കൻററി കോഴ്സ് അനുവദിക്കപ്പെട്ടു. ഡോ. പി. ആർ. ശാസ്ത്രികൾ തന്റെ അവസാന നാളുകളിൽ വിദ്യാലയം എസ്. എൻ. ഡി. പി. യൂണിയൻ കൈമാറുകയും, യൂണിയൻ അത് പൂർവ്വാധികം ഭംഗിയായി നടത്തികൊണ്ട് പോവുകയും ചെയ്യുന്നു.

ഹൈസ്ക്കൂൾ വിഭാഗത്തിൽ 1626 കുട്ടികളും ഹയർ സെക്കന്ററി വിഭാഗത്തിൽ 800 കുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നു. ഹൈസ്ക്കൂൾ വിഭാഗത്തിൽ 61 പേരും ഹയർ സെക്കന്ററി വിഭാഗത്തിൽ 32 പേരും അദ്ധ്യാപകരാണ്. ആകെ 11 അനദ്ധ്യാപകരും ഈ വിദ്യാലയത്തിലുണ്ട്.